ഇരട്ട നീതിയെക്കുറിച്ച് ചർച്ച വേണം, പക്ഷേ യാക്കൂബ് മേമനെ ഗാന്ധിയാക്കരുത്

യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെത്തുടർന്ന് ഉയർന്നു വരുന്ന ചർച്ചകൾ ചിലയിടങ്ങളിലെങ്കിലും അല്പം വഴി തിരിയുന്നുണ്ടോ എന്ന ആശങ്കയിൽ നിന്നുള്ള ഒരു കുറിപ്പായി മാത്രം ഇതിനെ കണ്ടാൽ മതി. ഒരു വിധിയോട് താത്വികമായി യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാവാം. അതുകൊണ്ട് തന്നെ അഭിപ്രായ പ്രകടനങ്ങൾക്ക് വിലക്കുകളില്ല, അതിരുകളുമില്ല. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ആ ജനാധിപത്യ വ്യവസ്ഥയുടെ പരിരക്ഷയിലുള്ള ഒരു കോടതി സംവിധാനമാണ് ഇന്ത്യയിലുള്ളത്. കോടതി എങ്ങിനെയാവണമെന്നും നിയമങ്ങളെന്താവണമെന്നും ആത്യന്തികമായി തീരുമാനിക്കുന്നത് ജനങ്ങൾ തന്നെയാണ്. അവർ തിരഞ്ഞെടുക്കുന്ന പ്രതിനിധികളാണ്. അതുകൊണ്ട് തന്നെ കോടതികളെക്കുറിച്ചും നിയമങ്ങൾ നടപ്പിലാക്കുന്നതിലെ ശരി തെറ്റുകളെക്കുറിച്ചും  സംസാരിക്കുവാൻ അടിസ്ഥാനപരമായി ഒരു പൗരന് അവകാശമുണ്ട്‌. അതയാൾക്ക്‌ ജനാധിപത്യ വ്യവസ്ഥ നല്കുന്ന മൗലിക അവകാശങ്ങളുടെ കൂടി ഭാഗമാണ്. എന്നാൽ ഉയർത്തപ്പെടുന്ന അഭിപ്രായങ്ങളുടെ സോഷ്യൽ ഇമ്പാക്റ്റ് എന്താണെന്ന് ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ട ഒരു ഉത്തരവാദിത്വവും കൂടി ഒരു പൗരനുണ്ടെന്നു നാം മനസ്സിലാക്കണം.

രണ്ട് പതിറ്റാണ്ടിലധികം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് യാക്കൂബ് മേമൻ തൂക്കിലേറ്റപ്പെട്ടത്. ആ വിധി നടപ്പിലാക്കുന്നതിന്റെ അവസാന ദിനത്തിലെ നാടകീയമായ സംഭവങ്ങളും അർദ്ധരാത്രിയിലെ അസാധാരാണമായ കോടതി വ്യവഹാരങ്ങളും സർക്കാറിന്റെയും കോടതിയുടേയും വധശിക്ഷ നടപ്പിലാക്കാനുള്ള അമിത ആവേശമായി പരക്കെ വിലയിരുത്തപ്പെട്ടിട്ടുണ്ട്. യാക്കൂബ് മേമന്റെ വധശിക്ഷയുടെ പുനപ്പരിശോധന ഹരജി പരിഗണിച്ച ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് കുര്യൻ ജോസഫ് ഉയർത്തിയ ചില പരാമർശങ്ങളും ഇത്തരമൊരു ധാരണയ്ക്ക് കാരണമായിട്ടുണ്ട്. എന്നിരുന്നാലും മുംബൈ ബോംബ്‌ സ്ഫോടനങ്ങളിൽ യാക്കൂബ് മേമനും പങ്കുണ്ട് എന്ന് തന്നെയാണ് രണ്ട് പതിറ്റാണ്ട് നീണ്ട കോടതി വ്യവഹാരങ്ങളിൽ കണ്ടെത്തപ്പെട്ടിട്ടുള്ളത്. അദ്ദേഹത്തിന് ആ ഭീകര ആക്രമങ്ങളിൽ പങ്കുണ്ടായിരുന്നില്ല എന്നും അദ്ദേഹം തീർത്തും നിരപരാധിയാണ് എന്നും വധശിക്ഷയെ എതിർക്കുന്നവർക്ക് പോലും അഭിപ്രായമില്ല. അദ്ദേഹം ഒന്നാം പ്രതിയായിരുന്നില്ല എന്നത് മാത്രമാണ് അവർ ചൂണ്ടിക്കാട്ടുന്നത്. സ്വയം കീഴടങ്ങി എന്നതോ വിവരങ്ങൾ കൈമാറി എന്നതോ ചെയ്ത കുറ്റകൃത്യത്തിനുള്ള ന്യായീകരണമല്ല, അത്തരം കീഴടങ്ങലുകൾ തീവ്രവാദ പ്രവർത്തനങ്ങളെ ലഘുകരിക്കുന്നുമില്ല എന്ന് നാം മനസ്സിലാക്കണം.   

