ഒറ്റ നടത്തത്തിലൂടെ ദീപ്തി സൂപ്പർഹിറ്റ്‌

ഈ പോസ്റ്റ്‌ ദീപ്തിക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുകയാണ്.  ഇടതുപക്ഷ നേതാവ് നീലലോഹിത ദാസൻ നാടാരുടെയും ജമീല പ്രകാശം എം എൽ എ യുടെയും മകൾ.. എൽ ഡി എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം കത്തി നിൽക്കുന്നതിനിടയിലാണ് ദീപ്തി സമരക്കാരുടെ കൂക്ക് വിളികൾക്കിടയിലൂടെ നടന്ന് പോയത്. അച്ഛനും അമ്മയും സമരം ജയിപ്പിക്കാൻ വേദിയിലും പന്തലിലും വെയില് കൊണ്ട് കഷ്ടപ്പെടുമ്പോൾ അസിസ്റ്റന്റ് ഓഡിറ്റ്‌ ഓഫീസറായ ദീപ്തി എ സി ഓഫീസിലേക്ക് പോകുന്ന ദൃശ്യം മനോരമയുടെ തിരുവനന്തപുരം മെട്രോ എഡിഷനാണ് പകർത്തിയത്. മെട്രോയുടെ ഒന്നാം പേജിൽ ആ ചിത്രം വന്നു.

ആദ്യ ദിവസം ഈ ഫോട്ടോ പ്രസിദ്ധീകരിക്കുമ്പോൾ അക്ഷോഭ്യയായി നടന്ന് പോകുന്ന ഈ യുവതി ആരെന്ന് പത്രം പ്രസിദ്ധപ്പെടുത്തിയിരുന്നില്ല. പക്ഷേ സോഷ്യൽ മീഡിയകളിലൂടെ ചിത്രം വ്യാപകമായി പ്രചരിക്കപ്പെട്ടു. ഞാനും എന്റെ ഫേസ്ബുക്ക്‌ വാളിൽ അത് ഷെയർ ചെയ്തിരുന്നു. അങ്ങിനെ നിരവധി പേർ. സോഷ്യൽ മീഡിയയിൽ തങ്ങളുടെ ചിത്രം ഹിറ്റായി എന്നറിഞ്ഞപ്പോഴാണ് യുവതി ആരെന്ന് പിറ്റേ ദിവസം മനോരമ പുറത്തു വിട്ടത്. അതോടെ ചിത്രം വീണ്ടും ഹിറ്റായി.

ഒരു പോസ്റ്റിന് വിഷയമാകാൻ മാത്രം ഈ ചിത്രത്തിന് എന്ത് പ്രത്യേകത എന്ന് ചോദിക്കുന്നവരുണ്ടാകാം. ഉണ്ട്. ചില പ്രത്യേകതകൾ.. കൂവുന്ന പൂവാലന്മാരെ തിരിഞ്ഞു പോലും നോക്കാതെ അക്ഷോഭ്യയായുള്ള ആ നടത്തം ഒരു ന്യൂ ജനറേഷൻ നടത്തമാണ്. ഒരു കൂവി വിളിക്കലോ പരിഹാസമോ കേൾക്കുമ്പോഴേക്ക് കണ്ണീരും മൂക്കൊലിപ്പുമായി നടക്കുമായിരുന്ന ഓൾഡ്‌ ജനറേഷനിൽ നിന്ന് കാലം മാറുകയാണ് എന്ന പ്രഖ്യാപനവും ഈ ചിത്രത്തിലുണ്ട്. പൊതു വിഷയങ്ങളിൽ അച്ഛന്റെയും അമ്മയുടെയും നിലപാടുകളല്ല, സ്വന്തമായ അഭിപ്രായങ്ങളാണ് പ്രധാനമെന്ന തിരിച്ചറിവും ഈ ചിത്രം നല്കുന്ന സന്ദേശങ്ങളിൽ ഒന്നാണ്.

ഈ ഫോട്ടോയെ മുൻനിർത്തി മറ്റൊരു കാര്യം പറയാനുള്ളത് സമരങ്ങളിൽ രാഷ്ട്രീയ പ്രവർത്തകർ പാലിക്കേണ്ട സാമാന്യ മര്യാദകളുടെ കാര്യമാണ്. സമരത്തിൽ പങ്കെടുക്കണമോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. സോളാർ തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള എൽ ഡി എഫ് ഉപരോധം പൊതുസമൂഹത്തിന് അറിവുള്ളതാണ്. മീഡിയകളിലൂടെയും പാർട്ടി പ്രചാരണങ്ങളിലൂടെയും അത് ജനങ്ങളിൽ വേണ്ടത്ര എത്തുകയും ചെയ്തു. പിന്നീട് ആ സമരത്തോട് എന്ത് സമീപനം സ്വീകരിക്കണമെന്നത് ഓരോ പൗരന്റെയും വിവേചന അധികാരത്തിൽ പെട്ടതാണ്. സമരത്തോട് ഐക്യം പ്രഖ്യാപിച്ച് ജോലിക്ക് പോകാതിരിക്കാം. അതല്ല, സമരത്തേക്കാൾ വലുതാണ്‌ തനിക്കെന്റെ ജോലി എന്നാണ് കരുതുന്നതെങ്കിൽ ജോലിക്ക് പോകാം. ഇതിനു രണ്ടിനുമുള്ള സ്വാതന്ത്ര്യം ഒരു പ്രബുദ്ധ സമൂഹത്തിൽ ഓരോ പൗരനും ലഭിക്കേണ്ടതുണ്ട്. ഏത് സമരങ്ങൾക്കും ഇത്തരമൊരു വ്യക്തി സ്വാതന്ത്ര്യത്തിനുള്ള പരിഷ്കൃതത്വം ആവശ്യമാണ്. എൽ ഡി എഫ് ആയാലും യു ഡി എഫ് ആയാലും.ഇവിടെ ജോലിക്ക് പോകുന്ന ദീപ്തിയെ കൂകിത്തോല്പിക്കാനാണ് സമരക്കാരിൽ ചിലർ ശ്രമിച്ചത്. അത് ആ വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമാണ്. പരസ്യമായ അവഹേളനമാണ്.

