ഈ ഭ്രാന്തിനെ മനുഷ്യവംശം എങ്ങിനെ നേരിടും?

ഇരുപത്തിയൊന്ന് ക്രൈസ്തവരെ കഴുത്തറുത്ത് കൊന്നതിന്റെ ദൃശ്യങ്ങളാണ് ഐ എസ് ഭീകരരുടെ ഭ്രാന്തിൽ നിന്ന് പുറത്ത് വന്ന ഏറ്റവും പുതിയത്. ഇതുവരെയുള്ള ഐ എസ് കൂട്ടക്കൊലകൾ ഇറാഖിൽ നിന്നാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടതെങ്കിൽ ലിബിയയിൽ നിന്നാണ് പുതിയ കഴുത്തറുക്കലുകളുടെ വീഡിയോ വന്നിട്ടുള്ളത്. ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്ന വാർത്തകളെ വിശ്വസിക്കാമെങ്കിൽ ഐ എസ് അവരുടെ ഓപ്പറേഷനുകൾ കൂടുതൽ പ്രദേശങ്ങളിലേക്കും രാഷ്ട്രങ്ങളിലേക്കും വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നർത്ഥം.  വാക്കുകളും അക്ഷരങ്ങളും മരവിച്ചു നില്ക്കുന്ന സന്ദർഭങ്ങൾ ജീവിതത്തിൽ പലപ്പോഴും ഉണ്ടാകാറുണ്ട്. അത്തരമൊരു സന്ദർഭം കൂടി. എന്താണെഴുതുക?, മനുഷ്യ വംശത്തിന്റെ ഈ ശത്രുക്കളെ എന്തിനോടാണ്‌ ഉപമിക്കുക?. ഏത് പദം പ്രയോഗിച്ചാണ് ഈ മൃഗങ്ങളെ വിശേഷിപ്പിക്കുക?. വാക്കുകളില്ല, വാചകങ്ങളില്ല, ഭയത്തിന്റെ ഇരുണ്ട കയങ്ങളിൽ നിന്നുള്ള ഒരു ചെറിയ നെടുവീർപ്പ് മാത്രം.

ഐ എസ്സിന് എതിരെ ഗൾഫ് രാജ്യങ്ങൾ അമേരിക്കൻ സഹായത്തോടെ സായുധ നീക്കം നടത്തുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഒരു ടെലിവിഷൻ ചർച്ചയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ചർച്ചയിൽ പങ്കെടുത്തവർക്കെല്ലാം പറയാനുള്ളത് അമേരിക്കൻ സാമ്രാജ്യത്വവും അവരുടെ അജണ്ടകളും മാത്രം. ഐ എസ് എന്ന മനുഷ്യവംശത്തിന്റെ ശത്രുക്കളെ എങ്ങിനെ പ്രതിരോധിക്കുമെന്ന ചോദ്യത്തിന് മാത്രം മറുപടിയില്ല. പതിറ്റാണ്ടുകളായി ഉരുവിട്ട് പഠിച്ച സാമ്രാജ്യത്വ പ്രയോഗങ്ങൾക്കപ്പുറം നിലവിലുള്ള അവസ്ഥകളെ മനസ്സിലാക്കി ബുദ്ധിപരമായ സമീപനം സ്വീകരിക്കേണ്ട സമയമെത്തിയിരിക്കുന്നു എന്ന് ഈ ലേഖകൻ പറഞ്ഞപ്പോൾ അത് വിലയിരുത്തപ്പെട്ടത് സാമ്രാജ്യത്വ വിധേയത്വമായിട്ടാണ്. വൻകിട രാഷ്ട്രങ്ങൾക്ക് അവരുടെതായ താത്പര്യങ്ങൾ ഉണ്ട് എന്നത് നേരാണ്. നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണത്. പക്ഷേ ഐ എസ് പോലൊരു വൻവിപത്ത് ഈ മേഖലയിൽ കരുത്താർജിച്ചു വരുമ്പോൾ, അവർ ദിനേന പുതിയ പ്രദേശങ്ങൾ വെട്ടിപ്പിടിക്കുമ്പോൾ, മനുഷ്യരാശിയുടെ ക്ഷമയെ നിരന്തരം ചോദ്യം ചെയ്ത് കൊണ്ട് ഇത്തരം ക്രൂരതകൾ ഒന്നിന് പിറകെ ഒന്നായി ആവർത്തിക്കുമ്പോൾ, എന്ത് ചെയ്യണമെന്നതാണ് ചോദ്യം. എന്തുണ്ട് പരിഹാരം എന്നതാണ് വിഷയം. ലോക രാഷ്ട്രങ്ങൾ ഈ പൈശാചികതകളെ നിസ്സംഗരായി നോക്കി നിൽക്കണമോ?. ഒറ്റയ്ക്ക് എതിർത്ത് തോല്പിക്കാൻ പ്രയാസമാണെന്ന് സൈനിക സാങ്കേതികതയിൽ പിറകിൽ നില്ക്കുന്ന മേഖലയിലെ രാഷ്ട്രങ്ങൾക്ക് തോന്നുന്നുവെങ്കിൽ മറ്റെന്തുണ്ട് പരിഹാരം?. ചോദ്യങ്ങൾക്ക് ഉത്തരമില്ല.  എവിടേയും കേൾക്കുന്നത്  പരമ്പരാഗതമായി പറഞ്ഞ് ശീലിച്ച പദപ്രയോഗങ്ങളുടെ ആവർത്തനങ്ങൾ മാത്രം.

