ഒരു എമേര്‍ജിംഗ് മോഹം പറയട്ടെ

എമേര്‍ജിംഗ് കേരളക്ക് വേണ്ടി സര്‍ക്കാര്‍ തയ്യാര്‍ ചെയ്ത വെബ്സൈറ്റ് സന്ദര്‍ശിച്ചു. അതില്‍ പറയുന്ന പദ്ധതികളിലൂടെയൊക്കെ ഒന്ന് കണ്ണോടിച്ചു പോയി. അമ്മായി ചുട്ട അപ്പത്തരങ്ങള്‍ പോലെ രുചിയിലും രൂപത്തിലും പുതുമയുള്ള എമണ്ടന്‍ ആശയങ്ങള്‍, കിടിലന്‍ പദ്ധതികള്‍.. എല്ലാം കൊണ്ടും അടിപൊളി എമേര്‍ജ്. പക്ഷെ പ്രധാന വ്യവസായത്തെ ഒഴിവാക്കിക്കളഞ്ഞു. വിവാദ വ്യവസായം!!. ഈ നൂറ്റാണ്ടില്‍ കേരളത്തില്‍ അടിച്ചു കസറി വിജയിക്കുമെന്ന് നൂറ്റിപ്പത്ത് ശതമാനം ഉറപ്പുള്ള വിവാദ വ്യവസായത്തിന് പാക്കേജുകളോ പദ്ധതികളോ ഇല്ല. ഒരു ഏക്കര്‍ ഭൂമി പോലും ഈ വകുപ്പില്‍ വകയിരുത്തിയിട്ടില്ല. ഈ വ്യവസായത്തില്‍ മുതല്‍ മുടക്കി കഷ്ടപ്പെട്ട് പിടിച്ചു നില്‍ക്കുന്ന രാഷ്ട്രീയ നേതാക്കന്മാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒരു പരിഗണനയും കൊടുത്തിട്ടില്ല. എമേര്‍ജിംഗ് കേരളയെ കൊന്നു കുഴിച്ചു മൂടാന്‍ കൊലവിളി നടത്തിക്കൊണ്ടിരിക്കുന്ന ഇവറ്റകള്‍ക്ക് കൂടി ഉപകാരപ്പെടുന്ന രൂപത്തില്‍ ഒരു പദ്ധതി അതില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ അല്പമെങ്കിലും പ്രതിഷേധ സ്വരങ്ങള്‍ക്ക് ശമനമുണ്ടായേനെ!!

കേരളത്തിന്റെ പരിസ്ഥിതിയും പരിതസ്ഥിതിയും പഠിക്കുന്ന ഏത് പൊട്ടനും അറിയാവുന്ന കാര്യമാണ് ഒട്ടും റിസ്കില്ലാതെ പണം മുടക്കാവുന്ന കേരളത്തിലെ ഏക വ്യവസായം വിവാദ വ്യവസായമാണെന്നത്. ഒരു വിവാദ വ്യവസായ കോര്‍പ്പറേഷന്‍ ഉണ്ടാക്കുകയാണെങ്കില്‍ ഒറ്റ മാസം കൊണ്ട് അത് പന പോലെ വളരും. ഒരു വിവാദം മുളപ്പിക്കാന്‍ വേണ്ട പ്രാഥമിക വസ്തു വഹകള്‍ തയ്യാറാക്കുക, അത് പ്ലാന്റ് ചെയ്യാന്‍ വേണ്ടി മാധ്യമങ്ങളുമായി ബി ഒ ടി ഒപ്പ് വെക്കുക, ചൊറിഞ്ഞു മാന്താന്‍ ന്യൂസ് അവര്‍ സ്റ്റുഡിയോകളിലേക്ക് 'വിദഗ്ദരെ' അയക്കുക, കോടതി വ്യവഹാരങ്ങള്‍ക്ക്‌ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുക  തുടങ്ങിയ പണികളാണ് വിവാദ വ്യവസായ കോര്‍പ്പറേഷന്‍ ചെയ്യേണ്ടത്. ബാക്കി കാര്യങ്ങളൊക്കെ പണിയൊന്നുമില്ലാതെ നടക്കുന്ന പൊതുജനങ്ങള്‍ ചെയ്തോളും. ഇത്തരം ഒരു കോര്‍പറേഷന്‍ ഉണ്ടാക്കുന്ന പക്ഷം അതിന്റെ സി ഇ ഒ യായി ചുമതല ഏല്പിക്കാന്‍ ഏറ്റവും യോഗ്യന്‍ സഖാവ് വി എസ് തന്നെയാണ്. വിവാദ വ്യവസായ രംഗത്ത് അദ്ദേഹത്തോളം തഴക്കവും പഴക്കവും ചെന്ന ഒരാള്‍ ഇന്ന് ജീവിച്ചിരിപ്പില്ല. വിവാദ വിപണന രംഗത്ത് രംഗത്ത് ഇപ്പോള്‍ നന്നായി തിളങ്ങിക്കൊണ്ടിരിക്കുന്ന സഖാവ് വി എം സുധീരന്‍, സഖാവ് ടി എന്‍ പ്രതാപന്‍, സഖാവ് കെ എം ഷാജി തുടങ്ങിയ ഹരിതവിപ്ലവക്കാരെ ബോര്‍ഡ്‌ ഡയരക്ടര്‍മാരായി വെക്കുകയും ചെയ്‌താല്‍ അംബാനി ഗ്രൂപ്പിനെപ്പോലും കവച്ചു വെക്കാന്‍ ഈ കോര്‍പറേഷന് സാധിക്കും.  

