സമരം സ്വാഹ!! സഖാക്കളേ പിന്നോട്ട്!!

മല എലിയെ പ്രസവിച്ചു എന്ന് പറഞ്ഞ പോലെ അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധം ലേബർ റൂമിലെ ചാപിള്ളയിൽ അവസാനിച്ചിരിക്കുന്നു. ഈ സമരം കൊണ്ടുണ്ടായ ഏക നേട്ടം ആരോപണങ്ങളിൽ ചക്രശ്വാസം വലിച്ചിരുന്ന ഉമ്മൻ ചാണ്ടി ജാക്കിചാനെപ്പോലെ തിരിച്ചു വന്നിരിക്കുന്നു എന്നതാണ്. ഉമ്മൻ ചാണ്ടിയുടെ ഗ്രാഫ് കുത്തനെ ഉയർത്തുവാൻ സഖാക്കൾ തിരുവനന്തപുരത്ത് വെയില് കൊണ്ട് എന്ന് ചുരുക്കം. സമരമുഖങ്ങളിൽ കരുത്ത് തെളിയിച്ച് വളർന്നു വന്ന ഇടതുപക്ഷം ചരിത്രത്തിലെ ഏറ്റവും നാണം കെട്ട തിരിച്ചടി ഏറ്റു വാങ്ങി എന്നത് ഈ സമരത്തിന്റെ ബാക്കിപത്രവുമാണ്‌. ചാണ്ടിയുടെ മുന്നിൽ പിടിച്ചു നിൽക്കണമെങ്കിൽ ഇടതു പക്ഷ നേതാക്കൾക്ക് ഇനി സന്തോഷ്‌ പണ്ഡിറ്റിന്റെ ഡയലോഗിനെ ആശ്രയിക്കുകയല്ലാതെ മറ്റ് വഴികളൊന്നുമില്ല. 'നീ ജയിച്ചെന്ന് കരുതി ഞങ്ങൾ തോറ്റെന്നു കരുതരുത്'

ഉമ്മൻ ചാണ്ടി രാജി വെക്കുക എന്ന ന്യായമെന്ന് തോന്നുന്ന ഒരു ആഹ്വാനവുമായാണ്‌ ഇടതുപക്ഷം സമരമുഖത്ത്‌ എത്തിയത്. ഏറെക്കുറെ ജനപിന്തുണ ഉറപ്പാക്കുന്ന കാര്യത്തിൽ അവർ വിജയിക്കുകയും ചെയ്തു. ഇത്രയേറെ മാധ്യമ പിന്തുണ ലഭിച്ച മറ്റൊരു സമരവും ഈയടുത്ത കാലത്തൊന്നും ഇടതുപക്ഷം നടത്തിയിട്ടില്ല. എന്നിട്ടുമെന്തേ ഇത്ര ദയനീയമായി ഈ സമരം അവസാനിപ്പിക്കാൻ അവർ തീരുമാനിച്ചത്. അവിശ്വസനീയമായ ഒരു പ്രഖ്യാപനമാണ് സമരം പിൻവലിച്ചതിലൂടെ പിണറായി സഖാവ് ഇന്ന് നടത്തിയത്. ഇടതുപക്ഷ മനസ്സുകളുടെ ആത്മവീര്യവും സമര വീര്യവും ഒന്നാകെ ചോർത്തിക്കളയുന്ന പ്രഖ്യാപനം.

ഫേസ്ബുക്കിൽ ഹിറ്റായി ഓടുന്ന ഒരു ചിത്രം 

ഈ സമരത്തിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ഉമ്മൻ ചാണ്ടി രാജി വെക്കുക. ചാണ്ടി അധികാരത്തിൽ തുടർന്ന് കൊണ്ടുള്ള ഒരന്വേഷണവും ഞങ്ങൾക്ക് വേണ്ട എന്നാണ് ഇടത് നേതാക്കൾ ആവർത്തിച്ചു പറഞ്ഞിരുന്നത്. ചാണ്ടിയെ താഴെയിറക്കിയേ ഞങ്ങൾ തിരിച്ചു പോകൂ എന്നാണ് അവർ പ്രഖ്യാപിച്ചിരുന്നത്. ഉഴവൂർ വിജയന്റെ ഭാഷയിൽ പറഞ്ഞാൽ ചാണ്ടി രാജി വെച്ച ശേഷം സെക്രട്ടേറിയറ്റിൽ തളിക്കാനുള്ള ചാണക വെള്ളവുമായാണ് സമരക്കാർ എത്തിയത്.  എന്നിട്ടോ?.. ആടിയുലഞ്ഞിരുന്ന ഉമ്മൻ ചാണ്ടിയുടെ കസേരക്ക് നട്ടും ബോൾട്ടും ശരിയാക്കിക്കൊടുത്താണ് ഈ സമരം അവസാനിപ്പിച്ചിരിക്കുന്നത്. മൂഞ്ചിയ സമരമെന്ന് ഏതെങ്കിലും സമരത്തെ നൂറു ശതമാനം ചങ്കൂറ്റത്തോടെ വിളിക്കാമെങ്കിൽ അതീസമരമാണ് എന്ന് പറയാതെ വയ്യ.

