ചതിക്കരുത് ധോണീ, ചതിക്കരുത്!!

വേള്‍ഡ് കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ക്രിക്കറ്റില്‍ താത്പര്യമില്ലാത്ത ഏത് കൊഞ്ഞാണനും അല്പം താത്പര്യം വരും. അങ്ങനെ താത്പര്യം കൂടിയ ഒരു കൊഞ്ഞാണനാണ് ഞാനും. പാക്കിസ്ഥാന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് അല്പം ചൊറിഞ്ഞു വരും. അത് പരമ്പരാഗതമായി കിട്ടിയ ഒരു ചൊറിച്ചിലാണ്. അവരോടു നമ്മുടെ രാജ്യം ഏറ്റുമുട്ടുമ്പോള്‍ പിന്നെ പറയുകയും വേണ്ട. ആ ചൊറിച്ചില്‍ അതിന്റെ ക്ലൈമാക്സ്‌ പിടിക്കും.



പാകിസ്ഥാന്‍കാരന്റെ അവസ്ഥ ഇതിനേക്കാള്‍ കഷ്ടമാണ്. ഇന്ത്യ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അവരില്‍ ചിലര്‍ക്കൊക്കെ ഒരുതരം അപസ്മാരം വരാനുണ്ട്. അതും രക്തത്തില്‍ ഉള്ളതാണ്. ഈ ചൊറിച്ചിലും അപസ്മാരവുമാണ് ഇന്ത്യ പാക്കിസ്ഥാന്‍ കളിയുടെ ടെമ്പറേച്ചര്‍ കൂട്ടുന്നത്‌.   

മൊഹാലിയിലെ ഗ്രൗണ്ടില്‍ കളി കാണാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി വരും. നമ്മുടെ പ്രധാനമന്ത്രിയും ഉണ്ടാവും. ഷാരൂഖ് ഖാന്‍ മുതല്‍ അസിന്‍ വരെയുള്ള ബോളിവുഡ് താരങ്ങളും അഡ്വാനി മുതല്‍ കെ സുധാകരന്‍ വരെയുള്ള രാഷ്ട്രീയക്കാരും കാണും. കളി പഞ്ചാബിലായത് കൊണ്ട് എന്റെ സുഹൃത്ത് ഖുല്‍ബൂഷന്‍ജിയും കുടുംബവും ഗ്രൗണ്ടില്‍ ഉണ്ടാകാനിടയുണ്ട്.ടിക്കറ്റ്‌ വില്‍ക്കുന്നിടത്തു ലാത്തിച്ചാര്‍ജ്, അയ്യായിരം രൂപയുടെ ടിക്കറ്റിനു കരിഞ്ചന്തയില്‍ അന്‍പതിനായിരം.  എന്നൊക്കെയാണ് പറഞ്ഞു കേള്‍ക്കുന്നത്. പരത്തിപ്പറയാതെ ചുരുക്കിപ്പറഞ്ഞാല്‍ മൊഹാലിയില്‍ വീശാനുള്ള ക്രിക്കറ്റ് സുനാമി റെഡിയായിക്കഴിഞ്ഞു. ദേക്തെ രഹോ.. 

