April 26, 2015

ഉർവശിയെന്ന 'പ്രമുഖ'യും പത്രങ്ങളുടെ റിപ്പോർട്ടിംഗ് രീതിയും

പത്രപ്രവർത്തന രംഗം പഴയത് പോലെയല്ല. അടിമുടി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണിത്. അച്ചടിയിലും പ്രസരണത്തിലും വന്ന നവ്യമായ സാങ്കേതിക സൗകര്യങ്ങൾ, വാർത്തകളും ദൃശ്യങ്ങളും നിമിഷങ്ങൾക്കുള്ളിൽ കൈമാറ്റം ചെയ്യാൻ സാധിക്കുന്ന ന്യൂ ജനറേഷൻ ടെക്നോളജികൾ, നവമാധ്യമങ്ങളുടെ കടന്നു വരവോടെ വാർത്തയുടെ സംസ്കാരത്തിൽ വന്ന പുതു ശൈലികൾ, മാധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിലൂടെ വാർത്തയുടെ അവതരണത്തിലും ഗുണനിലവാരത്തിലും വേഗതയിലും വന്ന മാറ്റങ്ങൾ. ചുരുക്കിപ്പറഞ്ഞാൽ രണ്ട് പതിറ്റാണ്ട് മുമ്പുള്ള അവസ്ഥയുമായി തട്ടിച്ചു നോക്കിയാൽ വലിയ മാറ്റങ്ങൾക്ക് വിധേയമായ ഒരു മീഡിയയെയാണ് നമുക്കിപ്പോൾ കാണാൻ കഴിയുക. ഈ മാറ്റങ്ങളുടെ പെരുമഴക്കാലത്തിനിടയിലും ഒട്ടും മാറാതെ നില്ക്കുന്ന ചില പഹയന്മാരുണ്ട്, തുരുമ്പ് പിടിച്ച ചില രീതികളുണ്ട്, പഴകിപ്പുളിഞ്ഞ ചില ശൈലികളുണ്ട്, അത് ലോകാവസാനം വരെ നിലനില്ക്കുമെന്നാണ് ഇപ്പോഴത്തെ പോക്ക് കണ്ടാൽ തോന്നുന്നത്. അവയെക്കുറിച്ച് അല്പം പറയേണ്ടതുണ്ടെന്ന് തോന്നുന്നു.

ഈ കുറിപ്പിന്റെ ആത്മാവിലേക്ക് പെട്ടെന്ന് ആവാഹിച്ചു കയറാൻ വേണ്ടി ഇന്നത്തെ 'പ്രമുഖ' മലയാള പത്രങ്ങളിൽ വന്ന ഒരു റിപ്പോർട്ടിൽ നിന്ന് തുടങ്ങാം. പ്രമുഖ നടി ഉർവശി നിയമസഭാ സെക്രട്ടേറിയറ്റില്‍ നടന്ന ഒരു ചടങ്ങിൽ വെള്ളമടിച്ച് എത്തി പരിപാടി അലമ്പാക്കിയതിനെക്കുറിച്ചുള്ള  റിപ്പോർട്ടാണ്. പക്ഷേ റിപ്പോർട്ടിൽ ഒരിടത്തും നടിയുടെ പേരില്ല. മാതൃഭൂമി റിപ്പോർട്ട്‌ തുടങ്ങുന്നത് ഇങ്ങനെ

"നിയമസഭയില്‍ നടിയുടെ പ്രസംഗം 'കുഴഞ്ഞു'; സ്പീക്കര്‍ വേദിവിട്ടു"

തിരുവനന്തപുരം: നിയമസഭാ സെക്രട്ടേറിയറ്റില്‍ ഇടതു സംഘടനയുടെ വനിതാഫോറത്തിന്റെ വാര്‍ഷികയോഗം പ്രമുഖനടിയുടെ അധികപ്രസംഗത്തില്‍ അലങ്കോലമായി. മദ്യലഹരിയില്‍ നാവുകുഴഞ്ഞ് നടി നിലവിട്ട് പ്രസംഗം തുടങ്ങിയതോടെ മുഖ്യാതിഥിയായിരുന്ന സ്പീക്കര്‍ എന്‍.ശക്തന്‍ വേദി വിടുകയും ചെയ്തു."


