കനയ്യ ഒരു പ്രതീക്ഷയാണ്

കനയ്യ കുമാർ ഉയർത്തിയ ആസാദി മുദ്രാവാക്യം സംഘപരിവാർ ശക്തികളെ അസ്വസ്ഥരാക്കിയെങ്കിൽ അതിൽ ഒട്ടും പുതുമയില്ല, ആസാദി എന്ന പദത്തോട് ചരിത്രപരമായി തന്നെ ഈ ശക്തികൾക്ക് അലർജിയുണ്ട്. ബ്രിട്ടീഷുകാർക്കെതിരെ ഗാന്ധിജി ആസാദി മുദ്രാവാക്യം ഉയർത്തിയപ്പോൾ ബ്രിട്ടീഷുകാരേക്കാൾ അസ്വസ്ഥരായത് സംഘികളുടെ അപ്പൂപ്പന്മാരായിരുന്നു എന്നത് ചരിത്രമാണ്. ബ്രിട്ടീഷുകാരന്റെ കാലു പിടിച്ച് അവന് മാപ്പെഴുതിക്കൊടുത്ത് സുഖജീവിതം ഉറപ്പ് വരുത്തിയ പൂർവപിതാക്കളുടെ പാരമ്പര്യത്തിൽ നിന്നും 'ആസാദി' എന്നല്ല, മനുഷ്യവംശത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഗുണകരമാവുന്ന ഒരു തൂവൽക്കൊടി പോലും ജന്മം കൊള്ളില്ല. മറിച്ച് അവർ പകരം വെക്കുന്നത് ആസാദി എന്ന ചിന്തയുടെ അടിവേര് തോണ്ടുന്നതും മനുഷ്യ വംശത്തെ ജാതിയുടേയും മതത്തിന്റേയും പേരിൽ വിഭജിച്ചും കൊന്നും കൊലവിളി നടത്തുന്നതുമായ രക്തപങ്കിലമായ ഒരു ദേശീയതയതായിരിക്കും. ആസാദി നേടിത്തന്ന രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്ന പിശാചിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നവർക്ക് കനയ്യ വിളിച്ച ആസാദിയുടെ അർത്ഥം മനസ്സിലായാലാണ് നാം ഞെട്ടേണ്ടത്.

'ഇന്ത്യയിൽ നിന്നുള്ള സ്വാതന്ത്ര്യം (ആസാദി) അല്ല, ഇന്ത്യയ്ക്കകത്ത് തന്നെയുള്ള സ്വാതന്ത്ര്യമാണ്' നാം ഉറപ്പ് വരുത്തേണ്ടത് എന്ന് കനയ്യ കുമാർ പറയുമ്പോൾ അതിനോട് വിയോജിക്കുന്നവർ ഇന്ത്യയുടെ സ്വാതന്ത്ര്യത്തന്നെയാണ് നിഷേധിക്കുന്നത്.  കനയ്യ എപ്പിസോഡിൽ ഏറ്റവും കനത്ത പ്രഹരമേറ്റത്‌ കേന്ദ്ര സർക്കാരിനും കപട ദേശീയ വാദികൾക്കുമാണ്. ആ പ്രഹരത്തിന്റെ ജാള്യത മറച്ചു വെക്കാനുള്ള ശ്രമത്തിലാണവർ.  ജയിലിൽ പോയി വന്നതോടെ കനയ്യക്ക് ദേശസ്നേഹം കൂടിയെന്നും ഇന്ത്യൻ പതാക കയ്യിലെടുത്തുവെന്നുമാണ് പുതിയ പ്രചാരണം. അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് കനയ്യ നടത്തിയ ഇരുപത് മിനുട്ട് പ്രഭാഷണം ഇന്റര്നെറ്റിൽ ലഭ്യമാണ്. ആ പ്രഭാഷണത്തിൽ വിളിച്ച ആസാദി മുദ്രാവാക്യങ്ങൾ ഒരക്ഷരം തെറ്റാതെ തന്നെയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോഴും കനയ്യ വിളിച്ചത്. ആ പ്രഭാഷണത്തിൽ പറഞ്ഞ ആസാദി എന്തെന്ന് തന്നെയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോഴും കനയ്യ വിശദീകരിച്ചത്. ഒരക്ഷരം കുറച്ചിട്ടില്ല, ഒരക്ഷരം മാറ്റി വിളിച്ചിട്ടില്ല.

