August 18, 2010

മമ്മത്താലിക്കയും വെസ്റ്റ്‌ കോസ്റ്റ്‌ എക്സ്പ്രസ്സും

ഓര്‍മകള്‍ എപ്പോഴും ഓടിപ്പോവുക കുട്ടിക്കാലത്തേക്കാണ്. ഭക്ഷണത്തോടും വെള്ളത്തോടും സമരം പ്രഖ്യാപിച്ച് ഒരു പകല്‍ എന്നതാണ് കുട്ടിക്കാലത്തെ നോമ്പിന്റെ ആകെത്തുക. അതിന് ഭക്തിയുടെ നിറവോ പ്രാര്‍ത്ഥനയുടെ മികവോ ഉണ്ടാവാനിടയില്ല. “മ്മാ, വെള്ളം...” ദാഹിച്ച് വലയുമ്പോള്‍ ഉമ്മയുടെ അടുത്തേക്ക്‌ ഓടിച്ചെല്ലാന്‍ പറ്റില്ല. പത്തായത്തിന്റെ ഉള്ളറകളിലെ ഉരുണ്ട ഭരണികളില്‍ വീര്‍പ്പുമുട്ടി കഴിയുന്ന എള്ളുണ്ടയും മൈസൂര്‍ പാക്കും നാവിന്‍ തുമ്പത്ത് എത്ര പ്രലോഭനം ഉണ്ടാക്കിയാലും മമ്മത്താലിക്കായുടെ വെടി പൊട്ടുന്നത് വരെ കാത്തിരുന്നേ പറ്റൂ..

മമ്മത്താലിക്കയാണ് എന്റെ കുട്ടിക്കാല നോമ്പിന്‍റെ ഓര്‍മകളില്‍ ജ്വലിച്ചു നില്‍ക്കുന്ന താരം. വള്ളിക്കുന്നിലെ അരിയല്ലൂര്‍ മഹല്ലില്‍ അന്നൊരു പള്ളിയേ ഉള്ളൂ. അവിടെ നിന്ന് കൊടുക്കുന്ന ബാങ്ക് വീട്ടില്‍ കേള്‍ക്കില്ല. മമ്മത്താലിക്ക പൊട്ടിക്കുന്ന ആ കതീന വെടിക്ക് വേണ്ടിയാണ് ദിവസം മുഴുവനുള്ള കാത്തിരുപ്പ്. മൂത്തേറും ചുള്ളീം വടീം കളിച്ച് നട്ടുച്ചക്ക് ദാഹിച്ചു വലയുമ്പോള്‍ മമ്മത്താലിക്ക ഇപ്പോള്‍ വെടി പൊട്ടിച്ചിരുന്നെങ്കില്‍ എന്ന് കൊതിക്കും. റമദാന്‍ മാസത്തില്‍ മഗ് രിബ് സമയത്ത് പൊട്ടിക്കുന്ന ആ വെടി കൊല്ലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന വീരനായകന്‍റെ പരിവേഷം അദ്ദേഹത്തിന് നല്‍കി. . 

മമ്മത്താലിക്ക കുപ്പായമിടാറില്ല. ആ കറുത്ത ശരീരത്തിന് കള്ളിത്തുണിയും തലേക്കെട്ടും ചേരുമ്പോള്‍ പൂര്‍ണത കൈ വരും. മകന്‍ ബാപ്പുട്ടിയുടെ കല്യാണത്തിന് വീട്ടുകാരും നാട്ടുകാരും നിര്‍ബന്ധിച്ച് മമ്മത്താലിക്കയെ കുപ്പായം ഇടുവിപ്പിച്ചു. “മമ്മത്താലിക്ക കുപ്പായട്ട്ക്ക്ണ്!!”.. നാട്ടിലാകെ ആ വാര്‍ത്ത പെട്ടെന്ന് പരന്നു. ഞങ്ങള്‍ കുന്നില്‍ ചെരുവിലെ കല്യാണപ്പുരയിലേക്ക് ഓടി. ശരിയാണ്. മമ്മത്താലിക്ക കുപ്പായട്ട്ക്ക്ണ്. കുട്ടികളും മുതിര്‍ന്നവരുമൊക്കെ അദ്ദേഹത്തെ ഒരു അത്ഭുത വസ്തുവെപ്പോലെ നോക്കി നിന്നു. തലേക്കെട്ട് കെട്ടി നെഞ്ച് വിരിച്ച് നില്‍ക്കാറുള്ള മമ്മത്താലിക്ക ഈന്തപ്പനത്തട്ട കൊണ്ട് അലങ്കരിച്ച പന്തലിന്റെ ഒരു മൂലയില്‍ നാണം കൊണ്ട് ചൂളി നിന്നു. കല്യാണത്തിന് വിളിച്ചവരും വിളിക്കാത്തവരുമൊക്കെ ആ കുപ്പായം കാണാന്‍ ഓടി വന്നു. നെയ്ച്ചോറും പോത്തും തികഞ്ഞില്ല. പുതിയാപ്പിള ഇറങ്ങുന്നതിന് മുമ്പ് തന്നെ മമ്മത്താലിക്ക കുപ്പായം ഊരി എന്നാണ് എന്റെ ഓര്‍മ. അദ്ദേഹം ഇന്നില്ല. കതീന വെടിയും നിലച്ചു. മുക്കിന് മുക്കിന് പള്ളിയുള്ളതിനാല്‍ ഇന്നിപ്പോള്‍ അത്തരമൊരു വെടിയുടെ ആവശ്യം ഇല്ല. മൂന്നോ നാലോ പള്ളികളിലെ ബാങ്ക് വിളികള്‍ ഒന്നിച്ച് കേള്‍ക്കാം. പക്ഷേ എല്ലാ നോമ്പ് കാലം വരുമ്പോഴും ആ പഴയ കതീന വെടിയും അതിന്റെ ത്രസിപ്പിക്കുന്ന ശബ്ദത്തിന് വേണ്ടിയുള്ള കാത്തിരിപ്പും ഓര്‍മയില്‍ എത്തും.

വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് തൊട്ടടുത്ത കുഞ്ഞിരാരുവിന്റെ ചായക്കടയില്‍ നോമ്പ് കാലമായാല്‍ ഒരു പുതിയ കര്‍ട്ടന്‍ തൂക്കും. നോമ്പ് കര്‍ട്ടന്‍ എന്നാണ് അതിന് പറയുക. വീട്ടില്‍ നിന്നു നോമ്പ് നോല്‍ക്കുന്ന പലരും കുഞ്ഞിരാരുവിന്റെ കടയില്‍ വന്നു നോമ്പ് മുറിക്കും. ചായക്കടയുടെ പിറകിലൂടെ കയറി പിറകിലൂടെ തന്നെ തരിച്ചു പോകാവുന്ന രീതിയിലാണ് കര്‍ട്ടനുണ്ടാവുക. മണ്‍കുടുക്കയില്‍ ചീരുള്ളിയും ഉലുവയും ഇട്ടു വെക്കുന്ന ബീഫ്‌ കറിയും പുട്ടുമാണ് കുഞ്ഞിരാരുവിന്റെ റമദാന്‍ സ്പെഷ്യല്‍ . ളുഹര്‍ ബാങ്ക് കൊടുക്കുന്നതിന് മുമ്പ് തന്നെ അത് കാലിയാവും. റമദാന്‍ മാസമായിരിക്കണം കുഞ്ഞിരാരുവിന് ഏറ്റവും തിരക്കുള്ള കാലം എന്ന് തോന്നുന്നു. ആ ചായക്കടയും ഇന്നില്ല. അന്നത്തെപ്പോലെ ‘അത്താഴക്കള്ളന്മാരും’ ഇന്ന് കുറവാണ്. 