മാതൃഭൂമി മാത്രമല്ല, മനോരമയും ഇതേ ശൈലിയിലാണ് റിപ്പോർട്ട്‌ കൊടുത്തിട്ടുള്ളത്. ചോദ്യമിതാണ്. ഈ റിപ്പോർട്ടിൽ നടിയുടെ പേര് പറഞ്ഞാൽ എന്താണ് കുഴപ്പം?. വാർത്ത വായിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിവരമാണ് ആരാണ് ഒരു പൊതുവേദിയിൽ ഇങ്ങനെ മദ്യപിച്ചെത്തി അലമ്പുണ്ടാക്കിയത് എന്നത്. കേരളത്തെ മദ്യവിമുക്ത സംസ്ഥാനമാക്കാൻ സർക്കാരും സന്നദ്ധ സംഘടനകളും ഘട്ടം ഘട്ടമായ നിയമനടപടികളും പ്രചാരണ പരിപാടികളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സെക്രട്ടേറിയറ്റിനകത്ത് നടന്ന ഒരു പൊതുചടങ്ങിൽ മദ്യപിച്ചെത്തി പരിപാടി കുളമാക്കാൻ സാമൂഹ്യരംഗത്ത്‌ അറിയപ്പെടുന്ന ഒരാൾ ശ്രമിച്ചു എന്നത് ഒരു വലിയ വാർത്ത തന്നെയാണ്. അത് പുരുഷനായാലും സ്ത്രീയായാലും പരസ്യപ്പെടുത്തേണ്ടത് തന്നെയാണ്. പൊതു ചടങ്ങുകളിലും പരിപാടികളിലും മദ്യപിച്ച് എത്തുന്നവർക്കുള്ള ഫലപ്രദമായ ഒരു 'മരുന്ന്' കൂടിയാണ് ആ വെളിപ്പെടുത്തൽ.. എന്നാൽ പത്രങ്ങളും മാധ്യമങ്ങളും ഇത്തരം വ്യക്തികളെ 'പ്രമുഖ'രെന്ന പദപ്രയോഗത്തിൽ മാത്രം ഒതുക്കി അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ സംരക്ഷിച്ച് നിറുത്തുവാൻ  ശ്രമിക്കുന്നതിന് പിന്നിലെ ധർമമെന്താണ്?. ഇതേ പരിപാടി വീണ്ടും ആവർത്തിച്ചാലും നാലാളറിയാതെ പത്രങ്ങൾ തങ്ങളെ സംരക്ഷിച്ചു കൊള്ളും എന്ന സന്ദേശം ഇത്തരക്കാർക്ക് നല്കുകയാണോ?.

ഈ വിഷയത്തെക്കുറിച്ചുള്ള ചർച്ചയിൽ ഇന്ന് ഫെയ്സ് ബുക്കിൽ കണ്ട രസകരമായ ഒരു കമന്റ് ഇതാണ്. "കേരളത്തിലെ ഒരു പ്രമുഖനഗരത്തിലെ പ്രമുഖസ്ഥാപനത്തിന്റെ പ്രമുഖ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രമുഖനടി കുഴഞ്ഞു. പ്രമുഖരായ സദസ്യർ കുഴഞ്ഞു വീണു മരിഞ്ഞു." - ഇങ്ങനെ ഒരു സ്റ്റാൻഡേർഡ് ന്യൂസ് ടെമ്പ്ലേറ്റ് ഉണ്ടാക്കിവെച്ചാൽ മതി. അപ്പോപ്പിന്നെ, ജേർണലിസ്റ്റ് കൊച്ചന്മാർക്കും കാരണവന്മാർക്കും ഒട്ടും പേടിക്കണ്ടല്ലോ" (വിശ്വ പ്രഭ)

പേര് വെളിപ്പെടുത്താൻ മടിക്കേണ്ട ചില സന്ദർഭങ്ങൾ ഉണ്ടാവാറുണ്ട് എന്നത് സത്യമാണ്. .  അത്തരം അവസരങ്ങളിൽ 'പ്രമുഖ വ്യക്തി'യെന്നോ 'പ്രശസ്ത താര'മെന്നോ പറഞ്ഞു കൊണ്ട് വാർത്ത കൊടുക്കേണ്ടി വരും. ഉദാഹരണത്തിന് 'പ്രമുഖ'യായ സോളാർ വിവാദ നായിക ഒരു വെടി പൊട്ടിച്ചു എന്നിരിക്കട്ടെ. കേരളത്തിലെ അറിയപ്പെടുന്ന ഒരു പൊതുപ്രവർത്തകനേയോ സിനിമാ താരത്തെയോ രാഷ്ട്രീയ നേതാവിനെയോ ബന്ധപ്പെടുത്തി ഒരു ലൈംഗിക ആരോപണം അവർ ഉന്നയിച്ചു എന്ന് കരുതുക.  അപ്പോൾ ആ ആരോപണത്തിന്റെ നിജസ്ഥിതി നമുക്കറിയില്ലാത്തതിനാൽ  വാർത്ത കൊടുക്കുമ്പോൾ ആരോപിതനായ വ്യക്തിയുടെ അഭിമാനത്തെ അല്പം കണക്കിലെടുക്കണം. അത്തരം സന്ദർഭങ്ങളിൽ അയാളുടെ പേരിന് പകരം ഒരു 'പ്രമുഖ രാഷ്ട്രീയ നേതാവ്' എന്നോ, 'പ്രമുഖ താരം' എന്നോ നല്കാം. അങ്ങനെ നല്കുന്നതാണ് ആ സാഹചര്യത്തിലെ നൈതിക സമീപനം. സംശയത്തിന്റെ ആനുകൂല്യം നല്കുന്നതോടൊപ്പം ആരോപണം തെറ്റായിരുന്നുവെങ്കിൽ അദ്ദേഹത്തിനും കുടുംബത്തിനും മക്കൾക്കും സംഭവിക്കുമായിരുന്ന മാനഹാനിയിൽ ആ റിപ്പോർട്ട്‌ എഴുതിയ ആൾക്കും പ്രസിദ്ധീകരിച്ച മാധ്യമത്തിനും പങ്കുണ്ടാവില്ല. ഐസ് ക്രീം കേസിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ലൈംഗിക ആരോപണവുമായി റജീന ആദ്യം സമീപിച്ചത് ഏഷ്യാനെറ്റിനെയായിരുന്നു. അന്നത്തെ സാഹചര്യത്തിൽ വാർത്തയുടെ നിജസ്ഥിതിയെക്കുറിച്ച് സംശയം തോന്നിയതിനാൽ അവർ അത് ബ്രേക്കിംഗാക്കി ആഘോഷിക്കാൻ നിന്നില്ല. അതൊരു സമീപനമാണ്. ആ സമീപനത്തെ ആദരിക്കേണ്ടതുണ്ട്. എന്നാൽ ഇന്ത്യാവിഷൻ റജീനയെ 'ബ്രേക്ക്' ചെയ്തതോടെ ഏഷ്യാനെറ്റടക്കം ആ വാർത്ത കൊടുക്കുവാൻ നിർബന്ധിതരായി എന്നത് വേറെ കാര്യം. കേസും കോടതിയും തെളിവുകളുമൊക്കെയായി വികസിച്ച ഐസ് ക്രീം വിവാദത്തിന്റെ നാൾവഴികളിലെ കാര്യമല്ല, വാർത്ത പുറത്തു വന്ന ആദ്യ ദിവസത്തെ റിപ്പോർട്ടിംഗ് രീതിയെക്കുറിച്ചും ഏഷ്യാനെറ്റ്‌ എടുത്ത സമീപനത്തിന്റെ നൈതിക പ്രാധാന്യത്തെയുമാണ്‌ ഇവിടെ ഉദാഹരിച്ചത്.

