രാഹുലിനെ റൂട്ട് മാപ്പ് പഠിപ്പിക്കുന്നവരോട്

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിൽ വലിയ വിമർശനമാണ് സി പി എമ്മും അവരുടെ സൈബർ അണികളും നടത്തുന്നത്. പ്രായോഗിക രാഷ്ട്രീയത്തെക്കുറിച്ചുള്ള അജ്ഞതയും കോൺഗ്രസ്സ് വിരോധവും സമാസമം ചാലിച്ചു ചേർന്ന ഒരു വിമർശനമാണിതെന്നേ പറയാൻ കഴിയുകയുള്ളൂ. 

സി പി എം ഒരു കേരള പദയാത്ര നടത്തുകയാണെങ്കിൽ അതിലേറ്റവും കൂടുതൽ സമയം ചിലവഴിക്കുക അവരുടെ ശക്തികേന്ദ്രങ്ങളായ ജില്ലകളിൽ ആയിരിക്കും. അവിടെ കൂടുതൽ സ്വീകരണങ്ങളും പൊതുയോഗങ്ങളുമൊക്കെയുണ്ടാകും. കണ്ണൂരിൽ ചിലവഴിക്കുന്ന സമയത്തിന്റെ നാലിലൊന്ന് ഒരുപക്ഷേ കോട്ടയത്തും പത്തനംതിട്ടയിലും ഉണ്ടായെന്ന് വരില്ല. ലീഗ് യാത്ര നടത്തുമ്പോൾ മലപ്പുറത്ത് കൂടുതൽ സമയം ചിലവഴിക്കേണ്ടി വരും.

 ശക്തികേന്ദ്രങ്ങളെ കൂടുതൽ പരിഗണിച്ചു കൊണ്ടേ ഇതുപോലുള്ള യാത്രകൾക്കൊക്കെ മുന്നോട്ട് പോകാൻ കഴിയൂ.. ഇരുപതിൽ പത്തൊമ്പത് എം പി മാരെ വിജയിപ്പിക്കാൻ സാധിച്ച കോൺഗ്രസ്സ് മുന്നണിക്ക് കേരളത്തെ കൂടുതൽ പരിഗണിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല. കഴിഞ്ഞ തവണ ലഭിച്ച സീറ്റുകൾ അടുത്ത തെരഞ്ഞെടുപ്പിലും കിട്ടണമെങ്കിൽ കേരളത്തെ നന്നായി പരിഗണിക്കേണ്ടി വരും.. പ്രത്യേകിച്ചും സംസ്ഥാന ഭരണം തുടർച്ചയായി രണ്ടാം തവണയും സി പി എമ്മിന്റെ കയ്യിലുള്ള രാഷ്ട്രീയ സാഹചര്യത്തിൽ. ഇതൊക്കെ ആർക്കും മനസ്സിലാവുന്ന കാര്യമാണ്. റോക്കറ്റ് സയൻസൊന്നുമല്ല.. 

യു പി അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലും ഗുജറാത്തിലും ബംഗാളിലും ആസ്സാമിലുമൊക്കെ കൂടുതൽ സമയം ചിലഴിച്ച് യാത്ര നടത്താൻ പറ്റിയാൽ നല്ലത് തന്നെ. പക്ഷേ അതിന് അഞ്ച് മാസമല്ല ഒരു വർഷമെടുത്ത് നടത്തിയാലും കഴിയില്ല. ഇന്ത്യയുടെ പടിഞ്ഞാറെ അറ്റത്തുള്ള ഗുജറാത്തും കിഴക്ക് ഭാഗത്തുള്ള ബംഗാളും ആസാമുമൊക്കെ കറങ്ങണമെങ്കിൽ അതിനനുസരിച്ച സമയം വേണം.. 


അഞ്ച് മാസമെടുത്ത് നടത്തുന്ന ഈ പദയാത്ര തന്നെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യാത്രകളിൽ ഒന്നാണ്. അതിന്റെ റൂട്ട് മാപ്പ് എടുത്ത് നോക്കിയാലറിയാം തെക്കേ അറ്റത്ത് നിന്ന് വടക്കേ അറ്റത്തേക്കുള്ള ഏതാണ്ട് ഒരു സ്ട്രൈറ്റ് ലൈനിലൂടെയാണ് അത് പോകുന്നത് എന്ന്.  അതിലൂടെ പൊയ്ക്കൂടേ, ഇതിലൂടെ പൊയ്ക്കൂടേ എന്നൊക്കെ വലിയ വായിൽ പറയാൻ എളുപ്പമാണ്. പക്ഷേ പ്രായോഗികത കൂടി നോക്കേണ്ടി വരും.   