യാക്കൂബ് മേമനെ തൂക്കിലേറ്റിയ വാർത്ത വന്ന ഉടനെ ഞാനെന്റെ ഫേസ്ബുക്ക്‌ പേജിൽ കുറിച്ച വാചകങ്ങൾ ഇവിടെ പകർത്താം. "ഒരാളെ തൂക്കിലേറ്റുമ്പോൾ സ്വാഭാവികമായും ഉയരുന്ന വൈകാരികതയുണ്ട്, മനുഷ്യാവകാശ ചിന്തകളുണ്ട്. എന്നാൽ ആ വൈകാരികതകളും മനുഷ്യാവകാശ ചിന്തകളും കുറ്റവാളികളാൽ കൊലചെയ്യപ്പെട്ട നൂറുകണക്കിന് നിരപരാധികളുടെ ജീവനുകളെ മറക്കാൻ കാരണമാകരുത്. ഭീകരർ ഒരു ദയയും അർഹിക്കുന്നില്ല. കുറ്റം തെളിയിക്കപ്പെട്ടാൽ എത്രയും പെട്ടെന്ന് നീതി നടപ്പിലാക്കണം. ഒരു വധശിക്ഷക്കെതിരെ ശബ്ദിക്കുന്നവർ എണ്ണമറ്റ നിരപരാധികൾക്ക് 'വധശിക്ഷ' വിധിക്കുന്ന തീവ്രവാദികളെ പരോക്ഷമായി പിന്തുണയ്ക്കുകയാണ്. അത്തരം മനുഷ്യാവകാശങ്ങളിൽ എനിക്കൊട്ടും വിശ്വാസമില്ല. എന്നാൽ എനിക്കുള്ളത് ഇരട്ടനീതിയെക്കുറിച്ചുള്ള ചില ആശങ്കകളാണ്. 1993 ലെ സ്ഫോടനത്തിന് ഭീകരരെ പ്രേരിപ്പിച്ച മുംബൈ കലാപത്തിൽ നൂറുകണക്കിന് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ആ കലാപങ്ങൾ ആസൂത്രണം ചെയ്തവരെന്ന് ശ്രീകൃഷ്ണ കമ്മീഷനടക്കം കണ്ടെത്തിയ ആളുകൾക്ക് ത്രിവർണ പതാകയിൽ ആദരം നല്കുകയും യാക്കൂബ് മേമന് തൂക്കുകയർ നല്കുകയും ചെയ്യുമ്പോൾ ഉയരപ്പെടുന്ന ഇരട്ട നീതിയെക്കുറിച്ചുള്ള ചില ആശങ്കകൾ. ബാൽ താക്കറേ, മായാ കൊട്നാനി, അമിത് ഷാ എന്നിങ്ങനെ നിരവധി പേരുകൾ ഈ പട്ടികയിൽ വരുന്നുണ്ട്. പക്ഷേ അത്തരം പേരുകളൊക്കെ കോടതിയുടെ പിൻ വരാന്തകളിലൂടെ പുറത്തു പോയില്ലേ എന്ന ചോദ്യം ബാക്കിയാണ്. ഇന്ത്യൻ നീതിപീഠങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ടു എന്ന് ഇതിനർത്ഥമില്ല. 'പൊതുബോധം' ജനിപ്പിക്കുന്ന പഴുതുകളിലൂടെ പലരും രക്ഷപ്പെടുന്നു. തൂക്കിലേറ്റപ്പെടുന്ന കുറ്റവാളികൾക്ക് വേണ്ടി ഒഴുക്കാൻ എന്റെ പക്കൽ ഒരിറ്റ് കണ്ണീരില്ല. എന്നാൽ നടപ്പിലാക്കപ്പെട്ട നീതിയോളം പ്രധാനമാണ് നടപ്പിലാക്കപ്പെടാത്ത നീതികളും എന്ന് പറയാതിരിക്കാനും കഴിയുന്നില്ല".