എന്നാൽ ഇവിടെ വിഷയം അതല്ല.. നടി മദ്യപിച്ച് വന്ന് പരിപാടി അലമ്പാക്കിയത് നാട്ടുകാർ നേരിട്ട് കണ്ടതാണ്. ആൾ ആരാണെന്നത് എല്ലാവർക്കും വ്യക്തമായി അറിയുന്നതാണ്. സംശയത്തിന്റെ ഒരു കണിക പോലും അവിടെയില്ല. പരിപാടിയിൽ പ്രസംഗിക്കാൻ വന്ന ശേഷം സുബോധമില്ലാതെ ഇതെന്താ പരിപാടിയെന്ന് പരസ്യമായി ചോദിച്ചെന്നും ആ റിപ്പോർട്ടിൽ തന്നെയുണ്ട്‌. നടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പരിപാടി നിവൃത്തിയില്ലാതെ സംഘാടകർക്ക് മറ്റൊരു വ്യക്തിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കേണ്ടി വന്നു. കാര്യങ്ങളെല്ലാം അത്ര മാത്രം സ്പഷ്ടമാണെന്നർത്ഥം. അങ്ങനെയിരിക്കെ ആ പേര് മറച്ചു വെക്കേണ്ട ഒരാവശ്യവുമില്ല.

മറ്റൊന്ന് കൂടിയുണ്ട് ഈ വാർത്തയിൽ ശ്രദ്ധിക്കേണ്ടതായി. ഒരു സത്യം മൂടി വെച്ച പത്രം മറ്റൊരു അസത്യം തലക്കെട്ടിൽ ചേർത്തു. 'നിയമസഭയില്‍ നടിയുടെ പ്രസംഗം 'കുഴഞ്ഞു'; സ്പീക്കര്‍ വേദിവിട്ടു' എന്നാണ് തലക്കെട്ട്‌. നിയമസഭയിലല്ല  നടി പ്രസംഗിച്ചത്. അവിടെ പോയി പ്രസംഗിക്കാൻ നടി എം എൽ എയോ മന്ത്രിയോ ഗവർണറോ അല്ല. 'നിയമസഭയിൽ പ്രസംഗിച്ചു, സ്പീക്കർ വേദി വിട്ടു' എന്നൊരു തലക്കെട്ട് വായനക്കാരനെ വലിയ അളവിൽ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുള്ളതാണ്. സെക്രട്ടേറിയറ്റ് സമുച്ഛയത്തിലെ ബാങ്ക്വറ്റ്‌ ഹാളിൽ വെച്ച് നടന്ന ഇടതു സംഘടനയുടെ വനിതാഫോറത്തിന്റെ വാര്‍ഷികയോഗത്തിലാണ് സംഭവം നടന്നത്. അതിൽ സ്പീക്കർ കൂടി പങ്കെടുത്തിരുന്നുവെങ്കിലും  നിയമസഭ നടപടികളുടെ ഭാഗമായ ഒരു ചടങ്ങായിരുന്നില്ല അത്.  തലക്കെട്ട്‌ ആകർഷകമാക്കാൻ പല കളികളും മാധ്യമങ്ങൾ കളിക്കാറുണ്ട്. അതാവാം. പക്ഷേ അതിന് വേണ്ടി  ഇത്തരം അസത്യങ്ങൾ വെണ്ടയ്ക്കയാക്കരുത്.