ഏറ്റവും വലിയ തമാശ ഈ സമരത്തെ തിളപ്പിച്ച്‌ നിർത്തുവാൻ രാപ്പകൽ അധ്വാനിച്ച മാധ്യമ പ്രവർത്തകർ വീണ്ടും ശശിയായി എന്നതാണ്. ഉമ്മൻ ചാണ്ടിയെ താഴെയിറക്കാൻ പിണറായിയേക്കാൾ ആവേശം നികേഷ് കുമാറിനായിരുന്നു. കിടന്നും ഉരുണ്ടും നിലവിളിച്ചും ഈ രണ്ടാഴ്ച നികേഷിന്റെ നേതൃത്വത്തിൽ ഏതാനും ചാനലുകൾ ചാണ്ടിക്കെതിരെ സംഹാര നൃത്തം ആടുകയായിരുന്നു എന്ന് വേണം പറയാൻ. എല്ലാം തുലഞ്ചു പോച്ച്..

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇടതുപക്ഷ നേതാക്കളെ അഭിനന്ദിക്കേണ്ട ഒരു വശം ഈ സമരത്തിനുണ്ട്. അത് പറയാതെ പോകുന്നത് ശരിയല്ല. സമരത്തിന്റെ ഒരു ഘട്ടത്തിലും അത് അക്രമാസക്തമാവാതിരിക്കാൻ നേതാക്കൾ ജാഗ്രത പുലർത്തി എന്നതാണ്. ഇത്രമാത്രം സംഘർഷ സാധ്യതയുണ്ടായിരുന്ന സമരമുഖത്ത്‌ ഏതാനും രക്തസാക്ഷികളെ സൃഷ്ടിച്ചെടുക്കുക പ്രയാസമുള്ള കാര്യമായിരുന്നില്ല. ഒരു ചെറിയ തീപ്പൊരി സ്ഥിതിഗതികൾ മുഴുവൻ മാറ്റിമറിക്കുമായിരുന്നു. പരാജയത്തിന്റെ നാണക്കേടോടെ അനന്തപുരി വിടുമ്പോഴും അവർക്ക് ആശ്വസിക്കാൻ ഇതല്ലാതെ മറ്റൊന്നില്ല.

മാസങ്ങളോളം ഒളിവിൽ കഴിഞ്ഞും പട്ടിണി കിടന്നും പോരാട്ടങ്ങളുടെ സമരാഗ്നിയിലൂടെ കടന്നു വന്ന ഇടത് പക്ഷ നേതാക്കൾ മാറിയ ജീവിത സാഹചര്യങ്ങളിൽ വലതു പക്ഷ നേതാക്കളെക്കാൾ സുഖിയന്മാരും ആഡംബര പ്രിയരുമായി മാറിയെന്ന സത്യവും ഈ സമരം വിളിച്ചു പറയുന്നുണ്ട്. വെറും ഇരുപത്തിനാലു മണിക്കൂർ വെയില് കൊണ്ടപ്പോഴേക്ക് സാധാരണ പ്രവർത്തകരുടെ മനസ്സും കരുത്തും ചോർത്തുന്ന പിന്മാറ്റ പ്രഖ്യാപനം നടത്തുവാൻ അവരെ നിർബന്ധിച്ചത് ഈ സുഖലോലുപത തന്നെയല്ലേ എന്ന് ശങ്കിച്ചു പോവുക സ്വാഭാവികമാണ്.  ഒരു ലക്ഷം പ്രവർത്തകരെ തിരുവനന്തപുരത്തെ തെരുവിൽ വെയില് കൊള്ളാൻ വിട്ട് നേതാക്കൾക്ക് ശീതീകരിച്ച ലോഡ്ജ് മുറികളിൽ വിശ്രമിക്കാൻ ആവുമായിരുന്നില്ല. അവരും പ്രവർത്തകരോടൊപ്പം തെരുവിൽ കിടന്നേ മതിയാവുമായിരുന്നുള്ളൂ. പക്ഷേ ഇരുപത്തിനാലു മണിക്കൂറിന്റെ വിയർപ്പും ചൂടും നേതാക്കളെ തകർത്തിക്കളഞ്ഞു. രാപ്പകൽ സമരമടക്കം നിരന്തരം പരാജയപ്പെട്ട സമരങ്ങളുടെ ഘോഷയാത്രയാണ് ഈയടുത്ത കാലത്തായി ഇടതുപക്ഷം നടത്തിയിട്ടുള്ളത്. സമരങ്ങൾ എന്തുകൊണ്ട് നിരന്തരം പൊട്ടുന്നു എന്ന് അവർ ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു. അനാവശ്യ സമരങ്ങളാണോ അതോ ക്രിയാത്മക പ്രതിഷേധങ്ങളാണോ വേണ്ടത് എന്നും അവർ ഗൗരവതരമായി ആലോചിക്കേണ്ടതുണ്ട്. എല്ലാ സമര സഖാക്കൾക്കും കണ്ണീരിൽ കുതിർന്ന റെഡ് സല്യൂട്ട്. New Post  ഒറ്റ നടത്തത്തിലൂടെ ദീപ്തി സൂപ്പര്‍ഹിറ്റ്‌

Related Posts
പാവം സോളാര്‍ എന്ത് പിഴച്ചു?
സരിതയുടെ എസ് എം എസ്സും നികേഷിന്റെ കരച്ചിലും