പ്രിയങ്കയുടെ കക്കൂസിന്റെ ചരിത്ര പ്രസക്തി

ഒരു കക്കൂസ് ചരിത്ര പ്രസക്തമാവുന്നത് എങ്ങിനെയാണ്? അതിന്റെ നിര്‍മാണ രീതി, സ്ഥിതി ചെയ്യുന്ന സ്ഥലം, ഉണ്ടാക്കാനിടയായ സാഹചര്യം തുടങ്ങി കക്കൂസുകള്‍ക്ക് അവകാശപ്പെടാവുന്ന ചരിത്രപരതക്ക് ഒരു പരിധിയുണ്ട്. അത്ര പെട്ടെന്നൊന്നും ഒരു കക്കൂസിന്  ചരിത്രത്തിലേക്കങ്ങ് കയറിപ്പോകാന്‍ പറ്റില്ല. പിന്നെ എങ്ങിനെയാണ് ഒരു ഗ്രാമീണ യുവതിയായ പ്രിയങ്ക ഭാരതിയുടെ കക്കൂസ് താരപദവി നേടിയെടുത്തത്?. ഉത്തര്‍പ്രദേശിലെ ഒരു കുഗ്രാമത്തിലുള്ള പ്രിയങ്കയുടെ ഭര്‍തൃവീടും കക്കൂസും അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ കളര്‍ ഫോട്ടോകളിലാണ് ഇടം പിടിച്ചത്. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എ എഫ് പി ഇന്ത്യയിലെ സാമൂഹ്യ മാറ്റത്തിന്റെ വലിയ പ്രതീകമായിട്ടാണ്‌ പ്രിയങ്കയുടെ കക്കൂസിനെ അവതരിപ്പിച്ചത്. അവരുടെ തലക്കെട്ട്‌ ഇങ്ങനെയായിരുന്നു. Bride's new toilet points to social revolution in India. സംഭവിച്ചത് ഇത്രയുമാണ്, പ്രിയങ്കയെ അവളുടെ മാതാപിതാക്കള്‍ തൊട്ടടുത്ത ഗ്രാമത്തിലേക്ക് വിവാഹം ചെയ്തയച്ചു. ആദ്യരാത്രി ഉറങ്ങി എഴുന്നേറ്റ നവവധു ഭര്‍ത്താവിനോട് തിരക്കി. കക്കൂസെവിടെ?.  വിശാലമായ പറമ്പ് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് അമര്‍ജീത്ത് പറഞ്ഞു. "ദാ ഇക്കാണുന്ന സ്ഥലമൊക്കെയും കക്കൂസാണ്. എവിടെ വേണമെങ്കിലും പോയിരുന്നോ".

മൂന്നു ദിവസം പ്രിയങ്ക ഭര്‍ത്താവിന്റെ വിശാലമായ പറമ്പില്‍ 'പ്രകൃതിയുടെ വിളി'ക്ക് ഉത്തരം നല്‍കി.  കൃത്യം നാലാം ദിവസം അവള്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തി.  ആശങ്കയിലാണ്ട അമ്മയോടും അച്ഛനോടും നയം വ്യക്തമാക്കി. "അവര്‍ കക്കൂസുണ്ടാക്കട്ടെ, എന്നിട്ടേ ഞാനിനി അങ്ങോട്ട്‌ പോകുന്നുള്ളൂ". രണ്ടു വീട്ടുകാരും ആവുന്നത് പറഞ്ഞു നോക്കിയെങ്കിലും പ്രിയങ്ക കുലുങ്ങിയില്ല. നിലപാടില്‍ ഉറച്ചു നിന്നു. പ്രിയങ്കയുടെ നിലപാട് നാട്ടില്‍ ചര്‍ച്ചയായി. പല പ്രമുഖരും ഇടപെട്ടു. സാനിറ്റേഷന്‍ രംഗത്തെ പ്രമുഖ സന്നദ്ധ സംഘടനയായ 'സുലഭ്' രംഗത്തെത്തി. എങ്ങിനെയെങ്കിലും പ്രശ്നം പരിഹരിക്കാന്‍ അവര്‍ തീരുമാനിച്ചു. പ്രിയങ്കയുടെ ഭര്‍തൃഗൃഹത്തില്‍ സൗജന്യമായി ഒരു കക്കൂസ് പണിതു നല്‍കി. അവളെ ആഘോഷപൂര്‍വ്വം തിരിച്ചു കൊണ്ടുവന്നു. മാത്രമല്ല, അവര്‍ പ്രിയങ്കക്ക് രണ്ടു ലക്ഷം രൂപ ക്യാഷ് അവാര്‍ഡും നല്‍കി!. ആവശ്യങ്ങള്‍ പുറത്തു പറയാതെ എല്ലാത്തിനോടും പൊരുത്തപ്പെട്ടു കഴിയുന്ന ഗ്രാമീണ പെണ്‍കുട്ടികള്‍ക്കിടയില്‍ നിന്ന് തന്റെ പ്രാഥമികമായ താത്പര്യം തുറന്നു പറയുകയും അതിന് വേണ്ടി ഉറച്ചു നില്‍ക്കുകയും ചെയ്ത തന്റേടത്തിനുള്ള പാരിതോഷികമായിട്ടാണ് സുലഭ് രണ്ടു ലക്ഷം രൂപ പ്രിയങ്കക്ക് നല്‍കിയത്.

പ്രിയങ്കയെ ആഘോഷപൂര്‍വ്വം ഭര്‍തൃവീട്ടിലേക്ക് തിരിച്ചു കൊണ്ട് വരുന്നു.

തുറസ്സായ സ്ഥലത്ത് വെളിക്കിരിക്കാന്‍ ഞാന്‍ തയ്യാറല്ല എന്ന് കേരളത്തിലെ ഒരു പെണ്‍കുട്ടി പറഞ്ഞാല്‍ അതൊരു വാര്‍ത്തയല്ല. കാരണം കേരളീയ പശ്ചാത്തലത്തില്‍ ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു സ്വാഭാവിക പ്രതികരണം മാത്രമായി അത് വിലയിരുത്തപ്പെടും. പക്ഷെ ഉത്തരേന്ത്യയിലെ ഏതോ  കുഗ്രാമത്തിലെ ഒരു ദളിത് പെണ്‍കുട്ടിയത് പറയുമ്പോള്‍ അത് വാര്‍ത്തയാകും. കാരണം അവിടെ ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗം വെളിയ്ക്കിരിക്കുന്നത് ആകാശത്തിനു കീഴില്‍ തുറന്ന സ്ഥലത്താണ്. അതവിടെ ഒരു പതിവ് കാഴ്ചയാണ്. ഭാഗ്യത്തിന് പ്രിയങ്കയുടെ വീട്ടില്‍ ഒരു കക്കൂസുണ്ടായിരുന്നു. ഭര്‍ത്താവിന്റെ വീട്ടിലും അതുണ്ടാവണമെന്ന് അവള്‍ വാശി പിടിക്കാനുള്ള കാരണം അതാണ്‌.

ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ  ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം തുറസ്സായ സ്ഥലത്ത് വെളിയ്ക്കിരിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യക്കാണ് ഒന്നാം സ്ഥാനം.  626 ദശലക്ഷം പേര്‍ക്ക് ഇന്ത്യയില്‍ കക്കൂസുകള്‍ ഇല്ല. അതായത് ജനസംഖ്യയുടെ പകുതിയിലധികം പേര്‍ ആകാശം നോക്കിയാണ് കാര്യം സാധിക്കുന്നത്!. വീടുകള്‍ തമ്മില്‍ ഒട്ടിച്ചേര്‍ന്നു കിടക്കുന്ന ചേരിപ്രദേശങ്ങളില്‍ പോലും പൊതു കക്കൂസുകള്‍ ഇല്ല. അവര്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത് തെരുവുകളിലും ഓടകളിലും തന്നെ. രോഗങ്ങളും പകര്‍ച്ച വ്യാധികളും കൊണ്ട് പൊറുതി മുട്ടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ എല്ലാ വര്‍ഷവും ഇന്ത്യ മുന്‍നിരയില്‍ എത്തുന്നതിന്റെ പ്രധാന കാരണവും മറ്റൊന്നല്ല.

