പാവം സോളാർ എന്ത് പിഴച്ചു?

കുട്ടിക്കാലത്ത് ചെയ്തിരുന്ന സോളാർ പരീക്ഷണങ്ങളിൽ ഒന്നായിരുന്നു പൊരി വെയിലത്ത് ലെൻസിൽ സൂര്യ പ്രകാശം തട്ടിച്ച് ആ രശ്മികളെ കടലാസ് കഷണത്തിലേക്ക് ഫോക്കസ് ചെയ്ത് അവ കത്തിക്കുക എന്നത്. സൂര്യ പ്രകാശത്തിന്റെ ഊർജ സാധ്യതകളെ മനസ്സിലാക്കിയുള്ള ഒരു പരിപാടിയൊന്നുമായിരുന്നില്ല അത്. ആരൊക്കൊയൊ കാണിച്ചു തന്നു. അതുപോലെ ചെയ്തു നോക്കി. ചില സമയങ്ങളിൽ ഈ കൗതുകം ചില കുസൃതികളിലേക്കും വഴി മാറും. കടലാസിലേക്ക് രശ്മികളെ ഫോക്കസ് ചെയ്യുന്നതിന് പകരം മൂത്താപ്പയുടെ മകളുടെ മേലേക്ക് ഫോക്കസ് ചെയ്യും. ശരീരം പൊള്ളിത്തുടങ്ങുമ്പോഴാണ് അവളറിയുക. പിന്നെ അതിന്റെ പേരിൽ അടിയും വഴക്കും. അവസാനം ഉമ്മയുടെ പക്കൽ നിന്ന്  ചന്തിക്കു ഒരടി കിട്ടുന്നതോടെ സോളാർ പരീക്ഷണം അവസാനിക്കും.

ശാസ്ത്രപഠനത്തിന്റെ നാലയലത്ത് കൂടി ഞാൻ പോയിട്ടില്ല. സോളാർ പവർ ഉണ്ടാക്കുന്നതിന്റെ രീതികകളെന്താണെന്നും അറിയില്ല. പക്ഷെ കുട്ടിക്കാലത്ത് നമ്മളൊക്കെ പ്രയോഗിച്ചിരുന്ന ആ ടെക്നിക്ക് തന്നെയാണോ കോണ്‍സെൻട്രേറ്റഡ് സോളാർ പവർ രീതികളിൽ (CSP) ഉപയോഗിക്കുന്നത് എന്നൊരു സംശയമുണ്ട്‌. ഗ്ലാസുകളോ ലെൻസുകളോ ഉപയോഗിച്ച് വലിയ പ്രതലത്തിലെ സൂര്യപ്രകാശത്തെ ഒരു ചെറിയ പ്രതലത്തിലേക്ക് (Receiver) കേന്ദ്രീകരിപ്പിക്കുകയാണ് (beam) അതിന്റെ രീതി. അങ്ങിനെ കേന്ദ്രീകരിപ്പിക്കുന്ന ചൂടിനെ ചില പ്രക്രിയകളിലൂടെ പവർ പ്ലാന്റ് ജനറേറ്ററുകൾക്ക് വേണ്ട ഊർജമാക്കി പരിവർത്തിപ്പിക്കുന്നു. അതെന്തോ ആകട്ടെ. ശാസ്ത്ര പഠനമല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം. ഉമ്മയുടെ അടുത്തു നിന്ന് അടി കിട്ടുമ്പോൾ സോളാർ പരീക്ഷണം നില്ക്കുന്ന പോലെ വിവാദത്തിന്റെ അടി കിട്ടുമ്പോൾ കേരളത്തിന്റെ സോളാർ പരീക്ഷണങ്ങൾ അവസാനിക്കുമോ എന്ന സന്ദേഹം ഉയർത്തുകയാണ്.

