ശശി തരൂരും കേരളത്തിലെ കോൺഗ്രസ്സ് ഞണ്ടുകളും

Seize the opportunity എന്ന് പറയാറില്ലേ..

അവസരങ്ങൾ വരുമ്പോൾ ഒട്ടും മടിച്ച് നിൽക്കാതെ അവയെ ചാടിപ്പിടിക്കുക, അതിന് വേണ്ടി ചില റിസ്‌ക്കുകൾ എടുക്കുക, ശങ്കിച്ച് നില്ക്കാതെ തീരുമാനമെടുത്ത് മുന്നോട്ട് പോവുക. അങ്ങിനെയൊക്കെയുള്ള അർത്ഥത്തിൽ ശശി തരൂർ ഒരു മാതൃകയാണ്.. ജീവിതത്തിൽ പല സ്ഥാനങ്ങളും പല നേട്ടങ്ങളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ടാകുക അവസരങ്ങളെ കൃത്യമായി ഉപയോഗപ്പെടുത്തി മുന്നോട്ട് പോയത് കൊണ്ട് തന്നെ ആയിരിക്കണം.. കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സജീവമായ ഒരു ദേശീയ ഒരു വാർത്തയാക്കുന്നതിലും പൊതുജന ശ്രദ്ധ അതിലേക്ക് കൊണ്ട് വരുന്നതിലും തരൂരിന്റെ സ്ഥാനാർത്ഥിത്വം കാരണമായിട്ടുണ്ട്.

പ്രസിഡന്റ് സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെ അത്ര മോശം ക്യാൻഡിഡേറ്റ് അല്ല. പാർലിമെന്ററി ജനാധിപത്യത്തിൽ വലിയ പ്രവർത്തന പരിചയമുള്ള ഒരു നേതാവ് തന്നെയാണ് അദ്ദേഹം. എന്നാലും ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെയുള്ള ഏക സ്ഥാനാർത്ഥിയായി അദ്ദേഹം ഒരു മത്സരമില്ലാതെ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നിരുന്നുവെങ്കിൽ ഈ തിരഞ്ഞെടുപ്പ് ഒരു വാർത്തയേ ആകുമായിരുന്നില്ല. പരോക്ഷമായ അർത്ഥത്തിൽ ഡൈനാസ്റ്റി പൊളിറ്റിക്സ് എന്ന ഒരു ആരോപണ വലയത്തിൽ അത് വീണ്ടും ഒതുങ്ങുമായിരുന്നു. എന്നാൽ ആ അവസ്ഥയിൽ നിന്ന് ഒരു ജനാധിപത്യ പ്രക്രിയയിലേക്ക് ഈ തിരഞ്ഞെടുപ്പിനെ കൊണ്ട് വന്നതിൽ തരൂരിന്റെ സ്ഥാനാർത്ഥിത്വം ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്..


കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ ശശി തരൂരിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രത്യക്ഷമായും പരോക്ഷമായും രംഗത്ത് വരുന്നതിന്റെ കാരണം ഒന്നേയുള്ളൂ, ക്രാബ് തിയറി എന്ന് ഇംഗ്ലീഷിൽ പറയുന്ന കൃമികടി രോഗം. കുറച്ച് ഞണ്ടുകളെ ഒരു ബക്കറ്റിലിട്ടാൽ അതിൽ ഏതെങ്കിലും ഒരു ഞണ്ട് മുകളിലേക്ക് കയറിപ്പോകാൻ തുടങ്ങിയാൽ മറ്റവന്മാർ എല്ലാം കൂടി അവനെ പിടിച്ചു താഴെയിടും.. ഒരുത്തനെയും രക്ഷപ്പെടാൻ സമ്മതിക്കില്ല, അവസാനം എല്ലാവര്ക്കും കൂടി ഒന്നിച്ചു ചാകാം എന്ന പോളിസി വിജയിക്കും..