സ്ഥിരമായി കാണാറുള്ള മാധ്യമങ്ങളുടെ ഈ 'പ്രമുഖ'സ്നേഹത്തിന് മറ്റൊരു ഉദാഹരണം കൂടി പറയാം. കൊച്ചി മെട്രോക്ക് വേണ്ടി നാട്ടുകാരൊക്കെ സ്ഥലം വിട്ടുകൊടുത്തിട്ടും ശീമാട്ടി ടെക്സ്റ്റയിൽസുകാർ മാത്രം വിട്ടു കൊടുക്കാതെ മാസങ്ങളോളം പണി മുടങ്ങിക്കിടന്നപ്പോൾ നമ്മുടെ മാധ്യമങ്ങൾ കൂട്ടുപിടിച്ചത് ഇതേ 'പ്രമുഖ'യെയാണ്. 'പ്രമുഖ വസ്ത്രസ്ഥാപനം' എന്ന് മാത്രമായി റിപ്പോർട്ടുകൾ.. മുടങ്ങാതെ കിട്ടുന്ന പരസ്യത്തിനോടുള്ള നന്ദി പ്രകടനമായിരുന്നു അത്. എന്നാൽ സോഷ്യൽ മീഡിയ ശീമാട്ടി ചേച്ചിയ്ക്ക് ഒന്നൊന്നര പണി കൊടുത്തു. അതിന് ശേഷമാണ് 'പ്രമുഖ വസ്ത്രസ്ഥാപനം' ശീമാട്ടിയാണെന്ന്‌ നാട്ടുകാർ അറിഞ്ഞത്. അതുകൊണ്ട് തന്നെ മനോരമയും മാതൃഭൂമിയും അടക്കമുള്ള നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളോട്  പറയാനുള്ളത് ഇത് സോഷ്യൽ മീഡിയയുടെ കാലമാണ് എന്നുള്ളത് കൂടിയാണ്. നിങ്ങൾ ഒരു റിപ്പോർട്ട്‌ പൂഴ്ത്തിവെച്ചു കഴിഞ്ഞാൽ അത് പുറം ലോകത്തെത്തില്ല എന്ന് കരുതിയിരുന്ന കാലമൊക്കെ കഴിഞ്ഞു പോയി. ഉർവശിയെക്കുറിച്ചുള്ള നിങ്ങളുടെ ഈ 'പ്രമുഖ' റിപ്പോർട്ട്‌ വരുന്നതിന് മുമ്പ് തന്നെ സോഷ്യൽ മീഡിയയിൽ നടിയുടെ പേരോടെ വിശദമായ റിപ്പോർട്ട്‌ വന്നിട്ടുണ്ട്. കാലം മാറിയിട്ടുണ്ട് എന്നർത്ഥം.  ഇപ്പോൾ കാര്യങ്ങൾ ബ്രേക്ക് ചെയ്യുന്നത് നിങ്ങൾ മാത്രമല്ല, സോഷ്യൽ മീഡിയ കൂടിയാണ്. അതുകൊണ്ട് തന്നെ പരമ്പരാഗത ധാരണകളും രീതികളും ഒന്ന് മാറ്റിപ്പിടിക്കുന്നത് നല്ലതാണ്.

നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഇത് സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ളതോ അതിനെതിരായതോ ആയ പോസ്റ്റല്ല, പത്രങ്ങളുടെ റിപ്പോർട്ടിംഗ് രീതിയെക്കുറിച്ചുള്ളത് മാത്രമാണ്.

Recent Posts
മാറേണ്ടത് നമ്മളാണ്, ബി ബി സി യല്ല
ഈ ഭ്രാന്തിനെ മനുഷ്യവംശം എങ്ങിനെ നേരിടും?

25 comments:


 1. >>>>>നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഇത് സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ളതോ അതിനെതിരായതോ ആയ പോസ്റ്റല്ല, പത്രങ്ങളുടെ റിപ്പോർട്ടിംഗ് രീതിയെക്കുറിച്ചുള്ളത് മാത്രമാണ്.<<<<


  ഇത് പെരുത്ത് ഇഷ്ട്ടായി


  ReplyDelete
 2. പ്രമുഖ വെള്ളമടി നടി എന്ന് പറഞ്ഞാൽ ആളുകൾക്ക് പെട്ടെന്ന് മനസ്സിലാകുമായിരുന്നു അത് ഈ നടിയാണെന്ന്.

  ReplyDelete
 3. Sasi lal, ChennaiApril 26, 2015 at 5:53 PM

  മറ്റൊന്ന് കൂടിയുണ്ട് ഈ വാർത്തയിൽ ശ്രദ്ധിക്കേണ്ടതായി. ഒരു സത്യം മൂടി വെച്ച പത്രം മറ്റൊരു അസത്യം തലക്കെട്ടിൽ ചേർത്തു. 'നിയമസഭയില്‍ നടിയുടെ പ്രസംഗം 'കുഴഞ്ഞു'; സ്പീക്കര്‍ വേദിവിട്ടു' എന്നാണ് തലക്കെട്ട്‌. നിയമസഭയിലല്ല നടി പ്രസംഗിച്ചത്. അവിടെ പോയി പ്രസംഗിക്കാൻ നടി എം എൽ എയോ മന്ത്രിയോ ഗവർണറോ അല്ല. this is true. idiot reporters

  ReplyDelete
 4. സംഗതി സിമ്പിള്‍
  പ്രമുഖ നടിയുടെ പേര് പറഞ്ഞാല്‍ ,, ഒരു കുഴപ്പമുണ്ട് ,, അടുത്തു തന്നെ അതെ ചാനലില്‍ വരാനിരിക്കുന്ന " "മദ്യപാനത്തിനെതിരെ സ്ത്രീ ശക്തി " എന്ന ടോക് ശോ ഹോസ്റ്റ് ചെയ്യാന്‍ വേറെ ആളെ നോക്കേണ്ടി വരും :)