മമ്മത്താലിക്കയുടെ കതീന പോലെ റമദാന്‍ മാസത്തില്‍  പ്രത്യേക പ്രാധാന്യം കൈവരുന്ന ഒന്നാണ് വള്ളിക്കുന്ന് സ്റ്റേഷനില്‍ നിര്‍ത്താതെ ചൂളമടിച്ച് പോകുന്ന പാതിരാത്രിയിലെ തെക്കോട്ടും വടക്കോട്ടുമുള്ള എക്സ്പ്രസ്സ് വണ്ടികള്‍ . അരിയല്ലൂര്‍ മഹല്ലിന്റെ ഏതാണ്ട് ഒത്ത നടുവിലൂടെയാണ് തീവണ്ടിപ്പാളം കടന്നു പോകുന്നത്. അതുകൊണ്ട് തന്നെ രാത്രിയില്‍  ചൂളമടിച്ചു പോകുന്ന വെസ്റ്റ്‌കോസ്റ്റ്‌ എക്സ്പ്രസ്സുകള്‍  ആയിരുന്നു മിക്ക വീടുകളിലും അലാറം ക്ലോക്കിന്റെ പണിയെടുത്തിരുന്നത്. വടക്കോട്ടുള്ള വണ്ടി പോകുമ്പോള്‍  അത്താഴത്തിന് എഴുന്നേല്‍ക്കും. തെക്കോട്ടുള്ളത് പോകുമ്പോഴേക്ക് അത്താഴം കഴിച്ച് കിടക്കണം. ഇന്നത്തെ പോലെ സുബഹ് ബാങ്കിനോട് അടുപ്പിച്ചു എഴുന്നേറ്റു നമസ്കാര ശേഷം കിടക്കുന്ന പതിവല്ല അന്നുള്ളത്. അത്താഴം ‘നട്ടപ്പാതിരയ്ക്ക്’ കഴിക്കണം അല്ലെങ്കില്‍ നോമ്പ് ശരിയാവില്ല എന്നതായിരുന്നു എന്‍റെ വെല്ലിമ്മിച്ചിയുടെ വിശ്വാസം. അതുകൊണ്ട് തന്നെ തീവണ്ടിയുടെ ശബ്ദവും കാതോര്‍ത്ത് അവര്‍ ഉറങ്ങാതെ കിടക്കും. അസമയത്ത് ഗൂഡ്സ് ട്രെയിനുകള്‍ വന്നാല്‍ അതിന്റെ ശബ്ദം വെല്ലിമ്മിച്ചി പെട്ടെന്ന് തിരിച്ചറിയും.. ആരെങ്കിലും ആ ശബ്ദം കേട്ട് എഴുന്നേറ്റാല്‍  “നീക്കണ്ട.. അത് കൂട്സാ കുട്ട്യോളേ ..” എന്ന് വിളിച്ചു പറയും. കൃത്യത പാലിക്കാറുള്ള ഈ തീവണ്ടികള്‍ വളരെ അപൂര്‍വമായെങ്കിലും  വൈകിയെത്തി നാട്ടില്‍ പലരുടെയും അത്താഴം മുടക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മൊബൈലുകളും അലാറം ക്ലോക്കുകളും കൊണ്ട് നിറഞ്ഞ ഇന്നത്തെ ഗൃഹാന്തരീക്ഷത്തില്‍ നിന്ന് കൊണ്ട് ഇതൊക്കെ ഓര്‍ക്കുമ്പോള്‍ അല്പം കൌതുകം തോന്നാം. വെല്ലിമ്മിച്ചി ഇന്നില്ല. ആ പഴയ കാലവും ഇനി തിരിച്ചു വരില്ല. പക്ഷേ ആ ഓര്‍മ്മകള്‍ ഓരോ റമദാനിലും തിരിച്ചു വന്നു കൊണ്ടേയിരിക്കുന്നു. കൂടുതല്‍ കൂടുതല്‍ തിളക്കത്തോടെ.. അല്പം നൊമ്പരത്തോടെയും.

86 comments:

 1. ആദ്യം പറഞ്ഞ കട്ട്‌ ആന്‍ഡ്‌ പേസ്റ്റ് മാറ്റി "കട്ട്‌ ആന്‍ഡ്‌ പോസ്റ്റ്‌ "എന്ന് പറയുന്നതായിരിക്കും നല്ലത്...എനിവേ താങ്ക്സ് ...മമ്മത്താലിക്ക യുടെ കുപ്പയ കഥ വായിച്ചു കുറെ ചിരിച്ചു...

  ReplyDelete
 2. നന്നായി ബഷീര്‍(ക്ക)
  കേട്ട് മാത്രം പരിചയിച്ച ആ നല്ലകാലത്തിലേക് കൂട്ടികൊണ്‍ട് പോയതിന് നന്ദി,.

  ReplyDelete
 3. “നീക്കണ്ട.. അത് കൂട്സാ കുട്ട്യോളേ ..” ..
  ബഷീര്‍"ക്ക" ...എന്നെത്തെയും പോലെ ഇതും നന്നായി...പണ്ട് ചെറുപ്പത്തില്‍ ഇത് പോലുള്ള കതീന വെടി കേട്ട ഓര്‍മയുണ്ട്..(ഇപ്പോഴും ചെറുപ്പം തന്നെയാണ് കേട്ടോ)..

  ReplyDelete
 4. ഞമ്മളത് മാധ്യമത്തീന്ന് വായിച്ചീനീം!

  അതബ്ടെ നിക്കട്ടേ..
  ഇത് റമദാനല്ലേ.. ഒരു മദീന സിയാറത്തൊക്കെ ആകാം ട്ടോ!
  മദീനത്തെ നോംബു തുറ പേരുകേട്ടതാണു..
  ഇബ്ടത്തെ നോംബും തുറയും തറാവീഹും..
  ഒരു ബല്ലാത്ത റാഹത്താ!

  ബരുമ്പോ ബിളിക്കാന്‍ മറക്കരുത്!

  ((ബഷീര്‍(ക്ക) എന്ന് എവിടെയും വന്നിട്ടില്ല ല്ലേ!))

  ReplyDelete
 5. വര്‍ഷങ്ങളുടെ പഴക്കം മാത്രമുള്ള ആ കാലത്തെ ഓര്‍ത്തെടുക്കുമ്പോള്‍ എവിടെയൊക്കെയോ എന്തെന്നില്ലാത്തൊരു നഷ്ടബോധം.

  ReplyDelete
 6. തൊട്ടടുത്ത കുഞ്ഞിരാരുവിന്റെ ചായക്കടയില്‍ നോമ്പ് കാലമായാല്‍ ഒരു പുതിയ കര്‍ട്ടന്‍ തൂക്കും. നോമ്പ് കര്‍ട്ടന്‍ എന്നാണ് അതിന് പറയുക. വീട്ടില്‍ നിന്നു നോമ്പ് നോല്‍ക്കുന്ന പലരും കുഞ്ഞിരാരുവിന്റെ കടയില്‍ വന്നു നോമ്പ് മുറിക്കും. ചായക്കടയുടെ പിറകിലൂടെ കയറി പിറകിലൂടെ തന്നെ തരിച്ചു പോകാവുന്ന രീതിയിലാണ് കര്‍ട്ടനുണ്ടാവുക......
  very nice ...

  ReplyDelete
 7. ഒരു വട്ടം കൂടിയെന്‍
  ഓര്‍മ്മകള്‍ മേയുന്ന
  അരിയല്ലൂരെത്തുവാന്‍ മോഹം..
  ബഷീര്‍, താങ്കള്‍ വായനക്കാരെ കതീന വെടിയും ട്രെയിനും ഒക്കെ നോക്കി നോബ്ബു പിടിച്ച ആ പഴമയുടെ സുന്ദര സ്മ്രതികളിലേക്ക് ഒരിക്കല്‍ കൂടി കൊണ്ട് പോയി...
  മ്യാവൂ: ഇത് വെച്ചു അവര്‍ താങ്കളുടെ വയസ്സളക്കുമോന്നാ എന്‍റെ പേടി..(അത് കൊണ്ടായിരിക്കും ഏതാനും വര്‍ഷങ്ങളുടെ പഴക്കം മാത്രമുള്ള ആ കാലത്തെ എന്ന് പറഞ്ഞത് അല്ലെ ഗൊച്ചു ഗള്ളാ.. ഹ ഹ ഹ ...)
  ഒരു നല്ല റമദാന്‍ സദ്യ തന്നതിന് നന്ദി...

  ReplyDelete
 8. പോസ്റ്റ്‌ വായിച്ചപോള്‍ അറിയാതെ ഞാന്‍ പോയത് എന്റെ ബാല്യതിലെക്കാന്.മധുരമുള്ള എത്ര എത്ര ഓര്‍മകള്‍.എനിക്കന്നു"അസര്‍ബാങ്ക്"വരെയേ നോമ്പ്‌ ഉണ്ടായിരുന്നുല്ലോ.അപോഴേക്കും "കപ്പാസിറ്റി"തീരും.പിന്നെ സഹോദരിമാരുടെ "തിന്നബലത്തില്‍"അസറിന്നുമഗരിബ് ബാങ്ക് വിളിച്ചു ഞാനങ്ങു നോമ്പ്‌ പൂര്‍ത്തിയാക്കും.നന്ദി ബഷീര്ക ആ കാലത്തിലേക്ക് കൂട്ടികൊണ്ടു പോയതിനു

  ReplyDelete
 9. വള്ളിക്കുന്നിക്കുറിച്ചു പറയുമ്പോള്‍ ബഷീറിനു വാക്കുകള്‍ക്കു പഞ്ഞമുണ്ടാവില്ല. പോയ കാലത്തിന്റെ ഗതകാല സമരണകള്‍ പൊടി തട്ടിയെടുത്താല്‍ എല്ലാവരുടെ ഉള്ളിലും നിറയുന്നത് ചിരാത്രോഷിത മണ്ണില്‍ ആധുനികവല്‍ക്കണത്തിന്റെ അനിവാര്യതയില്‍ കൈമോശം വന്ന പൈതൃക സംസ്കൃതി ഉണര്‍ത്തുന്ന നഷ്ട ബോധം തന്നെയാണ്. ചരിത്രത്തിന്റെ ഊടു വഴികളിലൂടെ ഓര്‍മകള്‍ തിരിച്ചു നടക്കുമ്പോള്‍ ഓരോരുത്തരും കണ്ടു മുട്ടുന്നു പഴയ "നകാര"വും, കതീന വെടികളും, അത്താണികളും, ആവി വണ്ടികളും.... അങ്ങിനെ കാലം മായ്ച്ചു കളഞ്ഞ ഒട്ടേറെ അടയാളങ്ങള്‍.

  ഈ പോസ്റ്റ് ഒരല്‍പനേരം എന്നെയും ആ പഴഞ്ജന്‍ കാലത്തിലേക്ക് ഒന്ന് തിരിച്ചു വിളിച്ചു. നോമ്പ് തുറക്കാന്‍ നാല് കിലോമീറ്റര്‍ അകലെയുള്ള വാഴക്കാട് നിന്നും വെടി പൊട്ടുന്നത് നോക്കിയിരുന്ന ഒരു കുട്ടിക്കാലം എനിക്കും ഉണ്ടായിരുന്നു. അത് ഓര്‍മിപ്പിച്ചതിനു പ്രത്യേക നന്ദി.

