തള്ളിമാറ്റുന്നതിന്റെയല്ല, ചേർത്ത് പിടിക്കലിന്റെ രാഷ്ട്രീയമാണിത്

ഭാരത് ജോഡോ യാത്ര കർണാടകയിലേക്ക് കടക്കുകയാണ്. അവിടെ 21 ദിവസങ്ങളിലായി 511 കിലോമീറ്റർ ദൂരമാണ് രാഹുലും യാത്രികരും നടന്ന് നീങ്ങുക.

രാഹുൽ കേരളത്തിൽ 18 ദിവസം സഞ്ചരിച്ചപ്പോൾ വിമർശകർ ഉന്നയിച്ചിരുന്ന പ്രധാന പരിഹാസം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലല്ലേ നിങ്ങൾ നടക്കേണ്ടത് എന്നാണ്. അതേ, ഇനി മൂന്നാഴ്ച ബിജെപി ഭരിക്കുന്ന സംസ്ഥാനത്താണ് ഈ യാത്രയുള്ളത്. കേരളത്തിൽ നടന്നതിനേക്കാൾ കൂടുതൽ ദൂരം ആ സംസ്ഥാനത്താണ് ഇനി നടക്കാൻ പോവുന്നത്.
അത് കൊണ്ട് ഇതുവരെ പ്ലേ ചെയ്തുകൊണ്ടിരുന്ന ആ ഓഡിയോ തത്ക്കാലം മാറ്റിവെക്കുക. ആത്മരതിക്ക് വേണ്ടി വേറെ ഓഡിയോ തയ്യാറാക്കുക.
രാഹുലിന്റെ കേരളത്തിലെ യാത്ര കോൺഗ്രസ് പ്രവർത്തകരിൽ ഒരു വലിയ ആവേശം ഉണ്ടാക്കി എന്നത് യാഥാർത്ഥ്യമാണ്. കോൺഗ്രസ്സ് പ്രവർത്തകരിൽ മാത്രമല്ല, കേരളീയ സമൂഹത്തിൽ മൊത്തത്തിലും ഈ യാത്ര ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്, മാധ്യമങ്ങളുടെ പിന്തുണ കുറവായിരുന്നുവെങ്കിലും, പരിഹാസ റിപ്പോർട്ടുകളും സോഷ്യൽ മീഡിയ അപഹാസങ്ങളും വേണ്ടത്ര ഉണ്ടായിരുന്നെങ്കിലും, വിദ്വേഷ രാഷ്ട്രീയത്തിനെതിരെയുള്ള രാഹുലിന്റെ യാത്രയുടെ സന്ദേശം ജനങ്ങളുമായി കണക്ട് ചെയ്യുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട് എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. അഞ്ച് മാസങ്ങൾക്കുള്ളിൽ ഇന്ത്യയിലെ കൂടുതൽ സംസ്ഥാനങ്ങളിലെ ജനങ്ങളിലേക്ക് ഇതുപോലെ ഇറങ്ങിച്ചെല്ലാൻ അദ്ദേഹത്തിന് കഴിയുമെന്ന പ്രത്യാശയുമുണ്ട്.


