അബുദാബിയിലെ അമ്പലം പറയുന്നതെന്തെന്നാൽ

ഇന്ത്യൻ പ്രധാന മന്ത്രിയുടെ യു എ ഇ സന്ദർശനത്തിന്റെ വാർത്തകൾ വൈറലായി ക്കൊണ്ടിരിക്കുന്ന സമയത്ത് ഫെയ്സ്ബുക്കിൽ ഞാനിങ്ങനെയൊരു സ്റ്റാറ്റസ് ഇട്ടിരുന്നു. "ബാബരി മസ്ജിദ് പൊളിച്ചു കൊണ്ട് രാഷ്ട്രീയ അസ്ഥിവാരം പണിത ഒരു പാർട്ടിയുടെ നേതാവിനെ ആദ്യമായി കൊണ്ട് പോയത് ഷെയ്ഖ്‌ സായിദ് പള്ളിയിലേക്ക്. അതിന്റെ വാതിലുകൾ അദ്ദേഹത്തിനായി മലർക്കെ തുറന്നു കൊടുത്തു. നമസ്കാരം നിർവഹിക്കപ്പെടുന്ന അകത്തളങ്ങളിൽ ചുറ്റിക്കറങ്ങാൻ അനുവദിച്ചു. അബുദാബിയിൽ ഹൈന്ദവ ക്ഷേത്രം പണിയാനുള്ള അനുമതിയും കൊടുത്തു. ചരിത്രത്തിന്റെ തെറ്റുകളോടും വർഗീയതയുടെ തത്വശാസ്ത്രങ്ങളോടും സ്നേഹത്തിന്റെ ഭാഷയിൽ എങ്ങിനെ പ്രതികരിക്കാമെന്ന് കാണിച്ചു കൊടുത്തിരിക്കുന്നു യു എ ഇ ഭരണാധികാരികൾ. വിദ്വേഷത്തിന്റെ പ്രചാരകർക്ക് അവരിൽ നിന്ന് പഠിക്കാൻ ഏറെയുണ്ട്". ആ വരികളിൽ  അടങ്ങിയ സദുദ്ദേശത്തെ അത് വായിച്ചവരിൽ മിക്കവരും മനസ്സിലാക്കിയെങ്കിലും ചിലരെങ്കിലും ചോദിച്ചു. മുഴുവൻ പ്രവാസികളും ആഹ്ലാദിക്കുന്ന ഇത്തരം ചരിത്ര മുഹൂർത്തങ്ങളിൽ പഴയകാല സംഭവങ്ങൾ ഓർത്തെടുത്ത് പുറത്തിടുന്നത് ശരിയാണോ എന്ന്.

ചോദ്യം പ്രസക്തമാണ്. പ്രതികരണങ്ങളിൽ സമയവും സന്ദർഭവും നോക്കണം. പക്ഷേ ഓർമ്മകൾക്ക് ഒരു കുഴപ്പമുണ്ട്. അത് നമ്മുടെ കണ്ട്രോളിൽ നില്ക്കുന്ന   ഒരു സംഗതിയല്ല. ഓർമ്മകൾ ജനിക്കുന്നത് ആ ഓർമയുമായി ബന്ധമുണ്ടാകുന്ന സംഭവങ്ങൾ കാണുകയോ ശ്രദ്ധയിൽ പെടുകയോ ചെയ്യുമ്പോഴാണ്. മാമ്പഴങ്ങൾ പഴുത്ത് തുടങ്ങുമ്പോൾ ആ മാവ് വെച്ചു പിടിപ്പിച്ച മുത്തശ്ശിയെ ഓർമ്മ വരും. ആ ഓർമ്മ  ഒരു പാപമല്ല, മറവിയിൽ ആണ്ടു പോയ മുത്തശ്ശിയെ മാമ്പഴങ്ങളാണ് തിരിച്ചു കൊണ്ട് വന്നത്. ബാബരി മസ്ജിദിന്റെ ഓർമ്മ എത്തിയത് ചരിത്ര പ്രാധാന്യമുള്ള മറ്റൊരു മസ്ജിദിൽ ബാബരി മസ്ജിദ് പൊളിക്കുന്നതിന് നേതൃത്വം നല്കിയ രാഷ്ട്രീയ പാർട്ടിയുടെ ഏറ്റവും തലപ്പത്തുള്ള ഒരാൾ സന്ദർശനം നടത്തിയപ്പോഴാണ്. അതേ ആൾക്ക് അറബ് രാജ്യത്ത് ഒരമ്പലം നിർമിക്കാൻ അനുമതി നല്കിയപ്പോഴാണ്.  ഓർമ്മ ഓട് പൊളിച്ച് ചാടി വീണതല്ല എന്നർത്ഥം. മുൻ വാതിലിലൂടെ മാന്യമായി കയറി വന്നതാണ്. അപ്പോൾ അതൊന്ന് കുറിച്ചു വെച്ചു എന്ന് മാത്രം.


