ഭാരത് ജോഡോ : ഒരു തിരിച്ചു വരവിനുള്ള അവസാന പോരാട്ടം

രാഹുൽ ഗാന്ധി നയിക്കുന്ന  ഭാരത് ജോഡോ യാത്ര അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും തിളക്കമുള്ള ഒന്നായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.. ഏതാണ്ട് അഞ്ച് മാസം നീണ്ടു നിൽക്കുന്ന ഇന്ത്യ മുഴുക്കെയുള്ള ഒരു പദയാത്ര സമീപകാല ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ ഒരു മാസ്സ് മൂവ്മെന്റ് ഗ്രൗണ്ട് വർക്കാണ്. 

ഈ യാത്രയെ പരിഹസിക്കുന്നവരും ഇകഴ്ത്തിക്കാണിക്കുന്നവരും ധാരാളം ഉണ്ടായെന്ന് വരും. മാധ്യമ പിന്തുണ ഒട്ടും ലഭിച്ചില്ലെന്ന് വരാം. എന്നാലും ഒരു കാര്യം ഉറപ്പാണ്. സംഘപരിവാരം അധികാരത്തിൽ വന്ന ശേഷം ഇന്ത്യയിലെ പ്രതിപക്ഷ നിരയിൽ നിന്ന് കാണാൻ ആഗ്രഹിച്ചതും എന്നാൽ കാണാൻ കഴിയാതിരിന്നതുമായ ചലനാത്മകതയുടെ ഒരു ചെറിയ പ്രതീക്ഷ ഈ യാത്ര ഉയർത്തുന്നുണ്ട്‌. അതുകൊണ്ട് തന്നെ അത്തരമൊരു ചലനാത്മകതയെ ഏത് നിലയിലും പിന്തുണക്കേണ്ടത് വർത്തമാന ഇന്ത്യ എത്തിപ്പെട്ട ദുരന്തത്തെക്കുറിച്ച് ഇത്തിരിയെങ്കിലും ബോധമുള്ള ഓരോ മനുഷ്യനും ചെയ്യേണ്ടതാണ്.

മൂന്ന് പ്രധാന വിഷയങ്ങളാണ് ഈ യാത്രയിൽ രാഹുൽ ഉയർത്തുന്നത്. 35 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വിലക്കയറ്റം. 97 ശതമാനം ഇന്ത്യക്കാരുടേയും വരുമാനം കുറഞ്ഞുകൊണ്ടിരിക്കുകയും ഏതാനും വിരലിലെണ്ണാവുന്ന കോർപ്പറേറ്റ് മുതലാളിമാരിലേക്ക് ഇന്ത്യയുടെ സമ്പത്ത് എത്തിപ്പെടുകയും ചെയ്യുന്ന അവസ്ഥ.. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ.

പശുവും ബീഫും മന്ദിറും മസ്ജിദും കബറിസ്ഥാനും മാത്രം ചർച്ചാവിഷയമാക്കുന്ന വർഗ്ഗീയ രാഷ്ട്രീയ പരിസരത്ത് നിന്ന് ഇന്ത്യ നേരിടുന്ന യഥാർത്ഥ വിഷയങ്ങളിലേക്ക് ചർച്ചയുടെ ഫോക്കസ് മാറ്റുക അത്ര എളുപ്പമല്ല, എന്നാലും ആ ദിശയിലുള്ള ഒരു വലിയ ചുവട് വെയ്പ്പാണ് രാഹുലും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും നടത്താൻ പോകുന്നത്. അതിനെ പരിഹസിച്ചു തള്ളണമോ വേണ്ടയോ എന്നത് നമുക്ക് തീരുമാനിക്കാവുന്നതാണ്.