  ReplyDelete
 5. താത്പര്യമുള്ളവരെ സംരക്ഷിക്കുന്ന രീതി നമ്മുടെ മീഡിയാക്കാര്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഉര്‍വ്വശിയുടെ അവസ്ഥയില്‍ ദുഖമുണ്ട്

  ReplyDelete
 6. പ്രമുഖപത്രങ്ങള്‍ അങ്ങനെയൊക്കെയാ

  ReplyDelete
 7. Even I happened to read this news from Mathrubumi. I was wondering and asked my roommate who is this actress. He was just guessed It may Urvasi. I have read your article about this now, but still I don’t understand why they hidden her name, even though she is not that much powerful person in Kerala industry.

  ReplyDelete
 8. അന്തവും കുന്തവും ഇല്ലാതെ, വാർത്തയിൽ പരാമർശിക്കപ്പെടുന്ന വ്യക്തി ആരെന്ന് വ്യക്തമാക്കാതെ വാർത്തനൽകുന്നതിൽ ഒരർത്ഥവും ഇല്ല. ഇവിടെ പ്രമുഖനടി ഉർവ്വശി ആണെന്ന് പറഞ്ഞാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല.

  ReplyDelete
 9. നമ്മുടെ സഭാംഗങ്ങളുടെ ലെവലിലേക്ക്‌ എത്താൻ അൽപം മദ്യം സേവിച്ചെങ്കിൽ അതിനവരെ കുറ്റം പറയാൻ പറ്റില്ല.

  ReplyDelete
 10. ഇവിടെ വാട്സ്ആപ്പിൽ ഇതിന്റെ വീഡിയോ ആൾക്കാർ ഷെയർ അടിച്ചിട്ട് ഫോണിനു വരെ പറ്റായി ! അപ്പോളാ 'പ്രമുഖനടി' യെയും പൊക്കിപ്പിടിച്ച് അവൻമാരുടെ വരവ്.....

  ReplyDelete
 11. ഐടി നിയമത്തിലെ 66 A വകുപ്പ് ഉണ്ടായിരുന്നെങ്കിൽ പല 'പ്രമുഖ' ബ്ലോഗ്ഗർമാരെയും കമ്പിയെണ്ണിച്ചേനെ എന്ന് പറ്റിറങ്ങിയതിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ 'പ്രമുഖ' നടി അവകാശപ്പെട്ടു. പത്രമുത്തശ്ശിമാരുടെ നൈതികതയെ വാനോളം പുകഴ്ത്തിയതിന് ശേഷം അവർ കുടുംബകലഹം പരിഹരിക്കുന്ന സ്റ്റുഡിയോയിലേക്ക് പുറപ്പെട്ടു.
  വാർത്തകൾ തുടരും.
  നമസ്കാരം.

  ReplyDelete
 12. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളോട് പറയാനുള്ളത് ഇത് സോഷ്യൽ മീഡിയയുടെ കാലമാണ് എന്നുള്ളത് കൂടിയാണ്. നിങ്ങൾ ഒരു റിപ്പോർട്ട്‌ പൂഴ്ത്തിവെച്ചു കഴിഞ്ഞാൽ അത് പുറം ലോകത്തെത്തില്ല എന്ന് കരുതിയിരുന്ന കാലമൊക്കെ കഴിഞ്ഞു പോയി. ഉർവശിയെക്കുറിച്ചുള്ള നിങ്ങളുടെ ഈ 'പ്രമുഖ' റിപ്പോർട്ട്‌ വരുന്നതിന് മുമ്പ് തന്നെ സോഷ്യൽ മീഡിയയിൽ നടിയുടെ പേരോടെ വിശദമായ റിപ്പോർട്ട്‌ വന്നിട്ടുണ്ട്. കാലം മാറിയിട്ടുണ്ട് എന്നർത്ഥം. ഇപ്പോൾ കാര്യങ്ങൾ ബ്രേക്ക് ചെയ്യുന്നത് നിങ്ങൾ മാത്രമല്ല, സോഷ്യൽ മീഡിയ കൂടിയാണ്. അതുകൊണ്ട് തന്നെ പരമ്പരാഗത ധാരണകളും രീതികളും ഒന്ന് മാറ്റിപ്പിടിക്കുന്നത് നല്ലതാണ്

  ReplyDelete
 13. വിദ്യ ആഭാസ മന്ത്രി പൊട്ടന് അബ്ദ്ദുവിനെ അഭിനദ്ദിച്ച് ഒരു പോസ്റ്റ് പ്രതീക്ഷിച്ചിരുന്നു

  ReplyDelete
  Replies
  1. ഈ നാറ്റ പ്രസംഗത്തിനിടിയ്ക്ക് ഒന്നരജില്ലയിലെ നിത്യമാലിന്യ പാര്ട്ടിയെക്കൂടി വലിച്ചിട്ട് ദുര്ഗന്ധം പരത്തണോ ബ്രോ

   Delete
  2. അറിഞ്ഞൂടാന് വയ്യാത്തോണ്ട് ചോദിക്കുവാ താനാരുവ്വാ ഉര് വശിയും മൂരികളും തമ്മിലെന്ത് ബന്ധം
   അലുവയും മത്തിയുംപോലെ

