ആറാം മന്ത്രി ഉടന്‍, ഹൈക്കമാന്ഡിന്റെ അടിയന്തിരയോഗം!

പതിനൊന്നു മാസം ഗര്‍ഭം ധരിച്ച ശേഷം ലീഗ് അഞ്ചാം മന്ത്രിയെ പ്രസവിച്ചു. നാലെണ്ണം സുഖപ്രസവം ആയിരുന്നെങ്കില്‍ അഞ്ചാമത്തേത് സിസേറിയന്‍ ആയിരുന്നു എന്ന് മാത്രം. തള്ളക്കും കുട്ടിക്കും കാര്യമായ കുഴപ്പങ്ങള്‍ ഒന്നും ഇല്ല. നാലഞ്ചു കുപ്പി രക്തവും രണ്ടു ബോട്ടില്‍ മയക്കുമരുന്നും അധികം ചിലവായി എന്ന് മാത്രം. ലേബര്‍ റൂമില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേട്ടതോടെ ലീഗുകാര്‍ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മലപ്പുറത്തെ കടകളില്‍ ലഡുവും ജിലേബിയും കിട്ടാനില്ലാത്ത അവസ്ഥയാണ്. ഷെയര്‍ മാര്‍ക്കറ്റില്‍ ഓഹരി വില ഇടിയുന്ന പോലെ കുത്തനെ ഇടിഞ്ഞ പാണക്കാട് തങ്ങളുടെ വാക്കിന്റെ വില ഈ പ്രസവത്തോടെ കുതിച്ചു മുകളിലേക്ക് തന്നെ കയറി. മോന്തായം തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് ലീഗ് സൂചികയുടെ ഗ്രാഫ് നില്‍ക്കുന്നത്.

ഈ തര്‍ക്കത്തില്‍ ഏറ്റവും വിലയിടിഞ്ഞത്‌ കോണ്ഗ്രസ്സിനാണ് എന്ന് പറയാതെ വയ്യ. ലീഗ് മുന്നോട്ടു വെച്ച ആവശ്യം  തികച്ചും ന്യായമാണെന്നും അതുകൊണ്ട് കോണ്‍ഗ്രസ് വിട്ടു വീഴ്ച ചെയ്തു മുന്നോട്ടു പോവുകയാണെന്നുമാണ് അവര്‍ ഇപ്പോള്‍ പറയുന്നത്. എങ്കില്‍ ഇത് വരെ മസില്‍ പിടിച്ചു നിന്ന് ഈ വിവാദങ്ങളൊക്കെ ഉണ്ടാക്കിയത് എന്തിനായിരുന്നു എന്ന ചോദ്യമുണ്ട്. കേരള രാഷ്ട്രീയത്തില്‍ സമീപകാലം കണ്ട ഏറ്റവും അപകടകരമായ ഒരു ചര്‍ച്ചയെ ഇത്ര വഷളായ ഒരവസ്ഥയിലേക്കു എത്തിച്ചത് രമേശ്‌ ചെന്നിത്തലയും അദ്ദേഹത്തിന്‍റെ ഗ്രൂപ്പുമാണ്. ഏതാനും മാസങ്ങളായി സംപ്രേഷണം നടക്കുന്ന അഞ്ചാംമന്ത്രി എപ്പിസോഡുകളെ അല്പം സീരിയസ്സായി വിശകലനം ചെയ്‌താല്‍ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്.  ഈ സംഭവ പരമ്പരകള്‍ കേരളത്തിലെ മതേതര പൊതുസമൂഹത്തില്‍ വലിയ വിള്ളലുകള്‍ ഉണ്ടാക്കി എന്നതാണത്. മതവും ജാതിയും ഉപജാതിയും തിരിച്ചു മന്ത്രിമാരുടെ എണ്ണവും വകുപ്പും വിശകലനം ചെയ്യപ്പെട്ടു.