ശരിയാണ്, കനയ്യ പങ്കെടുത്ത പരിപാടിയോടനുബന്ധിച്ച് ചില കുട്ടികൾ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. അത്തരത്തിൽ ചില പ്ലക്കാർഡുകൾ അവർ ഉയർത്തിയതായും കാണുന്നുണ്ട്. പക്ഷേ ആ പരിപാടിയുടെ സംഘാടകൻ ആയിരുന്നില്ല കനയ്യ. ആ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇരുവിഭാഗം വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായ സാഹചര്യത്തിലാണ് ആരോ അറിയിച്ചതിനെത്തുടർന്ന് ജെ എൻ യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായ കനയ്യ അവിടെ എത്തുന്നതും പ്രഭാഷണം നടത്തുന്നതും. ആ പ്രഭാഷണത്തിൽ കനയ്യ എന്ത് പറഞ്ഞുവോ അത് തന്നെയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും പറഞ്ഞത്. ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്നവരെ പിന്തുണയ്ക്കുന്നതും അവരെ വളരാൻ അനുവദിക്കുന്നതും ഭൂഷണമല്ല. അവർക്കെതിരെ ജനാധിപത്യ വ്യവസ്ഥക്ക് അകത്തുനിന്നു കൊണ്ടുള്ള നിയമ നടപടികൾ ഉണ്ടാവേണ്ടതുണ്ട്. അതിനേക്കാൾ പ്രധാനമാണ് വിരലിൽ എണ്ണാവുന്ന ഏതാനും വിദ്യാർത്ഥികൾ അവിടെ അങ്ങനെയൊരു മുദ്രാവാക്യം വിളിക്കാനുണ്ടായ സാഹചര്യം എന്ത് എന്ന് പഠന വിധേയമാക്കണം എന്നതും.

ഇത്തരമൊരു വിവാദം ഉയർത്തിക്കൊണ്ടുവരുമ്പോൾ സംഘപരിവാർ ശക്തികൾ പ്രതീക്ഷിച്ചത് ഇങ്ങനെയൊന്നുമായിരുന്നില്ല എന്ന് വ്യക്തം. ജെ എൻ യു എന്ന ഇന്ത്യയുടെ അഭിമാന വിദ്യാഭ്യാസ സ്ഥാപനത്തെയും ആ സ്ഥാപനത്തിലെ വിദ്യാർത്ഥി സമൂഹം എക്കാലത്തും ഉയർത്തിപ്പിടിച്ചിട്ടുള്ള ഉയർന്ന ധൈഷണിക നിലപാടുകളേയും തകർക്കാക്കാനായിരുന്നു അവരുടെ ശ്രമം. അതിനാണ് അവർ ചില മീഡിയകളുടെ പിൻബലത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്തത്. വ്യത്യസ്ത സ്ഥലങ്ങളിലെ ശബ്ദവും വിഷ്വൽസും കൂട്ടിച്ചേർത്ത് കനയ്യക്കെതിരെ വ്യാജ വീഡിയോ ഉണ്ടാക്കി അറസ്റ്റ് ചെയ്തത്. ആ അറസ്റ്റും അതിനെത്തുടർന്നുണ്ടായ 'ദേശീയത'യുടെ ആക്രോശങ്ങളും കനയ്യയുടെ ആത്മവീര്യത്തെ തകർക്കും എന്നാണ് അവർ പ്രതീക്ഷിച്ചത്. പക്ഷേ, അതുണ്ടായില്ല.