ലോകത്തെ ഏറ്റവും വലിയ മൂന്ന് ധനികന്മാരിലൊരാൾ ഗൗതം അദാനിയാണെന്നതാണ് പോയവാരത്തിൽ നാം വായിച്ച  വാർത്ത. ടെസ്‌ല സ്ഥാപകൻ ഈലോൺ മസ്കിനും ആമസോൺ സിഇഒ  ജെഫ് ബെസോസിനും പിറകെ നൂറ്റി മുപ്പത്തിയേഴ് ബില്യൺ ഡോളറിന്റെ ആസ്തിയുമായാണ് അദാനി നിൽക്കുത്. മോഡി അധികാരത്തിൽ വരുന്നതിന് മുമ്പുള്ള അയാളുടെ ആസ്തിയും ഇപ്പോഴത്തേതും തമ്മിലുള്ള ഒരു താരതമ്യം ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടേയും ദരിദ്രരുടേയും വർത്തമാന അവസ്ഥയുടെ കൃത്യമായ ഒരു മറുചിത്രം വ്യക്തമാക്കും.  ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനങ്ങളും എയർപോർട്ടുകളും തുറമുഖങ്ങളും മാത്രമല്ല, ബാങ്കുകളും മാധ്യമസ്ഥാപനങ്ങളും വരെ കൈപ്പിടിയിലൊതുക്കിക്കൊണ്ട് രാജ്യത്തേക്കാൾ വളരുന്ന ഒരു വ്യവസായ സാമ്രാജ്യമാണ് സംഘപരിവാരം സ്പോൺസർ ചെയ്യുന്ന ചങ്ങാത്ത മുതലാളിത്വത്തിലൂടെ ഇന്ത്യയിൽ വളർന്ന് വരുന്നത്. ചെറുകിട വ്യവസായങ്ങളും സംരംഭങ്ങളും തകർന്ന് കൊണ്ടേയിരിക്കുമ്പോൾ, കർഷകരും കാർഷിക വിളകളും ചക്രശ്വാസം വലിക്കുമ്പോൾ, പട്ടിണിപ്പാവങ്ങളുടെ ലോക സൂചികയിൽ ഇന്ത്യയുടെ സ്ഥാനം വർഷം തോറും പരിതാപകരമായിക്കൊണ്ടിരിക്കുമ്പോൾ ഏതാനും കോർപ്പറേറ്റുകൾ മാത്രം തടിച്ചു കൊഴുക്കുന്ന വൈപരീത്യം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഭാരത് ജോഡോ യാത്ര അത്തരം ചർച്ചകളുടെ ചെറിയ ജാലകങ്ങളെങ്കിലും തുറക്കുമെന്ന് പ്രതീക്ഷിക്കാം.

ബിജെപി ക്കും സംഘപരിവാരത്തിനും എതിരെ പൊരുതാൻ കരുത്തുള്ള ഒരു വിദൂര ബദൽ പോലും നാളിതു വരെ രൂപപ്പെട്ടുവരാത്ത ഇന്ത്യൻ അവസ്ഥയിൽ പ്രതിപക്ഷ നിരയിൽ നിന്ന് ഒരു ചെറിയ ചലനമെങ്കിലും ഉണ്ടാകുമ്പോൾ, അതെത്ര ദുർബലമാണെങ്കിൽ പോലും, അതിനെത്ര പരിമിതികൾ ഉണ്ടെങ്കിൽ പോലും പിന്തുണക്കേണ്ടുന്ന അവസ്ഥ ഇന്നുണ്ട്. അത്തരം ചലനങ്ങളെ പരിഹസിച്ചു തള്ളണമെങ്കിൽ മറ്റൊരു പ്രായോഗിക ബദലിനെക്കുറിച്ചുള്ള കാഴ്ചപ്പാടെങ്കിലും വേണം. അതില്ലാത്തിടത്തോളം കാലം വർത്തമാന യാഥാർഥ്യങ്ങളെ തിരിച്ചറിഞ്ഞു കൊണ്ടുള്ള നിലപാടുകൾ എടുത്തേ മതിയാകൂ.


രാഹുൽ ഗാന്ധിയെ വിമർശിക്കാനും പരിഹസിക്കാനും ഒരു നൂറ് കാരണങ്ങൾ ഉണ്ടാക്കിയെടുക്കാൻ പറ്റും. പക്ഷേ ആ പരിഹാസങ്ങൾക്കിടയിലും ഒരു കാര്യം അംഗീകരിച്ചേ മതിയാവൂ. നരേന്ദ്രമോദിക്കും അയാളുടെ നിലപാടുകൾക്കുമെതിരെ ദേശീയ രാഷ്ട്രീയത്തിൽ ഏറ്റവും ധീരതയോടെ ഉയരപ്പെടുന്ന ശബ്ദം രാഹുലിന്റേതാണ്. സംഘപരിവാരത്തിന്റെ ഇഷ്ടതോഴന്മാരായ മാധ്യമങ്ങൾ നിരന്തരം ഉണ്ടാക്കിയെടുക്കുന്ന നെഗറ്റിവ് ഇമേജുകളും അതുവഴി സൃഷ്ടിക്കപ്പെടുന്ന പൊതുബോധ പരിഹാസങ്ങളും അതിജീവിച്ചു വേണം രാഹുലിന് മുന്നോട്ട് പോകുവാൻ. അതിനദ്ദേഹത്തെ പ്രാപ്തമാക്കാൻ ഈ യാത്ര ഉപകരിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസവും പ്രതീക്ഷയും.

ഭീതിയുടെ രാഷ്ട്രീയത്തിനെതിരായ, അപരവത്കരണത്തിന്റെ രാഷ്ട്രീയത്തിനെതിരായ, ഐക്യപ്പെടലിന്റെ ബദലാണ് ഭാരത് ജോഡോ യാത്ര മുന്നോട്ട് വെക്കുന്ന സന്ദേശം. ഈ രാജ്യത്തെ മനുഷ്യരെ ഐക്യപ്പെടുത്തുന്നതിന് വേണ്ടിയുള്ള “long battle” എന്നാണ് രാഹുൽ ഈ യാത്രയെ വിശേഷിപ്പച്ചത്.