  ReplyDelete
 10. ഗൃഹാതുരത്വം നിറഞ കുട്ടിക്കാലത്തെ നോമ്പ് ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ടുപോയി, നഷ്ടബോധത്തോടെ.

  ReplyDelete
 11. This comment has been removed by the author.

  ReplyDelete
 12. "യാദോംകീ സിന്ദഗി ഓര്‍ കഹാനി കഭി ഖതം നഹി ഹോതാ ഹെന്‍"
  അച്ഛാ....ബഹുത് അച്ചീ ലിഖീഹെ....ഭായ് ജാന്‍!! ....റംസാന്‍ മുബാറക്.

  ReplyDelete
 13. വെന്ത് റെഡിയായിരിക്കുന്ന ഇറച്ചിക്കറിയുടെയും, പത്തിരിയുടെയും പിന്നെ ഉണക്ക മുന്തിരിയും അണ്ടിപ്പരിപ്പും ഇടകലര്‍ന്നു കിടക്കുന്ന റവ-സേമിയ പായസത്തിന്‍റെയും കൊതിപ്പിക്കുന്ന മണം പ്രലോഭനത്തിന്‍റെ എല്ലാ അതിര്‍ത്തിസീമകളും ലംഘിക്കുമ്പോള്‍ ആ കതീന വെടിയുടെ മുഴക്കത്തിനു വേണ്ടി, ബാങ്കിന്‍റെ ശബ്ദത്തിന് വേണ്ടി കാതോര്‍ത്തിരുന്ന ഓരോ നിമിഷത്തിനും ഒന്‍പതു മണിക്കൂറിന്‍റെ ദൈര്‍ഘ്യമുണ്ടായിരുന്നു.

  അത് ബഷീര്‍ വള്ളിക്കുന്ന് പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ സ്മാരകശിലകള്‍ പോലെ, വൈക്കം മുഹമ്മദ് ബഷീറിന്‍റെ തേനൂറും കിസ്സകള്‍പോലെ ചാരുതയോടെ വരച്ചിട്ടു.

  ReplyDelete
 14. @ നൗഷാദ് അകമ്പാടം : മദീനയിലേക്കുള്ള ക്ഷണത്തിനു നന്ദി. അവിടെ വരുമ്പോള്‍ തീര്‍ച്ചയായും വിളിക്കാം. മദീനയിലെ കാരക്കകളെക്കുറിച്ച്‌ മലയാളം ന്യൂസില്‍ നിങ്ങള്‍ എഴുതിയ ഫീച്ചര്‍ കണ്ടിരുന്നു. അല്പം കാരക്ക എടുത്തു വെക്കണേ..

  @ സലീം ഇ.പി: വരികള്‍ക്കിടയില്‍ ഊളിയിട്ടു എന്റെ പ്രായം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് അല്ലെ. നൂറ്റാണ്ടുകള്‍ മുമ്പത്തെ കഥയല്ല, പതിറ്റാണ്ടുകളുടെ പഴക്കം മാത്രമുള്ള സംഭവങ്ങള്‍ ആണ് എന്നേ ആ വരികള്‍ കൊണ്ട് ഉദ്ദേശിച്ചുള്ളൂ.. എന്റെ സൌന്ദര്യം നേരിട്ട് കണ്ടു ആസ്വദിക്കാറുള്ള നിങ്ങള്‍ തന്നെ ഇത് പറയുമ്പോള്‍ എന്റെ ചങ്ക് തകരുകയാണ്.

  ReplyDelete
 15. തീര്‍ച്ചയായും!
  കൂടാതെ "സീറ അന്നബവിയ്യ" എന്ന് പേരിട്ടിരിക്കുന്ന ഞങ്ങളുടെ എക്സിബിഷന്‍ ഹാള്‍
  സന്ദര്‍ശിക്കുകയുമാവാം..!

  ReplyDelete
 16. @ navas bin adam " അസരിനു മഗ്രിബ് ബാങ്ക് വിളിക്കുന്ന പരിപാടി ആദ്യമായി കേള്‍ക്കുകയാണ്. കൊച്ചിലേ ഉണ്ട് വേലത്തരങ്ങള്‍ അല്ലേ. .

  @ Akbar said: "ചിരാത്രോഷിത മണ്ണില്‍ ആധുനികവല്‍ക്കണത്തിന്റെ അനിവാര്യതയില്‍" എന്റെ പൊന്ന് അക്ബറേ, ഇമ്മാതിരി ഞെട്ടിപ്പിക്കുന്ന പ്രയോഗങ്ങള്‍ ഒന്നും നടത്തല്ലേ.. അറിയാവുന്ന കുറച്ചു മലയാളം വെച്ചാണ് ഞാനീ കളികളൊക്കെ നടത്തുന്നത്. അതിനിടയില്‍ ഇതുപോലുള്ള ഇടിവെട്ട് വാക്കുകള്‍ കിട്ടിയാല്‍ അതിന്റെ അര്‍ത്ഥമൊക്കെ ഞാനെവിടെ പോയി തപ്പാനാ.. 'ചിരാത്രോഷിത' എന്നാല്‍ നോമ്പിനു കുടിക്കുന്ന ചീരാക്കഞ്ഞിയാണോ?.

  ReplyDelete
 17. Salam Pottengal said
  "അത് ബഷീര്‍ വള്ളിക്കുന്ന് പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ സ്മാരകശിലകള്‍ പോലെ, വൈക്കം മുഹമ്മദ് ബഷീറിന്‍റെ തേനൂറും കിസ്സകള്‍പോലെ ചാരുതയോടെ വരച്ചിട്ടു"

  ഉണക്ക മുന്തിരിയും അണ്ടിപ്പരിപ്പും ഇട്ട തരിക്കഞ്ഞി കുടിച്ച പോലെ.. വയറു നിറഞ്ഞു.. ഒരാഴ്ചക്ക് ഇനിയൊന്നും വേണ്ട..

  ReplyDelete
 18. ഇത് വായിച്ചപ്പോള്‍ ചെറുപ്പ കാലത്തെ പല സംഭവങ്ങളും ഓര്മ വന്നു. വള്ളിക്കുന്നിലെ ആളുകളെയൊക്കെ ബഷീര്ക പ്രശസ്തര്‍ ആക്കും.

  ReplyDelete
 19. though i am not a muslim, i love the concept of Islamic fasting. your memories are enriching our thoughts. thank you basheer

  ReplyDelete
 20. വടക്കോട്ടുള്ള വണ്ടി പോകുമ്പോള്‍ അത്താഴത്തിന് എഴുന്നേല്‍ക്കും. തെക്കോട്ടുള്ളത് പോകുമ്പോഴേക്ക് അത്താഴം കഴിച്ച് കിടക്കണം.


  ഈ വരി വായിച്ചപ്പോള്‍ നമ്മുടെ തീവണ്ടികള്‍ പണ്ട് ഇത്ര കൃത്യ നിഷ്ട്ട ഉണ്ടായിരുന്നോ എന്ന് ആലോചിച്ചു പോയി...

  പിന്നെ വായിച്ചപ്പോള്‍ മനസ്സിലായി കേട്ടോ അന്നും ഇന്നും നമ്പാന്‍ കൊള്ളില്ലാ എന്ന് ..നന്നായിട്ടുണ്ട് ഇപ്പോള്‍ ടി വി യില്‍ മഗ്രിബ് ബാങ്കിന് കാതോര്‍ക്കലാണ് അല്ലെ?

  ReplyDelete
 21. "അന്നത്തെപ്പോലെ ‘അത്താഴക്കള്ളന്മാരും’ ഇന്ന് കുറവാണ്. "

  ആളുകള്‍ക്ക് ഭക്തി കൂടിയോ അതോ അതാഴക്കല്ലന്മാരോട് സഹിഷ്ണുത കുറഞോ??

  ReplyDelete
 22. നന്നായിട്ടുണ്ട്
  നന്ദി ... കുട്ടിക്കാലത്തെ നോമ്പിന്റെ ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ടുപോയതിന്നു ...

  ReplyDelete
 23. @Basheer Vallikkunnu

  നന്നായിട്ടുണ്ട്,
  കതിന വെടിയും അത്താഴം മുട്ടികളും ഒന്നും ഈയുള്ളവന്റെ ഓര്‍മകളില്‍ കടന്നുവരാത്തതുകൊണ്ട് താങ്കളുടെ ഓര്‍മകളിലൂടെ ഒരു സമാന്തര സഞ്ചാരം നടത്തി; അപ്പോള്‍ അതാ കിടക്കുന്നു ഒരു ഞെട്ടിക്കുന്ന സത്യം:
  "എനിക്കന്നു"അസര്‍ബാങ്ക്"വരെയേ നോമ്പ്‌ ഉണ്ടായിരുന്നുല്ലോ.അപോഴേക്കും "കപ്പാസിറ്റി"തീരും.പിന്നെ സഹോദരിമാരുടെ "തിന്നബലത്തില്‍"അസറിന്നുമഗരിബ് ബാങ്ക് വിളിച്ചു ഞാനങ്ങു നോമ്പ്‌ പൂര്‍ത്തിയാക്കും.".
  ഞാന്‍ ആരോടും പറയാത്ത ഈ രഹസ്യം എങ്ങിനെ താങ്കളുടെ പോസ്റ്റില്‍ വന്നു? ഒരു "വള്ളിലീക്സ്" ആവുകയാണോ?