ബദൽ ഊർജ സംവിധാനങ്ങളിൽ കൂടുതൽ സാധ്യതകളുള്ളതും പരിസ്ഥിതി സൗഹൃദമായിട്ടുള്ളത് സോളാർ എനർജിയാണ്. ഭാവിയിലേക്ക് വേണ്ടി അതിന്റെ സാധ്യതകൾ തേടുവാനുള്ള ശ്രമങ്ങളും പദ്ധതികളും ലോകമൊട്ടാകെ നടക്കുന്നുണ്ട്. സരിതയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പാശ്ചാത്തലത്തിൽ സോളാർ എനർജിയെക്കുറിച്ചുള്ള പദ്ധതികൾ മാത്രമല്ല ആ പദം ഉച്ചരിക്കാൻ പോലും കേരളത്തിലെ രാഷ്ട്രീയ ഭരണ നേതൃത്വങ്ങൾ മടിക്കുമോ എന്ന ആശങ്ക അസ്ഥാനത്തല്ല. വിവാദങ്ങളുടെ പോക്ക് അങ്ങോട്ടാണ്. അനർട്ടിന്റെ മേൽനോട്ടത്തിൽ കേരളത്തിലെ പതിനായിരം വീടുകളിൽ ഒരു കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സോളാർ പ്രോജക്റ്റുകൾക്കാണ് കേരള സർക്കാർ തുടക്കം കുറിച്ചത്. തീർത്തും കാലികവും ആവേശകരവുമായ ആശയം തന്നെയായിരുന്നു ഇത്. പക്ഷേ ഈ പദ്ധതിക്കിടയിലേക്ക് സരിതയെന്ന തട്ടിപ്പുകാരിയും അവൾക്ക് ഒത്താശ ചെയ്തു കൊടുത്ത രാഷ്ട്രീയ വീരന്മാരും കടന്നു വന്നതോടെ പാവം സോളാർ പൊരിവെയിലിൽ ആയിരിക്കുകയാണ്.

മഴ കൂടിയാൽ മുല്ലപ്പെരിയാർ പൊട്ടും. മഴ കുറഞ്ഞാൽ കറന്റ് വിതരണം പൊട്ടും. ഇതിനു രണ്ടിനുമിടയിലാണ് നമ്മുടെ നില്പ്. കാർമേഘം നോക്കി പ്രാർത്ഥിച്ചു കൊണ്ടിരിക്കുക എന്നതിലപ്പുറം കേരളത്തിലെ വൈദ്യുതി മന്ത്രിക്കു പറയത്തക്ക പണികളൊന്നുമില്ല. ഇടുക്കി ഡാമെന്ന പ്രകൃതി കനിഞ്ഞു നല്കിയ ഒരു വരദാനത്തിനപ്പുറം നമ്മുടെ വൈദ്യുതി ഉത്പാദനത്തിന് കാര്യമായ അജണ്ടകളുമുണ്ടായിരുന്നില്ല. ഇപ്പോൾ കേരളം നേരിട്ടുകൊണ്ടിരിക്കുന്നതും ഭാവിയിൽ കൂടുതൽ ദൈന്യതയോടെ അഭിമുഖീകരിക്കാൻ പോകുന്നതും  വൈദ്യുതി ക്ഷാമമാണ് എന്ന കാര്യത്തിൽ സംശയമില്ല. അതിന് ചെറിയ രൂപത്തിലെങ്കിലും പരിഹാരമുണ്ടാകണമെങ്കിൽ പരമ്പരാഗത ഊർജ സങ്കല്പങ്ങളിൽ നിന്ന് മാറി നടക്കുവാനും മാറി ചിന്തിക്കുവാനും കഴിയണം. ആണവോർജ പദ്ധതികളെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നത് പോയിട്ട് അതിനെ ഉറക്കത്തിൽ കാണാൻ പോലും പറ്റാത്ത ഭൂമിശാസ്ത്രവും സാമൂഹ്യ ശാസ്ത്രവുമാണ് കേരളത്തിനുള്ളത്. പരിസ്ഥിതിയും സിംഹവാലനും അനുബന്ധ കവിതാ സംസ്കാരവും കൂടുതൽ ജലവൈദ്യുത പദ്ധതികളെക്കുറിച്ച് ചിന്തിക്കുന്നതും തടസ്സപ്പെടുത്തുന്നു. കവിത പുഴുങ്ങിയാൽ വൈദ്യുതി കിട്ടില്ല. അതിരപ്പിള്ളിയുടെ അനുഭവം നമുക്ക് മുന്നിലുണ്ട്. വൈദ്യുതി ഉത്പാദന രംഗത്ത് ഒരു പ്രായോഗിക ബദലിന് ഏറ്റവും ഉച്ചത്തിൽ ചിന്തിക്കേണ്ട ഒരു സാമൂഹിക രാഷ്ട്രീയ ചുറ്റുപാടുള്ള പ്രദേശമാണ് നമ്മുടേത്‌ എന്ന് ചുരുക്കം. സോളാർ പ്രൊജക്റ്റുകളുടെ പ്രസക്തിയും പ്രതീക്ഷയുമിരിക്കുന്നത് അവിടെത്തന്നെയാണ്. ദൗർഭാഗ്യകരമെന്ന് പറയട്ടെ ഈ പ്രതീക്ഷയുടെ മേലാണ് സരിത മാനിയ കിടന്നു മേയുന്നതും നിഴൽ വീഴ്ത്തുന്നതും.