അതുകൊണ്ടാണ് പുറത്ത് വന്ന കനയ്യയുടെ പ്രഭാഷണം കേട്ട ആവേശത്തിൽ ഞാനെന്റെ എഫ് ബി പേജിൽ ഇങ്ങനെ കുറിച്ചത്. "കനയ്യ ഒരല്പം പതറിയിരുന്നുവെങ്കിലോ, എന്താകുമായിരുന്നു അവസ്ഥ?. ജയിലിലടച്ചു. ഇടിച്ചു ചതച്ചു. അർണബുമാർ ചാനലുകളിൽ അടിച്ചുകൊല്ലാൻ വേണ്ട ഹിസ്‌റ്റീരിയ ഉണ്ടാക്കി. ജെ എൻ യു വിന് പുറത്തിറങ്ങിയാൽ ജീവന് ഭീഷണിയുള്ള അവസ്ഥ വന്നു. ആരായാലും പതറിപ്പോകുന്ന അവസ്ഥ. കനയ്യ ഒരിത്തിരി പതറിയിരുന്നുവെങ്കിൽ ഫാസിസ്റ്റുകൾ ചിരിക്കുമായിരുന്നു. അവർ ജനാധിപത്യത്തിന് കൂടുതൽ ഭീഷണികൾ ഉയർത്തുമായിരുന്നു. ജെ എൻ യു വിലെ വിദ്യാർത്ഥികളിൽ നിരാശ പടരുമായിരുന്നു. ഫാസിസത്തിനെതിരെ പൊരുതുന്നവരുടെ മനോവീര്യം തകരുമായിരുന്നു. അതൊന്നുമുണ്ടായില്ല. ഈ ചെറുപ്പക്കാരന്റെ അന്തരീക്ഷത്തിലേക്ക് ഉയർന്ന വിരലുകൾ ഊർജം പകർന്നത് ഒരു ദേശത്തിന്റെ ജനാധിപത്യ മോഹങ്ങൾക്കാണ്.. അത് കൊണ്ട് തന്നെയാണ് മോഡിജിയുടെ പ്രസംഗം പത്രങ്ങളുടെ മൂന്നാം പേജിലേക്കും ഈ ചെറുപ്പക്കാരന്റെ പ്രസംഗം ഒന്നാം പേജിലേക്കും ചാടിക്കയറിയത്‌. കനയ്യ കനലായി ജ്വലിക്കട്ടെ.."

കനയ്യ നടത്തിയ ഐതിഹാസിക പ്രഭാഷണത്തിന്റെ പൂർണ രൂപം ഇവിടെ കേൾക്കാം. 
പിന്നോക്കക്കാരന്റെയും അടിച്ചമർത്തപ്പെട്ടവന്റെയും ചരിത്രത്തിൽ
മറ്റൊരു മാർട്ടിൻ ലൂഥറെ ഓർമപ്പെടുത്തുന്നു ഈ പ്രസംഗം.
ജെ എൻ യു വിന്റെ അകത്തളത്തിന് ലിങ്കൺ മെമ്മോറിയലിന്റെ മണം. 