  കുറിപ്പ്: cut & post നു ഇടയില്‍ കുറച്ചു കൂടുതല്‍ കട്ടയോ എന്നൊരു സംശയം; ആദ്യത്തെ പോസ്റ്റിന്റെ കുറച്ചു ഭാഗങ്ങള്‍ ഇപ്പോള്‍ കാണുന്നില്ല!! ഉദാ: ഞാന്‍ quote ചെയ്ത ഭാഗം

  വാല്‍കഷ്ണം: 'മാധ്യമ'ത്തില്‍ ഇതു കണ്ട ഉടനെ "ബഷീര്‍ക്കാന്റെ" ലേഖനം എന്ന് കുറച്ചു താല്പര്യത്തോടെ പറഞ്ഞത് കേട്ട് സഹപ്രവര്‍ത്തകന്റെ ചോദ്യം; ഇതാരാ, നിന്റെ "ഇക്കാക്ക" യാണോ?

  ReplyDelete
 24. ബഷീര്‍,
  വളരെകാലതിനുശേഷം ബഷീറിനെ കൂടുതല്‍ വായിക്കാന്‍ കഴിയുന്നു എന്നുള്ളത് സന്തോഷം തന്നെ.
  ഈ കഴിഞ്ഞ ദിവസം ആണ് ഞാന്‍ ഈ ബ്ലോഗില്‍ വന്നുതുടങ്ങിയത്‌. നല്ല തുടക്കം.

  നെസ്റ്റൊലോജിയിലേക്ക് കൊണ്ടുപ്പോയി താങ്കളുടെ ഒര്മാപെടുതലുകള്‍.
  സന്തോഷം, നന്ദി.
  സിയാദ് കൊച്ചി

  ReplyDelete
 25. ഉടന്‍ പ്രതീക്ഷിക്കുക. മദീന ബ്ലോഗ്‌ മീറ്റ്.

  സംഘാടകര്‍- ബഷീര്‍ വള്ളിക്കുന്ന് & നൌഷാദ് അകമ്പാടം

  പങ്കെടുക്കുന്നവര്‍- ബഷീര്‍ വള്ളിക്കുന്ന് & നൌഷാദ് അകമ്പാടം

  ബ്ലോഗ്‌ പരിചയം- ബഷീര്‍ വള്ളിക്കുന്ന് & നൌഷാദ് അകമ്പാടം

  സ്വാഗത പ്രസംഗം- നൌഷാദ് അകമ്പാടം

  നന്ദി പ്രസംഗം - ബഷീര്‍ വള്ളിക്കുന്ന്

  ബ്ലോഗ്‌മീറ്റ് ലൈവ് ടെലികാസ്റ്റ് ഉണ്ടായിരിക്കുന്നതാണ്.

  ആശീര്‍വദിക്കുക. അനുഗ്രഹിക്കുക

  എല്ലാവര്ക്കും റമദാന്‍ മുബാറക്

  .

  ReplyDelete
 26. salam pottengal said...
  അത് ബഷീര്‍ വള്ളിക്കുന്ന് പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ സ്മാരകശിലകള്‍ പോലെ, വൈക്കം മുഹമ്മദ് ബഷീറിന്‍റെ തേനൂറും കിസ്സകള്‍പോലെ ചാരുതയോടെ വരച്ചിട്ടു.

  @-അത് salam pottengal തേനൂറും ഇശലില്‍ കമെന്റി. ഇപ്പോള്‍ ചക്കരപന്തലില്‍ തേന്‍മഴ പെയിത പോലെ ആയി. ഇനി ഉറുമ്പരിക്കാതെ നോക്കാം.

  ReplyDelete
 27. @ Zen : ഭക്തി കൂടിയിട്ടുണ്ട് എന്ന് തന്നെയാണ് എന്റെ വിലയിരുത്തല്‍

  @ Kapporaan : "കുറിപ്പ്: cut & post നു ഇടയില്‍ കുറച്ചു കൂടുതല്‍ കട്ടയോ എന്നൊരു സംശയം; ആദ്യത്തെ പോസ്റ്റിന്റെ കുറച്ചു ഭാഗങ്ങള്‍ ഇപ്പോള്‍ കാണുന്നില്ല!"

  No, No, you confused. Those lines were written by Mr. Navas bin adam (in the comment column).. not by me..

  @ Ziad Cochin
  വീണ്ടും കാണാം

  @ Akbar.
  മദീന മീറ്റ്‌.
  ഒരു അധ്യക്ഷന്റെയും ഉദ്ഘാടകന്റെയും കുറവുണ്ടല്ലോ. അത് രണ്ടും താങ്കള്‍ തന്നെ ചെയ്യണം. എങ്കില്‍ ഞാന്‍ റെഡി.

  ReplyDelete
 28. @അക്ബര്‍
  വള്ളിക്കുന്നു പറഞ്ഞ ആ 'ചീരാകഞ്ഞി' ഇച്ചിരി ഞമ്മക്കും വേണം!

  ReplyDelete
 29. This comment has been removed by the author.

  ReplyDelete
 30. അക്ബര്‍ സാഹിബ് കളിയായി പറഞ്ഞത് കാര്യത്തില്‍ തന്നെ എടുക്കാം!

  ഹംസ,തെച്ചിക്കോടന്‍,ഓ.ഏ.ബി തുടങ്ങി കുറേ പേരുണ്ടല്ലോ ജിദ്ദയില്‍.
  കൂടാതെ ചില ബ്ലോഗ്ഗിണികള്‍....
  റിയാദ് ഭാഗത്ത് നിന്നും മി.ഓയ് കൂയ് പൂയ്,നസീഫ്....
  (എന്റെ റബ്ബേ ബാക്കി പേരൊന്നും ഓര്‍മ്മയില്‍ വരുന്നില്ലല്ലോ.
  ഇനി അതിനും കിട്ടും അജ്ഞാതന്റെ വക തെറി..
  ഓനിപ്പം എന്റെ ബ്ലോഗ്ഗിലാ പൊറുതി!)

  എല്ലാരും ഒന്നൊത്തുപിടിച്ചാല്‍ ഒരു സൗദി ബ്ലോഗ്ഗെഴ്സിനും ഒന്നു മീറ്റാവുന്നതാണു!

  ReplyDelete
 31. @- നൌഷാദ് @ Basheer.

  നല്ല ഐഡിയ. ഞാനിത് വരെ രണ്ടു ബ്ലോഗരമാരെ ജീവനോടെ ഒന്നിച്ചു കണ്ടിട്ടില്ല. ഒന്ന് ശ്രമിച്ചാല്‍ ഞാനും വരാം. ഒരു സിയാറത്തും നോമ്പ് തുറയും ആവാം

  .

  ReplyDelete
 32. "...അതുകൊണ്ട് തന്നെ തീവണ്ടിയുടെ ശബ്ദവും കാതോര്‍ത്ത് അവര്‍ ഉറങ്ങാതെ കിടക്കും. അസമയത്ത് ഗൂഡ്സ് ട്രെയിനുകള്‍ വന്നാല്‍ അതിന്റെ ശബ്ദം വെല്ലിമ്മ പെട്ടെന്ന് തിരിച്ചറിയും.. ആരെങ്കിലും ആ ശബ്ദം കേട്ട് എഴുന്നേറ്റാല്‍ “നീക്കണ്ട.. അത് കൂട്സാ കുട്ട്യോളേ ..” എന്ന് വിളിച്ചു പറയും. ..." മമ്മത്താലിക്കയെ കുപ്പായമിടുവിച്ചതിലെ ഹ്യൂമര്‍ ആസ്വദിച്ച്ചെങ്കിലും, ഹൃദയത്തെ തൊട്ടത്‌ 'വെല്ലിമ്മയാണ്.

  അകാല വാര്‍ദ്ധക്യം ബാധിച്ച് മൂക്കാതെ പഴുത്ത grandpa, grandma മാരുടെ പുതിയ കാലഘട്ടത്തില്‍, സ്നേഹം വിനിമയ വസ്തുവായി മാറിയ വര്‍ത്തമാനകാല സാഹചര്യത്തില്‍ നിഷ്കളങ്ക സ്നേഹത്തിന്റെ കുട്ട്യോള്‍ വിളി നഷ്ടബോധത്തിന്റെ, തേനൂറിയ ഒരു ഗതകാലത്തിന്റെ സുഗന്ധത്തെ ഓര്‍മ്മിപ്പിച്ചു. വീട്ടിലെ കൊച്ചുബാവമാരെ ലാളിക്കുവാനോ, അവരുടെ സ്നേഹം നുകരുവാണോ സാധിക്കാതെ വൃദ്ധസദനങ്ങളില്‍ കഴിയുവാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരാം ദീര്‍ഘായുസ്സികളായ വല്ലിമ്മമാരുടെയും, വല്ലിപ്പമാരുടെയും പുതിയ ലോകത്ത്, വല്യുമ്മയെ ശ്രവിക്കുവാനോ, ശ്രദ്ധിക്കുവാനോ ആര്‍ക്കുണ്ട് നേരം!