എമേര്‍ജിംഗ് കേരളക്കെതിരെയുള്ള പ്രചാരണങ്ങള്‍ ജനിപ്പിക്കുന്നത് 'ജിം' പോലെ ഇതും വിവാദങ്ങളില്‍ തുടങ്ങി വിവാദങ്ങളില്‍ അവസാനിക്കുമോ എന്ന ഭയമാണ്. എന്തിനും ഏതിനും ഒടുക്കത്തെ വിവാദങ്ങള്‍ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വിവാദങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. സര്‍ക്കാരിന്റെ പാളിച്ചകളെ അതാതു വേദികളില്‍ സദുദ്ദേശത്തോടെ ചൂണ്ടിക്കാണിക്കുന്നതാണ് ക്രിയാത്മക വിമര്‍ശനം. എന്നാല്‍ അതിനു പകരം നിഷേധാത്മക മനസ്സോടെ എല്ലാം മുടിഞ്ഞു പോകട്ടെ എന്ന മട്ടിലുള്ള വിമര്‍ശനങ്ങളാണ്  ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. സര്‍ക്കാര്‍ ഭാഗത്ത് ചില പോരായ്മകള്‍ ഉണ്ടായിട്ടുണ്ട് എന്നത് സത്യമാണ്. വേണ്ടത്ര പഠനങ്ങളോ മുന്നൊരുക്കങ്ങളോ ഇല്ലാതെയാണ് പദ്ധതികളില്‍ പലതും ഡിസൈന്‍ ചെയ്തത്. അതുകൊണ്ടുണ്ടായ ആശയക്കുഴപ്പങ്ങള്‍ നിലവിലുണ്ട്. പക്ഷേ അതിനെ തിരുത്താന്‍ ശ്രമിക്കുമ്പോള്‍ സ്വീകരിക്കേണ്ട ചില സാമാന്യ രീതികളുണ്ട്. നമ്മുടെ നാടിന്റെ ഭാവിയെ ദോഷകരമായി ബാധിക്കാത്ത രൂപത്തിലുള്ള സമീപനമായിരിക്കണം ഉത്തരവാദപ്പെട്ട ഒരു പ്രതിപക്ഷം സ്വീകരിക്കേണ്ടത്. എമേര്‍ജിംഗ് കേരളയെ മൊത്തത്തില്‍ ബഹിഷ്കരിക്കുന്നു എന്ന് പറയുന്നിടത്ത് ആ സമീപനം വഴി മാറുന്നു. നാടിന്റെ വികസനത്തെക്കാള്‍ കക്ഷി രാഷ്ട്രീയത്തിന്റെ കക്ഷി രാഷ്ട്രീയത്തിന്റെ അഴുകിയ കണക്കുകളിലാണ് അവര്‍ രമിച്ചു കൊണ്ടിരിക്കുന്നത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമല്ല, മാധ്യമങ്ങള്‍ക്കും ഒരു വികസനോന്മുഖ കാഴ്ചപ്പാട് ആവശ്യമുണ്ട്. നാടിന്റെ വികസന കാര്യത്തില്‍ പാര്‍ട്ടിയും കൊടിയും മതവും ജാതിയും നോക്കി പ്രതികരിക്കുന്ന എമ്പോക്കികള്‍ക്ക് മാത്രം വാര്‍ത്തകളില്‍ ഇടം കൊടുത്ത് ഒരുതരം നെഗറ്റീവ് ജേര്‍ണലിസത്തിലേക്ക് നമ്മുടെ മാധ്യമങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുന്നു എന്ന് പറയാതെ വയ്യ. സര്‍ക്കാര്‍ മുന്നോട്ടു വെച്ച നൂറു കൂട്ടം പദ്ധതികളില്‍ ഏതിനെയാണ് വിമര്‍ശിക്കാന്‍ വകുപ്പുള്ളത് എന്ന് നോക്കി അതിന്റെ പിറകെ മാത്രം പായുന്ന മാധ്യമങ്ങള്‍ കേരളത്തിലേക്ക് ഒരു നിക്ഷേപകനും കടന്നു വരരുത് എന്ന ദൃഢപ്രതിജ്ഞ എടുത്തത് പോലെ തോന്നുന്നു.