ശശി തരൂർ പാർലിമെന്റിൽ നന്നായി പ്രസംഗിക്കുമ്പോൾ ഇവന്മാർ എല്ലാം കൂടി വായിൽ വെള്ളമൊലിപ്പിച്ച് ഇങ്ങനെ ഇരിക്കും. "ഞങ്ങൾക്ക് കഴിയാത്തത് നീ ചെയ്യുന്നുണ്ടല്ലേ, കാട്ടിത്തരാം ഒരവസരം വരട്ടെ" എന്ന ലൈനിൽ. അദ്ദേഹം കിടിലൻ പുസ്തകങ്ങൾ എഴുതുമ്പോൾ ഇവന്മാരൊക്കെ ഇങ്ങനെ കോങ്കണ്ണിട്ട് നോക്കും.. ഇംഗ്ളീഷിൽ എന്നല്ല മലയാളത്തിൽ പോലും ഒരു വാചകം മര്യാദയ്ക്ക് എഴുതാൻ കഴിയാത്തതിന്റെ കെറുവ് ആ നോട്ടത്തിലുണ്ട്.. ഒരവസരം വരട്ടെ, കാട്ടിത്തരാം എന്ന ലൈൻ.. ശശി തരൂർ പൊതുവിഷയങ്ങളിൽ നിരന്തരം പ്രതികരിക്കുകയും ഇടപെടുകയും ചെയ്യുമ്പോൾ ഇവന്മാരൊക്കെ ഇങ്ങനെ പഴം വിഴുങ്ങിയത് പോലെ ഇരിക്കും.. വരട്ടെ, കാട്ടിത്തരാം എന്ന ലൈനിൽ. ഇപ്പോൾ ഒരവസരം വന്നിരിക്കുന്നു.. എല്ലാ ഞണ്ടുകളും അവരുടെ പണി തുടങ്ങിയിരിക്കുന്നു.



തരൂർ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഒരു പെർഫെക്ട് ക്യാൻഡിഡേറ്റ് ആണ് എന്ന അഭിപ്രായമില്ല. എന്നാൽ കോൺഗ്രസ്സിന്റെ ഇന്നത്തെ അവസ്ഥയിൽ അദ്ദേഹം ഒരു റീസണബിൾ ക്യാൻഡിഡേറ്റ് ആണ്.. ഇന്നത്തെ പൊളിറ്റിക്സ് വാർത്തയുടെ പൊളിറ്റിക്സ് കൂടിയാണ്. ലൈം ലൈറ്റിൽ നിറഞ്ഞു നില്ക്കണം.. പ്രത്യേകിച്ചും യുവ വോട്ടർമാർ തെരഞ്ഞെടുപ്പിന്റെ ന്യൂക്ലിയസ് പവറായി മാറിയ ഘട്ടത്തിൽ. അവരെ ആകർഷിക്കാൻ കഴിയുന്ന ഒരു നേതാവുണ്ടാകണം.. അവരോട് കണക്ട് ചെയ്യാൻ സാധിക്കണം. അവരുടെ പ്രശ്നങ്ങളെ തിരിച്ചറിയുന്ന ഒരു നേതാവെന്ന പ്രതീതി ജനിപ്പിക്കണം.. കൃത്യമായ ഒരു കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടാവണം. വാർത്തയുടെ രാഷ്ട്രീയത്തെ കാന്തശക്തിയോടെ തന്നിലേക്ക് ആകർഷിപ്പിച്ചു കൊണ്ട് വരാൻ സാധിക്കണം. എല്ലാത്തിലുമുപരി മോദിയെന്ന ഒരു പെർഫെക്റ്റ് കമ്മ്യൂണിക്കേറ്ററോട് പിടിച്ചു നില്ക്കാൻ സാധിക്കണം, ആ അർത്ഥത്തിൽ ഖാർഗെയേക്കാൾ ഒരു പടി മുന്നിൽ തന്നെയാണ് തരൂർ.
പാർട്ടിയുടെ ജനാധിപത്യ പ്രക്രിയയെ എങ്ങിനെ ക്രമീകരിക്കുമെന്ന വിഷയത്തിൽ ഒരു മാനിഫെസ്റ്റോ മുന്നോട്ട് വെച്ച് ക്രിയാത്മകമായ ഒരു സംവാദ രാഷ്ട്രീയം സൃഷ്ടിച്ചു കൊണ്ടാണ് അദ്ദേഹം ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതിലദ്ദേഹം ജയിക്കുമോ ഇല്ലയോ എന്നത് വേറൊരു വിഷയമാണ്.
കോൺഗ്രസ്സ് രാഷ്ട്രീയവും അതിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പും ഒരു അനിശ്ചിതാവസ്ഥയിൽ തൂങ്ങിക്കിടക്കുന്ന ഘട്ടത്തിൽ ആ പ്രക്രിയക്ക് ജീവൻ നൽകാനുള്ള ഒരവസരത്തെ കൃത്യമായി ഉപയോഗപ്പെടുത്തിയ ഒരാളെന്ന നിലയിൽ തരൂർ ഒരു കയ്യടി അർഹിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ.

Recent Posts