ഐ എസ് ഭീകരർ ജോർദാനിയൻ പൈലറ്റിനെ ജീവനോടെ ചുട്ടപ്പോൾ അവരെ പന്നികളെന്ന് വിളിച്ചതിന് സങ്കടപ്പെട്ടവർ നമുക്കിടയിലുണ്ട്. അത്തരമൊരു പൈശാചികതക്ക് സൈദ്ധാന്തിക ന്യായീകരണം നല്കി വായിട്ടലക്കുന്നവർ നമ്മുടെ കൂടെയുണ്ട്. ജോർദാനിയൻ പൈലറ്റ്‌ ബോംബ്‌ വർഷിച്ചത് കൊണ്ടാണ് അദ്ദേഹത്തെ ക്രൂരമായി വധിച്ചത് എന്നാണ് അത്തരമാളുകളുടെ ന്യായീകരണം. ഒരു സൈനികൻ അയാളുടെ സ്വന്തം താത്പര്യങ്ങളല്ല യുദ്ധരംഗത്ത് നടപ്പിലാക്കുന്നത്. അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമായി എല്പിക്കപ്പെടുന്ന ഉത്തരവുകൾ അനുസരിക്കുകയാണ്. ഇന്ത്യാ പാക്കിസ്ഥാൻ അതിർത്തിയിൽ പൊരുതുന്ന ഒരു പട്ടാളക്കാരൻ അയാളുടെ സ്വന്തം താത്പര്യമല്ല നടപ്പിലാക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ താത്പര്യമാണ്. അതുകൊണ്ട് തന്നെ ഒരു യുദ്ധത്തടവുകാരനെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നതിന് അന്താരാഷ്‌ട്ര നിയമങ്ങളുണ്ട്. അവരെ എങ്ങിനെ വിചാരണ ചെയ്യണമെന്നതിനു ലോകരാഷ്ട്രങ്ങൾ അംഗീകരിച്ച സമീപന രീതികളുണ്ട്. തീവ്രവാദം തലയ്ക്കു കയറി കാഴ്ച നഷ്ടപ്പെട്ട ഇവറ്റകൾക്ക് എന്ത് ലോക നിയമങ്ങൾ? എന്ത് അന്താരാഷ്‌ട്ര വ്യവസ്ഥകൾ?. അവരുടെ തലക്കകത്തെ കളിമണ്ണിൽ തിളച്ചു മറിയുന്നതെന്തോ അതാണ്‌ അവരുടെ നിയമം. അതാണ്‌ അവരുടെ നീതി. അത് തന്നെയാണ് അവരുടെ മതവും.