നിക്ഷേപകരെ ശത്രുവായി കാണുന്ന ഒരു സമീപന രീതിയാണ് ഇത്തരം പ്രചാരണങ്ങളുടെ ഫലമായി പൊതുമണ്ഡലത്തില്‍ വളര്‍ന്നു വരുന്നത്. ലാഭക്കൊതിയോടെ വരുന്ന നിക്ഷേപകന്‍ എന്നാണു ചര്‍ച്ചകളില്‍ ഉടനീളം കേള്‍ക്കുന്നത്. ഈ പ്രയോഗം കേള്‍ക്കുമ്പോള്‍ തന്നെ ചിരിയാണ് വരുന്നത്. ഭൂമിയില്‍ ഏതെങ്കിലും നിക്ഷേപകന്‍ നഷ്ടക്കൊതിയോടെ വരുമോ?. ലാഭം ഉണ്ടാക്കാന്‍ തന്നെയല്ലേ നിക്ഷേപകര്‍ വരിക. അതിനു തന്നെയല്ലേ നാം അവരെ വിളിച്ചു വരുത്തുന്നതും. നിക്ഷേപകന്‍ ലാഭമുണ്ടാക്കുമ്പോഴാണ്‌ അതിലൊരു വിഹിതം സര്‍ക്കാരിന് ലഭിക്കുന്നത്. അപ്പോഴാണ്‌ കൂടുതല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നത്. ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നത് സ്വകാര്യ കുത്തകകള്‍ എന്ന് വിളിക്കുന്ന സ്ഥാപനങ്ങള്‍ ആണ്. അവരൊക്കെ മുടിഞ്ഞു പോകുന്നത് കൊണ്ട് അവര്‍ക്ക് മാത്രമല്ല നഷ്ടം. പൊതു സമൂഹത്തിനു കൂടിയാണ്. ഒരു കണ്‍സ്യൂമര്‍ സംസ്ഥാനം എന്നതിലുപരി കേരളം ഇന്നൊരു പേ റോള്‍ സംസ്ഥാനം കൂടിയാണ്.  കൃത്യമായി ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പോലും ഖജനാവില്‍ പണമില്ല. വികസന സംരംഭങ്ങള്‍ക്ക്‌ പണമില്ല എന്നതാണ് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇവിടെ നിക്ഷേപങ്ങളും വ്യവസായങ്ങളും ഉണ്ടായാലേ സര്‍ക്കാര്‍ ഖജനാവില്‍ പണം വരൂ. 'നിക്ഷേപകന് നഷ്ടം വരണം, എന്നാല്‍ സംസ്ഥാനം പുരോഗമിക്കണം' എന്ന മട്ടില്‍ ഒരു നിലപാട് വളര്‍ത്തിയെടുക്കുന്നത് എത്രമാത്രം അസംബന്ധമാണ്!!!