എൻ ഡി ടി വി യുമായുള്ള അഭിമുഖത്തിൽ 'എന്താണ് നിങ്ങൾ മുന്നോട്ട് വെക്കുന്ന ആസാദിയുടെ അർത്ഥം' എന്ന് ബർക്ക ദത്തയുടെ ചോദ്യത്തിന് കനയ്യ നല്കിയ മറുപടി ഇതാണ്. "നമ്മുടെ വ്യവസ്ഥയും ഭരണഘടനയും ലോകത്തിലെ ഏറ്റവും മഹത്തരമായ ഒന്നാണ്. അതിന്റെ അന്തസ്സത്ത ഉറപ്പ് വരുത്തുന്ന എന്താണോ അതാണ്‌ യഥാർത്ഥ ആസാദി". ഒരു ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം ഇതിനേക്കാൾ മനോഹരമായ ഒരു വിവക്ഷ ആസാദിക്ക് നല്കാൻ കഴിയുമോ?. ഭരണഘടന വിവക്ഷിക്കുന്ന അത്തരമൊരു ആസാദിയിൽ മനുഷ്യ വിഭജനത്തിന്റെ ബീജങ്ങൾ ഉണ്ടാവില്ല, മതം തിരിഞ്ഞുള്ള സംഘട്ടനങ്ങൾ ഉണ്ടാവില്ല, ജാതീയതയുടെയും ബ്രാഹ്മണ്യത്തിന്റെയും മതിലുകൾ ഉണ്ടാവില്ല. അടിസ്ഥാന വർഗം പട്ടിണി കിടന്ന് മരിക്കേണ്ടി വരില്ല, ജാതിയുടെ പാപഭാരം പേറി ആത്മഹത്യ ചെയ്യേണ്ടി വരില്ല. കനയ്യ മുന്നോട്ട് വെച്ച ആസാദിയുടെ അർത്ഥ തലങ്ങൾ അത്രമേൽ മനോഹരമാണ്. മുവ്വായിരം രൂപയുടെ ദാക്ഷിണ്യത്തിൽ കഴിയുന്ന ഒരംഗനവാടി ടീച്ചറുടെ വീട്ടിൽ നിന്നും പട്ടിണിയുടെ കഥകളിൽ ജീവിതം കരുപ്പിടിപ്പിച്ച ഒരു പയ്യനെ, ഇത്ര മനോഹരമായി ഇന്ത്യയുടെ ആസാദിയെ വിവക്ഷിക്കുന്ന ഒരു വിദ്യാർത്ഥി നേതാവായി ഉയർത്തിയെങ്കിൽ അതാണ്‌ ജെ എൻ യു എന്ന് പറയേണ്ടി വരും. മറ്റൊരർത്ഥത്തിൽ അത് തന്നെയാണ് യഥാർത്ഥ "Make in India" എന്നും പറയാം.


രോഹിത്‌ വെമുലയുടെ സ്വപ്‌നങ്ങൾ നമുക്ക് തിരിച്ചു പിടിക്കണം എന്നതാണ് കനയ്യ ഉയർത്തിയ മുദ്രാവാക്യങ്ങളിൽ ഏറ്റവും തിളക്കമുള്ളത്‌. 'എന്റെ ജനനമാണ്‌ ഞാൻ നേരിട്ട ഏറ്റവും വലിയ അപകടം' (my birth is my fatal accident) എന്ന് എഴുതി വെച്ചാണ് ആ ദളിത്‌ വിദ്യാർഥി ആത്മഹത്യ ചെയ്തത്. അവനെ ആത്മഹത്യയിലേക്ക് നയിക്കും വിധം വേട്ടയാടുകയായിരുന്നു കേന്ദ്ര മന്ത്രാലയവും അതിന് കീഴിലുള്ള യൂണിവേഴ്സ്റ്റിയും. അത്തരമൊരു സാമൂഹ്യ സാഹചര്യത്തിനെതിരെ പൊരുതേണ്ടത് ജെ എൻ യു വിലെ വിദ്യാർത്ഥികളുടെ മാത്രമല്ല, ഇന്ത്യയുടെ ആത്മാവിനെ സ്നേഹിക്കുന്ന മുഴുവൻ പൗരന്മാരുടേയും ചുമതലയാണ്. എത്ര രോഹിത്തിനെ നിങ്ങൾ കൊല്ലുന്നുവോ അത്രയും രോഹിത്തുമാർ ഓരോ വീട്ടിൽ നിന്നും ഉദയം കൊള്ളും (Tum jitne Rohith maaroge, ghar ghar me Rohith niklega) എന്നാണ് കനയ്യ വിളിച്ച മുദ്രാവാക്യം. ഇത് പെട്ടെന്ന് അവസാനിക്കുന്ന പോരാട്ടമല്ല, ജെ എൻ യു വിൽ നിന്ന് പ്രവഹിക്കുന്ന ഈ പോരാട്ടത്തിന്റെ ഊർജം ഇന്ത്യ മുഴുവൻ വ്യാപിക്കണം എന്നും കനയ്യ പറയുന്നു.  'പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ.. അറിയുക, എത്ര അടിച്ചമർത്താൻ നോക്കുന്നുവോ അതിന്റെ പതിന്മടങ്ങ്‌ ശക്തിയിൽ ഞങ്ങൾ ഉയിർത്തെഴുന്നേറ്റ് വരും ' എന്ന് ഈ ചെറുപ്പക്കാരൻ പറയുമ്പോൾ അതിന് വലിയ അർത്ഥതലങ്ങളുണ്ട്.  കനയ്യ പ്രതീക്ഷയുണർത്തുന്നത് ഒരു വലിയ ചരിത്ര സന്ധിയിലാണ്. ഇന്ത്യയെന്ന വികാരം നിലനില്ക്കണമോ അതോ അസഹിഷ്ണുതയുടെ സംഘട്ടനങ്ങൾക്ക് അത് വഴിമാറി കൊടുക്കണമോ എന്ന് തീരുമാനിക്കുന്ന ചരിത്ര സന്ധിയിൽ.   