യാക്കൂബ് മേമൻ തൂക്കിലേറ്റപ്പെട്ട ശേഷം ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ഭരണകൂട ഭീകരതയുടെ പ്രതീകമായി അദ്ദേഹത്തെ ഉയർത്തിക്കാട്ടുന്ന തരത്തിൽ വരുന്ന ചർച്ചകളും പ്രതികരണങ്ങളും സൃഷ്ടിക്കുന്നത് വളരെ അപകടകരമായ ചില പ്രവണതകളാണ്. യാക്കൂബ് മേമൻ ഒരു ഭീകര ആക്രമണക്കേസിലെ പ്രതിയാണ്. ഇന്ത്യക്കെതിരെ പാക്കിസ്ഥാനിൽ നിന്നുള്ള തീവ്രവാദികളുടെ പിന്തുണയോടെ ആക്രമണം നടത്തിയ ഒരു കേസിൽ രണ്ട് പതിറ്റാണ്ടിന്റെ നിയമ നടപകളിൽ കുറ്റം തെളിയിക്കപ്പെട്ട വ്യക്തിയാണ്. തന്റെ നിരപരാധിത്വം സ്ഥാപിക്കുവാൻ  വേണ്ടത്ര സമയവും പ്രഗത്ഭ നിയമ വിദഗ്ദരുടെ സഹായവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇരുപത്തിയൊന്ന് വർഷത്തെ നിയമ നടപടികൾക്ക് ശേഷമാണ് അദ്ദേഹം തൂക്കിലേറ്റപ്പെട്ടത്. അത്തരമൊരു വ്യക്തിയെ ഒരു ദേശീയ നായകൻറെ ഇമേജ് നല്കി കൊണ്ടുള്ള  ബിംബവത്കരണം  മത ന്യൂനപക്ഷങ്ങളുടെ വൈകാരിക ചിന്തകളെ വഴി തിരിച്ചു വിടാനേ ഉപകരിക്കൂ. ഇന്ത്യൻ നിയമ വ്യവസ്ഥകളിലെ ഇരട്ട നീതിയെക്കുറിച്ച് നമ്മുടെ രാജ്യത്തിന്റെ സുരക്ഷാ പരിഗണനകളുടെ അകത്ത് നിന്ന് കൊണ്ടുള്ള വിമർശനങ്ങളാണ് ഉയർന്ന് വരേണ്ടത്. അത് ക്രിയാത്മകവും വിചാര പൂർണവുമായ വഴികളിലൂടെ വേണം പുരോഗമിക്കുവാൻ. മേമൻ സഹോദരന്മാർ തിരഞ്ഞെടുത്ത വഴി ഭീകരവാദത്തിന്റെതാണ്. ആ വഴിയിൽ നിന്ന് ഇന്ത്യയിലെ മതന്യൂന പക്ഷങ്ങൾക്കെന്നല്ല, ആർക്കും ഒരു പ്രചോദനവും ലഭിക്കാനില്ല. അതുകൊണ്ട് തന്നെ മേമന് വേണ്ടി കണ്ണീര് വീഴ്ത്തുന്നത് അപകടകരമാണ്. അത്തരം കണ്ണീരുകൾ സൃഷ്ടിക്കുന്ന വൈകാരിക തലങ്ങൾ വർഗീയതയും ഭീകര വാദവും വളർത്തുവാനേ ഉപകരിക്കൂ. മാത്രമല്ല, ആ കണ്ണീരുകളിലൂടെ ഭൂരിപക്ഷ വർഗീയതക്ക് കത്തിക്കയറാനും കഴിയും.