പെടുന്നനെ അവസാനിപ്പിച്ച എൽ ഡി എഫ് സമരത്തിന്റെ ജയപരാജയങ്ങളെക്കുറിച്ചുള്ള ഒരു വിശകലനം ഈ പോസ്റ്റിന്റെ ലക്ഷ്യമല്ല. ആ വിഷയത്തിൽ എനിക്ക് പറയാനുള്ളത് ഇന്നലെ എഴുതിയ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. ഏത് രാഷ്ട്രീയ കക്ഷികളായാലും സമരങ്ങളിൽ സ്വീകരിക്കേണ്ട പൊതുസമീപനവും രീതിയും ചർച്ചകൾക്കും വിചിന്തനങ്ങൾക്കും വിധേയമാകേണ്ടതുണ്ട്.  വൈകാരികമായ വിഷയങ്ങളിൽ ഒരു സമരം നടത്തുമ്പോൾ പാർട്ടി പ്രവർത്തകരുടെ ആവേശം മനസ്സിലാക്കാവുന്നതാണ്. പക്ഷേ ആ ആവേശം പൊതുജനത്തിൽ എല്ലാവർക്കും ഉണ്ടാവണമെന്ന് വാശി പിടിക്കുന്നത്‌ എത്രമാത്രം സാമൂഹ്യ വിരുദ്ധമായ കാഴ്ചപ്പാടാണ്.

ഇടതുപക്ഷത്തിന്റെ മാത്രം കാര്യമല്ല ഇത്. കോണ്‍ഗ്രസ്സായാലും ലീഗായാലും ബി ജെ പി യായാലും പൊതുവായി ഇത്തരം സമരങ്ങളിൽ സ്വീകരിച്ചു വരുന്ന രീതി പൊതുജനത്തെ വെറും കഴുതകളായി കാണുക എന്നതാണ്. സ്വന്തമായി ചിന്തിക്കാനോ അഭിപ്രായം രൂപീകരിക്കാനോ അവകാശമില്ലാത്ത, രാഷ്ട്രീയ പ്രവർത്തകർ എന്ത് പറയുന്നുവോ അതനുസരിക്കാൻ വിധിക്കപ്പെട്ട കഴുതകൾ.. അത്തരം കഴുതകളാവാൻ അവർ തയ്യാറല്ലായെങ്കിൽ പിന്നെ കയ്യേറ്റമായി, കൂക്കി വിളിക്കലായി, അപഹസിക്കലായി.. ദീപ്തിയുടെ വിഷയത്തിൽ ഇവയെല്ലാം ഉണ്ടായി എന്ന് അർത്ഥമാക്കരുത്. ഇത് എൽ ഡി എഫിന്റെ മാത്രം പ്രശ്നവുമല്ല. ഈ ചിത്രത്തിന് താഴെ എന്റെ ഗൂഗിൾ പ്ലസ്സിൽ ഒരു സുഹൃത്ത് എഴുതിയ രസകരമായ കമന്റ് ഇപ്രകാരമാണ്. "കൂവൽ ഒരു സ്ത്രീയെ പ്രതിരോധിക്കാനുള്ള ഏറ്റവും മാന്യമായ മാർഗമാണ്. ഈ സ്ഥാനത്ത് യു ഡി എഫ് കാരായിരുന്നെങ്കിൽ അവളുടെ ചുരിദാർ എപ്പഴേ കീറിയേനേ!!". അപ്പറഞ്ഞത്‌ ശരിയുമായിരിക്കാം. എൽ ഡി എഫോ അതോ യു ഡി എഫോ എന്നതല്ല, പെടുന്നനെ ഹിറ്റായ ഈ ഫോട്ടോയെ മുൻനിർത്തി സമര സമീപനങ്ങളെക്കുറിച്ചുള്ള ചില അഭിപ്രായങ്ങൾ പങ്കു വെച്ചു എന്ന് മാത്രം. ദീപ്തിക്ക് ആശംസകൾ..സമരക്കാർക്ക് ആദരാഞ്ജലികൾ.. 

Related Posts
സമരം സ്വാഹ!! സഖാക്കളേ പിന്നോട്ട്!!
പാവം സോളാര്‍ എന്ത് പിഴച്ചു?
സരിതയുടെ എസ് എം എസ്സും നികേഷിന്റെ കരച്ചിലും