ദാല്‍ തടാകത്തിലെ രണ്ടു രാത്രികള്‍

'ഇദര്‍ സുകൂന്‍ ഹേതോ ഹം ലോകോംകോ സിന്ദഗി ഹെ, സുകൂന്‍ നഹീ തോ സിന്ദഗി നഹി' ദാല്‍ തടാകത്തിലെ ചെറിയ തോണി തുഴഞ്ഞു കൊണ്ട് നൂര്‍ മുഹമ്മദ്‌ പറഞ്ഞ ആ വാക്കുകള്‍ എന്നെ വല്ലാതെ സ്പര്‍ശിച്ചു. "ഇവിടെ സമാധാനം ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ജീവിതമുണ്ട്. ഇല്ലെങ്കില്‍ ജീവിതമില്ല". നൂര്‍ മുഹമ്മദിന്റെ ജീവിതം ദാല്‍ തടാകത്തിലെ തോണിയില്‍ ആണ്. അവിടെ ടൂറിസ്റ്റുകള്‍ വന്നാല്‍ അവന്റെ ജീവിതത്തിനു നിറമുണ്ടാകും. സംഘര്‍ഷം കാരണം ടൂറിസ്റ്റുകള്‍ വരാതായാല്‍ നൂര്‍ മുഹമ്മദിന്റെ മാത്രമല്ല അവനെപ്പോലെ ആയിരക്കണക്കിന് ആളുകളുടെ ജീവിതം നിറം കെടും.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് ഞാന്‍ കാശ്മീരില്‍ പോയത്. മനോഹരമായ ആ യാത്രയെക്കുറിച്ച് എഴുതണം എന്നുണ്ടായിരുന്നെങ്കിലും ഇതുവരെ നടന്നില്ല. കഴിഞ്ഞ ദിവസം പത്രത്തില്‍ ഒരു വാര്‍ത്ത‍ കണ്ടു. സംഘര്‍ഷത്തിനു അയവ് വന്നതോടെ കാശ്മീരില്‍ ടൂറിസം പച്ച പിടിക്കുന്നു (Tourism Boost in Kashmir as violence ebbs) എന്ന തലക്കെട്ടില്‍ AFP യുടെ സ്റ്റോറി. നൂര്‍ മുഹമ്മദ്‌ എന്റെ ഓര്‍മയിലെക്കെത്താന്‍ അതാണ്‌ കാരണം.  ഏതാണ്ട് ഏഴു ലക്ഷം ടൂറിസ്റ്റുകള്‍ ഈ വര്‍ഷം ഇതുവരെ കാശ്മീര്‍ സന്ദര്‍ശിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ കാണുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടക്ക് ഇത്രയും അധികം ആളുകള്‍ കാശ്മീര്‍ സന്ദര്‍ശിക്കുന്നത് ഇതാദ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടൂറിസ്റ്റുകള്‍ ധാരാളം വന്നു തുടങ്ങിയത് കാരണം നൂര്‍ മുഹമ്മദ്‌ ഇപ്പോള്‍ നല്ല സന്തോഷത്തില്‍ ആയിരിക്കണം .