പൈലറ്റിനെ ചുട്ടു കൊന്നതിന് സൈനികനാണെന്ന മുട്ടുന്യായം ഒരു വാദത്തിന് വേണ്ടി അംഗീകരിച്ചു കൊടുക്കുക. വിദേശ പത്രപ്രവർത്തകരെ ബന്ദികളാക്കി തലയറുത്ത് കൊല്ലുന്ന വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്. അതിനെന്തുണ്ട് ന്യായം?. അവർ ആകാശത്ത്‌ നിന്ന് ബോംബ്‌ വർഷിച്ചുവോ. ഫൈറ്റർ ജറ്റുകൾ പറപ്പിച്ചുവോ?. പതിനാറ് ക്രൈസ്തവ വിശ്വാസികളെ നിരത്തി നിർത്തി തലയറുത്ത് കൊന്നതിന് എന്താണ് നിങ്ങളുടെ സൈദ്ധാന്തിക ന്യായീകരണം?. ഐ എസ് ഭീകരുടെ നേതാവ് ഇസ്രാഈലിന്റെ ചാരനാണെന്നതാണ് ഈ മൃഗങ്ങളെ സൈദ്ധാന്തിക തലത്തിൽ ന്യായീകരിക്കാൻ പാടുപെടുന്നവർ ചില വേളകളിൽ ഉയർത്തുന്ന വാദം. ഐ എസ് നടത്തുന്ന കൊലകൾക്ക് ആശയപിന്തുണ കൊടുക്കുകയും അതേ സമയം അവരുടെ നേതാവ് ഇസ്രാഈൽ ചാരനാണെന്ന് പറയുകയും ചെയ്യുക. എങ്ങിനെയുണ്ട് സർക്കസ്?. അവർ ഇസ്രായീലിന്റെ ചാരന്മാർ ആണെങ്കിൽ അവരെ ബോംബിട്ട് കൊല്ലാൻ അമേരിക്ക വരുന്നതിൽ പിന്നെ എന്തിനാണ് നിങ്ങൾക്കീ മാനസിക വിഷമം എന്ന് ചോദിച്ചു പോയാൽ അതിന് മറുപടിയില്ല.

ഒരു സമൂഹത്തിന്റെ സാംസ്കാരിക ഔന്നിത്യം വിലയിരുത്തേണ്ടത് അവർക്കിടയിൽ ജീവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളോട് അവർ എങ്ങിനെ പെരുമാറുന്നു എന്ന് കൂടി നോക്കിയിട്ടാണ്. അവർ ഏത് മതത്തിൽ പെട്ടവരകട്ടെ, ഏത് വിശ്വാസ ധാരയിൽ ഉള്ളവരാകട്ടെ അവരോട് സ്വീകരിക്കുന്ന സമീപനങ്ങളിൽ മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന സാംസ്കാരികത പ്രതിഫലിക്കണം. ഇത്തരം സമീപനങ്ങളുടെ പ്രാധാന്യം പെട്ടെന്ന് മനസ്സിലാകാൻ വേണ്ടി ഒരൊറ്റ ഉദാഹരണം പറയാം. ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ വാക്കുകൾ. "A Muslim minority who are so large in numbers that they cannot, even if they want, go anywhere else. That is a basic fact about which there can be no argument. Whatever the provocation from Pakistan and whatever the indignities and horrors inflicted on non-Muslims there, we have got to deal with this minority in a civilized manner. We must give them security and the rights of citizens in a democratic state". ("ഇന്ത്യയില്‍ ഒരു വലിയ മുസ്‌ലിം ന്യൂനപക്ഷമുണ്ട്‌, അവര്‍ ആഗ്രഹിച്ചാല്‍ ‍പോലും മറ്റെവിടെയും പോകാന്‍ സാധിക്കാത്ത വിധം വലിയ സമൂഹമാണത്. ഒട്ടും തര്‍ക്കത്തിന് അവകാശമില്ലാത്ത  ഒരടിസ്ഥാന യാഥാർത്ഥ്യമാണത്‌. പാക്കിസ്ഥാനില്‍ നിന്ന്‌ എന്ത്‌ പ്രകോപനമുണ്ടായാലും, അവിടെ അമുസ്‌ലിംകള്‍ എത്രതന്നെ പീഡിപ്പിക്കപ്പെട്ടാലും   ഈ മത ന്യൂനപക്ഷത്തോട്‌ ഒരു  പരിഷ്‌കൃതരീതിയില്‍ നാം ഇടപഴകിയേ മതിയാവൂ. ഒരു ജനാധിപത്യരാഷ്ട്രത്തിലെ പൗരന്മാര്‍ക്കുള്ള എല്ലാ അവകാശങ്ങളും സുരക്ഷിതത്വവും അവര്‍ക്ക്‌ നാം നല്‌കണം") 1947 ഒക്ടോബര്‍ മാസത്തില്‍ പ്രവിശ്യ മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തിലാണ് നെഹ്‌റു ഇത് പറഞ്ഞത്. ഇന്ത്യാ പാക്കിസ്ഥാൻ വിഭജനത്തിന്റെ ഘട്ടത്തിൽ ഇരുപക്ഷത്തും രക്തപ്പുഴകൾ ഒഴുകിക്കൊണ്ടിരുന്ന ഒരു ചരിത്ര പാശ്ചാത്തലവും കൂടി ഇതിനോട് കൂട്ടിവായിക്കുക. മത ന്യൂനപക്ഷങ്ങളോട് സ്വീകരിക്കേണ്ട സമീപനത്തിന് ഒരുദാഹരണം പറഞ്ഞു എന്ന് മാത്രം.