  നിഷ്കപട സ്നേഹത്തിന്റെ പഴയകാല സംഭവങ്ങളും, പുതിയ തലമുറയ്ക്ക് അത്ഭുതമെന്നു തോന്നിയേക്കാവുന്ന നാട്ടിന്പുറത്തെ വിശേഷങ്ങളും പങ്കുവെക്കുന്നത് അനുഭവ ദുര്‍ലഭതയില്‍ പരിചയക്കുറവോടെ വളരുന്ന ഒരു Generation ന് ഉപകാരപ്പെടും. തീവണ്ടി സമയത്തിനു പകരം, സീരിയലിന്റെ സമയം ജീവിത ക്രമത്തിന്റെ സമയക്കോലായി പരിഗണിക്കപ്പെടുന്ന ഒരു സീരിയസ്‌ലെസ്സ് ജീവിതത്തില്‍ പ്രത്യേകിച്ചും. തന്റെ ചെറുപ്പത്തിലെ നാട്ടു ജീവിതത്തിന്റെ thrilling അനുഭവങ്ങള്‍ @ Salam Pottengal തന്റെ ബ്ലോഗില്‍ അതിമനോഹരമായി ഒര്ത്തെടുത്തിട്ടുള്ളത് ഓര്‍ത്തുപോകുന്നു. (http://kalpakenchery.blogspot.com/2009_02_01_archive.html)
  അക്ബര്‍ സാഹിബിന്റെ ബാല്യകാല സ്മരണകള്‍ (http://chaliyaarpuzha.blogspot.com/) നൊസ്റ്റാള്‍ജിയയുടെ ചാലിയാറിലൂടെ സുന്ദരമായൊരു നീരാട്ടത്ത്തിന്റെ സുഖം നല്‍കുന്നതാണ്. (1 of 2)

  ReplyDelete
 33. This comment has been removed by the author.

  ReplyDelete
 34. 'വിസ്മയം പോല്‍ ലഭിക്കും നിമിഷത്തെ അര്‍ഥം കൊടുത്തു പൊലിപ്പിച്ചെടുക്കണം' എന്ന് പാടിയത് കടമ്മനിട്ടയാണല്ലോ. കൊച്ചു കൊച്ചു കാര്യങ്ങള്‍ പൊലിപ്പിച്ചെടുത്ത് വിസ്മയാത്മകമായി ആവിഷ്കരിക്കുന്ന വള്ളിക്കുന്നം ഇന്ദ്രജാലം വാഴക്കുന്നത്തെ തോലിപ്പിക്കും എന്ന് പറയുന്നത് ഒരു മുഖസ്തുതിയായി കാണരുത്, ഒരു വസ്തുത മാത്രമാണ്. താങ്കളുടെ 'Favorite Books' ന്റെ ലിസ്റ്റില്‍ ബഷീറിനെ കണ്ടില്ലെങ്കിലും താങ്കളുടെ ആഖ്യാന രീതിക്ക് ഒരു ബഷീറിയന്‍ ടച്ചു വായിച്ച്ചെടുക്കുവാനാകും. Non-fiction ആണെങ്കിലും ഒരു കാല്പനികതയുടെ മനോഹാരിത മമ്മത്താലിയുടെ ആവിഷ്കരണത്തില്‍ നിറഞ്ഞു നില്‍പ്പുണ്ട്. ഭാവുകങ്ങള്‍ ബഷീര്‍ സാഹിബ് :) (2 of 2)

  ReplyDelete
 35. ഇതാരാ മദീന പള്ളിമുറ്റത്ത് ഞമ്മളറിയാത്ത മറ്റൊരു മദീന ബ്ലോഗ്ഗര്‍!
  പ്രോഫൈലിലോ ബ്ലോഗ്ഗിലോ വല്ലതും ഇട് നൗഷാദേ..
  എങ്കിലല്ലേ ഒന്നു മീറ്റാന്‍ പറ്റൂ!

  ReplyDelete
 36. Good one. best wishes
  Letter from Obama also sn interesting one.

  ReplyDelete
 37. കുട്ടിക്കാലത്തെ നോമ്പിന്റെ ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ടുപോയതിനു നന്ദി ബഷീര്‍ജി...
  എല്ലാവര്ക്കും റമളാന്‍ ആശംസകള്‍

  ReplyDelete
 38. മറ്റൊരു ബഷീറിനെ കൂടി ഞാന്‍ പരിജയപെടുതുന്നു .പുള്ളിയും ജിദ്ദയിലണ്.
  http://karyadarshi.blogspot.com/.
  പിന്നെ അന്നത്തെപ്പോലെ ‘അത്താഴക്കള്ളന്മാരും’ ഇന്ന് കുറവാണ്,എങ്ങിനെ കുറയാതിരിക്കും ബഷീര്‍ക്കയും, അക്ബര്‍ക്കയുമൊക്കെ ഇവിടെയല്ലേ ..... .മണ്‍കുടുക്കയില്‍ ചീരുള്ളിയും ഉലുവയും ഇട്ടു വെക്കുന്ന ബീഫ്‌ കറിയും പുട്ടുമാണ് കുഞ്ഞിരാരുവിന്റെ റമദാന്‍ സ്പെഷ്യല്‍. ളുഹര്‍ ബാങ്ക് കൊടുക്കുന്നതിന് മുമ്പ് തന്നെ അത് കാലിയാവും..ഇതിത്ര കൃത്യമായിട്ട് എഴുതണമെങ്കില്‍ ...അത്തഴാകള്ളന്‍ ബഷീര്‍ക്ക തന്നെ.....

  ReplyDelete
 39. This comment has been removed by the author.

  ReplyDelete
 40. താഴെ വരികള്‍ എങ്ങിനെ കൃത്യമായി മനസ്സിലായി താങ്കള്‍ക്ക്? സ്ഥിരമായിരുന്നില്ല എന്നു കരുതട്ടെ....

  "മണ്‍കുടുക്കയില്‍ ചീരുള്ളിയും ഉലുവയും ഇട്ടു വെക്കുന്ന ബീഫ്‌ കറിയും പുട്ടുമാണ് കുഞ്ഞിരാരുവിന്റെ റമദാന്‍ സ്പെഷ്യല്‍. ളുഹര്‍ ബാങ്ക് കൊടുക്കുന്നതിന് മുമ്പ് തന്നെ അത് കാലിയാവും"

  ഞങ്ങളുടെ നാട്ടില്‍ ചാത്തുക്കുട്ടിയുടെ കടയില്‍ കയറി നോക്കി വിഭവങ്ങള്‍ അറിയാന്‍ അന്ന് ധൈര്യം വന്നിരുന്നില്ല.
  അവിടെ കയറുന്നതും സിനിമ ഹാളില്‍ പോകുന്നതും ഒക്കെ നാട്ടിലെ തെറിച്ച നമ്ബരുകള്‍ക്ക് മാത്രം അവകാശപ്പെട്ടതായിരുന്നല്ലോ?

  റമദാനില്‍ എന്‍റെ ഉപ്പയുടെ ചായക്കടക്കു അവധിയായിരുന്നു താനും.....

  പള്ളിയിലെ നമസ്കാരത്തിനു സമാനമായി ചാലിയാറിന്റെ തീരത്തെ താറാവി നമസ്കാരം. ഇമാമായി അസ്സല്‍ സുല്ലമി തന്നെ ഉണ്ടായിരുന്നു താനും.
  ചക്കരപ്പോല, ബുള്‍ബുള്‍ മുട്ടായി തുടങ്ങിയ റമദാന്‍ സ്പെഷ്യല്‍ ഐറ്റംസ് അലിക്കാകയുടെ കടയില്‍ നിന്ന് വാങ്ങുന്നതിന് മൌന സമ്മതം ഉണ്ടായിരുന്നു ......
  ഒര്മാപ്പെടുത്തളുകള്‍ക്ക് നന്ദി.....

  ReplyDelete
 41. @Basheer Vallikkunnu
  തെറ്റിധാരണ മാറ്റിയതിനു നന്ദി....

  ഇനി വേറെ ഒരു കാര്യം
  “നീക്കണ്ട.. അത് കൂട്സാ കുട്ട്യോളേ" ഈ പ്രയോഗം ഒരു വള്ളുവനാടന്‍ നായര്‍ തറവാട്ടിലെ വല്യമ്മയുടെ വാക്കുകള്‍ പോലെ തോന്നി, പകരം “നീക്കണ്ട.. അത് കൂട്സാ കുട്ട്യേളേ" അല്ലെങ്കില്‍ "നീക്കണ്ട.. അത് കൂട്സാ മക്കളേ" എന്നായാലെ അത് തനി ഒരു ഏറനാടന്‍ ശൈലിയിലേക്ക് വരൂ,
  എന്റെ ഒരു അഭിപ്രായം ആണ്....

  ReplyDelete
 42. ബഷീര്‍ Vallikkunnu said...'ചിരാത്രോഷിത' എന്നാല്‍ നോമ്പിനു കുടിക്കുന്ന ചീരാക്കഞ്ഞിയാണോ?.
  MT Manaf said... വള്ളിക്കുന്നു പറഞ്ഞ ആ 'ചീരാകഞ്ഞി' ഇച്ചിരി ഞമ്മക്കും വേണം!

  @-ബഷീര്‍ Vallikkunnu
  @-MT Manaf

  ആറ്റിത്തണുപ്പിച്ച 'ചീരാക്കഞ്ഞി' ഒരു കുഞ്ഞി-ക്കയില് കൊടിച്ചോളി
  എന്‍റെ ആരംഭപ്പൂവാവ ബ്ലോഗര്‍മാര്‍ ഒരു നല്ല വാക്ക് പറഞ്ഞോളി.