   Delete
 14. പത്രവാര്‍ത്ത വായിച്ചവരുടെയെല്ലാം ഉള്ളില്‍ പുകഞ്ഞ രോഷമാണ്‌ താങ്കള്‍ ഇവിടെ പകര്‍ത്തിയത്.. അഭിനന്ദനങ്ങള്‍

  ReplyDelete
 15. മനോരമയും മാതൃഭൂമിയും അടക്കമുള്ള നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളോട്  പറയാനുള്ളത് ഇത് സോഷ്യൽ മീഡിയയുടെ കാലമാണ് എന്നുള്ളത് കൂടിയാണ്. നിങ്ങൾ ഒരു റിപ്പോർട്ട്‌ പൂഴ്ത്തിവെച്ചു കഴിഞ്ഞാൽ അത് പുറം ലോകത്തെത്തില്ല എന്ന് കരുതിയിരുന്ന കാലമൊക്കെ കഴിഞ്ഞു പോയി
  വളരെ വളരെ ശരി....

  ReplyDelete
 16. ഒരു യഥാർത്ഥ ജേർണലിസ്റ്റ് ശ്രദ്ധിക്കേണ്ടത് വാർത്തയാണ് അല്ലാതെ വ്യക്തിയെ അല്ല. വ്യക്തിയെ കേന്ദ്രീകരിച്ചാൽ അത് വാർത്ത എന്നതിനുപരി ഒരുതരം 'അധിഷേപം' എന്ന നിലയിലേക്ക് പോകും. ബഷീർ ആവശ്യപ്പെടുന്നത് വാർത്ത എന്നത് മാത്രം പോര വ്യക്തിഹത്യ കൂടി വേണം എന്നാണ്. നടി ചെയ്തത് ശരിയായി എന്നൊന്നും എനിക്ക് അഭിപ്രായം ഇല്ല. പക്ഷെ വ്യക്തിപരമായി സമൂഹത്തിൽ മുഴുവനായി അധിഷേപിക്കാൻ അതൊരു ക്രിമിനൽ കുറ്റമോ പൊറുക്കാൻ പറ്റാത്ത തെറ്റോ അല്ല. പ്രമുഘ മാധ്യമങ്ങൾ അങ്ങനെ ചെയ്താൽ അവൻ ബഷീറിനെ പോലെ ഒരു പൈകിളി ജെര്നളിസ്റ്റ് മാത്രമായി മാറും. ഇന്ന് സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളെയും അവഗണിച്ചു ഈ ചീള് കേസ്സ് എടുത്ത് ഉയർത്തിക്കാനിക്കുന്നത് താങ്കള് വെറും പൈങ്കിളി ജെര്നളിസ്റ്റ് മാത്രം ആണെന്നാണ്‌. ഒരു നടി മാത്രമായ അവരുടെയും അവരെ പോലെ ചെറിയ ചെറിയ അബദ്ധങ്ങൾ കാണിക്കുന്ന മറ്റുള്ളവരുടെയും, നിയമപരമായും സാമൂഹികമായും വ്യക്തിപരവുമായ സ്വാതന്ത്രത്തിനെ ബഹുമാനിക്കേണ്ടത് മാധ്യമ ധർമ്മമാണ്. ആ നടി ഒരു രാഷ്ട്രീയക്കാരിയോ സമൂഹത്തെ സ്വാധീനിക്കാൻ കഴിയുന്ന വ്യക്തിയോ ആണെങ്കിൽ പേര് വെളിപ്പെടുത്തുന്നതിൽ തെറ്റില്ല. പക്ഷെ ഈ വാർത്തയിലെ നടി അങ്ങനെ ഒരു വ്യക്തി അല്ല അതിനാല വ്യക്തിഹത്യ പാടില്ല. അതാണ്‌ നല്ല ജേർണലിസ്റ്റ്മാരുടെ ലക്ഷണം.

  ReplyDelete
 17. താങ്കള്‍ ഈ വിഷയത്തില്‍ എഴുതുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു..വായിക്കാന്‍ മൂന്ന് ദിവസം വൈകിയതില്‍ ക്ഷമ ചോദിക്കുന്നു..


  ഈ വിഷയത്തിന്‍റെ മറ്റൊരു വശത്തെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്‌..താങ്കളുടെ നിയമപ്രകാരമുള്ള മുന്നറിയിപ്പ്‌ വായിച്ചു..എങ്കിലും അക്കാര്യം പറയണം എന്ന് തന്നെ ഞാന്‍ വിചാരിക്കുന്നു..

  ആ "പ്രമുഖ നടി" ബഹു:ഉര്‍വ്വശിയാണെന്ന് വണ്‍ഇന്ത്യയിലൂടെയാണ് ഞാന്‍ അറിഞ്ഞത്..പിന്നെ, വണ്‍ഇന്ത്യയില്‍ "ഉര്‍വ്വശി മദ്യപിച്ചാല്‍ നിങ്ങള്‍ക്കെന്താ?" എന്ന തലക്കെട്ടോടെ ഒരു ലേഖനം കണ്ടു..എഴുതിയത് ഒരു സ്ത്രീയാണ്..പേര് ഞാന്‍ ഓര്‍ക്കുന്നില്ല..