ഈ വേള്‍ഡ് കപ്പിന്റെ ശരിയായ താരം സച്ചിനോ ധോണിയോ അല്ല. മന്‍മോഹന്‍ സിങ്ങാണ്. മുംബൈ ആക്രമണത്തിനു ശേഷം ഏറെ വഷളായ ഇന്ത്യ പാക്ക് ബന്ധത്തെ ബൌണ്ടറി ലൈനിനു അകത്തേക്ക് കൊണ്ടുവരുവാന്‍ ഈ അവസരം ഉപയോഗപ്പെടുത്തി അദ്ദേഹം ക്രിക്കറ്റ് ഡിപ്ലോമസി നന്നായി കളിച്ചിരിക്കുന്നു. പാക്കിസ്ഥാന്‍ ഭരണാധികാരികളെ കളി കാണാന്‍ ക്ഷണിച്ച സിങ്ങിന്റെ നടപടിയെ 'സമാധാനത്തിന്റെ സിക്സര്‍ ' എന്നാണ് പാക് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്‌. നിശ്ചിത ശതമാനം സീറ്റ് പാക്കിസ്ഥാനികള്‍ക്ക്‌ നീക്കി വെക്കണമെന്നും വാഗ ബോര്‍ഡര്‍ കളി കാണാന്‍ വരുന്നവര്‍ക്ക് തുറന്നു കൊടുക്കണമെന്നും പറയുക വഴി പാക്കിസ്ഥാനില്‍ സിങ്ങിനു താരപരിവേഷമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. (വാട്ടേനയിഡിയാ സിംഗ് ജീ!!)  പാക്കിസ്ഥാന്‍ ജയിച്ചാലും ശരി ഇന്ത്യ ജയിച്ചാലും ശരി ജയിക്കുന്നത് ക്രിക്കറ്റാണ്. അത് ആഘോഷമാക്കുന്ന മാധ്യമങ്ങളും പണം കൊയ്യുന്ന വ്യവസായ ഭീമന്മാരുമാണ്. എന്നിരിക്കിലും ഇത്തരം സ്പോര്‍ട്സ് മാമാങ്കങ്ങളെ അയല്‍ രാജ്യങ്ങളുമായി സൗഹൃദം പുതുക്കാനുള്ള അവസരങ്ങളായി ഉപയോഗപ്പെടുത്തുന്നത് എന്ത് കൊണ്ടും പ്രോല്‍സാഹിപ്പിക്കപ്പെടണം.
 
 
ചുരുക്കത്തില്‍ കോടാനുകോടി ജനങ്ങളുടെ ബ്ലഡ്‌ പ്രഷര്‍ ബുധനാഴ്ച ക്രമാതീതമായി ഉയരാനും താഴാനും നിലക്കാനുമൊക്കെ സാധ്യതയുണ്ട്. എന്റെ ബ്ലഡ്‌ പ്രഷറും അന്ന് അല്പം ഉയരാനുള്ള സാധ്യതയുണ്ട്. കാരണം മറ്റൊന്നല്ല, എന്റെ ജോലിസ്ഥലത്ത് പാക്കിസ്ഥാന്‍കാര്‍ നിരവധിയുണ്ട്. ബോസ്സുമാരില്‍  ഒരാളും പാക്കിസ്ഥാനിയാണ്. "നാല് തവണ വേള്‍ഡ് കപ്പില്‍ നിങ്ങളെ തോല്പിച്ച ഞങ്ങള്‍ക്കുണ്ടോ ഇനി ഒരു തവണ കൂടി തോല്പിക്കാന്‍ പ്രയാസം ?" എന്ന് ഞാന്‍ പുള്ളിയെ ഇപ്പോ വെല്ലുവിളിച്ചു വരുന്നതേയുള്ളൂ.. ഇന്ത്യ തോറ്റാല്‍ 'എന്നെ ദാ ഇങ്ങനെ വിളിച്ചോ' എന്ന് വളരെ ഇന്നസെന്റായി പറയുകയും ചെയ്തു. ചതിക്കരുത് ധോണീ, ചതിക്കരുത്!!. ജോലിയുടെ പ്രശ്നമാണ്!!!..

മ്യാവൂ: നമ്മുടെ ശ്രീശാന്തും ഇന്ത്യന്‍ ടീമിലുണ്ട് എന്ന് കേട്ടിരുന്നു. സത്യമായിട്ടും പുള്ളി ടീമിലുണ്ടോ?

Update - 30.03.2010 10.450 PM (IST) 
India Beat Pakistan by 29 Runs
"നാല് തവണ അഞ്ച് തവണ വേള്‍ഡ് കപ്പില്‍ നിങ്ങളെ തോല്പിച്ച ഞങ്ങള്‍ക്കുണ്ടോ ഇനി ഒരു തവണ കൂടി തോല്പിക്കാന്‍ പ്രയാസം ?"

മാനം കാത്തു.. ധോണിയും ചുണക്കുട്ടികളും ചതിച്ചില്ല.. പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലിലേക്ക്..  Chak De India..

ഇന്ത്യ ജയിച്ച ഉടനെ എന്നെ ആദ്യം വിളിച്ച് അഭിനന്ദിച്ചത് ജിദ്ദയില്‍ ജോലി ചെയ്യുന്ന പാക്കിസ്ഥാനി ഡ്രൈവര്‍ മുഹമ്മദ്‌ ആസിഫ് ആണ്. ആ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനും ഒരു ബിഗ്‌ സല്യൂട്ട്.

Update 2 April 2011
India Beats Srilanka in World Cup Final 
Congrats Team India