  അറിയാത്തതൊന്നും ഞാനിന്നോളം ചൊന്നതായോര്‍മയിലില്ലല്ലോ
  എന്‍റെ വാക്കുകളോരോന്നും എണ്ണിപ്പറഞ്ഞാല്‍ മാപ്പ് ഞാന്‍ ചോദിച്ചിടാമല്ലോ

  "ചിരത്രോഷിത മണ്ണില്‍" എന്നെ കുടുക്കണം എന്നൊരു മോഹമുണ്ടോ
  ഇങ്ങിനെ ബ്ലോഗര്‍മാര്‍ ഓരോന്ന് പറയുന്നത് കേള്‍ക്കാനെനിക്ക് കരുത്തുണ്ടോ

  ആറ്റിത്തണുപ്പിച്ച 'ചീരാക്കഞ്ഞി' ഒരു കുഞ്ഞി-ക്കയില് കൊടിച്ചോളി
  എന്‍റെ ആരംഭപ്പൂവാവ ബ്ലോഗര്‍മാര്‍ ഒരു നല്ല വാക്ക് പറഞ്ഞോളി

  .

  ReplyDelete
 43. നോമ്പുകാലത്തെക്കുരിച്ചു വ്യക്തമായ ഒരു ധാരണയൊന്നും ഇല്ലാതിരുന്ന കാലത്ത്, സ്ഥിരമായി വൈകുന്നേരങ്ങളില്‍ കഴിക്കാറുള്ള ബീഫ് കറി ചില ദിനങ്ങളില്‍ ചെല്ലുമ്പോള്‍ "ബീഫ് കഴിഞ്ഞു, ഇനി പുട്ടും കടലയുമുണ്ട്" എന്ന് കുഞ്ഞിരാരുവേട്ടന്‍ പറഞ്ഞതിന്റെ ഗുട്ടന്‍സ് ഇപ്പോഴാണ് പിടി കിട്ടിയത്! ഓര്‍മകളുടെ പൂക്കാലത്തേക്ക്, നമ്മുടെ പ്രിയപ്പെട്ട ഗ്രാമത്തിലേക്ക് ഒരിക്കല്‍ കൂടി കൂട്ടിക്കൊണ്ടു പോയതിനു നന്ദി. അഭിനന്ദനങള്‍!!

  ReplyDelete
 44. ഇങ്ങനെ നോമ്പും തുറന്നോണ്ടിരുന്നോ

  ReplyDelete
 45. @ RajBind : ഡിയര്‍ രാജ് കുമാര്‍, ഞാന്‍ എഴുതിയ കാര്യം വള്ളിക്കുന്നുകാരനായ താങ്കള്‍ സാക്ഷ്യപ്പെടുത്തിയത്തില്‍ പെരുത്ത് സന്തോഷം. ഇതൊക്കെ 'ഒള്ളതാണ്', ഭാവനയില്‍ നിന്ന് എടുത്തു എഴുതുന്നതല്ല എന്ന് ഇച്ചിരി സംശയം ഉള്ളവര്‍ക്ക് മനസ്സിലാവാന്‍ ഇത് ധാരാളം മതി.

  ReplyDelete
 46. @ Noushad Kuniyil : എന്റെ പോസ്റ്റിനെക്കാള്‍ അതി മനോഹരമായ കമന്റുകള്‍ ആണ് താങ്കള്‍ എഴുതുന്നത്‌.
  "വീട്ടിലെ കൊച്ചുബാവമാരെ ലാളിക്കുവാനോ, അവരുടെ സ്നേഹം നുകരുവാണോ സാധിക്കാതെ വൃദ്ധസദനങ്ങളില്‍ കഴിയുവാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരാം ദീര്‍ഘായുസ്സികളായ വല്ലിമ്മമാരുടെയും, വല്ലിപ്പമാരുടെയും പുതിയ ലോകത്ത്, വല്യുമ്മയെ ശ്രവിക്കുവാനോ, ശ്രദ്ധിക്കുവാനോ ആര്‍ക്കുണ്ട് നേരം!".
  സത്യം.. സത്യം..

  മക്കളുടെയും എണ്ണമറ്റ പേരക്കുട്ടികളുടെയും നടുവില്‍ ഒരു രാജ്ഞിയായി ജീവിച്ച എന്റെ വെല്ലിമ്മിച്ചിയെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. തറവാട്ടിലെ അവസാന വാക്കായിരുന്നു വെല്ലിമ്മ. നാട്ടില്‍ പോവുമ്പോഴെക്കെ അവരുടെ കബറിടത്തില്‍ പ്രാര്‍ഥിച്ചു നില്‍ക്കുമ്പോള്‍ ഒരായിരം ഓര്‍മ്മകള്‍ തിക്കിത്തിരക്കിയെത്തും. പുതുതലമുറയിലെ വൃദ്ധസദന സംസ്കാരം ശരിക്കും പേടിപ്പെടുത്തുന്നു.

  ReplyDelete
 47. @ Kappooran: കുട്ട്യോളേ എന്നത് ഒരു വള്ളുവനാടന്‍ സ്ലാംഗ് ആയിരിക്കാം. പക്ഷെ എന്റെ വെല്ലിമ്മ അങ്ങിനെത്തന്നെയാണ് ഉപയോഗിച്ചിരുന്നത്. തിരൂരങ്ങാടിക്കാരിയായിരുന്നു വെല്ലിമ്മ. ഏറനാടന്‍, വള്ളുവനാടന്‍ എന്നിങ്ങനെ വേര്‍തിരിക്കാന്‍ പറ്റാത്ത ഒരു പ്രത്യേക ഭാഷാ രീതിയാണ് തിരൂരങ്ങാടിയിലെ പഴമക്കാരുടെത്. എതായിരുന്നാലും ഒരു സൂക്ഷ്മ വിശകലനം നടത്തിയതിനു നന്ദി. സമര്‍ത്ഥനായ ഒരു നിരൂപകന്‍ താങ്കളില്‍ ഒളിഞ്ഞിരിപ്പുണ്ട്.

  @ Abdul Lathief & Anas Babu: ചായക്കടയിലെ കാര്യം ഇത്ര കൃത്യമായി എഴുതാന്‍ എങ്ങിനെ കഴിഞ്ഞു എന്നത് വളരെ ലോജിക്കലായ ഒരു ചോദ്യമാണ്. അത്താഴക്കള്ളന്മാര്‍ ഞങ്ങളുടെ കുടുംബത്തില്‍ തന്നെ ഏറെയുണ്ടായിരുന്നു. അവരില്‍ നിന്നാണ് ഈ വിവരങ്ങള്‍ ഒക്കെ ഞാന്‍ അടിച്ചെടുത്തത്. അവരുടെയൊന്നും പേര് ചോദിക്കരുത്. കുടുംബ കലഹം ആകും. ഞാന്‍ പണ്ടേ ശുദ്ധനും മര്യാദക്കാരനും പരോപകാരിയും ആയിരുന്നു. ഇന്നും അതിനൊരു മാറ്റമില്ല.

  @ അക്ബര്‍
  'ചിരാത്രോഷിത' കവിത ഞാന്‍ ഈണത്തില്‍ പാടി രസിച്ചു.

  ReplyDelete
 48. കുഞ്ഞിരാരുവിന്റെ ചായക്കട കാണാത്തവര്‍ക്കായി ഇതാ.... http://img832.imageshack.us/img832/2038/ogaaaddesujzm8app9wf74h.jpg


  (with the famous back door)

  ReplyDelete
 49. @ shan
  കുഞ്ഞിരാരുവിന്റെ ചായക്കട ഓണ്‍ലൈനില്‍ ലഭ്യമാക്കിയതിന് നന്ദി..

  ReplyDelete
 50. അനുഭവം ഓര്‍ത്തെടുത്തപ്പോള്‍ അത് മനോഹരമായി ബഷീര്‍ക്ക. റമദാന്‍ മുബാറക്..

  ReplyDelete
 51. Please Visit http://iicmuscat.com/newsen/?qlc_session=surah-al-baqara-ayath-017-020

  ReplyDelete
 52. @ബഷീര്‍ ക
  എന്തിനാ വെല്ലിമ്മ യെ തോണ്ടിയിട്ട് പോയത് . .
  കഞ്ഞിയും ചോറും പത്തിരി യും ഒക്കെയായി വെല്ലിമ്മ പിന്നാലെ നടക്കും . ഇനിക്കിപ്പം വേണ്ട ന്നു പറഞ്ഞു ഞാന്‍ ഓടും ,വെല്ലിമ്മ വിടാതെ പിന്നാലെയും .
  അവസാനം വെല്ലിമ്മ തന്നെ ജയിക്കും ആ പ്ലേറ്റ് ഇല്‍ ഉള്ളത് മുഴുവന്‍ എന്നെ കൊണ്ട് കഴിപ്പിക്കും .
  എന്റെ മാത്രം വെല്ലിമ്മ യുടെ സ്വഭാവം അല്ലിത് .
  നാട്ടിലുള്ള എല്ലാ വെല്ലിമ്മ മാരും പേര കുട്ടികളെ ഇങ്ങിനെയാണ് സ്നേഹിച്ചു വലുതാക്കുന്നത് .
  സ്നേഹിക്കാന്‍ മാത്രം പഠിപ്പിച്ച വെല്ലിമ്മ മാര്‍ക് വേണ്ടി പ്രാര്തനപൂര്‍വ്വം

  ReplyDelete
 53. ഓര്‍മ്മകളുടെ സുഗന്തം....
  നല്ല പോസ്റ്റ്‌ !