എവിടെയൊക്കെ പോകുന്നു എന്നത് പോലെ പ്രധാനമാണ് എന്ത് സന്ദേശമുയർത്തുന്നു എന്നതും. ജോഡോ ഭാരത് എന്നത് ഭാരതത്തെ ഒന്നാകെ ചേർത്ത് പിടിക്കുന്ന സന്ദേശമാണ്. മതത്തിന്റേയും വിശ്വാസത്തിന്റെയും പേരിൽ ഇന്ത്യൻ ജനതയെ പിളർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഒന്നിച്ചു നിൽക്കാനുള്ള ആഹ്വാനം.. ആ സന്ദേശം ഈ യാത്ര ഇന്ത്യക്ക് നല്‌കും, നൽകാൻ ശ്രമിക്കണം. 


സംഘികളേക്കാൾ ഇവിടെ സഖാക്കന്മാരാണ് ഈ യാത്രയെ കൂടുതൽ എതിർക്കുന്നതും പരിഹസിക്കുന്നതുമെന്നാണ് മനസ്സിലാവുന്നത്. റൂട്ട് മാപ്പ് ഏതിലൂടെ വേണമെന്ന് കോൺഗ്രസ്സിന് ക്ലാസ്സെടുക്കാൻ കാണിക്കുന്ന ആവേശത്തിന് പകരം സ്വന്തം പാർട്ടിയുടെ ബാനറിൽ നിങ്ങൾ പറയുന്ന റൂട്ടിലൂടെയൊക്കെ ഒരു യാത്ര നടത്താൻ തയ്യാറാവുക. മോദിക്കെതിരെയുള്ള പോരാട്ടം കോൺഗ്രസ്സിന്റെ മാത്രം ചുമതലയല്ലല്ലോ.. രാഹുലിനെ റൂട്ട് മാപ്പ് പഠിപ്പിക്കുന്നവരോടും ഈ യാത്രയെ നിരന്തരം പരിഹസിക്കുന്നവരോടും ഒന്നേ പറയാനുള്ളൂ, ഗ്യാലറിയിലിരുന്ന് ഡയലോഗടിക്കാതെ ജനകീയ പ്രക്ഷോഭങ്ങളിലൂടെ അല്‌പം വോട്ട് ബാങ്ക് സൃഷ്ടിച്ചെടുക്കാൻ നിങ്ങളും ശ്രമിക്കൂ എന്നത് മാത്രമാണ്. നഷ്ടപ്രതാപം വീണ്ടെടുക്കാനുളളത് കോൺഗ്രസ്സിന് മാത്രമല്ല, നിങ്ങൾക്ക് കൂടിയാണ്. ഫാസിസമെന്ന പൊതുശത്രുവിനെതിരെ ഒന്നിച്ചു നിൽക്കുന്നതിന് പകരം നിലാവ് കാണുമ്പോൾ കുരയ്ക്കുന്ന ശുനകന്മാരുടെ നിലവാരത്തിലേക്ക് താഴരുത്.  

ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും നേരിടുന്ന വർത്തമാന കാല ഭീഷണിയുടെ ഗ്രാവിറ്റി ബോധ്യമുള്ള ഒരാളും ഒരു തിരിച്ചു വരവിന് വേണ്ടി ശ്രമിക്കുന്ന പ്രധാനപ്രതിപക്ഷ കക്ഷിയുടെ ശ്രമങ്ങളെ പരിഹസിക്കില്ല. അതിവേഗം ഫാസിസ്റ്റ് വത്കരണത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഇന്ത്യയെക്കുറിച്ച് തരിമ്പും ആശങ്കയില്ലാത്ത രാഷ്ട്രീയ നിരക്ഷരർക്ക് മാത്രമേ അത്തരമൊരു നിലപാട് സ്വീകരിക്കാൻ കഴിയൂ.. അതുകൊണ്ട് തന്നെ അവരോട് തർക്കിക്കുന്നതിൽ അർത്ഥമില്ല.

പരിഹസിക്കുന്നവർ  പരിഹസിക്കട്ടെ, ഭാരത് ജോഡോ  മുന്നോട്ട് പോകട്ടെ.


Related Posts

ഭാരത് ജോഡോ : ഒരു തിരിച്ചു വരവിനുള്ള അവസാന പോരാട്ടം