മനോരമ പത്രവുമായി നയന്‍താര വരുമോ?

സില്‍മാതാരം നയന്‍താര അതിരാവിലെ എന്റെ വീട്ടില്‍ എത്തുന്നു. കോളിംഗ് ബെല്‍ അടിക്കുന്നു. വാതില്‍ തുറക്കുന്ന എന്നെ നോക്കി കണ്ണിറുക്കിയിട്ടു മനോരമ പത്രം ഭവ്യതയോടെ വെച്ചു നീട്ടുന്നു. തിരിച്ചങ്ങോട്ടും ഒന്ന് കണ്ണിറുക്കി മൂന്നു രൂപ ചേഞ്ച്‌ ഞാന്‍ കൊടുക്കുന്നു. അത് വാങ്ങി അരയില്‍ തിരുകി നാളെക്കാണാം ബൈ ബൈ എന്ന് പറഞ്ഞു നയനതാരകം പടി കടന്നു പോകുന്നു!!. വട്ടാണല്ലേ എന്ന് ചോദിക്കാന്‍ വരട്ടെ, ഇങ്ങനെയൊരു സാധ്യത പാടെ തള്ളിക്കളയാന്‍ പറ്റാത്ത ഒരവസ്ഥയിലേക്കാണ് മനോരമയുടെ കാര്യം പോകുന്നത്. ലക്ഷ്മിഗോപാലസ്വാമിയാണ് ഇന്നലെ കൊച്ചിയില്‍ മനോരമ പത്രം വായനക്കാര്‍ക്ക് എത്തിച്ചത്. മനോരമ അല്പം കൂടെ കാശ്  ഇറക്കിയാല്‍ നയന്‍താര തന്നെ പത്രവിതരണത്തിനു എത്തിക്കൂടായ്കയില്ല.

സി ഐ ടി യു വിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഇപ്പോഴത്തെ പത്ര വിതരണസമരത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ വേണ്ടിയല്ല ഈ പോസ്റ്റ്. ഇപ്പോഴത്തെ സമരത്തിനു അതിന്റേതായ ഒരു രാഷ്ട്രീയം ഉണ്ട് എന്നത് വ്യക്തമാണ്. എന്നിരുന്നാലും പത്രവിതരണം നടത്തുന്ന സമൂഹത്തിന്റെ താഴെക്കിടയിലുള്ള പാവങ്ങളുടെ അവകാശങ്ങളെ ഒട്ടും ഗൗനിക്കാതെ ഇത്തരം സിനിമാ സര്‍ക്കസ്സുകള്‍ നടത്തി വന്‍കിട പത്രമുത്തശ്ശിമാര്‍ക്ക് എത്ര കാലം മുന്നോട്ടു പോകാന്‍ കഴിയും?. അവരുമായി ചര്‍ച്ച നടത്തി ഒരു പരിഹാര മാര്‍ഗം കണ്ടെത്തുന്നതിനു പകരം സിനിമാതാരങ്ങളെ തെരുവിലിറക്കി എത്ര കോപ്പികള്‍ വില്‍ക്കാന്‍ മനോരമക്ക് സാധിക്കും?  മാസങ്ങള്‍ക്ക് മുമ്പ് പത്രവിതരണക്കാര്‍ സൂചന സമരം തുടങ്ങിയ സന്ദര്‍ഭത്തില്‍ ഞാനെഴുതിയ പോസ്റ്റിലെ ചില ഭാഗങ്ങള്‍ ഇവിടെ വീണ്ടും നല്‍കട്ടെ. മുന്‍പ് വായിച്ച വായനക്കാര്‍ ക്ഷമിക്കുക

എട്ടു പേജ് പത്രം വിതരണം ചെയ്തിരുന്ന കാലത്ത് ഏജന്റിനു കിട്ടിയിരുന്ന കമ്മീഷന്‍ മുപ്പത്തഞ്ചു ശതമാനമായിരുന്നു. പേജുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് മനോരമയും മാതൃഭൂമിയും കമ്മീഷന്‍ കുറച്ചു കൊണ്ടേയിരുന്നു! ഇപ്പോള്‍ ഏജന്റിനു ലഭിക്കുന്ന കമ്മീഷന്‍ ഇരുപത്തിയഞ്ച് ശതമാനമാണ്!. പേജുകളും സപ്ലിമെന്റുകളും കൂടുന്നതിനനുസരിച്ച് പരസ്യ വരുമാനത്തില്‍ കോടികളുടെ ലാഭം കൊയ്യുന്ന പത്ര മുത്തശ്ശിമാര്‍ അവ ചുമന്നു കൊണ്ട് പോയി വിതരണം ചെയ്യുന്ന പാവങ്ങളുടെ കഴുത്തിനു പിടിക്കുന്നു എന്ന് ചുരുക്കം. അധിക പതിപ്പുകളും സപ്ലിമെന്റുകളും ഇറക്കുന്ന ദിവസം കമ്മീഷന്‍ തുകയില്‍ ഒരു നേരിയ വര്‍ധനവ്‌ നല്‍കിയാല്‍ തീരുന്ന പ്രശ്നമാണ് ഇപ്പോള്‍ പത്രവിതരണം തന്നെ നിന്ന് പോകുന്ന ഒരവസ്ഥയിലേക്കു എത്തിച്ചിരിക്കുന്നത്. ഇനിയും ബാലവേല നിരോധിച്ചിട്ടില്ലാത്ത ഏക ഫീല്‍ഡ് പത്രവിതരണമാണ്!. അതിരാവിലെ സ്കൂളില്‍ പോകുന്നതിനു മുമ്പ് പത്ര വിതരണത്തിന് പോകുന്ന കുട്ടികളെ എവിടെയും കാണാം. ഒരു പത്രവും ഇതിനെക്കുറിച്ച് ഫീച്ചര്‍ എഴുതാറില്ല!. അതിരാവിലെ 50 വീടുകള്‍ കയറിയിറങ്ങി പത്രം ഇടുന്ന ഒരു പയ്യന് ഒരു മാസം എജന്റ്റ് നല്‍കുന്നത് 600 ഓ 700 ഓ രൂപയാണ്. ഉറക്കമൊഴിച്ചു ഒരു മാസം കഷ്ടപ്പെടുന്നതിനു പകരം രണ്ടു ദിവസം പെയിന്റിംഗ് പണിക്കു ഹെല്‍പ്പറായി പോയാല്‍ ഇതിലധികം പണം കിട്ടും. തനിക്കു കിട്ടുന്ന തുച്ഛം കമ്മീഷന്‍ തുകയില്‍ നിന്ന് ഇതിലധികം പണം നല്‍കുവാന്‍ ഒരു ഏജന്റിനു കഴിയില്ല എന്നത് സത്യമാണ്. അതുകൊണ്ട് തന്നെ മുതിര്‍ന്നവരെ ഈ പണിക്കു കിട്ടുകയുമില്ല. സത്യത്തില്‍ ബാലവേല നടത്തിക്കുന്ന സാഹചര്യത്തിലേക്ക് ഈ മേഖലയെ തള്ളിവിട്ടത് പത്രവ്യവസായത്തിലൂടെ കൊഴുത്തു തടിച്ച മനോരമയും മാതൃഭൂമിയും അടക്കമുള്ള പത്രങ്ങളാണ്.