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ പോലും ജാതിയും മതവും തിരിച്ചു മന്ത്രിമാര്‍ക്ക് വേണ്ടി വാദിച്ചു. ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം കൊടുത്താല്‍ സാമുദായിക സന്തുലനം തകരുമെന്ന്  വി എസും കോടിയേരിയും പിണറായിയും വിലപിച്ചപ്പോള്‍ കേരളീയ മതേതര പൊതുസമൂഹത്തിന്റെ മനസ്സാക്ഷിക്കാണ് മുറിവേറ്റത്. ഇത്രയേറെ ജാതിബോധവും സന്തുലനബോധവും വി എസ്സിനുണ്ടായിരുന്നെങ്കില്‍ തന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ മന്ത്രിസഭയിലെ മുസ്ലിം മന്ത്രിമാരുടെ എണ്ണം കൂട്ടണമായിരുന്നു. രണ്ടു മുസ്ലിം മന്ത്രിമാരെ വെച്ചാണ് വി എസ് കഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ചത്. അപ്പോള്‍ എവിടെയായിരുന്നു ഈ സന്തുലനബോധം?. മുന്നണിയിലെ രണ്ടാം കക്ഷി ഒരേ ജാതിയില്‍ നിന്ന് നാല് മന്ത്രിമാരെ പ്രഖ്യാപിച്ചപ്പോള്‍ എവിടെയായിരുന്നു ആ സമത്വ ബോധം. സി പി എം പതിറ്റാണ്ടുകള്‍ ഭരിച്ച പശ്ചിമ ബംഗാളില്‍ എത്ര സാമുദായിക സന്തുലനം പാലിച്ചിട്ടുണ്ട്?

ഇപ്പോള്‍ മാത്രം മതത്തിന്റെയും ജാതിയുടെയും കണക്കു നോക്കിയ വി എസ്സും സഖാക്കളും  ഈ ചോദ്യങ്ങള്‍ക്കൊക്കെയും മറുപടി പറയേണ്ടതുണ്ട്. ലീഗിന് മന്ത്രിമാരുടെ എണ്ണം കൂടുമ്പോള്‍ എന്‍ എസ് എസും ആര്‍ എസ് എസും ഹര്‍ത്താല്‍ നടത്തിയാല്‍ അത് മനസ്സിലാക്കാന്‍ എളുപ്പമുണ്ട്. പക്ഷെ സി പി എം പോലൊരു മതേതര കക്ഷി തൊട്ടാല്‍ പൊള്ളുന്ന ഇത്തരമൊരു വിവാദം ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ ഒരിക്കലും ശ്രമിക്കരുതായിരുന്നു. ജാതിയും മതവും നോക്കിയല്ല മന്ത്രിമാരെ നിശ്ചയിക്കേണ്ടതും അവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തേണ്ടതും. ഓരോ മന്ത്രിമാരും ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് അവരെ മൂല്യനിര്‍ണയം ചെയ്യേണ്ടത്. ഇനി ജാതിയുടെയും മതത്തിന്റെയും കണക്കു നോക്കിയേ തീരൂ എന്ന് ആര്‍ക്കെങ്കിലും വാശിയുണ്ടെങ്കില്‍ അവര്‍ക്ക് മനസ്സിലാകുന്ന കണക്കുകള്‍ നിയമസഭക്കകത്ത് തന്നെ ലഭ്യമാണ്.  യു ഡി എഫിലെ എഴുപത്തി രണ്ടു എം എല്‍ എ മാരില്‍ നാല്പത്തി ആറു പേര്‍ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നാണ്. ഭൂരിപക്ഷ സമുദാത്തെക്കാള്‍ കൂടുതലാണ് മുസ്ലിം സമുദായത്തില്‍ നിന്നുള്ള എം എല്‍ എ മാരുടെ എണ്ണം. ആ പ്രാതിനിധ്യം മന്ത്രിസഭയിലും  പ്രതിഫലിച്ചു പോയാല്‍ ആകാശം ഇടിഞ്ഞു വീഴും എന്ന് പ്രചരിപ്പിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല, ഒരു വിപ്ലവ പാര്‍ട്ടിക്ക് പ്രത്യേകിച്ചും.  