ഈയടുത്ത കാലത്തുണ്ടായ കേസുകളിലെ വധശിക്ഷകളിലുണ്ടായ ഇരട്ട സമീപനങ്ങളെക്കുറിച്ച് ഇന്ത്യയിലെ മതേതര ബുദ്ധിജീവികളും രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും ശബ്ദമുയർത്തിയിട്ടുണ്ട്. സി പി എം നേതാവ് പ്രകാശ്‌ കാരാട്ട് അടക്കമുള്ള നേതാക്കൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭീതികളില്ലാതെ തന്നെ അക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. അത്തരം ശബ്ദങ്ങളിലാണ് ഇന്ത്യൻ മതേതരത്വത്തിന്റെ പ്രതീക്ഷകളുള്ളത്. യാക്കൂബ് മേമന്റെ വസതിയുള്ള മുംബൈയിലടക്കം മുസ്‌ലിം സമൂഹം ഇതൊരു മത വൈകാരിക വിഷയമായി എടുത്തിട്ടില്ല എന്നതാണ് പ്രതീക്ഷ നല്കുന്ന മറ്റൊരു ഘടകം.   അതിന്റെ പേരിൽ തെരുവിലറങ്ങുകയോ കലാപങ്ങൾക്ക് ആഹ്വാനം ചെയ്യുകയോ ഉണ്ടായിട്ടില്ല. കേരളത്തിലും അത്തരത്തിലുള്ള പ്രകടമായ പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ യാക്കൂബ് മേമനെ ഇരയായും ഹീറോയായും ഇതിഹാസവത്കരിക്കുവാനുള്ള ചില ശ്രമങ്ങൾ കാണുകയുണ്ടായി.  അതൊരു പക്ഷേ വരും നാളുകളിൽ കൂടുതൽ കാറ്റ് പിടിക്കാനുള്ള സാധ്യതകളുമുണ്ട്.

കൂടുതൽ ടൈഗർ, യാക്കൂബ് മേമൻമാരെ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുക എന്നത് ഇന്ത്യയിലെ കാവി ഫാസിസത്തിന്റെ കൂടി താത്പര്യമാണ്. ഒരു മേമനുണ്ടായിക്കിട്ടിയാൽ മിനിമം പത്ത് ശതമാനം വോട്ടെങ്കിലും അവർക്ക് കൂടിക്കിട്ടും. ആ അജണ്ടയിൽ മുസ്‌ലിം ന്യൂനപക്ഷം വീണു കഴിഞ്ഞാൽ തീർന്നു. പിന്നെയൊരു മടക്കമില്ല. അത്തരം മേമൻമാർ ഉണ്ടായിക്കഴിഞ്ഞാൽ - അധികം വേണ്ട, ഒന്നോ രണ്ടോ മതി - ഫാസിസ്റ്റുകളുടെ സ്വപ്‌നങ്ങൾ ഒന്നൊന്നായി പൂവണിയും. കാര്യമായ ഒരു പ്രാചരണവും ഇല്ലാതെ തന്നെ അവർക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയെടുക്കാനും  കഴിയും. അച്ഛാ ദിൻ വന്നില്ലെങ്കിലും ബുരാ ദിൻ ദുരിതങ്ങളുടെ ആഴക്കഴത്തിൽ കിടന്നും ആളുകൾ അവർക്ക് വോട്ട് ചെയ്യും. അതുകൊണ്ട് തന്നെ അത്തരം അജണ്ടകളിൽ വീഴാതിരിക്കുക എന്നതാണ് യാക്കൂബ് മേമനെ ഇതിഹാസവത്കരിക്കുന്നവർ ചെയ്യേണ്ടത്. ഇന്ത്യൻ നിയമവ്യവസ്ഥകളിലും നീതിപീഠങ്ങളിലും പൂർണമായി വിശ്വാസം നഷ്ടപ്പെടേണ്ട മഹാസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. കോടതിയിൽ കുറ്റം തെളിയിക്കപ്പെട്ട ഒരാൾ തൂക്കിലേറ്റപ്പെട്ടു. മറ്റ് ചില കേസുകളിൽ കുറ്റം തെളിയിക്കപ്പെട്ട ചിലർ പഴുതുകളിലൂടെ രക്ഷപ്പെട്ടു എന്നതാണ് ആശങ്ക ജനിപ്പിക്കേണ്ടത്. നിയമ സംവിധാനങ്ങളുടെ അത്തരം ഇരട്ട നീതികൾക്കെതിരെ ജനാധിപത്യ മതേതര സമൂഹത്തോടൊപ്പം ഐക്യപ്പെട്ട്‌ നീങ്ങണം. അത്തരം കുറ്റവാളികളേയും  നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് പേർത്തും പേർത്തും പിന്തുണ നല്കണം. മനുഷ്യാവകാശ പ്രവർത്തകരുടെ കരങ്ങൾക്ക് ശക്തി പകരണം. അതിനു പകരം ഇന്ത്യൻ സംവിധാനങ്ങൾക്കെതിരെ തീവ്രവാദത്തിന്റെ കരങ്ങൾക്ക് ശക്തി പകരാനാണ് ശ്രമിക്കുന്നതെങ്കിൽ അതോടെ തീരും എല്ലാം.