ഇന്ത്യൻ പ്രധാനമന്ത്രിയുടെ യു എ ഇ സന്ദർശനം വലിയ തരംഗങ്ങൾ ഉയർത്തിക്കഴിഞ്ഞു എന്നത് സത്യമാണ്. മൂന്നര പതിറ്റാണ്ടിന് ശേഷം ഒരിന്ത്യൻ പ്രധാനമന്ത്രി ഇവിടം സന്ദർശിക്കുന്നു എന്നത് മാത്രമല്ല, മത സാമുദായിക സംഘർഷങ്ങളുടെ രാഷ്ട്രീയ അടിത്തറയിൽ വളർന്ന് വലുതായ ഒരു നേതാവ് അറബ് നാട് സന്ദർശിക്കുന്നതിന്റെ പ്രാധാന്യവും കൂടി ഇതിനുണ്ട്. ഡിപ്ലോമസിയുടെ സോപ്പ് പതകൾക്കുള്ളിൽ നമുക്കത് മറച്ചു വെക്കാമെങ്കിലും അങ്ങനെയൊരു തലവും കൂടി അതിനുണ്ട് എന്നത് നിഷേധിക്കാൻ പറ്റില്ല. ആ തലത്തിന്റെ ചരിത്രപരത കൂടിയാണ് അബുദാബിയിൽ നിന്നുള്ള വാർത്തകൾക്ക് കൂടുതൽ മിഴിവും വ്യാപ്തിയും നല്കിയത്. അന്യമത വിശ്വാസികൾക്ക് ഒരു പള്ളിയോ അമ്പലമോ നിർമിക്കാൻ സ്ഥലം നല്കുക എന്നത് ഒരു അപൂർവ സംഭവമല്ല, ചരിത്രം പഠിച്ചവർക്കറിയാം,  കച്ചവടത്തിനും മതപ്രബോധനത്തിനുമായി അറേബ്യയിൽ നിന്നും കേരളത്തിലെത്തിയ വിരലിലെണ്ണാവുന്ന മുസ്‌ലിംകളെ സ്വീകരിച്ചതും ജീവിത സൗകര്യങ്ങൾ നല്കിയതും ഇവിടുത്തെ ഹൈന്ദവ വിശ്വാസികളാണ്. പള്ളികൾ നിർമിക്കാൻ സ്ഥലവും സൗകര്യങ്ങളും ഒരുക്കിക്കൊടുത്തതും അവർ തന്നെ. ആ സാഹോദര്യത്തിന്റെ തണലിലാണ് ഇസ്ലാം മതവും അതുപോലെ ക്രിസ്തുമതവുമൊക്കെ ഇവിടെ വളർന്നത്‌.  അമ്പലങ്ങളും പള്ളികളും ചർച്ചുകളും തൊട്ടുരുമ്മി നില്ക്കുന്ന അനേകയിടങ്ങൾ ആ സൗഹൃദത്തിന്റെ ബാക്കിപത്രങ്ങളാണ്. വർത്തമാന കാലത്തിന്റെ പേടിപ്പെടുത്തുന്ന സംഘർഷ സംസ്കാരത്തിൽ മനസ്സുകൾ ഭീതിതമായി അകന്ന് തുടങ്ങിയെങ്കിലും ആ പഴയ കാല ചരിത്രങ്ങൾ മരിച്ചിട്ടില്ല.