ലീഗ് അണികളോടും ഒരു വാക്ക് പറയാനുണ്ട്. പാണക്കാട് തങ്ങള്‍മാര്‍ എന്ന് പറഞ്ഞാല്‍ തെറ്റ് പറ്റാത്ത അമാനുഷര്‍ അല്ല. അവരുടെ വായില്‍ നിന്ന് ഒരു വാക്ക് വീണു പോയാല്‍ അതില്‍ പിടിച്ചു ഭൂമി കുലുക്കേണ്ട ആവശ്യമില്ല. പാണക്കാട് തങ്ങള്‍ ഒരു വാക്ക് പറഞ്ഞാല്‍ അത് നടന്നിരിക്കണം എന്ന അര്‍ത്ഥത്തില്‍ പ്രചാരണം നടത്തുന്നത് ഒരുതരം ഫാസിസമാണ്‌. ആരു പറഞ്ഞാലും അപ്പറഞ്ഞത്‌ ന്യായമാണോ അല്ലയോ എന്നാണ് നോക്കേണ്ടത്. ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം അര്‍ഹതപ്പെട്ടതാണ് അതുകൊണ്ട് അത് ലഭിക്കണം എന്ന് പറയുന്നതിനായിരുന്നു പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ചത് കൊണ്ട് അത് ലഭിക്കണം എന്ന് പറയുന്നതിനേക്കാള്‍ അന്തസ്സ്. ഇപ്പോള്‍ ലഭിച്ച മന്ത്രിസ്ഥാനത്തിന്റെ പേരില്‍ ലീഗിന് വന്നു ചേര്‍ന്ന ഇമേജ് ആ പാര്‍ട്ടിയുടെ ഇതര സമൂഹങ്ങളുമായുള്ള ഗുണപരമായ സഹവര്‍ത്തിത്വത്തിന് ഉതകുന്ന രൂപത്തില്‍  പരിവര്‍ത്തിപ്പിച്ചെടുക്കാന്‍ നേതൃത്വത്തിനും അണികള്‍ക്കും കഴിയേണ്ടതുണ്ട്.    
 
ആര് തോറ്റാലും ജയിച്ചാലും അഞ്ചാം മന്ത്രി വിവാദം ഇപ്പോള്‍ ഒരു തീര്‍പ്പില്‍ എത്തിയിരിക്കുന്നു. ഇനി വേണ്ടത് വിവാദാഗ്നി ആളിപ്പടരാതിരിക്കുകയാണ്. അതിനു ശ്രദ്ധിക്കേണ്ടത് കേരളത്തിലെ മാധ്യമങ്ങള്‍ തന്നെയാണ്. ദൌര്‍ഭാഗ്യകരം എന്ന് പറയട്ടെ ജാതിമത സമവാക്യ ചര്‍ച്ചകളുടെ ഏറ്റവും വലിയ പ്രചാരകരും പ്രായോജകരും കേരളത്തിലെ മാധ്യമങ്ങള്‍ ആയിരുന്നു. റേറ്റിംഗ് ചാര്‍ട്ടിനപ്പുറത്തേക്ക് ചിന്തിക്കാന്‍ വകതിരിവില്ലാത്ത മനുഷ്യപ്പിശാചുക്കളായി വാര്‍ത്താവതാരകന്മാര്‍ മാറിയ കാഴ്ചയാണ് ഏതാനും നാളുകളില്‍ നാം കണ്ടത്.  കേരളീയ ബോധമനസ്സില്‍ വിഷം നിറച്ച ഈ ചര്‍ച്ചകള്‍ ഇനിയും തുടരുന്ന പക്ഷം അപകടകരമായ മതധ്രുവീകരണത്തിലേക്ക് കേരളം പൊയ്ക്കൂടെന്നില്ല. ഇത്തരം ചര്‍ച്ചകള്‍ക്ക് ഇന്ധനവും അഗ്നിയും പകരാന്‍ സ്റ്റുഡിയോകളില്‍ നിന്ന് സ്റ്റുഡിയോകളിലേക്ക് ഓടുന്ന 'മതേതര'  നേതാക്കളോടും ഒരു വാക്ക്. നിങ്ങള്‍ കത്തിച്ച അഗ്നി നിങ്ങള്‍ തന്നെ കെടുത്തിയേ തീരൂ.. ഒരു പിറവമോ നെയ്യാറ്റിന്‍കരയോ ഉണ്ടാക്കിയെടുക്കാന്‍ എളുപ്പമുണ്ട്. പക്ഷേ അകന്നകന്നു പോകുന്ന മനസ്സുകളെ തിരിച്ചു കൊണ്ടുവരുക അത്ര എളുപ്പമല്ല.

മ്യാവൂ:  ആറാം മന്ത്രി ഉടന്‍ - തങ്ങള്‍.. കോണ്‍ഗ്രസ്‌ ഹൈക്കമാന്ഡ് അടിയന്തിര യോഗം ചേരുന്നു!!!

Related Posts
അഞ്ചാം മന്ത്രി ഊരാക്കുടുക്കിലേക്ക്!! 
ദി കിംഗ്‌ വരുന്നു !!!