ഒരു വൈകുന്നേരമാണ് ശ്രീനഗറില്‍ ഞങ്ങള്‍ എത്തുന്നത്. മൊത്തം എട്ടു പേര്‍ അടങ്ങുന്ന ഒരു സംഘമായിരുന്നു ഞങ്ങളുടേത്. എന്റെ വലിയ ജേഷ്ഠന്‍ മുഹമ്മദ്, ചെറിയ ജേഷ്ഠന്‍ റസാക്ക്, സുഹൃത്ത് ഗഫൂര്‍ , ജേഷ്ഠന്റെ അളിയന്‍ ലത്തീഫ്, എന്റെ രണ്ടു എളാപ്പമാര്‍ (കോയ ആപാപ്പയും അഹമ്മദ് ആപാപ്പയും) . കൂടെ ഡ്രൈവറും റസാക്കിന്റെ സുഹൃത്തുമായ രത്തന്‍ സിങ്ങും. യാത്ര കാശ്മീരിലേക്ക് ആയതിനാല്‍ അല്പം ഭയമുണ്ടായിരുന്നു. 'കലാപവും വെടിവെപ്പും ഭീകരവാദികളും'!!!. കാശ്മീരിനെക്കുറിച്ച് നാളിതു വരെ നല്ലതായി ഒന്നും കേട്ടിട്ടില്ല. അതുകൊണ്ട് തന്നെ കുടുംബത്തെ കൂടെ കൂട്ടിയില്ല. ഒരു ബാച്ച്ലര്‍ ട്രിപ്പ്‌ ആണ് നല്ലതെന്ന് തോന്നി.  ജേഷ്ഠന്‍ റസാക്കിന്റെ വര്‍ക്ക്‌ സൈറ്റുള്ള പഞ്ചാബിലെ ഖാദിയാനില്‍ നിന്നും ഒരു സ്കോര്‍പിയോ കാറിലാണ് ഞങ്ങള്‍ പുറപ്പെട്ടത്‌. അതിരാവിലെ പുറപ്പെട്ട് ജമ്മു വഴി ശ്രീനഗറില്‍ എത്തിയപ്പോള്‍ ഏതാണ്ട് ഇരുട്ടിത്തുടങ്ങിയിട്ടുണ്ട്. നേരെ ദാല്‍ തടാകത്തിലേക്കാണ് പോയത്.


നല്ല വിശപ്പുണ്ടായതിനാല്‍ തടാകക്കരയിലെ ഒരു ഹോട്ടലില്‍ നിന്നും  ഭക്ഷണം കഴിച്ചു. ഹോട്ടലിന്റെ ചില്ലുപാളികളിലൂടെ നോക്കുമ്പോള്‍ ദാല്‍ തടാകം ഹൌസ് ബോട്ടുകളിലെ വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുകയാണ്. ഓളങ്ങളില്‍ ബോട്ടുകളില്‍ നിന്നുള്ള വര്‍ണപ്രപഞ്ചം തത്തിക്കളിക്കുന്നു. പിറകില്‍ മഞ്ഞു മലകള്‍ . അല്പം കവിതാ വാസന ഉണ്ടെങ്കില്‍ ഒറ്റയിരുപ്പിനു ഒരു മഹാകാവ്യം എഴുതാനുള്ള വകുപ്പുണ്ട്. അമ്മാതിരി ലൊക്കേഷനാണ്.  കക്കൂസിലിരുന്നു പോലും പാട്ട് പാടിയിട്ടില്ലാത്ത എന്റെ നാവിലും രണ്ടു വരിയെത്തി. കുയിലേ, നീലക്കുയിലേ.. (അങ്ങിനെ ഒരു പാട്ടുണ്ടോ ആവോ).

പതിനെട്ടു സ്ക്വയര്‍ കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന വിശാലമായ ഒരു തടാകമാണിത്. തടാകത്തിന്റെ തീരങ്ങളിലായി മുഗള്‍ രാജാക്കന്മാര്‍ ഉണ്ടാക്കിയ നിരവധി പൂന്തോട്ടങ്ങളുണ്ട്. അവരുടെ വേനല്‍ക്കാല ഒഴിവു കേന്ദ്രം ശ്രീനഗര്‍ ആയിരുന്നുവല്ലോ. പ്രസിദ്ധമായ ഹസ്രത് ബാല്‍ പള്ളിയും ഇതിനു സമീപത്താണ്. താമസം തടാകത്തിലെ ഏതെങ്കിലും ഒരു ബോട്ടില്‍ മതി എന്ന് നേരത്തെ തീരുമാനിച്ചതാണ്. ഹോട്ടലുകളിലും ലോഡ്ജുകളിലും താമസിച്ചു മടുത്തവരാണ് ഞാനടക്കമുള്ള സംഘത്തിലെ എല്ലാവരും. King of Kashmir എന്ന മനോഹരമായ ഒരു ഹൗസ് ബോട്ടാണ് ഞങ്ങള്‍ താമസത്തിനായി തിരഞ്ഞെടുത്തത്. പേരില്‍ ഒരു കിംഗ്‌ ഉണ്ടാവുന്നത് എന്ത് കൊണ്ടും നല്ലതാണല്ലോ. മാത്രമല്ല വില പേശി അല്പം മാന്യമായ തുകക്ക് കിട്ടുകയും ചെയ്തു. ഒരു രാത്രിക്ക് മുവ്വായിരം രൂപയാണ് വാടക. പുറത്തെ വലിയ ഹോട്ടലുകളില്‍ റൂം എടുക്കുകയാണെങ്കില്‍ ഇതിലും കൂടുതല്‍ കാശാവും എന്നത് ഉറപ്പ്.