  അതില്‍ പറയുന്നത്, ഉര്‍വ്വശി ഒരു സ്ത്രീ ആയത് കൊണ്ടാണ് സാമൂഹ്യമാധ്യമങ്ങള്‍ അവര്‍ക്കെതിരെ തിരിയുന്നതെന്നും ആണ്..ഇത് ഒരുതരത്തില്‍ സമൂഹത്തില്‍ മറ്റൊരു പ്രതീതി സൃഷ്ടിക്കുന്നുണ്ട്..ഉര്‍വ്വശി എന്ന നടി മദ്യപിക്കുന്നതില്‍ ആര്‍ക്കെന്ത് ചേതം? പക്ഷേ, ഒരു പരിപാടിയില്‍ പങ്കെടുത്തു അതലങ്കോലമാക്കുന്നത് തെറ്റല്ല എന്ന രീതിയില്‍ ന്യായീകരിക്കുന്നത് സ്ത്രീകള്‍ക്ക് എന്തുമാവാം എന്ന രീതിയില്‍ ആകുന്നു..സ്പീക്കര്‍, അദ്ദേഹം വ്യക്തിപരമായി ആരായാലും, ആ സ്ഥാനത്തെ നമ്മള്‍ ബഹുമാനിക്കേണ്ടതുണ്ട്..ഇല്ലേ? നമുക്ക്‌, നമ്മുടെ ജനാധിപത്യരീതിയില്‍, സഭ്യമായരീതിയില്‍ വിമര്‍ശിക്കാം..പക്ഷേ ആ വീഡിയോയില്‍ ഉര്‍വ്വശിയുടെ സംസാരം അത്ര സഭ്യമായ രീതിയായി തോന്നിയില്ല..അതിനെ അവര്‍ സ്ത്രീ ആയത് കൊണ്ടാണ് വിമര്‍ശിക്കുന്നത് എന്ന രീതിയില്‍ ന്യായീകരിക്കുന്നത് ശരിയല്ല എന്നാണ് എനിക്ക് തോന്നുന്നത്..

  പണ്ട് ബഹു:കലാഭവന്‍മണി ഒരു ഉദ്യോഗസ്ഥനെ തല്ലി എന്ന പ്രശ്നമുണ്ടായപ്പോള്‍ അതിനെയും സാമൂഹ്യമാധ്യമങ്ങള്‍ വിമര്‍ശിച്ചിരുന്നു എന്നാണെന്‍റെ അറിവ്..അപ്പോള്‍ അത് കറുത്തവര്‍ക്കെതിരെ ഉള്ള ആക്രമമായി ചിത്രീകരിച്ചു..ഇല്ലേ?

  ആരായാലും, അത് ഏതു കൊമ്പത്തെ ആളായാലും, തെറ്റ് ചെയ്‌താല്‍ വിമര്‍ശിക്കുക തന്നെ വേണം..അത് സ്ത്രീ, കറുത്തവന്‍ എന്നൊക്കെ പറഞ്ഞ് പലരും ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കും അത് ആവര്‍ത്തിക്കാനുള്ള പ്രേരണ നല്‍കും.."അമ്മയെ തല്ലിയാലും രണ്ടുണ്ട് ന്യായം" എന്ന് പറഞ്ഞ പോലെ ആവരുത് കാര്യങ്ങള്‍..

  ഒരു പൊതുസ്ഥലത്തേക്ക്, പൊതുപരിപാടിയില്‍ ഇങ്ങനെ ആരും മദ്യപിച്ച് വരരുത് എന്നതിനും നിയമം ഉണ്ടാക്കേണ്ടി വരരുത്..അത് അവരവര്‍ക്ക് തോന്നേണ്ട ഒരു സാമാന്യബോധമാണ്..

  ശ്രീകാന്ത്‌ മണ്ണൂര്‍
  www.sreemannur.blogspot.in

  ReplyDelete
  Replies
  1. Well Said Sreekanth

   ഒരു സ്ത്രീയായത് കൊണ്ട് മാത്രമാണ് ഉർവശിയെ വിമർശിക്കുന്നത് എന്ന് സോഷ്യൽ മീഡിയയിൽ പലരും എഴുതിക്കണ്ടു. അവർക്കുള്ള പ്രതികരണമായി ഞാൻ ഫേസ്ബുക്കിൽ കുറിച്ച ഒരു സ്റ്റാറ്റസ് ഇവിടെ പകർത്തുന്നു.

   "ലാലിസം ബോറായപ്പോൾ മോഹൻലാലിനെ എല്ലാവരും കൊന്ന് കൊലവിളിച്ചു. പുരുഷനായത് കൊണ്ടാണ് ലാലിനെ ഇങ്ങനെ കടന്നാക്രമിക്കുന്നതെന്ന് ഒരു 'പുരുഷ ശാക്തീകരണ' വാദിയും വാദിച്ചില്ല. ബോറായാൽ ബോറായി എന്ന് പറയും. അത് സ്ത്രീയായാലും പുരുഷനായാലും. ഉർവശിക്ക് വേണ്ടി സ്ത്രീ ശാക്തീകരണ വാദികൾ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. സ്ത്രീകളായത് കൊണ്ടാണത്രേ സാമൂഹ്യ വിമർശനം ഏല്ക്കേണ്ടി വരുന്നത്. പൊതുപരിപാടിയിൽ കുടിച്ച് പൂസായി വന്നിട്ട് അലമ്പുണ്ടാക്കുന്നത് സ്ത്രീശാക്തീകരണമാണത്രേ..