സൗഹൃദത്തിന്റെ ഗതകാല ചരിത്രങ്ങൾ ആവേശം നല്കുമ്പോഴും വിഭാഗീയതയുടെ ആധുനിക പരിണാമങ്ങൾ നമ്മെ ഭയപ്പെടുത്തുന്നുണ്ട്. തീന്മേശയിലേക്ക് പോലും മതവൈകാരികതയുടെ നിരോധനങ്ങൾ എത്തിക്കഴിഞ്ഞു. ബീഫ് നിരോധനം മുതൽ പാക്കിസ്ഥാനിലേക്ക് പോകാനുള്ള ആഹ്വാനങ്ങൾ വരെ ഇതിനോട് കൂട്ടി വായിക്കാം. ഇന്ത്യയിൽ മാത്രമല്ല, ഇന്ത്യക്ക് പുറത്തും അന്യമത സഹിഷ്ണുതയും സമഭാവനയും പതുക്കെ പതുക്കെ പടിയിറങ്ങുകയാണെന്നത് നാം തിരിച്ചറിയുന്നു.  മതത്തിന്റെ പേര് പറഞ്ഞ് തക്ബീർ ധ്വനികൾ മുഴക്കി മനുഷ്യനെ പച്ചയ്ക്ക് കഴുത്തറുത്ത് കൊല്ലുന്ന ഭീകരത നാം പല തവണ കണ്ടു. ഇസ്ലാമിക് സ്റ്റേറ്റ്, അൽ ഖായിദ, ബോകോ ഹറം എന്നിങ്ങനെ പല പേരുകളിൽ മതത്തിന്റെ പേരിലുള്ള മതമില്ലായ്മ വേരുകൾ താഴ്ത്തുകയാണ്. അറബ് നാടുകളിൽ പലയിടത്തും അവ സംഘർഷങ്ങളും അസാമാധാനവും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. മനുഷ്യർ കൂടുതൽ കൂടുതൽ ഇടുങ്ങിയ ചിന്താതലങ്ങിലേക്ക് കടക്കുന്നതായി കാണുന്നു. അസ്വസ്ഥപ്പെടുത്തുന്ന അത്തരം കാഴ്ചകൾക്കിടയിലാണ് ഒരു വെള്ളി നക്ഷത്രം കണക്കെ അബുദാബിയിലെ അമ്പലം വാർത്തയാകുന്നത്. അത് തന്നെയാണ് അതിന്റെ പ്രാധാന്യവും. അതിവേഗത്തിൽ ഇരുട്ട് പരക്കുമ്പോൾ അങ്ങകലെ നിന്ന് ഒരു കൈത്തിരി വെട്ടം  കാണുമ്പോഴുള്ള സന്തോഷമുണ്ടല്ലോ, ആ സന്തോഷം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന ഹൈന്ദവ വിശ്വാസികൾക്ക് അവർ ജീവിക്കുന്ന ഇടങ്ങളിൽ പ്രാർത്ഥനകൾക്ക് സൗകര്യപ്പെടും വിധം അമ്പലങ്ങൾ നിർമിക്കുവാൻ സാധിക്കട്ടെ. ഏത് രാജ്യങ്ങളും ആ വിഷയത്തിൽ എടുക്കുന്ന അനുകൂല സമീപനത്തെ സർവാത്മനാ പിന്തുണയ്ക്കേണ്ടതുണ്ട്. ഹൈന്ദവ വിശ്വാസികൾക്ക് മാത്രമല്ല, എല്ലാ വിശ്വാസികൾക്കും അവരുടെ ആരാധനകൾ നിർവഹിക്കുവാൻ അവസരങ്ങളുണ്ടാകുന്ന ഒരു ചുറ്റുപാട് എല്ലാ രാജ്യങ്ങളിലും ഉണ്ടാകണം. അറബ് രാജ്യങ്ങളിലടക്കം. മനുഷ്യർ കലർപ്പില്ലാത്ത മത വിശ്വാസങ്ങളിലേക്ക് മടങ്ങുന്നത് ലോകത്തിന് ഗുണമേ വരുത്തൂ. മറ്റ് മത വിശ്വാസികൾക്ക് പ്രാർത്ഥനകൾക്ക് സൗകര്യം ചെയ്തു കൊടുക്കുന്നത് വഴി യു എ ഇ ഭരണാധികാരികൾ സമഭാവനയുടെ അർത്ഥം സാക്ഷാത്കരിച്ചു എന്ന് മാത്രമല്ല, കൃസ്തീയ വിശ്വാസികൾക്ക് പ്രാർത്ഥന നടത്താൻ പ്രത്യേക സാഹചര്യത്തിൽ സ്വന്തം പള്ളിയുടെ ഒരു ഭാഗം വിട്ടുകൊടുത്ത മഹാനായ പ്രവാചകന്റെ മാതൃക കൂടി അന്വർത്ഥമാക്കുകയാണ് ചെയ്തത്.