മൂന്നു ബാത്ത് അറ്റാച്ച്ഡ് ബെഡ് റൂമുകള്‍ . ലിവിംഗ് റൂം, കിച്ചണ്‍ എല്ലാം ഉണ്ട്. ആലപ്പുഴയിലെയും കുമരകത്തെയും ഹൗസ് ബോട്ടുകളില്‍ ഞാന്‍ താമസിച്ചിട്ടുണ്ട്. അവിടുത്തെ ചാര്‍ജുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ കുറഞ്ഞ നിരക്കാണ് ലോക പ്രശസ്തമായ ഈ തടാകത്തിലേത്. പക്ഷെ ഒറ്റ തകരാറുണ്ട്. ബോട്ട് ചലിക്കില്ല.  തടാകത്തിന്റെ അരികില്‍ വെള്ളത്തില്‍ ഉറപ്പിച്ചു നിര്‍ത്തിയവയാണ് അവ. അതുകൊണ്ട് തന്നെ ഇവയെ ബോട്ട് എന്ന് വിളിക്കാന്‍ പറ്റുമോ എന്നറിയില്ല. വിശ്രമം, ഭക്ഷണം, ഉറക്കം, കുളി എന്നിവ ഇവക്കുള്ളില്‍ കഴിക്കുക. തടാകം ചുറ്റാന്‍ കൊച്ചു തോണികള്‍ ഉപയോഗിക്കുക. അതാണ്‌ അവിടത്തെ രീതി.

ദാല്‍ തടാകത്തിന്റെ ആകാശ വീക്ഷണം.
(ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം. Picture Courtesy: Google)
തടാകത്തിന്റെ ഓരം ചേര്‍ന്ന് കിടക്കുന്ന ഹൗസ് ബോട്ടുകള്‍ ശ്രദ്ധിക്കുക.

 ഇടത്ത് നിന്ന് രണ്ടാമത്തേതാണ് King of Kashmir

തടാകക്കരയില്‍ നിന്ന് ബോട്ടിലേക്ക് ചെറിയ തോണിയിലാണ് ഞങ്ങളെ കൊണ്ട് പോയത്. ബോട്ടിലെ സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. റൂമുകള്‍ കാണിച്ചു തന്ന ശേഷം ബോട്ട് മുതലാളി പോയി. ആഷിഖ് എന്ന ഒരു പയ്യന്‍ മാത്രമേ അവരുടെ ആളായി ബോട്ടിലുള്ളൂ.  കോലായയിലെ കസേരകളില്‍ ഇരുന്നു ഞങ്ങള്‍ അല്‍പ നേരം വെടി പറഞ്ഞു. തടാകത്തിലെ ഓളങ്ങളെ നോക്കി പ്രകൃതി ഭംഗി ആസ്വദിച്ചു. വഴിക്കടവ് മണിമൂളി സ്വദേശിയായ ഗഫൂര്‍ ഏതോ പാട്ട് ഉറക്കെ  പാടുന്നുണ്ട്. കേട്ടിട് ഹിന്ദിയോ മലയാളമോ അതോ പഞ്ചാബിയോ എന്ന് ഒരു പിടിയും കിട്ടുന്നില്ല. പുറമേക്ക് കോട്ട് ഇട്ടിട്ടുണ്ടെങ്കിലും ഗഫൂര്‍ ശ്രുതിയും ഷഡ്ജവും ഇട്ടിട്ടില്ല എന്നത് ഉറപ്പാണ്.  ശരത് അണ്ണാച്ചി കൂടെയുണ്ടായിരുന്നെങ്കില്‍ ഇവനെ ഈ കായലില്‍ തന്നെ മുക്കി കൊന്നേനെ!. ചിരിക്കുന്ന കാര്യത്തില്‍ വളരെ പിശുക്കനായ രത്തന്‍ സിംഗ് പോലും ഗഫൂറിനെ നോക്കി ചിരിക്കുന്നത് കണ്ടു. ഒരു പക്ഷെ പഞ്ചാബി പാട്ട് ആയിരിക്കണം.   'ഭായി സാബ്, സോജാവോ സോജാവോ' എന്ന് ബോട്ടിലെ പയ്യന്‍ ഇടയ്ക്കിടെ വന്ന് പറയുന്നുണ്ട്. നിങ്ങള്‍ ഉറങ്ങിയാല്‍ എനിക്കും ഉറങ്ങാം എന്നതാണ് അതിന്റെ പച്ച മലയാളം. അല്ലേലും ആ രാത്രി ശിവരാത്രിയാക്കാന്‍ ഞങ്ങള്‍ക്ക് പരിപാടി ഇല്ലായിരുന്നു. പകല്‍ മുഴുവന്‍ പര്‍വത നിരകള്‍ കയറിയിറങ്ങിയുള്ള യാത്രയിലായതിനാല്‍ നല്ല ക്ഷീണമുണ്ട്. തണുത്ത കാറ്റ് വീശുന്നുമുണ്ട്.  എല്ലാവരും റൂമുകളിലേക്ക് നീങ്ങി. നല്ല കിടക്കകള്‍ , മരം കോച്ചുന്ന തണുപ്പ്, കൂടെ കാശ്മീരി കമ്പിളിയും. കിടക്കയിലേക്ക് നോക്കി നിന്നത് മാത്രമേ എനിക്കോര്‍മയുള്ളൂ. സുഖ സുന്ദര സുഷുപ്തി..