  ReplyDelete
 54. mr: basheer sahib , u have a great man, wish u all the best, ur writings r simple , humble and meaningful

  ReplyDelete
 55. ബഷീര്‍ക്ക.... ഓര്‍മകളിലെ നോമ്പ് കാലം മനോഹരം...

  എനിക്കൊക്കെ കേട്ടറിവ് മാത്രമുള്ള കാര്യങ്ങള്‍ ബഷീര്‍ക്കാടെ ഒക്കെ അനുഭവങ്ങള്‍ ആണല്ലേ?? അപ്പൊ ഇശി കാലായിലെ നോമ്പും പെരുന്നാള്‍ ഒക്കെ ആയി ഇവിടെ..ഹ്മ്മം!!!

  റമദാന്‍ മുബാറക്.......പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണമെന്ന വസിയ്യത്തോടെ...

  ReplyDelete
 56. സ്നേഹിക്കാന്‍ മാത്രം പഠിപ്പിച്ച വെല്ലിമ്മ മാര്‍ക് വേണ്ടി പ്രാര്തനപൂര്‍വ്വം

  ReplyDelete
 57. ഞങ്ങളുടെ വെല്ലുമാമാരുടെ ഖബര്‍ വിശാലമാക്നെ അല്ലാഹ്

  ReplyDelete
 58. മമ്മത്താലിക്കയായിരുന്നു താരം.... അല്ലേ.....?????

  ReplyDelete
 59. വളരെ നന്നായി ബഷീർ, ഒരു മുസ്ലീമല്ലാത്ത ഞാൻ, മൊബൈലും ഇന്റെർനെറ്റുമില്ലാതിരുന്ന ആ കാലങ്ങളിലൂടെ ശരിക്കും സഞ്ചരിച്ചു. മമ്മത്താലിക്കയും, കുഞ്ഞിരാരുവും വെല്ലിമ്മിച്ചിയുമെല്ലാം എന്നെ കൂട്ടിക്കൊണ്ടു പോയി എന്നതാണു ശരി. കുപ്പായമിട്ട മമ്മത്താലിക്ക, ഒന്നുമിടാത്ത പോലെ, ചൂളി നിൽക്കുന്ന ആ കാഴ്ച ശരിക്കും എന്നെ ചിരിപ്പിച്ചു. എന്നെങ്കിലും വള്ളിക്കുന്നിൽ വരുമ്പോൾ, തീർച്ചയായും കുഞ്ഞിരാരുവിന്റെ ചായക്കടയിൽ കയറും (പറ്റുമെങ്കിൽ ബാക്ക് ഡോറിലൂടെ :)).

  ReplyDelete
 60. @ രാക്ഷസന്‍
  ആ മോഹം നടക്കില്ല. കുഞ്ഞിരാരു ഇന്നില്ല. ആ ചായക്കടയും. അദ്ദേഹത്തിന്‍റെ മകന്‍ ഇപ്പോള്‍ അവിടെ ഒരു ഫ്രൂട്ട് സ്റ്റാള്‍ നടത്തുകയാണ്. അവിടെ നിന്ന് ഒരു ഗ്ലാസ് സംഭാരം ആവാം..

  ReplyDelete
 61. Great Post ...... Eventhough I am not belongs to Islam, whatever you wrote I also experienced. This is the time we get "Pathiri", prepared from our neighbour houses, and this is only time they prepare too.. 27 th day of the Ramzan and how many prominent memories.. This writing brings the peace eventhough we are living in a very hostile world...
  thank you

  ReplyDelete
 62. “നീക്കണ്ട.. അത് കൂട്സാ കുട്ട്യോളേ ..”
  ഈ വാചകം പറഞ്ഞ വെല്ലുമ്മച്ചിയെ ഞാന്‍ മനസ്സില്‍ കാണുന്നു.പിന്നെ ഷര്‍ട്ടിട്ട് ചൂളി നിന്ന മമ്മദാലിക്കയെയും.

  ReplyDelete
 63. ബാല്യകാലസ്മരണകള്‍ ഏതാണ്ടെല്ലവര്‍ക്കും ഒരേ പോലെ...... .എഴുതാനറിയുന്നവര്‍ എഴുതണമല്ലോ......ഞങ്ങള്‍ക്ക് വേണ്ടി ബഷീര്‍ക്ക എഴുതി.....എന്‍റെ വക ഒരെള്ളുണ്ട... (നോമ്പുകാരനായാണ് "തൃക്കോട്ടൂര്‍ പെരുമ" വായിച്ചത്.... പാതി വഴിയില്‍ നഷ്ടമായ ആ നോമ്പിന്‍റെ ഉത്തരവാദിത്തം യു എ ഖാദറിനു....:)

  ReplyDelete
 64. This comment has been removed by the author.

  ReplyDelete
 65. ബഷീര്‍ക്ക,,,എപ്പോഴെതെയും പോലെ വളരെ നന്നായിട്ടുണ്ട് ട്ടാ,,,എന്റെ കുട്ടിക്കാലത്ത് എന്റെ നാടായ ചെട്ടിപ്പടിയിലും ഇതേ പോലെയുള്ള ഒന്നുരണ്ടു ചായകടകള്‍ ഉണ്ടായിരുന്നു. അതില്‍ കടഞ്ഞിയുടെ പീടിക "നോമ്പ് കര്‍ട്ടനില്‍"എല്ലാവരെയും കടത്തിവെട്ടും.ചെളിപിടിച്ച മേശയും കസേരയും ഈച്ചയിരിക്കുന്ന പലഹാരങ്ങളും മാത്രം സ്വന്തമായുള്ള കടിഞ്ഞിയുടെ മകന്‍ ബാലേട്ടന്‍ നടത്തുന്ന ഈ കടയില്‍, വീട്ടില്‍ നിന്നും നോമ്പും പിടിച്ചു പോളിസ്റെര്‍ മുണ്ടും എടുതുടുത്തു ഇറങ്ങുന്ന പല "നോമ്പ് മാന്യന്മാരും" ഓലകെട്ടിയ പിന്നാമ്പുരതൂടെ കുനിഞ്ഞു കയറി കത്തലടക്കുകയും വൈകീട്ട് വീട്ടിലെ നോമ്പ് വിഭവങ്ങള്‍ക്ക് മുന്‍പില്‍ മഗരിബു ബാങ്കിനു കാതോര്‍ത്തു അക്ഷമാരായിരിക്കുകയും ചെയ്യുന്ന അവരുടെ ചിത്രം ഓര്‍മയില്‍ തെളിയിച്ചതിനു ഒരായിരം നന്ദി.ആ പീടിക ഇന്നും അവിടെ ഉണ്ട് കേട്ടോ,,, മൂന്നു വര്ഷം മുന്‍പ് ഒരു നോമ്പ് കാലത്ത് vacation പോയപ്പോള്‍ ആ പുരാതന നോമ്പ് കര്‍ട്ടന്‍ അവിടെ തൂങ്ങുന്നത് കാണുകയും ചെയ്തു.( ഞാന്‍ അത് കാണുക മാത്രമേ ചെയ്തിട്ടുള്ളൂ കേട്ടോ,,ഇന്നേവരെ ആ മറപൊക്കി നോമ്പ് കാലത്തെന്നല്ല ഒരു സമയത്തും ആ ചായപീടികയില്‍ ഞാന്‍ കയറിയിട്ടില്ല,,,സത്യം )

  ReplyDelete
 66. This post brings back a lot of memories. Amma used to listen to the sounds of the trains to determine the time. She knew when the train reached Vallikkunnu station and after some time she will say "Oh, the train passed Chettippadi gate". I have spent hours waiting at Vallikkunnu station for the local train to kozhikkode. There were some huge trees by the platform. Hope it is still there. Thanks for this beautiful post, it took me down the memory lane.

  ReplyDelete
 67. നന്നായിട്ടുണ്ട്,

  ReplyDelete
 68. ചീരാക്കഞ്ഞി കിട്ടീല ...

  ReplyDelete
 69. മമ്മത്താലിക്കയും വെസ്റ്റ് കോസ്റ്റും പിന്നെ ചീരാകഞ്ഞിയും എല്ലാം കേമം

  ReplyDelete
 70. @ Hameed
  ചെട്ടിപ്പടിയില്‍ നിന്നുള്ള ധാരാളം സുഹൃത്തുക്കള്‍ മാധവാനന്ദം ഹൈസ്കൂളില്‍ എന്റെ സഹപാഠികള്‍ ആയിട്ടുണ്ട്‌. അവരില്‍ ചില അത്താഴക്കള്ളന്മാരെ എനിക്കിപ്പോഴും ഓര്‍മയുണ്ട്. നിങ്ങള്‍ പറഞ്ഞ ഹോട്ടല്‍ ആയിരിക്കണം അവരുടെയൊക്കെ കേന്ദ്രം.

  @ Rajashree
  Excatly.. എന്റെ വെല്ലിമ്മയും ട്രെയിനുകള്‍ പോകുമ്പോള്‍ അത്തരം 'പ്രവചനങ്ങള്‍' നടത്താറുണ്ട്‌. വള്ളിക്കുന്ന് സ്റ്റേഷന്‍ ഇപ്പോള്‍ ഒരുപാട് മാറിപ്പോയി. കിഴക്ക് ഭാഗത്തും പ്ലാട്ഫോം വന്നു. Computerized ബുക്കിംഗ് ആയി. (അതിനെക്കുറിച്ച് ഒരു പോസ്റ്റ്‌ ഞാന്‍ ഇട്ടിരുന്നു) അടുത്ത കാലത്തൊന്നും ആ വഴിക്ക് വന്നിട്ടില്ല അല്ലേ. പഴയ ബെഞ്ചുകള്‍ പോയി. ആ സബര്‍ജല്‍ മരങ്ങള്‍ ഇപ്പോഴുമുണ്ട്. (ഏറെ പുരോഗമിച്ചെങ്കിലും ട്രെയിന്‍ വരുന്നത് കണ്ട ശേഷം ബെല്ലടിക്കുന്ന ആ പഴയ സ്റ്റേഷന്‍ തന്നെയാണ് എനിക്ക് ഇപ്പോഴും ഇഷ്ടം :)).