മുന്‍ വ്യവസായ മന്ത്രി എളമരം കരീമിന്റെ പ്രസിദ്ധമായ ഒരു ശൈലി കടമെടുത്തു പറഞ്ഞാല്‍ തെങ്ങിന്റെ മണ്ടയില്‍ വ്യവസായം തുടങ്ങാന്‍ പറ്റില്ല. അത് ഭൂമിയില്‍ തന്നെയേ പറ്റുകയുള്ളൂ. പരിസ്ഥിതിക്ക് ദോഷം വരാത്ത രൂപത്തില്‍ ഭൂമി നല്‍കുവാനുള്ള  ഉത്തരവാദിത്വവും സര്‍ക്കാരിന് തന്നെയാണ്. സ്വകാര്യ കമ്പനികള്‍ സര്‍ക്കാര്‍ ഭൂമി ദുരുപയോഗം ചെയ്യാതെ നോക്കുവാനുള്ള ശ്രദ്ധയുണ്ടാകണം. പാട്ട വ്യവസ്ഥകളില്‍ കരുതല്‍ വേണം. കേരളത്തില്‍ മാത്രമല്ല 'പരിസ്ഥിതി'യുള്ളത്. വികസന രംഗത്ത് കുതിച്ചു ചാട്ടം നടത്തിയ രാജ്യങ്ങളിലൊക്കെ നമ്മുടേത്‌ പോലെ മണ്ണും മരവും പുഴകളും കിളികളുമുണ്ട്. അവിടങ്ങളിലൊക്കെ വികസന സംരംഭങ്ങള്‍ വരുന്നുമുണ്ട്. ലഭ്യതയും ആവശ്യകതയും തിരിച്ചറിഞ്ഞു കൊണ്ടുള്ള പ്രായോഗിക സമീപനങ്ങളാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. പരിസ്ഥിതി കവിതകളില്‍ നിന്ന് ആവേശം ഉള്‍കൊള്ളുന്നത് നല്ലതാണ്. പക്ഷെ അത് പരിതസ്ഥിതിക്ക് നേരെ കണ്ണടച്ച് കൊണ്ടാവരുത്.

ഭരണഘടന ലംഘനം ആവുകയില്ലെങ്കില്‍ ഒരു എമേര്‍ജിംഗ് മോഹം കൂടി പറഞ്ഞു അവസാനിപ്പിക്കാം. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും പത്തു കൊല്ലത്തേക്ക്‌ പിരിച്ചു വിടുക. ന്യൂസ് അവര്‍ വീരപ്പന്മാരെ ഉഗാണ്ടയിലേക്ക് നാട് കടത്തുക. എന്നിട്ട് കമ്മ്യൂണിസ്റ്റ് ചൈനയിലെ പോലുള്ള ഒരു ഉരുക്ക് ഭരണകൂടം ഉണ്ടാക്കുക. പറ്റുമെങ്കില്‍ അതിന്റെ തലപ്പത്ത് സര്‍ സി പി യെപ്പോലുള്ള ഒരാളെ ഇരുത്തുക. വഴിയാധാരമാകാനിടയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരെയൊക്കെ വല്ല വൃദ്ധ മന്ദിരങ്ങളിലുമാക്കി മൂന്നു നേരം ഭക്ഷണം കൊടുക്കാനുള്ള ഏര്‍പ്പാടുണ്ടാക്കുക. പിന്നെ നമുക്കൊരു എമേര്‍ജിങ്ങിന്റെയും ആവശ്യമുണ്ടാകില്ല. വികസനം പറന്നു വരും!!.

Recent Posts
വരിവരിയായി ജയിലിലേക്ക് !
തിലകനും അമ്മയും പിന്നെ തട്ടിയെറിഞ്ഞ ചോറ്റുപാത്രവും
കവര്‍ സ്റ്റോറിക്കാക്കാരീ, ഓടരുത് !!
മീന കന്ദസ്വാമിയുടെ ആവിഷ്കാര സ്വാതന്ത്ര്യം