മുസ്‌ലിം പെൺകുട്ടികൾ തല മറയ്ക്കുന്നതിന്റെ പേരിൽ അവർക്ക് സ്‌കൂൾ പ്രവേശനം നിഷേധിക്കണമെന്ന് മുറവിളി കൂട്ടുന്ന സംഘപരിവാര രാഷ്ട്രീയമാണ് കർണാടകയിൽ നിന്നും നാം കേൾക്കുന്നത്.. തട്ടമിടുന്നവരേയും തട്ടമിടാത്തവരേയും ഒരുപോലെ ചേർത്തു നിർത്തുന്ന മാനവികതയുടെ രാഷ്ട്രീയമാണ് രാഹുൽ മുന്നോട്ട് വെക്കുന്നത്. ഒരു കഷ്ണം ഷാൾ ശിരസ്സിലുണ്ടെന്ന് കരുതി ഒരു സമുദായത്തിലെ പെൺകുട്ടികളോട് യുദ്ധം പ്രഖ്യാപിക്കാതിരിക്കുക. തലയിൽ തട്ടം കാണുമ്പോൾ ആ തട്ടത്തെ അപരവത്കരിക്കാതിരിക്കുക. തട്ടമില്ലാതെ കാണുമ്പോഴും ചേർത്ത് നിർത്തുക. ആ രാഷ്ട്രീയ സന്ദേശമാണ് കർണാകടയിൽ ഈ യാത്ര നല്കുമെന്ന് പ്രതീക്ഷിക്കുന്നതും നൽകേണ്ടതും.
ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഈ യാത്രയെ തടസ്സപെടുത്താനും പ്രയാസങ്ങൾ സൃഷ്ടിക്കാനും ശ്രമങ്ങളുണ്ടായിക്കൂടെന്നില്ല. അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ തീർച്ചയായും ഉണ്ടാകും. യാത്ര കർണാടകയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ തന്നെ കോൺഗ്രസ്സിന്റെ സംസ്ഥാന അദ്ധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ വീട്ടിൽ സിബിഐ സംഘം റെയിഡ് തുടങ്ങിയിട്ടുണ്ട്. ഈ യാത്രയിൽ നിന്നും പൊതുജനശ്രദ്ധ തിരിച്ചുവിടാനുളള ശ്രമത്തിന്റെ ഭാഗമാണത്. എന്ത് വില കൊടുത്തും കോൺഗ്രസ്സിന്റെ ജനകീയ പ്രവർത്തനങ്ങളെ തടയിടാനുള്ള നീക്കം. കേന്ദ്ര ഏജൻസികളെക്കൊണ്ട് ഇതുപോലെ കുട്ടിക്കുരങ്ങിന്റെ പണിയെടുപ്പിക്കുന്ന ഒരു രാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടം അതെത്ര ചെറുതാണെങ്കിൽ പോലും, അതിനെത്ര പോരായ്മകളുണ്ടെങ്കിലും ഓരോ ഇന്ത്യക്കാരനും പിന്തുണക്കേണ്ടതുണ്ട്. കാരണം ഭരണഘടനാ സ്ഥാപനങ്ങളും അതിന്റെ ഏജൻസികളും ഇവ്വിധം രാഷ്ട്രീയവത്കരിക്കപ്പെടുന്ന അപമാനകരവും അപകടകരവുമായ ഒരു ഘട്ടത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നു പോകുന്നത്.



ഒരു പാർട്ടി എന്ന നിലയ്ക്ക് കോൺഗ്രസ് പല പ്രശ്നങ്ങളേയും നേരിടുന്നുണ്ട്. ചില സംസ്ഥാനങ്ങളിൽ നിന്ന് നേതാക്കൾ ബി ജെ പി യിലേക്ക് പോയിട്ടുണ്ട്. ബിജെപിക്കെതിരെ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾ കൂടുതൽ ശക്തിപ്പെടണം എന്നാഗ്രഹിക്കുന്ന ആരെയും ഇത്തരം വാർത്തകൾ സങ്കടപ്പെടുത്തും എന്നുറപ്പാണ്. കോൺഗ്രസ്സ് പ്രവർത്തകരെ പ്രത്യേകിച്ചും. പക്ഷേ ഒരു കാര്യം മനസ്സിലാക്കണം, അടുത്ത തെരഞ്ഞെടുപ്പുകളിൽ ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുക പാർട്ടിയെ വഞ്ചിച്ചു പുറത്തുപോകുന്ന ഈ അവസരവാദികളായിരിക്കില്ല, വോട്ട് ചെയ്യുന്ന സാധാരണ മനുഷ്യരായിരിക്കും. എത്ര നേതാക്കൾ പണത്തിനും പ്രലോഭനങ്ങൾക്കും വഴങ്ങി കൂറ് മാറിയാലും ശരി വോട്ട് ചെയ്യുന്ന സാധാരണ മനുഷ്യന്റെ മനസ്സിൽ ഇടം നേടാൻ കഴിഞ്ഞാൽ അതാണ് രാഷ്ട്രീയമായ വിജയം. ജനാധിപത്യത്തിൽ ജനങ്ങളാണ് ആത്യന്തിക വിധികർത്താക്കൾ. അവരാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭാവി തീരുമാനിക്കുക.
രാഹുലിന്റെ ഈ യാത്ര സാധാരണ മനുഷ്യൻറെ മനസ്സിൽ ഇടം പിടിക്കാനുള്ളതാണ്. മനുഷ്യരെ മതത്തിന്റെ കള്ളിയിൽ പരിമിതപ്പെടുത്തി വിഭജനത്തിന്റെ വിത്ത് പാകുന്ന രാഷ്ട്രീയത്തിനെതിരാണ്. ആ യാത്ര മുന്നോട്ട് തന്നെ പോകട്ടെ.