  ReplyDelete
 71. ബാല്യഓർമ്മയിലേക്കുള്ള പോസ്റ്റു

  ReplyDelete
 72. ബഷീറിന്റെ ബ്ലോഗ്‌ വായിച്ചു. നല്ല എഴുത്ത്. ഇനിയും നന്നായി എഴുതൂ. സ്കൂളില്‍ പഠിക്കുന്ന കാലത്തൊന്നും എഴുത്തിന്റെ അസുഖം ഉണ്ടായിരുന്നില്ലല്ലോ . ഇപ്പോല്‍ ഈ വയസ്സ് കാലത്ത് ബഷീറിന്റെ ബ്ലോഗ്‌ ഒക്കെ വായിക്കലാണ് പണി. പോസ്റ്കളൊക്കെ ഉഷാര്‍.
  ആശംസകളോടെ

  ReplyDelete
 73. സുഖമുള്ള ഓര്‍മ്മകള്‍.. പോസ്റ്റ്‌ നന്നായിരിക്കുന്നു.. ബഷീര്‍ക്കാ. റമദാന്‍ കരീം

  ReplyDelete
 74. @ M.E.Karthiyani
  കാര്‍ത്യായനി ടീച്ചര്‍ ആണോ? ആണ് എങ്കില്‍ ഇവിടെ കണ്ടതിലും ബ്ലോഗ്‌ വായിക്കുന്നുണ്ട് എന്നറിഞ്ഞതിലും വളരെ സന്തോഷം. സ്കൂള്‍ വിട്ട ശേഷം ടീച്ചറെ വല്ലാതെ കണ്ടിട്ടില്ല. പഠിക്കുന്ന കാലത്ത് എഴുത്തിന്റെ അസുഖം ഉണ്ടായിരുന്നില്ല. വായനയുടെ 'അസുഖം' ഉണ്ടായിരുന്നു. എന്നാലും ചില ചില്ലറ എഴുത്തുകളൊക്കെ നടത്തിയിരുന്നു. ഒരിക്കല്‍ സ്കൂള്‍ യുവജനോത്സവത്തിനു ഒരു 'നാടകം' സ്വന്തമായി എഴുതി ഞാനും കൂട്ടുകാരും സ്ക്രീനിംഗ് ടെസ്റ്റില്‍ പങ്കെടുത്തു. ആദ്യത്തെ രണ്ടു രംഗം കണ്ടതോടെ തന്നെ ദേവദാസന്‍ മാഷ്‌ ഇതാര് എഴുതിയതാടാ എന്ന് ചോദിച്ചു. ഞാന്‍ തന്നെ എന്ന് പറഞ്ഞു. അടി കിട്ടിയില്ല എന്നേയുള്ളൂ. ഓടെടാ എന്ന് പറഞ്ഞു. ഞങ്ങള്‍ ഓടി.. ടീച്ചര്‍ക്ക് സുഖം തന്നെയെന്നു കരുതുന്നു. അതിനായി പ്രാര്‍ത്ഥിക്കുന്നു.

  ReplyDelete
 75. "നീക്കണ്ട.. അത് കൂട്സാ കുട്ട്യോളേ" വല്ലാതെ മനസ്സിൽ തട്ടി. ബാല്യവും മരിച്ചു മണ്ണടിഞ്ഞ വല്ലിമ്മയെയും ഒക്കെ ഒരു നിമിഷം ഓർത്തു. നല്ല വായനാനുഭവം. ആരോ ഒന്ന് മോളിൽ പറഞ്ഞത് തികച്ചും ശരിയാണ്, സ്മാരകശിലകളുടെ ഇരിത്.. വളരെ വളരെ നന്നായി.

  ReplyDelete
 76. അതാ മമ്മത്താലിക്കായുടെ കതീനാ വെടി പൊട്ടി...

  ReplyDelete
 77. എന്തിനെയെങ്കിലും കുറിച്ച് വല്ലാതെ ചിന്തിക്കുമ്പൊഴോ.. അതിനെപ്പറ്റി എഴുതുകയോ വായിക്കുകയോ ചെയ്യണമെന്നു കരുതുമ്പോഴോ അവയിൽ മികച്ച ഒരെണ്ണം കാരുണ്യവാനായ് ദൈവം എനിക്കു കാണിച്ചു തരും. അതിലേക്കെത്തിപ്പെടുന്ന രീതി വളരെ വ്യത്യസ്തവും അപ്രതീക്ഷിതവുമായിരിക്കും. വായിക്കുമ്പോൾ തോന്നും ഇതു തന്നെയാണ് ഞാൻ വായിക്കാൻ ആഗ്രഹിച്ചിരുന്നതെന്നും. അതിലൊരു പോസ്റ്റായിരുന്നു ഇത്. ഗൃഹാതുരത്വം ഉണ്ടാക്കുന്ന ഓർമ്മകളിലൂടെ കടന്നു പോകുന്ന ഈ നോമ്പുകാലത്ത് ബാല്യകാല നന്മകളെക്കുറിച്ചും നിഷ്കളങ്കതയെക്കുറിച്ചും കൂടുതൽ ചിന്തിപ്പിച്ച ഈ കുറിപ്പിന് നന്ദി...

  ReplyDelete
 78. എന്തിനെയെങ്കിലും കുറിച്ച് വല്ലാതെ ചിന്തിക്കുമ്പോഴോ.. അതിനെപ്പറ്റി എഴുതുകയോ വായിക്കുകയോ ചെയ്യണമെന്നു കരുതുമ്പോഴോ അവയിൽ മികച്ച ഒരെണ്ണം കാരുണ്യവാനായ ദൈവം എനിക്കു കാണിച്ചു തരും. അതിലേക്കെത്തിപ്പെടുന്ന രീതി വളരെ വ്യത്യസ്തവും അപ്രതീക്ഷിതവുമായിരിക്കും. വായിക്കുമ്പോൾ തോന്നും ഇതു തന്നെയാണ് ഞാൻ വായിക്കാൻ ആഗ്രഹിച്ചിരുന്നതെന്നും. അതിലൊരു പോസ്റ്റായിരുന്നു ഇത്. ഗൃഹാതുരത്വം ഉണ്ടാക്കുന്ന ഓർമ്മകളിലൂടെ കടന്നു പോകുന്ന ഈ നോമ്പുകാലത്ത് ബാല്യകാല നന്മകളെക്കുറിച്ചും നിഷ്കളങ്കതയെക്കുറിച്ചും കൂടുതൽ ചിന്തിപ്പിച്ച ഈ കുറിപ്പിന് നന്ദി...

  ReplyDelete
 79. ബഷീര്കാ ഒറ്റ വാകേയുള്ളൂ നന്നായി ..ഒരു തലമുറയുടെ ഓര്‍മകളിലേക്ക് വഴി നടത്തി ...അത് കൊണ്ട് തന്നെ എനിക്കിഷ്ട്ടപ്പെട്ടു

  ReplyDelete
 80. ബഷീര്ക, നിങ്ങള്‍ ഏതായാലും, പരപ്പനങ്ങാടിയെ കുറിച്ച് എഴുതില്ലല്ലോ, അതിനാല്‍ പരപ്പനാടന്‍ അനുഭവങ്ങള്‍ ഞാന്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്, എം വി എച് എസ് വരെ യാണ് നമ്മുടെ അതിര്‍ത്തി.. അത് മറക്കണ്ട, നിങ്ങള്‍ ഇങ്ങോട്ട് കടക്കരുത്...ഞാന്‍ അങ്ങോട്ടും കടക്കില്ലാ...കടന്നാല്‍ വിവരമറിയും .കളി പരപ്പനാടനോട് വേണ്ട... ...പുതിയ നോമ്പനുഭവങ്ങള്‍ വായിക്കുക, നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ലിങ്ക് നല്‍കുക..http://parappanadan.blogspot.com

  ReplyDelete
 81. ബഷീര്ക, നിങ്ങള്‍ ഏതായാലും, പരപ്പനങ്ങാടിയെ കുറിച്ച് എഴുതില്ലല്ലോ, അതിനാല്‍ പരപ്പനാടന്‍ അനുഭവങ്ങള്‍ ഞാന്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്, എം വി എച് എസ് വരെ യാണ് നമ്മുടെ അതിര്‍ത്തി.. അത് മറക്കണ്ട, നിങ്ങള്‍ ഇങ്ങോട്ട് കടക്കരുത്...ഞാന്‍ അങ്ങോട്ടും കടക്കില്ലാ...കടന്നാല്‍ വിവരമറിയും .കളി പരപ്പനാടനോട് വേണ്ട... ...പുതിയ നോമ്പനുഭവങ്ങള്‍ വായിക്കുക, നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ലിങ്ക് നല്‍കുക..http://parappanadan.blogspot.com

  ReplyDelete
 82. This comment has been removed by the author.

  ReplyDelete