അനർട്ട് ലിസ്റ്റ് ചെയ്ത നിരവധി കമ്പനികൾ ഇത്തരം സാമ്പത്തിക തട്ടിപ്പുകളിലൊന്നും പെടാതെ ഈ പദ്ധതിയുമായി മുന്നോട്ട് പോയിട്ടുണ്ട്. സരിതയുടെ ടീം സോളാർ മാത്രമാണ് വിവാദ പടത്തിൽ അഭിനയിക്കുന്നത്. സർക്കാർ മുന്നോട്ടു വെച്ച സോളാർ പദ്ധതികളും അതിന്റെ നിലവിലെ ഘടനയും എല്ലാത്തിനും പരിഹാരമാകും എന്നല്ല പറഞ്ഞു വരുന്നത്. അതിന്റേതായ പ്രശ്നങ്ങളും പരിമിതികളും കണ്ടേക്കും. എന്നിരുന്നാലും പരമ്പരാഗത വഴികളിൽ നിന്ന് മാറി നടക്കുവാനും മാറി ചിന്തിക്കുവാനുമുല്ല ഒരു മനസ്സ് അവയ്ക്ക് പിന്നിലുണ്ട്. പ്രതീക്ഷയുടെ ഒരു ചെറിയ തിരിനാളം. അത്തരം ബദൽ രീതികളോട് കുറേക്കൂടി ഗൗരവതരമായ ഒരു സമീപനമാണ് സമൂഹത്തിൽ വളർന്നു വരേണ്ടത്. നമ്മുടെ തലവരയുടെ കുഴപ്പമാണോ എന്നറിയില്ല കേരളത്തിൽ അത്തരത്തിലൊരു ക്രിയാത്മക വികസന സംസ്കാരം നിലവിലില്ല എന്ന് മാത്രമല്ല മാധ്യമങ്ങളുടെ മേൽനോട്ടത്തിൽ തഴച്ചു വളരുന്ന വിവാദ വ്യവസായ സംസ്കാരം നമ്മുടെ ഭാവിയെ തന്നെ ആശങ്കപ്പെടുത്തും വിധം അപകടകരവുമാണ്.

വായനക്കാരേയും പ്രേക്ഷകരെയും എങ്ങിനെയും കൂടെ നിർത്തി കഞ്ഞി കുടിച്ചു പോകുക എന്നതിലപ്പുറം കേരളത്തിന്റെ വികസനത്തിലോ ഭാവിയിലോ നമ്മുടെ മാധ്യമങ്ങൾക്ക് തെല്ലെങ്കിലും താത്പര്യം ഉണ്ടെന്ന് കരുതുന്ന ഒരു പൊട്ടനും ഇവിടെയുണ്ടാകാൻ ഇടയില്ല. വിവാദം പുഴുങ്ങിത്തിന്നാണ് അവർ ജീവിച്ചു പോകുന്നത്. ഭാവിയിലും അങ്ങിനെ തന്നെയായിരിക്കും. അതവർ തുടർന്ന് കൊള്ളട്ടെ. പക്ഷേ ജനങ്ങളോട് പ്രതിബദ്ധയുള്ള ഭരണ രാഷ്ട്രീയ നേതൃത്വങ്ങൾക്ക്‌ ഈ നാടിന്റെ അടിസ്ഥാന പ്രശ്നങ്ങളോട് ഒരു ക്രിയാത്മക സമീപനം വേണം. ഭരണപക്ഷത്താകുമ്പോഴും പ്രതിപക്ഷത്താവുമ്പോഴും അടിസ്ഥാനപരമായി ഉണ്ടാകേണ്ടത് ആ സമീപനമാണ്. സരിതയുടെ തട്ടിപ്പും സാമ്പത്തിക ഇടപാടുകളും രാഷ്ട്രീയ ബന്ധങ്ങളും അന്വേഷണ ഉദ്യോഗസ്ഥന്മാർ കണ്ടു പിടക്കട്ടെ. ചാണ്ടിയായാലും തൊമ്മനായാലും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചെയ്യട്ടെ. പക്ഷേ സോളാർ പദ്ധതികളെയും വൈദ്യുത ബദൽ ചിന്തകളെയും പൊരിവെയിലത്ത് നിർത്തരുത്. അത് മുന്നോട്ട് പോകേണ്ടതുണ്ട്.

Related Posts
ഇടുക്കി ഡാമിന്റെ വിസ്മയക്കാഴ്ചകളിലേക്ക്
സരിതയുടെ എസ് എം എസ്സും നികേഷിന്റെ കരച്ചിലും
ലുലു തുലയട്ടെ, ഇങ്ക്വിലാബ് ജയിക്കട്ടെ