അറിയുക, എന്തൊക്കെ പരിമിതികളും പോരായ്മകളും ഉണ്ടെങ്കിലും മത ന്യൂനപക്ഷങ്ങൾക്ക് ഏറ്റവും സ്വസ്ഥതയുള്ള  ലോകത്തെ അപൂർവ്വം മണ്ണുകളിലൊന്നാണ് നമ്മുടെ പ്രിയ ഭാരതം. ഒരു മുസ്‌ലിം രാഷ്ട്രമായ പാക്കിസ്ഥാനിലെ മുസ്‌ലിംകളേക്കാൾ പതിന്മടങ്ങ്‌ സുരക്ഷിതരാണ്‌ ഇന്ത്യയിലെ മുസ്‌ലിംകൾ, അവിടത്തെ ന്യൂനപക്ഷങ്ങളെക്കാൾ വ്യക്തിത്വത്തോടെയും അഭിമാനത്തോടെയും ജീവിക്കുന്നവരാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം മുസ്‌ലിംകളും. ഒറ്റപ്പെട്ട സംഭവങ്ങളെ കാണാതിരിക്കുന്നില്ല. അത്തരം വാർത്തകൾക്ക് നേരെ കണ്ണടക്കുന്നില്ല. അതിൽ മാനസിക വിഷമം ഇല്ലെന്ന് പറയുന്നില്ല.  ഒരു വിഷയം പറയുമ്പോൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല, പൊതു അവസ്ഥകളെയാണ് മാനദണ്ഡമായി കാണേണ്ടത്. അതാണ്‌ ശാസ്ത്രീയവും ബുദ്ധിപരവുമായ വിശകലന രീതി. ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങളില്ലാത്ത സമൂഹങ്ങൾ ഭൂമുഖത്തുണ്ടോ?. ഉള്ള പ്രശ്നങ്ങളെ കൂടുതൽ വഷളാക്കാതെയിരിക്കുമ്പോഴാണ് സമാധാനത്തിന്റെ സാധ്യതകൾ തെളിയുക. തിരിച്ചറിവുകൾ വളരെ പ്രധാനമാണെന്നർത്ഥം. പക്ഷേ അവ വൈകിയെത്തുന്നത് കൊണ്ട് കാര്യമില്ല. ഒരിക്കൽ കൂടി പറയുന്നു. യാക്കൂബ് മേമൻമാരിൽ നിന്ന് നമുക്കൊന്നും പഠിക്കാനില്ല. അവർക്ക് വേണ്ടി കണ്ണീര് വീഴ്ത്തുന്നതിലും കാര്യമില്ല. അവർ തെരഞ്ഞെടുത്ത വഴികളിൽ നിന്ന് മാറി നടക്കുന്നതിലാണ് നമ്മുടെ രാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുക,  അതുവഴി ന്യൂനപക്ഷത്തിന്റെ താത്പര്യങ്ങളും.