   പുരുഷന്മാരെപ്പോലെ സ്ത്രീകളും സമൂഹത്തിന്റെ ഭാഗമാണ്. സമൂഹത്തിന്റെ പാതിയാണ് അവർ.. അതുകൊണ്ട് തന്നെ പൊതു വിമർശനത്തിന്റെ പാതി അവർക്ക് കൂടി അവകാശപ്പെട്ടതാണ്. അതാണ്‌ സ്ഥിതി സമത്വം. അല്ലാതെ സ്ത്രീകൾ എന്ത് അലമ്പുണ്ടാക്കിയാലും മിണ്ടാതെ 'ശാക്തീകരണം' നടത്തിക്കൊണ്ടിരിക്കണം എന്ന് പറഞ്ഞാൽ 'പോടാ പുല്ലേ' എന്ന് തന്നെ പറയും..
   grin emoticon

   Delete
  2. നന്ദി സര്‍, ആ ഫേസ്ബുക്ക്‌ കുറിപ്പ്‌ നന്നായി..ഞാന്‍ മേലെ എഴുതിയതിന് സമാനമായി ട്വിറ്ററില്‍ എഴുതിയിരുന്നു..മദ്യപാനം "ശാക്തീകരണം" ആണെങ്കില്‍ എന്തിനാണോ എന്തോ അത് നിരോധിക്കാന്‍ ഇവിടെ മുറവിളി?

   ബഷീര്‍ ശൈലിയില്‍ പറഞ്ഞാല്‍ "സൗഭാഗ്യവതികാളായ" സ്ത്രീകള്‍ കഴിച്ചാല്‍ മാത്രം ശാക്തീകരണവും "മണ്ടന്മാരായ, ക്രൂരന്മാരായ" പുരുഷന്മാര്‍ കഴിക്കുന്നത് മാത്രമാണോ പാപം?

   Delete
 18. ഞാന്‍ നമ്മടെ "പ്രമുഖ" മാധ്യമങ്ങളെ നമ്പുന്ന പരിപാടി മതിയാക്കി. മുന്‍പെഴുതിയ ഒരു സ്റ്റാറ്റസ് പകര്‍ത്തുന്നു:

  മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ എല്ലാം സ്വന്തമായി പുതിയൊരു "മഞ്ഞ" ചാനല്‍ വീതം തുടങ്ങണം. അതായത്, ഈ ഏഷ്യാനെറ്റ് "പ്ലസ്‌" എന്നൊക്കെ പറയുന്നതുപോലെ.
  ഉദാ:
  മാതൃഭൂമി : മാതൃഭൂമി മഞ്ഞ
  മനോരമ : മനോരമ മഞ്ഞ (ചുരുക്കി "mama" )
  റിപ്പോര്‍ട്ടര്‍ ടി.വി : റിപ്പോര്‍ട്ടര്‍ മഞ്ഞ ടി.വി.
  ഏഷ്യാനെറ്റ്‌ : ഏഷ്യാനെറ്റ്‌ മഞ്ഞ പ്ലസ്.
  എന്നിട്ട് കേരള നിയമസഭയെക്കുറിച്ചും മന്ത്രിമാരെക്കുറിച്ചും ഉള്ള വാര്‍ത്തകള്‍ ഈ പുതിയ ചാനലില്‍ മാത്രമായി കൊടുക്കണം.
  അവരുടെ കത്ത്-കുത്തുകള്‍ (ഐ മീന്‍ "എഴുത്തുകുത്തുകള്‍") എല്ലാം ഈ എക്സ്ക്ലൂസീവ് ചാനലുകളില്‍ മാത്രം കാണിക്കുക.
  കത്തില്‍ പേരുള്ളവരെ വിളിച്ചിരുത്തി അന്തിച്ചര്‍ച്ച നടത്താന്‍ മാത്രമായി ഈ ചാനലുകള്‍ ഉപയോഗിക്കാം.
  "മഞ്ഞ" ഡിപ്പാര്‍ട്ട്മെന്റിനു പ്രത്യേകം ഫേസ്ബുക്ക്‌ പേജ്, വെബ്സൈറ്റ് മുതലായവ തുടങ്ങാം... വേണമെങ്കില്‍ ഈ സൈറ്റുകളില്‍ കൂടുതലായി പരസ്യങ്ങള്‍ ചേര്‍ത്തു നിങ്ങളുടെ വരുമാനവും കൂട്ടാം.
  വേണമെങ്കില്‍ കൂടുതല്‍ ആളുകള്‍ കാണുന്നതിനുവേണ്ടി "മറ്റേ രഹസ്യം കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ" എന്നുപറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ഇടാം.
  താല്പര്യമുള്ളവര്‍ നിങ്ങളുടെ "മഞ്ഞ" പേജും, "മഞ്ഞ" ചാനലും കാണട്ടെ.
  എന്നിട്ട്, ദയവുചെയ്ത്, ജനങ്ങള്‍ ശരിക്കും അറിയേണ്ട വാര്‍ത്തകള്‍ നിങ്ങളുടെ പ്രധാന ചാനലുകളില്‍ കാണിക്കുക.

  ReplyDelete