ഷാജഹാന്‍ ചക്രവര്‍ത്തി എന്റടുത്തു വന്നു ' ബ്ലോഗര്‍ വള്ളിക്കുന്നല്ലേ,  ഈ ആഴ്ചയിലെ പോസ്റ്റ് ഏതാ?" എന്ന് ചോദിക്കുമ്പോഴാണ് "ഭായി സാബ് ഉഡോ ഉഡോ'  എന്ന ആഷിഖിന്റെ ഒടുക്കത്തെ വിളി. കട്ടന്‍ കാപ്പിയുമായാണ് പയ്യന്റെ നില്‍പ്പ്. (നല്ല ടിപ്സ് കിട്ടാനുള്ള നമ്പരുകളാണ് ഇതൊക്കെ. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഇതുപോലുള്ള ആഷിഖുമാര്‍ ഉണ്ടാകും. ചക്രവര്‍ത്തിയെ ഒന്ന് സൌകര്യമായിട്ട് കിട്ടിയതായിരുന്നു. അതവന്‍ കളഞ്ഞു കുളിച്ചു) ബാത്ത് റൂമുകളില്‍ ചുടു വെള്ളം റെഡിയാണ്.  നമസ്കാരവും മറ്റു പ്രഭാത കൃത്യങ്ങളും കഴിഞ്ഞു പുറത്തു വന്നപ്പോള്‍  മനോഹരമായ കൊച്ചു തോണികളുമായി രണ്ടു പേര്‍ കാത്തുനില്‍ക്കുന്നുണ്ട്‌. പേര് ചോദിച്ചു പരിചയപ്പെട്ടു. ഒന്ന് നൂര്‍ മുഹമ്മദ്‌. മറ്റെയാള്‍ അസ്ഹര്‍ ഗുല്‍ . ഞങ്ങളെ ദാല്‍ തടാകം ചുറ്റിക്കാണിക്കാന്‍  ബോട്ട് മുതലാളി ഏര്‍പാട് ചെയ്തതാണ്.