'ജയിലിൽ ചനയും ദാലും ഉള്ളിടത്തോളം കാലം അവിടെ പോയും വന്നും കൊണ്ടിരിക്കേണ്ടി വരും' എന്ന് കനയ്യ പറഞ്ഞത് തന്റെ നേരെയുള്ള ഭരണകൂട വേട്ടയാടലുകൾ ഇനിയും തുടരുമെന്നും താനതിന് തയ്യാറാണ് എന്നും തന്നെയാണ്. നിയമപരമായ പോരാട്ടങ്ങൾക്ക് കനയ്യ തയ്യാറായിക്കഴിഞ്ഞു എന്നർത്ഥം. എന്നാൽ അതിനപ്പുറമുള്ള ചില ഭീഷണികൾ കനയ്യയുടെ ജീവിതത്തിന് നേരെയുണ്ട് എന്നത് യാഥാർത്ഥ്യമാണ്. ജെ എൻ യു വിനു പുറത്ത് ആ ചെറുപ്പക്കാരന്റെ ജീവൻ അപകടത്തിലാണ്. വ്യാജ വീഡിയോകൾ ഉണ്ടാക്കി മാധ്യമ ഗോസ്വാമിമാർ സൃഷ്ടിച്ച ആർപ്പ് വിളികൾ അന്തരീക്ഷത്തിൽ ഇപ്പോഴുമുണ്ട്. ആ ആർപ്പ് വിളികളുടെ ആരവത്തിൽ ഗാന്ധിയെക്കൊന്നവർ ആ ചെറുപ്പക്കാരനെയും അപായപ്പെടുത്താൻ ശ്രമിച്ചെന്നിരിക്കും. ഇതിനകം തന്നെ വധഭീഷണിയുമായി പലരും രംഗത്തെത്തിക്കഴിഞ്ഞു. കനയ്യയുടെ നാക്കരിയാനും തലയറുക്കാനും ഡൽഹിയിലെ തെരുവുകളിൽ ആഹ്വാനങ്ങൾ ഉയർന്നു കഴിഞ്ഞു. ഒരു ഭീഷണിയും ഇല്ലാത്ത പല ഊച്ചാളികൾക്കും ഇസെഡ് കാറ്റഗറി സംരക്ഷണം കൊടുക്കാറുണ്ട് നമ്മുടെ സർക്കാരുകൾ.. എന്നാൽ ഇനിയത് കൊടുക്കേണ്ടത് കനയ്യക്കാണ്. കാരണം ആ പട്ടിണിപ്പയ്യൻ വെറുമൊരു പയ്യനല്ല, ഒരു ദേശീയ ഹീറോയാണ്. പിന്നോക്കക്കാരുടേയും അടിച്ചമർത്തപ്പെട്ടവരുടേയും ഹീറോ.. ഫാസിസത്തിന്റെ പത്തിയിൽ ആഞ്ഞടിക്കാൻ കെല്പുള്ള ഹീറോ.

Recent Posts
ആ പരിപ്പ് ഇവിടെ വേവില്ല മോനേ
This is Me!.. in Asianet and Media One