ദുബായിയിൽ നിലവിൽ അമ്പലങ്ങളും ഗുരുദ്വാരകളുമുണ്ട്. അബുദാബിയിൽ ക്ഷേത്രത്തിന് വളരെ മുമ്പേ അനുമതി ലഭിച്ചിട്ടുണ്ട്, മോദിയുടെ വരവുമായി അതിന് ബന്ധമൊന്നുമില്ല എന്ന് ചിലർ പറയുന്നുണ്ട്. ശരിയായിരിക്കാം. അനുമതി മുമ്പേ ലഭിച്ചിരിക്കാം. എന്നിരുന്നാലും അതിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത് ഈ വരവോട് കൂടിയാണ്. അങ്ങനെയല്ല എങ്കിൽ പോലും അത് നരേന്ദ്ര മോഡിയുടെ അക്കൌണ്ടിൽ വയ്ക്കുന്നത് തന്നെയാണ് നല്ലത്. ഹൈന്ദവവത്കരണത്തിൽ മോദിക്ക് തീവ്രത പോരെന്ന് പരാതിപ്പെടുന്ന സംഘ പരിവാരങ്ങളെ അല്പമൊന്ന് മയക്കിക്കിടത്താൻ ഇത്തരം നേട്ടങ്ങൾ അദ്ദേഹത്തിനും ഉപകരിച്ചേക്കും. എല്ലാം നല്ലതിനാണ് എന്ന് നാം പറയാറില്ലേ. അബുദാബിയിൽ നിന്നുള്ള ഈ വാർത്തയും നല്ല സന്ദേശങ്ങൾ പടരുവാനും പടർത്തുവാനും അവസരങ്ങൾ ഉണ്ടാക്കട്ടെ. യു എ ഇ യിൽ നമ്മുടെ പ്രധാന മന്ത്രിക്ക് ലഭിച്ച സ്വീകരണത്തിന്റെ ആവേശവും അവിടത്തെ ഭരണാധികാരികളും അറബ് ജനതയും നല്കിയ പിന്തുണയും മത സൗഹാർദത്തിന്റേയും സമഭാവനയുടേയും കൂടുതൽ ചിന്തകൾ അദ്ദേഹത്തിൽ ജനിപ്പിക്കുമെങ്കിൽ അതില്പരം സന്തോഷകരമായ മറ്റെന്തുണ്ട്. അങ്ങനെയുണ്ടാവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. എന്തൊക്കെ പരിമിതികൾ ഉണ്ടെങ്കിലും ലോകത്തെ ഏറ്റവും മഹത്തായ ഒരു ജനാധിപത്യ മതേതര രാജ്യത്തിന്റെ സന്തതികളാണ് നാം. അതിന്റെ ഇപ്പോഴത്തെ ഭരണചക്രം ശ്രീമാൻ നരേന്ദ മോദിയുടെ കൈകളിലുമാണ്. ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതൊരു യാഥാർത്ഥ്യമാണ്. ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിലേറിയ അദ്ദേഹത്തിൽ നന്മയുടെ കൂടുതൽ വിത്തുകൾ മുളപ്പിക്കാൻ അബുദാബിയിലെ അമ്പലത്തിന് കഴിയുമെങ്കിൽ അത് തന്നെയായിരിക്കും ആ അമ്പലം പ്രസരിപ്പിക്കുന്ന ഏറ്റവും വിശുദ്ധമായ ചൈതന്യം.

Recent Posts
ഇരട്ട നീതിയെക്കുറിച്ച് ചർച്ച വേണം, പക്ഷേ യാക്കൂബ് മേമനെ ഗാന്ധിയാക്കരുത്
ചെമ്മണ്ണൂർ തട്ടിപ്പ് : ആ വാർത്തയെവിടെ മാധ്യമങ്ങളേ? 
മല്ലൂസിന്റെ വാട്സ്ആപ്പ് പരാക്രമങ്ങൾ
ഓരോ പൗരനും ഒരു പത്രമായി മാറുന്ന കാലം