 മുഹമ്മദ്‌ നൂറും അസ്ഹര്‍ ഗുല്ലും

ദാല്‍ തടാകവും പരിസരവും ഞാന്‍ സൂക്ഷ്മ നിരീക്ഷണം നടത്തി. തലേ ദിവസം രാത്രി വന്നിറങ്ങിയതിനാല്‍ പ്രകൃതിയുടെ ഒരു ഗൂഡ സൌന്ദര്യം മാത്രമേ ആസ്വദിക്കാന്‍ പറ്റിയിരുന്നുള്ളൂ. ഇപ്പോള്‍ അത് പൂര്‍ണ ദൃശ്യമായി. മല നിരകളില്‍ മഞ്ഞു കുറവാണ്. ഏപ്രില്‍ മാസത്തില്‍ ഇത്രയേ കാണൂ. കടുത്ത ശൈത്യ കാലത്ത് പൂര്‍ണമായും മഞ്ഞു മൂടും. തടാകത്തില്‍ തോണി തുഴയാന്‍ പറ്റാത്ത വിധം വെള്ളം കട്ട പിടിക്കാറുണ്ടത്രേ. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരിക്കല്‍ ഈ തടാകം പൂര്‍ണമായും മഞ്ഞു കട്ടയായി മാറിയതായി നൂര്‍ മുഹമ്മദ്‌ പറഞ്ഞു. അന്ന് കുട്ടികള്‍ ഈ തടാകത്തില്‍ ക്രിക്കറ്റ് കളിച്ചിരുന്നുവത്രേ.

നൂര്‍ മുഹമ്മദുമായി സംസാരിച്ചിരിക്കുന്നതിനിടയില്‍ ഫോട്ടോ എടുക്കുന്നോ എന്ന് ചോദിച്ചു മറ്റൊരു തോണിക്കാരനും എത്തി. Mobile Photoshop എന്നാണു അവന്റെ തോണിയുടെ പേര്. ഫോട്ടോ വേണ്ട എന്ന് പറഞ്ഞിട്ടും കക്ഷി പോകുന്നില്ല. കാശ്മീരി ഡ്രസ്സില്‍  ടൂറിസ്റ്റുകള്‍ എടുത്ത ഫോട്ടോകളുടെ സാമ്പിള്‍ കാണിച്ചു തന്നു. വിദേശികളും സ്വദേശികളുമൊക്കെ അതിലുണ്ട്. ഫോട്ടോകള്‍ എനിക്ക് ഇഷ്ടപ്പെട്ടെങ്കിലും ഞാന്‍ കുറച്ചു നേരം മസില്‍ പിടിച്ചു നിന്നു. അപ്പോള്‍ അവന്റെ അവസാനത്തെ നമ്പര്‍ "ആപ്കോ കാശ്മീരി ഡ്രസ്സ്‌ ബഹുത്ത് അച്ചാ ലെഗേഗാ". ആ ലെഗേഗായില്‍ ഞാന്‍ വീണു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

ദാല്‍ തടാകം ആസ്വദിച്ചു ചുറ്റിക്കറങ്ങണമെങ്കില്‍ നാലഞ്ചു ദിവസം വേണമെന്നാണ് നൂര്‍ മുഹമ്മദ്‌ പറഞ്ഞത്. ഞങ്ങള്‍ക്കാണെങ്കില്‍ ഉച്ചയോടെ മറ്റു സ്ഥലങ്ങള്‍ കാണാനായി പോകണം. രാത്രിയോടെ തടാകത്തില്‍ തിരിച്ചെത്തി അന്തിയുറക്കം ബോട്ടില്‍ ആക്കുക. അങ്ങിനെയാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. രണ്ടു രാത്രികള്‍ക്കാണ്  ബോട്ട് ബുക്ക്‌ ചെയ്തത്. കിലോമീറ്ററുകള്‍ നീളത്തില്‍ കിടക്കുന്ന തടാകത്തിന്റെ ഉള്‍വഴികളിലേക്ക് വല്ലാതെ പോയില്ല. കരയോട് ചേര്‍ന്ന തടാകത്തിന്റെ ചില ഭാഗങ്ങളില്‍ പൂക്കളുടെ കൊച്ചു ദ്വീപുകള്‍ ഉണ്ട്. അവ വെള്ളത്തില്‍ ഒഴുകി നടക്കുന്നവായാണ്. അവയെ ഫ്ലോട്ടിംഗ് ഗാര്‍ഡന്‍ എന്ന് തീര്‍ച്ചയായും വിളിക്കാം. തോണിയില്‍ ചുറ്റുന്നതിനിടയില്‍ തന്നെ കച്ചവടക്കാരായ മറ്റു തോണിക്കാര്‍ വരുന്നും പോകുന്നുമുണ്ട്. ചൂടോടെയുള്ള ഭക്ഷണം, കൌതുക വസ്തുക്കള്‍ , പൂവുകള്‍ , കാശ്മീരി ഷാള്‍ , കുങ്കുമം തുടങ്ങി എല്ലാം തോണികളില്‍ വില്പനക്കുണ്ട്. വില്പന വസ്തുക്കളുമായി തോണിക്കാര്‍ എത്തുമ്പോള്‍ നൂര്‍ മുഹമ്മദും കൂട്ടുകാരനും ഞങ്ങളുടെ തോണി ആ തോണികളോട് അടുപ്പിച്ചു നിര്‍ത്തും. അത് അവര്‍ തമ്മിലുള്ള ഒരു അഡ്ജസ്റ്റ്മെന്റ്റ് ആണ്. ചിലതൊക്കെ ഞങ്ങള്‍ വാങ്ങി. കൊല്ലുന്ന വിലയൊന്നും ഇല്ലെങ്കിലും അല്പം വിലപേശാന്‍ അറിഞ്ഞാല്‍  അതിന്റെ ഗുണമുണ്ട്.   

 ഒരു തോണിക്കാരനില്‍ നിന്നും ഞങ്ങള്‍ കാശ്മീരി ബ്രേക്ക് ഫാസ്റ്റ് വാങ്ങിക്കഴിച്ചു.

ചെറിയ തോണികള്‍ ആണെങ്കിലും ഇരിക്കാനും കിടക്കാനും വേണ്ട സൌകര്യങ്ങളെല്ലാം അതിലുണ്ട്.
രജനി സ്റ്റൈലില്‍ പോസ് ചെയ്യുന്നത് ഗഫൂര്‍

തടാകത്തില്‍ തന്നെയുള്ള ഒരു തുണിക്കടയില്‍ കയറി കൊച്ചു പര്‍ച്ചേസിങ്ങും നടത്തി. എല്ലാവരും കാശ്മീരി ഷാളും സാരിയുമാണ് വാങ്ങിച്ചത്. 'അഭ്യന്തര വകുപ്പിനെ' പിണക്കാതിരിക്കുക എന്നത് വളരെ പ്രധാനമാണല്ലോ. കൂടെ കൂട്ടാത്തതിനു ഒരു ചെറിയ പിണക്കം സ്വാഭാവികമാണ്. അത് മാറ്റാന്‍ സാരിയോളം പറ്റിയ വേറെ ഒരായുധമില്ല. അനുഭവമാണല്ലോ ഏറ്റവും വലിയ ഗുരു.

യാത്രക്കിടയില്‍ കാഴ്ചകള്‍ കാണുന്നതോടൊപ്പം നൂര്‍ മുഹമ്മദുമായും അസ്ഹര്‍ ഗുല്ലുമായും സംസാരിക്കാനാണ് എനിക്ക് ഏറെ താത്പര്യം ഉണ്ടായിരുന്നത്. നൂര്‍ മുഹമ്മദ്‌ ഒരു സംസാരപ്രിയനും ആയിരുന്നു. കല്യാണം കഴിച്ചിട്ടില്ല. പ്രായമായ ഉമ്മയും ഉപ്പയും രണ്ടു സഹോദരിമാരും ഒരു അനിയനും ഉണ്ട്. അനിയന്‍ സ്കൂളില്‍ പഠിക്കുന്നു. ഉപ്പ രോഗിയാണ്. പഠനം നിര്‍ത്തി കുടുംബം പോറ്റാന്‍ തടാകത്തില്‍ തോണി തുഴയുന്ന നൂര്‍ മുഹമ്മദില്‍ ആണ് ആ കുടുംബത്തിന്റെ പ്രതീക്ഷ. നാല് മണിക്കൂര്‍ ബോട്ടില്‍ കറങ്ങിയതിന് മുന്നൂറു രൂപയാണ് ഞങ്ങള്‍ കൊടുത്തത്. ടൂറിസ്റ്റുകളുമായി സംസാരിച്ചു കൊണ്ടേയിരിക്കുന്നതിനാല്‍ അല്പം ഇംഗ്ലീഷൊക്കെ നൂറിനു അറിയാം. ഉര്‍ദുവില്‍ സംസാരിക്കുന്നതിനിടക്ക് അറിയാവുന്ന ഇംഗ്ലീഷില്‍ ഇടയ്ക്കിടയ്ക്ക് ഓരോ ഡയലോഗ് ഫിറ്റ്‌ ചെയ്യുന്നുണ്ട്. നൂറിന്റെ ചങ്ങാത്തം ഞങ്ങള്‍ ശരിക്കും ആസ്വദിച്ചു.

ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള തര്‍ക്കങ്ങളെക്കുറിച്ചും ഞാന്‍ നൂറിനോട് ചോദിച്ചു. അപ്പോഴാണ്‌ ആ തര്‍ക്കങ്ങളെക്കുറിച്ചൊന്നും വലിയ അറിവില്ലെന്നും കാശ്മീരില്‍ സമാധാനം ഉണ്ടെങ്കിലേ ഞങ്ങള്‍ക്കൊരു  ജീവിതമുള്ളൂ എന്നും നൂര്‍ പറഞ്ഞത്. തീര്‍ത്തും സത്യമാണത് . ജീവിതവൃത്തി കഴിക്കാന്‍ പാട് പെടുന്ന പാവങ്ങളെ സംബന്ധിച്ചിടത്തോളം രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ അവരുടെ അജണ്ടകളില്‍ വരാത്ത വിഷയമാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയൊക്കെയാണ് അവരുടെ ജീവിതത്തിന്റെ 'തര്‍ക്കഭൂമികള്‍ '. നമുക്ക് കാശ്മീര്‍ എന്ന് കേള്‍ക്കുമ്പോള്‍ വെടിയുതിര്‍ക്കുന്ന ഭീകരനെയാണ് ഓര്‍മ വരുന്നത്. കശ്മീര്‍ സന്ദര്‍ശിക്കുന്നവന്‍ പോലും നമുക്കിന്നു ഭീകരനാണ്!!! നമ്മുടെ തന്നെ മാധ്യമങ്ങള്‍ നമുക്ക് നല്‍കുന്ന ചിത്രങ്ങള്‍ അതാണ്‌. ജനസംഖ്യയുടെ ഒരു ശതമാനം പോലും വരാത്ത തീവ്രവാദികളുടെ കണക്കില്‍ നാം തൊണ്ണൂറ്റി ഒമ്പത് ശതമാനത്തിന്റെ ജീവിതം മറക്കുന്നു. ലോകത്തെ ഏറ്റവും പ്രശസ്തമായ ഒരു ടൂറിസ്റ്റ് ആകര്‍ഷണമായി മാറേണ്ട പ്രദേശമാണ് കശ്മീര്‍ . പക്ഷെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാണിക്കുന്ന 'ഭീകരതയുടെ ദൃശ്യങ്ങള്‍ ' പലരെയും ഇങ്ങോട്ട് വരുന്നതില്‍ നിന്ന് അകറ്റുന്നു. ഇന്ത്യയുടെ മണ്ണിലെ ഏറ്റവും വിലപിടിപ്പുള്ള മുത്താണ് കാശ്മീര്‍ . ആ  ഭൂപ്രകൃതിയുടെ വശ്യത വാക്കുകളില്‍ പകര്‍ത്താനാവില്ല. അത് അനുഭവിച്ചു തന്നെ അറിയേണ്ട ഒന്നാണ്. ആ മണ്ണിനെയും അവിടത്തെ ജനതയെയും നാം കുറേക്കൂടി അടുത്തറിയേണ്ടിയിരിക്കുന്നു. അവരെ കുറേക്കൂടി ഇഷ്ടപ്പെടേണ്ടിയിരിക്കുന്നു.

പതിനൊന്ന് മണിയോടെ ഞങ്ങള്‍ ദാല്‍ തടാകത്തില്‍ നിന്ന് പുറത്തിറങ്ങി. പിന്നെ പോയത് ഗുല്‍മാര്‍ഗിലെ മഞ്ഞു മലകളുടെ മുകളിലേക്കാണ്. അതിനെക്കുറിച്ച് എഴുതണോ എന്ന് തീരുമാനിച്ചിട്ടില്ല. യാത്രാവിവരണമൊന്നും എനിക്ക് പറഞ്ഞ ഫരിപാടിയല്ല!  ഗുൽമാർഗിലെ മഞ്ഞുമലയിൽ

Related Posts (Travel)
മരുഭൂമിയില്‍ രണ്ടു നാള്‍ അഥവാ ആട് ജീവിതം റീലോഡഡ്
പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി
കാത്തയെ കണ്ട ഓര്‍മയില്‍