Recent Posts
ബൽറാമിനോട് അടി ഇരന്ന് വാങ്ങിയ കെ സുരേന്ദ്രൻ
ചെമ്മണ്ണൂർ തട്ടിപ്പ് : ആ വാർത്തയെവിടെ മാധ്യമങ്ങളേ? 
മല്ലൂസിന്റെ വാട്സ്ആപ്പ് പരാക്രമങ്ങൾ
ഓരോ പൗരനും ഒരു പത്രമായി മാറുന്ന കാലം


Update - 2 Aug 2015
ഈ പോസ്റ്റ്‌ ഉയർത്തിയ ചില പ്രതികരണങ്ങൾക്ക് ഫെയ്സ്ബുക്ക്‌ പ്രൊഫൈലിൽ നല്കിയ മറുപടി ഇവിടെ പകർത്തുന്നു

പോസ്റ്റ്‌ വായിച്ച ഒരു സുഹൃത്ത് ഇന്നലെ ചോദിച്ചു. "എന്ത് കൊണ്ടാണ് നിങ്ങൾ എല്ലായ്പ്പോഴും ഒരു വശം മാത്രം ഹൈലൈറ്റ് ചെയ്ത് പറയുകയും മറുവശം മയപ്പെടുത്തി പറയുകയും ചെയ്യുന്നത്?". ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷങ്ങളോടുള്ള ഇരട്ട നീതിയുടെ കാര്യവും ലഘൂകരിക്കുകയും അതിനെതിരെയുള്ള പ്രതികരണങ്ങളെ വലുതാക്കി കാണിക്കുകയും ചെയ്യുന്നത് എന്ത് കൊണ്ട് എന്നാണ് അദ്ദേഹത്തിന്റെ ചോദ്യത്തിന്റെ കാതൽ.

അദ്ദേഹത്തിന് ഞാൻ കൊടുത്ത മറുപടി ഇതാണ് ". എന്റെ പോസ്റ്റുകളിൽ പലപ്പോഴും ഒരു വശം മാത്രം പറയുകയോ മറുവശം മയപ്പെടുത്തി പറയുകയോ ചെയ്യാറുണ്ടെന്ന നിങ്ങളുടെ സന്ദേഹത്തെ അംഗീകരിക്കാനോ നിഷേധിക്കാനോ ഞാനില്ല. പക്ഷേ ഒരു കാര്യം വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു. എന്റെ നിലപാടുകൾ നമ്മുടെ നാട്ടിൽ സമാധാനം നിലനില്ക്കണം എന്ന അടിസ്ഥാന ആഗ്രഹത്തെ മുൻ നിർത്തിയുള്ളതാണ്. അതുകൊണ്ട് തന്നെ ആ ഒരു നിലപാട് തറയിൽ നിന്ന് കൊണ്ടുള്ള സമീപനങ്ങളാണ് ഞാൻ എടുക്കാറുള്ളത്. എരിതീയിൽ എണ്ണയൊഴിക്കാൻ വളരെ എളുപ്പമാണ്. പക്ഷേ കത്തുന്ന തീ കെടുത്തുക എന്നതാണ് പ്രയാസമുള്ള പണി. എന്റെ സോഷ്യൽ മീഡിയ ഇടപെടലുകളിൽ നിന്ന് ഒരാൾ പോലും തീവ്രവാദ പ്രവർത്തനങ്ങൾക്ക് അനുകൂലമായ പ്രചോദനം നേടാനിടയാവരുത് എന്ന കാര്യത്തിൽ എനിക്ക് നിർബന്ധമുണ്ട് എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ"