ഇസ്രാഈലിന്റെ ക്രൂരതകളെ കണ്ടില്ലെന്ന് നടിക്കുന്നു. ഗോണ്ടനാമോ പീഡനങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു എന്നൊക്കെയാണ് ഇത്തരം ക്രൂരതകളെ എതിർക്കുമ്പോൾ സ്ഥിരമായി കേൾക്കാറുള്ളത്. ആരാണ് അത്തരം ക്രൂരതകളെ ന്യായീകരിച്ചിട്ടുള്ളത്. പ്രതികരണശേഷി നശിച്ചിട്ടില്ലാത്തവരൊക്കെ അത്തരം പൈശാചികതകളെ എതിർത്തിട്ടുണ്ട്. ഇപ്പോഴും എതിർക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഐ എസിന്റെ ഈ ക്രൂരതകളെയും എതിർക്കാനുള്ള ധാർമിക അവകാശം ലഭിക്കുന്നത്. എന്നാൽ പറയേണ്ടത് നേരെ തിരിച്ചാണ്. ഐസിസ് ക്രൂരതകളെ ന്യായീകരിക്കാൻ അഭ്യാസം നടത്തുന്നവർക്കാണ് അത്തരം ക്രൂരതകളെ വിമർശിക്കാനുള്ള പ്രാഥമിക അവകാശം പോലും ഇല്ലാതാകുന്നത്. 

അവസാനിപ്പിക്കാം, കഴുതകളോട് സംസാരിച്ചിട്ട് കാര്യമില്ല. അവരുടെ തലക്കകത്ത് തിളച്ചു മറിയുന്ന കളിമണ്ണിനോട് സംവദിച്ചിട്ട്‌ നമുക്കൊന്നും നേടാനുമില്ല. സമയനഷ്ടവും മാനനഷ്ടവും മാത്രം ബാക്കിയാവും.  അതുകൊണ്ട് നമുക്കവരെ വെറുതെ വിടാം.  പക്ഷേ അത്തരം ആളുകളുടെ ആശയ പ്രചരണങ്ങളിൽ നമ്മുടെ മക്കളും സഹോദരന്മാരും പെട്ട് പോകാതിരിക്കാൻ നിതാന്ത ജാഗ്രത കാണിക്കുക. നമുക്ക് ചെയ്യാൻ സാധിക്കുന്നത് മനുഷ്യനെ സ്നേഹിക്കുന്ന എല്ലാവരും ഒരു മനസ്സോടെ, ഒരു ഹൃദയത്തോടെ ഈ പിശാചുക്കൾക്കെതിരെ കൈകോർത്ത് നില്ക്കുക എന്നതാണ്. ഹിന്ദുവോ, മുസ്ലിമോ, കൃസ്ത്യാനിയോ എന്നതല്ല, മനുഷ്യനാണോ എന്നാണ് ആത്യന്തികമായി നാം നോക്കേണ്ടത്. മതത്തിന്റെ ലേബളിൽ  ചോര ചിന്തുവാനും കഴുത്തറുക്കുവാനും മുതിരുന്നവരോട് ആ മതം ഞങ്ങൾക്ക് വേണ്ടെന്ന് തുറന്നു പറയുവാനുള്ള ചങ്കൂറ്റം നാമോരുത്തരും കാണിക്കുക. ഞങ്ങൾ പഠിച്ച മതമതല്ലെന്ന് സാധ്യമായ വേദികളിലൊക്കെ ഉച്ചത്തിൽ വിളിച്ചു പറയുക. മനുഷ്യവംശത്തിന്റെ സമാധാനപരമായ നിലനില്പിന് നമുക്ക് ചെയ്യാൻ സാധിക്കുന്ന ഏറ്റവും ചെറിയ സംഭാവനയായിരിക്കും അത്.

Related Posts
ചുട്ടു കൊല്ലുന്നവർക്ക് ചൂട്ട് പിടിക്കുന്നവരോട് 
പ്രവാചകനെ സ്നേഹിച്ചോളൂ, പക്ഷേ മനുഷ്യരെ കൊല്ലരുത്

Recent Posts
ഡൽഹിയാണ് ഞങ്ങളുടെ തലസ്ഥാനം
ബറാക്കേ, ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു