തീറ്റമാസം എത്തിയോ?

'മുസ്‌ലിംകളുടെ തീറ്റ മാസം എത്തി'. വിശുദ്ധ റമദാന്‍ മാസത്തിന്റെ വരവിനെ ഒരമുസ്‌ലിം സുഹൃത്ത് അല്പം തമാശ കലര്‍ത്തി വിശേഷിപ്പിച്ചതാണിത്. പറഞ്ഞത് തമാശയായിട്ടാണെങ്കിലും അതിലല്പം കാര്യമുണ്ടെന്ന് എനിക്ക് തോന്നി. വ്രതമാസത്തെ ബാഹ്യപ്രകടമായ മുസ്ലിം ചുറ്റുപാടുകളുടെ നിരീക്ഷണത്തില്‍ നിന്നാവണം അവന്റെ മനസ്സില്‍ നിര്‍ദോഷമായ ആ തമാശ ഉരുത്തിരുഞ്ഞു വന്നിട്ടുണ്ടാവുക. എങ്ങിനെയാണ് റമദാന്‍ ഒരു തീറ്റ മാസമായി രൂപാന്തരപ്പെട്ടത്?. അല്ലെങ്കില്‍ ഒരു തീറ്റമാസമാണ് ഇതെന്ന് പൊതുസമൂഹത്തിലെ ചിലര്‍ക്കെങ്കിലും തോന്നിത്തുടങ്ങുവാന്‍ ഇടയാക്കിയ സാഹചര്യങ്ങള്‍ എന്താണ്?.

ഭക്ഷണ പാനീയങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഗള്‍ഫ് നാടുകളിലെ വന്‍കിട കമ്പനികള്‍ക്ക് ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന മാസമാണ് റമദാന്‍. ഈ ഒരു മാസത്തിനു വേണ്ടി അവര്‍ മുന്‍കൂട്ടി പ്രൊഡക്ഷന്‍ നടത്തുന്നു. വേണ്ടത്ര സ്റ്റോക്ക്‌ കരുതി വെക്കുന്നു. എന്നാലും മാര്‍ക്കറ്റിലെ ആവശ്യത്തിനനുസരിച്ച് ഉത്പന്നങ്ങള്‍ എത്തിക്കാന്‍ തികയുന്നില്ല. ഇതില്‍ നിന്നും എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന ഒരു കാര്യം മറ്റു മാസങ്ങളിലെതിനേക്കാള്‍ കൂടുതല്‍ ഭക്ഷണം റമദാനില്‍ ഉപയോഗിക്കപ്പെടുന്നു എന്ന് തന്നെയാണ്. പകല്‍ പട്ടിണി കിടക്കുന്നതിനു 'കോമ്പന്‍സേറ്റ്' ചെയ്യുവാന്‍ മിക്കവരും രാത്രിയില്‍ കൂടുതല്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നു എന്ന് സാരം.  നേരം വെളുക്കുവോളം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുക എന്നതാണോ റമദാനിന്റെ രാത്രികളുടെ പ്രത്യേകത?.

വ്രതം ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് പറയാറുണ്ടെങ്കിലും ഉള്ള ആരോഗ്യത്തെ അപകടത്തിലാക്കാന്‍ കഴിവുള്ള  എണ്ണയും കൊഴുപ്പും ശരീരത്തില്‍ ഏറ്റവും കൂടുതല്‍ അടിഞ്ഞു കൂടുന്ന മാസമായി റമദാന്‍ മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. പച്ച വെള്ളവും കാരക്കയും കഴിച്ചു നോമ്പ് തുറന്നിരുന്ന പ്രവാചകന്റെ ജീവിത ലാളിത്യത്തെക്കുറിച്ചുള്ള  പ്രഭാഷണങ്ങളാല്‍ പള്ളികള്‍ മുഖരിതമാവുകുമ്പോഴും എണ്ണമറ്റ വിഭവങ്ങളുടെ വന്‍ശേഖരത്തിന് കോപ്പ് കൂട്ടുന്ന അടുക്കളകളാണ് നമുക്ക് ചുറ്റുമുള്ളത്.  മാംസവും കൊഴുപ്പും പ്രധാന ചേരുവകളായ കണ്ണെത്താ വിഭവങ്ങളുടെ ഒരു മാസ്മരിക വലയമാണ് ഇന്നത്തെ പല നോമ്പ് തുറ സല്‍ക്കാരങ്ങളും. നിരന്നു കിടക്കുന്ന വിഭവങ്ങളില്‍ ഏതെടുക്കണം എന്നതാണ് പലപ്പോഴും കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നത്‌. വൈകുന്നേരം വരെയുള്ള വിശപ്പിന്റെ വിളി മുന്നിലുള്ളതെല്ലാം വെട്ടി വിഴുങ്ങാനുള്ള ഒരു സ്വാഭാവിക ആര്‍ത്തി ഉണ്ടാക്കുമെന്നത് തീര്‍ച്ചയാണ്. ആരോ അയച്ചു തന്ന ഒരു എസ് എം എസ് സന്ദേശത്തിൽ പറഞ്ഞത് പോലെ  'നോമ്പ് തുറക്കുന്നത് വരെ പട്ടിണിപ്പാവങ്ങളുടെ അനുഭവം.. നോമ്പ് തുറന്നാല്‍ ഒരു ഗര്‍ഭിണിയുടെ അവസ്ഥ.'

വ്യക്തിപരമായി എനിക്ക് ഏറ്റവും ആകര്‍ഷകമായി തോന്നിയിട്ടുള്ളത് മക്കയിലെയും മദീനയിലെയും വിശുദ്ധ ഹറമുകളിലെ നോമ്പ് തുറകളാണ്. ലക്ഷക്കണക്കിന്‌ ആളുകള്‍ വരിവരിയായി ഇരുന്നു ഒരു ഗ്ലാസ്‌ സംസം വെള്ളവും ഏതാനും ഈത്തപ്പഴവും കൊണ്ട് നോമ്പ് തുറക്കുന്ന കാഴ്ച. ശരീരത്തെക്കാളേറെ മനസ്സാണ് അവിടെ നോമ്പ് തുറക്കുന്നത് എന്ന് പറയാം. വാരിവലിച്ചു ഭക്ഷണം കഴിക്കാതിരിന്നിട്ടു കൂടി ആര്‍ക്കും ഒരു ക്ഷീണവും അനുഭവപ്പെടുന്നില്ല. മറിച്ച് എന്നത്തേക്കാളുമധികം  ഊര്‍ജ്വസ്സ്വലത അനുഭവപ്പെടുന്നു. എന്നാല്‍ നമുക്കാകട്ടെ നോമ്പ് തുറക്കുന്നതോട് കൂടി എണ്ണയും കൊഴുപ്പും കലര്‍ന്ന വിഭവങ്ങളുടെ ബോക്സിംഗ് മത്സരമാണ് ആമാശയത്തില്‍ നടക്കുക. അതോടെ നോമ്പുകാരന്‍ 'ഫ്ലാറ്റാ'കുന്നു.     

കുട്ടിക്കാലത്തെ നോമ്പ് തുറയുടെ ഓര്‍മ്മകള്‍ എന്റെ മനസ്സിലുണ്ട്. അരിഷ്ടിച്ചുണ്ടാക്കുന്ന ഇറച്ചിക്കറിയും പത്തിരിയും ഒരു ഗ്ലാസ്‌ തരിക്കഞ്ഞിയും ചേര്‍ന്നാല്‍ അന്നത്തെ വിഭവ സമൃദ്ധമായ നോമ്പ് തുറയായി. ഒരു ഉണക്ക കാരക്ക പല ചീന്തുകളായി മുറിച്ച് വീട്ടിലുള്ളവരെല്ലാം പങ്കിട്ടെടുത്തിരുന്ന കാലം. വള്ളിക്കുന്നിലെ ഞങ്ങളുടെ തറവാട്ടു വീട്ടില്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം അന്ന് ഏതാണ്ട് നാല്‍പ്പതോളം പേര്‍ ഉണ്ടായിരുന്നു. പത്തായത്തില്‍ സൂക്ഷിച്ച ഉണക്ക കാരക്കയുടെ ഭരണിയില്‍ നിന്ന് ഒന്നോ രണ്ടോ കാരക്കയാണ് ഓരോ ദിവസത്തേക്കും വെല്ലിമ്മ പുറത്തെടുക്കുക. അത് എത്ര ചെറുതാക്കി മുറിക്കാന്‍ പറ്റുമോ അത്രയും ചെറുതാക്കി മുറിക്കും. ഒരു പ്ലെയിറ്റില്‍ പത്തിരി മുറിച്ചിട്ട് അതിനു മുകളില്‍ കാരക്കയുടെ ചീളുകള്‍ വിതറും. ഓരോരുത്തര്‍ക്കും ഓരോ കഷണങ്ങള്‍ എടുക്കാം. ഇന്നിപ്പോള്‍ പലതരത്തിലുള്ള ഈത്തപ്പഴങ്ങള്‍ സുപ്രകളില്‍ കൂട്ടിയിട്ടിരിക്കുന്നത് കാണുമ്പോള്‍ അന്നത്തെ ആ ചീള് കാരക്കയുടെ ഓര്‍മ്മകള്‍ മനസ്സിലെത്തും. പിന്നീടു കഴിച്ച എത്ര വില കൂടിയ കാരക്കയും ആ ഉണക്ക കാരക്ക നല്‍കിയ രുചി എനിക്ക് നല്‍കിയിട്ടില്ല, സത്യം.
  
ഭക്ഷണവും പാനീയവും വെടിഞ്ഞ് ശരീരത്തിനു വിശപ്പ്‌ അനുഭവവേദ്യമാക്കുക എന്നത് നോമ്പിന്റെ ഒരു പ്രാഥമിക ലക്ഷ്യമായി ഇസ്‌ലാം പഠിപ്പിക്കുന്നില്ല. അത് നോമ്പിന്റെ ഒരു ബാഹ്യ ചട്ടക്കൂട് മാത്രമാണ്. വ്രതം സംവദിക്കുന്നത് മനസ്സിനോടാണ്. വസന്തം പ്രകൃതിയെ എന്നപോലെ റമദാന്‍ മനസ്സിനെ തഴുകി കടന്നു പോകണം. അതിന്റെ പൂവും കായ്കളും പരിമളവും മനസ്സിനെ കൂടുതല്‍ ആര്‍ദ്രവും ഭക്തി സാന്ദ്രവുമാക്കണം. വ്രതത്തിന്റെ ആത്മാവ് അതാണ്‌. എന്നാല്‍ അതോടൊപ്പം പ്രത്യക്ഷത്തില്‍ പറയാത്ത മറ്റൊരു സാമൂഹ്യ ദൗത്യവും കൂടെ നോമ്പ് നിര്‍വഹിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ കോണുകളില്‍ പട്ടിണി കിടക്കുന്ന പതിനായിരങ്ങളുടെ വിശപ്പിന്റെ വിളി എങ്ങിനെയെന്ന് തിരിച്ചറിയുക എന്നതാണത്. സുഖലോലുപതക്ക് വേണ്ടിയുള്ള ഒടുങ്ങാത്ത ഓട്ടത്തിനിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന പട്ടിണിയുടെ ദുരിതാവസ്ഥകളെ മനസ്സിന്റെ ജാലകക്കാഴ്ചകളിലേക്ക് തിരിച്ചു കൊണ്ട് വരിക.

ധൂര്‍ത്തിന്റെയും പൊങ്ങച്ചത്തിന്റെയും വാര്‍ഷികാഘോഷമായി റമദാന്‍ മാറുമ്പോള്‍ അത്തരം തിരിച്ചറിവുകളിലേക്ക് നാം എത്തിച്ചേരുന്നില്ല എന്ന് മാത്രമല്ല, വ്രതമാസത്തിന്റെ ആത്മീയ വിശുദ്ധി തന്നെ സമ്പൂര്‍ണമായി ചോര്‍ന്നു പോകുകയും ചെയ്യുന്നു. നിങ്ങളില്‍ ദാരിദ്ര്യം വരുന്നതിനെ ഞാന്‍ ഭയക്കുന്നില്ല എന്നാല്‍ സമ്പത്ത് കുമിഞ്ഞു കൂടുന്നതിനെയാണ് ഞാന്‍ ഭയപ്പെടുന്നത് എന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. റമദാന്‍ ഒരു ആഡംബരമായി മാറുമ്പോള്‍ ഈ വാക്കുകള്‍ക്ക് എന്തുമാത്രം തീവ്രതയാണ് കൈവരുന്നത്. തീറ്റമാസം എത്തിയോ എന്ന ചോദ്യം ചുറ്റുപാടും അലയടിക്കുമ്പോള്‍ മുറിപ്പെടുന്നത് റമദാനിന്റെ ആത്മാവാണ്. ധനികനോ ദരിദ്രനോ എന്ന വ്യത്യാസമില്ലാതെ പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞും മറ്റു സുഖഭോഗങ്ങളോടുമുള്ള ആസക്തിയെ നിയന്ത്രിച്ചും ആത്മീയമായ ചൈതന്യം നേടിയെടുക്കാന്‍ സഹായിക്കേണ്ട ഈ മാസം അതിന്റെ ആത്മസത്ത ചോര്‍ന്നു പോകുന്ന ഒരു ആഘോഷക്കാലമായി മാറുന്നില്ലേ എന്ന സന്ദേഹമാണ് തീറ്റ മാസമെന്ന 'സ്വഭാവ സര്‍ട്ടിഫിക്കറ്റ്' ജനിപ്പിക്കുന്നത്. എല്ലാ വായനക്കാര്‍ക്കും വിശുദ്ധ റമദാന്‍ ആശംസകള്‍

Related Posts
മമ്മത്താലിക്കയും വെസ്റ്റ്‌ കോസ്റ്റ്‌ എക്സ്പ്രസ്സും
മക്കയില്‍ നിന്ന് ചുള്ളിമാനൂരിലേക്ക് ബസ്സുണ്ടോ?
ഐ ലവ് യു പറയേണ്ടതെങ്ങിനെ?