പത്രം വേണോ പത്രം, ഫ്രീ..  ഫ്രീ...

വന്‍കിട പത്രങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാന വരുമാനം പരസ്യങ്ങളാണ്. വരിക്കാര്‍ നല്‍കുന്ന പണം മഷി വാങ്ങാന്‍ പോലും തികയില്ല എന്നാണ് പറയാറുള്ളത്. മനോരമ ഒരു ദിവസം രണ്ടു പത്രം ഇറക്കുന്നത്‌ വായനക്കാരനെ സുഖിപ്പിക്കാനല്ല, പരസ്യക്കാരനെ സുഖിപ്പിക്കാനാണ്. എട്ടു പേജില്‍ നിന്നും മുപ്പതു പേജിലേക്ക് പത്രം വളരുമ്പോഴും സാധാരണക്കാരന് ലഭിക്കുന്നത് പഴയ എട്ടു പേജിന്റെ വാര്‍ത്തകള്‍ തന്നെയാണ്. വരിക്കാരന് പത്രം ഫ്രീയായി കൊടുത്താല്‍ പോലും മനോരമാക്കാരന് ലാഭം കിട്ടുന്ന രൂപത്തില്‍ പരസ്യ വരുമാനം കൂടിയിരിക്കുന്നു എന്ന് ചുരുക്കം. പിന്നെ എന്തിനാണ് മഞ്ഞിലും മഴയത്തും മുടങ്ങാതെ അതിരാവിലെ പത്രം  വീട്ടുപടിക്കല്‍ എത്തിക്കുന്ന ഈ പാവങ്ങളുടെ കമ്മീഷന്‍ ശതമാനം വെട്ടിക്കുറക്കുന്നത്?

മംഗളം, മാധ്യമം തുടങ്ങിയ പത്രങ്ങള്‍ എജന്റുമാരുമായി ചര്‍ച്ച നടത്തി ധാരണയില്‍ എത്തിയിട്ടുണ്ട്. സമരം നിര്‍ത്താതെ ചര്‍ച്ചക്കില്ല എന്ന പിടിവാശി മനോരമയും മാതൃഭൂമിയും ഒഴിവാക്കിയേ പറ്റൂ.  ഈ രണ്ടു പത്രങ്ങളും മലയാളികളുടെ പത്രവായന സംസ്കാരത്തിന്റെ ആവേശകരമായ പാരമ്പര്യം അവകാശപ്പെടാവുന്ന പത്രങ്ങളാണ്. മലയാളികളുടെ ജീവിതത്തിലും അവരുടെ ചിന്തകളിലും നിത്യേന ഇടപെടുന്ന സാംസ്കാരിക സ്ഥാപനങ്ങളാണ് ഈ പത്രങ്ങള്‍ . ഈ രണ്ടു പത്രങ്ങളും മുടിഞ്ഞു പോകണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. അവര്‍ ഇനിയും കൂടുതല്‍ ശക്തിയോടെ നിലനില്‍ക്കണം. പക്ഷേ പത്രവിതരണം നടത്തുന്ന ഈ പാവങ്ങളുടെ ചോര ഇനിയും കുടിക്കരുത്. അവര്‍ക്ക് നല്‍കുന്ന കമ്മീഷന്‍ കാര്യത്തില്‍ കൂടുതല്‍ മാനുഷികമായ സമീപനങ്ങള്‍ ഉണ്ടാകണം. മറ്റുള്ളവരെ അന്തസ്സും സംസ്കാരവും പഠിപ്പിക്കാന്‍ ദിവസവും കാണിക്കുന്ന ആവേശത്തിന്റെ പത്തിലൊരംശം സ്വയം നന്നാവാനും കാണിക്കണം.

Related Posts
ഏജന്റുമാരുടെ സമരം, മനോരമ വിറക്കുന്നു.
മനോരമ പിടിച്ച പുലിവാല് (വെറുതെ അല്ല ഭര്‍ത്താവ്)
മനോരമയെ എന്തിനാണ് ബഹിഷ്കരിക്കുന്നത്?
മനോരമയുടെ കാര്യം എന്തായി? പൂട്ടിയോ?