മറ്റൊന്ന് കൂടി പറയേണ്ടതുണ്ട്. മുമ്പ് എഴുതിയതാണ്. വീണ്ടും എഴുതാം. ഓരോ മത വിഭാങ്ങളിലും മുള പൊട്ടിവരുന്ന തെറ്റായ ചിന്താധാരകൾക്കെതിരെ ശബ്ദിക്കുവാൻ ഏറ്റവും കൂടുതൽ ശ്രമിക്കേണ്ടത് ആ മതവിശ്വാസികൾ തന്നെയാണ്. ഹൈന്ദവ വർഗീയതയ്ക്ക് എതിരെ ഫലപ്രദമായി ശബ്ദിക്കുവാൻ കഴിയുക ഹൈന്ദവ വിശ്വാസികൾക്കാണ്. അതവർ ചെയ്യട്ടെ. അവരിൽ ഭൂരിഭാഗവും അത് നിർവഹിക്കുന്നുണ്ട് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അതില്ലായിരുന്നവെങ്കിൽ സംഘ പരിവാറിന്റെ തീവ്ര സമീപനങ്ങളിൽ ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും എന്നേ മണ്ണടിഞ്ഞു പോയേനെ. ഇന്ത്യൻ ജനാധിപത്യം ഏതാണ്ട് ഏഴ് പതിറ്റാണ്ടിനോട് അടുക്കുകയാണ്. സംഘപരിവാർ ആഹ്വാനങ്ങളെ നിരന്തരം തള്ളിക്കളഞ്ഞു കൊണ്ടാണ് ഭൂരിപക്ഷ ഹൈന്ദവ വിശ്വാസികളുള്ള ഇന്ത്യൻ ജനത ഈ ഏഴ് പതിറ്റാണ്ടുകൾ നമ്മുടെ മതേതരത്വത്തെ സംരക്ഷിച്ചു നിർത്തിയത്. അവർ ഇനിയും അത് ചെയ്യുമെന്നാണ് എന്റെ വിശ്വാസം. അവരെ മതേതര വിശ്വാസികളായി നിലനിർത്താൻ സഹായിക്കുക എന്നത് മതന്യൂനപക്ഷങ്ങളുടെ കൂടി ഉത്തരവാദിത്വമാണ്. അനീതികൾക്കെതിരെ ശബ്ദിക്കരുത് എന്നല്ല, ശബ്ദിക്കുന്നത്‌ അല്പം വിവേക പൂർണമായിരിക്കണം എന്നാണ്. നമ്മളെല്ലാം ഒന്നാണെന്ന ഒരു തോന്നൽ പ്രതികരണങ്ങളിൽ ഉണ്ടാവണം. നിങ്ങളും ഞങ്ങളും എന്ന ഒരു സമീപനം പാടില്ല.

വളരെ സജീവമായി എഫ് ബി യിൽ ഇടപെടുന്ന എന്റെ ചില സുഹൃത്തുക്കൾ ഉണ്ട്. മത ന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള ഓരോ സംഭവങ്ങളും ഹൈലൈറ്റ് ചെയ്ത് അവതരിപ്പിക്കുകയാണ് അവരുടെ രീതി. അവർ പറയുന്നതിൽ കൂടുതലും ശരിയായ കാര്യങ്ങളാണ് താനും. അതേ സമയം ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്ന ഗുണകരമായ ഒരു വാർത്തയും അവർ ഹൈലൈറ്റ് ചെയ്യുകയുമില്ല. ഒരേ ദിശയിലുള്ള അവരുടെ നിരന്തര പോസ്റ്റുകൾ ന്യൂനപക്ഷ വിഭാഗങ്ങളിലെ ചെറുപ്പക്കാരിൽ ഉണ്ടാക്കുന്ന പ്രതിപ്രവർത്തനം എന്താണ് എന്ന് അവർ ആലോചിക്കുന്നേയില്ല. അത്തരം പ്രതിപ്രവർത്തനങ്ങളെ ക്രിയാത്മകമായി തണുപ്പിക്കുവാൻ ശ്രമിക്കുന്നവരെ ലൈക്കിനും കമന്റിനും വേണ്ടി നടക്കുന്ന 'മതേതര കോമാളികൾ' എന്ന് കളിയാക്കുകയും ചെയ്യുന്നു. അതേ അവസ്ഥ തന്നെ മറുപക്ഷത്തും ഉണ്ട്. സംഘ പരിവാർ തീവ്രതയെ ബുദ്ധിപരമായി പ്രതിരോധിക്കാൻ ശ്രമിക്കുന്ന ഹൈന്ദവ മതവിശ്വാസികൾക്കിടയിൽ നിന്നുള്ളവരും 'മതേതര കോമാളികളായി' മാറുന്നു.

പരിഹാസങ്ങൾ തുടരട്ടെ. അതിൽ പരാതിയൊന്നുമില്ല. ശരിയുടെ പക്ഷത്ത് നിലനില്ക്കാനും ആ നിലപാടുകളുമായി മുന്നോട്ട് പോകുവാനും അല്ലാഹുവേ നീ അനുഗ്രഹിക്കണമേ എന്നാണ് ഞാൻ എപ്പോഴും പ്രാർത്ഥിക്കാറുള്ളത്. എല്ലാ സുഹൃത്തുക്കൾക്കും ഈ സൗഹൃദ ദിനത്തിൽ ഹൃദ്യമായ ആശംസകൾ. (Posted in my Facebook profile on 2 Aug 2015)