യാത്ര ആദ്യ ദിവസം പിന്നിട്ടപ്പോൾ തന്നെ ബി ജെ പി അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. രാഹുൽ വില കൂടിയ ബ്രാൻഡഡ് ടീ ഷർട്ട് ധരിച്ചാണ് ജോഡോ യാത്ര നടത്തുന്നത് അമിത് ഷാ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ജോഡോ യാത്ര കാറ്റ് പിടിച്ചു തുടങുമ്പോൾ കാമ്പില്ലാത്ത ഇത്തരം വിമർശങ്ങൾ കൂടിവരും എന്നുറപ്പാണ്. രാഹുൽ ബ്രാൻഡഡ് ടീ ഷർട്ട് ധരിച്ചെങ്കിൽ അതയാളുടെ സ്വന്തം കാശ് കൊണ്ടാണ്. സർക്കാർ ഖജനാവിൽ നിന്ന് അടിച്ചെടുത്തതോ ആരുടെയെങ്കിലും കാശ് മോഷ്ടിച്ചതോ അല്ല. 


മോത്തിലാൽ നെഹ്‌റു എന്നൊരാളെക്കുറിച്ച് കേട്ട് കാണും. കൊട്ടാര സദൃശമായ സ്വന്തം വീട് പാർട്ടിക്ക് വേണ്ടി ഒഴിഞ്ഞു കൊടുത്ത് പൊതുപ്രവർത്തനം നടത്തുകയും ദേശീയ പ്രസ്ഥാനത്തെ വളർത്തിക്കൊണ്ട് വരികയും ചെയ്ത നേതാവാണ്. രാഹുലിന്റെ മുത്തശ്ശൻ.. പാർട്ടി കൊണ്ട് ധനികരായവരല്ല.. പാർട്ടിക്ക് വേണ്ടി സ്വന്തം ധനം ചിലവഴിച്ച് വളർന്നവരാണ്. മുതലയെപ്പിടിച്ച കള്ളക്കഥകൾ കൊണ്ടോ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ കൊണ്ടോ ഇമേജ് ഉണ്ടാക്കിയവരല്ല, രാജ്യത്തിന് വേണ്ടി ധനവും ജീവനും ബലി നല്‌കി ഇന്ത്യയുടെ ചരിത്രം നിർമ്മിച്ചവരാണ്. 

സർക്കാർ ഖജനാവിലെ കാശെടുത്ത് പളപളാ കോട്ട് തുന്നുകയും ലോകത്തെ ഏറ്റവും വിലകൂടിയ വസ്ത്രവും കണ്ണടയും തൊപ്പിയും പേനയും ധരിച്ച് ദിവസേന  ഫാൻസി ഡ്രസ്സ് നടത്തുകയും ചെയ്യുന്ന ഒരു മങ്കീ ബാത്തുകാരൻ ഉണ്ട്.. അയാളുടെ ശരീരത്തിൽ ബ്രാൻഡഡ് അല്ലാത്ത ഒരു ജട്ടി പോലും കാണില്ല. വിദേശ നിർമ്മിത കൂൺ അടക്കം ഫാൻസി ഡ്രസ്സിനും ഭക്ഷണത്തിനും ഒരു ദിവസത്തെ മൊത്തം ചെലവ് കണക്കുകൂട്ടിയാൽ കോടികൾ വരും.. മുഴുവൻ സർക്കാർ ഖജനാവിൽ നിന്ന്.. ജനങ്ങളുടെ പണം.. എന്നിട്ട് വിമർശനം രാഹുലിന്റെ ടീ ഷർട്ടിലേക്ക്..  ഇച്ചിരി ഉളുപ്പ്..

ജോഡോ യാത്ര കൂടുതൽ ജനകീയമാകുന്നതിനനുസരിച്ച് എല്ലാ അമിട്ടുമാരും  അസ്വസ്ഥരാകും. അഞ്ച് മാസം നീണ്ടുനിൽക്കുന്ന ഈ യാത്രയിലുടനീളം സംഘപരിവാരത്തിന്റെ പേ റോളിലുള്ള മുഖ്യധാരാ മാധ്യമങ്ങൾ ഈ യാത്രയെ അപകീർത്തിപ്പെടുത്താനും തമസ്കരിക്കാനും ശ്രമിക്കും. അവർ പരിഹാസങ്ങൾ ഉതിർക്കും. നവ മാധ്യമങ്ങളുടെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി അതിനെതിരെ കൗണ്ടർ പ്രചാരണം നടത്താനും ഈ യാത്രയുടെ സന്ദേശം ഇന്ത്യ മുഴുവൻ എത്തിക്കാനും കൃത്യമായ പ്ലാനുകൾ ഒരു പാർട്ടി എന്ന നിലയിൽ കോൺഗ്രസ്സ് ദേശീയ തലത്തിൽ തന്നെ ഉണ്ടാക്കണം. അതിലവർ എത്രമാത്രം വിജയിക്കുന്നു എന്നതിനെ അനുസരിച്ചിരിക്കും ഈ യാത്രയുടെ എൻഡ് റിസൾട്ട്.