2011 ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ 246 ദശലക്ഷം വീടുകളില്‍ 46 ശതമാനം വീടുകളില്‍ മാത്രമാണ് കക്കൂസുകള്‍ ഉള്ളത്. അമ്പതു ശതമാനത്തിലധികം വീടുകള്‍ക്ക് കക്കൂസിന് വേണ്ടി മറച്ചു കെട്ടിയ ഒരു ഓലപ്പുരപ്പോലുമില്ല!!. മൂന്നു ശതമാനം പേര്‍ പബ്ലിക്‌ ടോയ്ലറ്റുകള്‍ ഉപയോഗിക്കുന്നവരാണ്. ഏറ്റവും രസകരമായ വസ്തുത കക്കൂസുകള്‍ ഉള്ള വീടുകളേക്കാള്‍ കൂടുതല്‍ ഇന്ത്യയില്‍ മൊബൈല്‍ ഫോണുകളുള്ള വീടുകളുണ്ട് എന്നതാണ്. 53 ശതമാനം വീടുകളില്‍ മൊബൈല്‍ ഫോണുകള്‍ ഉണ്ട്. ലാന്‍ഡ്‌ ലൈന്‍ കണക്ഷനുകള്‍ കൂടി കൂട്ടിയാല്‍ അത് 63 ശതമാനമാവും. ചില ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലൂടെ ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. തുറസ്സായ സ്ഥലങ്ങളില്‍ മൊബൈലില്‍ സംസാരിച്ചു കൊണ്ട് ആളുകള്‍ വെളിയ്ക്കിരിക്കുന്നത് കാണാന്‍ പറ്റിയിട്ടുണ്ട്. ഈ കണക്കിന് പിന്നിലെ രസതന്ത്രമാണത്!!

Malayalam News 11 July 2012

ലോകത്തിലെ വന്‍കിട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുണ്ടെന്നു പറയുമ്പോഴും നമ്മെ നാണം കേടുത്തെണ്ട ജീവിത സാഹചര്യങ്ങളിലൂടെയാണ് ജനസംഖ്യയിലെ പകുതിയിലധികം പേരും കടന്നു പോകുന്നത് എന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചു കൂട. പൗരന്മാരുടെ പ്രാഥമികാവശ്യങ്ങളെയും അതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളെയും അവഗണിക്കുന്ന സാമ്പത്തിക പദ്ധതികളും വരേണ്യ കേന്ദ്രീകൃതമായ സാമൂഹിക പരിഷ്കാരങ്ങളും വഴി ഏതു വന്‍കിട പട്ടികയില്‍ നമ്മുടെ രാജ്യം എത്തിച്ചേര്‍ന്നാലും ഇത്തരം നാണക്കേടിന്റെ അദ്ധ്യായങ്ങള്‍ നമ്മെ തുറിച്ചു നോക്കിക്കൊണ്ടേയിരിക്കും.  അതിരാവിലെ എഴുന്നേറ്റു വെളിക്കിരിക്കാന്‍ പോകുക, അതല്ലെങ്കില്‍ നേരം ഇരുട്ടുന്നതു വരെ കാത്തിരിക്കുക എന്ന 'സ്ത്രീവിധി'യോട് സമരസപ്പെട്ട് ജീവിതകാലം മുഴുവന്‍ കഴിയാന്‍ ഒരുക്കമല്ല എന്ന് പ്രഖ്യാപിക്കുക വഴി സമൂഹത്തിന്റെ അടിസ്ഥാന ജീവിത തലത്തില്‍ ഒരു മാറ്റം അനിവാര്യമാണെന്ന സന്ദേശമാണ് പ്രിയങ്ക നല്‍കിയത്. അത്തരമൊരു തിരിച്ചറിവിന്റെയും ചെറുത്തുനില്പിന്റെയും കരുത്തിനാണ് സൊസൈറ്റി കൊച്ചമ്മമാരുടെ ഉടായിപ്പ് സ്ത്രീ വിമോചന സമരങ്ങളേക്കാള്‍ പ്രസക്തിയുള്ളത്. പ്രിയങ്ക ഭാരതിക്ക് അഭിനന്ദനങ്ങള്‍

മ്യാവൂ: മുവ്വായിരം രൂപ കൊണ്ട് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഒരു കക്കൂസ് നിര്‍മിക്കാം. രണ്ടു കക്കൂസുകള്‍ മോടി പിടിപ്പിക്കാന്‍ കേന്ദ്ര പ്ലാനിംഗ് കമ്മീഷന്‍ ചിലവാക്കിയത് മുപ്പത്തഞ്ചു ലക്ഷം രൂപ!!. മുപ്പത്തഞ്ചു ലക്ഷത്തെ മുവ്വായിരം കൊണ്ട് ഹരിച്ചാല്‍ .. ആ കാല്‍കുലേറ്റര്‍ എവിടെ?.     

Related Posts
ഐ ലവ് യു പറയേണ്ടതെങ്ങിനെ?
ചൈനയിലെ സുരേഷ് ഗോപിയും ഡോളറമ്മാവനും
മീന കന്ദസ്വാമിയുടെ ആവിഷ്കാര സ്വാതന്ത്ര്യം