അഞ്ചാം മന്ത്രി ഊരാക്കുടുക്കിലേക്ക്!!

"കുഞ്ഞാലിക്കുട്ടിയുടെ മൊബൈല്‍ നമ്പറുണ്ടോ കയ്യില്‍? " ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ സെയില്‍സ് ഡിവിഷനില്‍ സ്ഥിരമായി വരാറുള്ള ചെറുപ്പക്കാരന്‍ ഇന്നലെ എന്നോട് ചോദിച്ചു. കയ്യില്‍ എപ്പോഴും ഒരു ചന്ദ്രിക പത്രം കൊണ്ടുനടക്കുന്ന ആളായതിനാല്‍ കറകളഞ്ഞ ലീഗുകാരനാണ് പുള്ളി എന്ന് എനിക്കറിയാം. എന്നാലും കുഞ്ഞാലിക്കുട്ടി എന്ന് പറഞ്ഞപ്പോള്‍ മുഖത്തു വല്ലാത്തൊരു ഗൗരവം വന്നത് പോലെ.  "എന്റെ കയ്യിലില്ല, പക്ഷെ അത്യാവശ്യമാണേല്‍ സംഘടിപ്പിച്ചു തരാം. എന്താണ് പ്രശ്നം?"  ഞാന്‍ ചോദിച്ചു.    "അത്യാവശ്യമാണ്. വിളിച്ചു നാല് വര്‍ത്താനം പറയാനുണ്ട്!!".  അല്പം കൗതുകത്തോടെ സംഗതി ഞാന്‍ വിശദമായി ചോദിച്ചറിഞ്ഞു. അഞ്ചാം മന്ത്രിയുടെ കാര്യം തന്നെയാണ് പ്രശ്നം. "ലീഗിന് അവകാശപ്പെട്ട ഈ മന്ത്രിസ്ഥാനം ചോദിച്ചു വാങ്ങുന്നതില്‍ കുഞ്ഞാലിക്കുട്ടിക്ക് എന്താണിത്ര തടസ്സം?. അതൊന്നു നേരിട്ടറിയാനാണ്". സ്വന്തം നേതാവിനെതിരെ അയാളുടെ രോഷം തിളച്ചു പൊങ്ങുകകയാണ്. ഒരു സാധാരണ ലീഗ് പ്രവര്‍ത്തകന്റെ മനസ്സ് അയാളില്‍ എനിക്ക് വായിക്കാന്‍ കഴിഞ്ഞു.

ഐശ്വര്യയുടെ പ്രസവവും സച്ചിന്റെ സെഞ്ച്വറിയും ഓക്കെയായതോടെ ഇനി ബാക്കിയുള്ളത് മഞ്ഞളാംകുഴി അലിയുടെ മന്ത്രിക്കാര്യം മാത്രമാണ് എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ ലീഗ് നേതാക്കള്‍ ഒരു ഉശിരും ചുണയും കാണിക്കാത്തത് കാരണം ആ പാവം ഇപ്പോഴും പെരുവഴിയില്‍ കിടക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെ പോവുകയാണെങ്കില്‍ ഐശ്വര്യയുടെ അടുത്ത പ്രസവം  കഴിഞ്ഞാലും മൂപ്പരുടെ കാര്യം സലാമാത്താവുമെന്നു കരുതാന്‍ വയ്യ. എങ്ങനെ കഴിഞ്ഞിരുന്ന ആളാണ്‌. ലീഗുകാര്‍ അങ്ങോട്ട്‌ ചെന്ന് പറഞ്ഞു പൂതിവെപ്പിച്ചതാണ് അലിക്കയെ. ഇപ്പോള്‍ നാട്ടുകാരും കൂട്ടുകാരുമൊക്കെ കളിയാക്കിച്ചിരിക്കുന്ന ഒരു പരുവത്തിലേക്ക്‌ ആ പാവം എത്തിപ്പെട്ടിരിക്കുന്നു. ഇന്റര്‍നെറ്റില്‍ ടിന്റു മോന്റെ തമാശകളേക്കാള്‍ ഹിറ്റ്‌ ഇപ്പോള്‍ മഞ്ഞളാംകുഴി അലിയുടെ ഫോട്ടോകള്‍ക്കാണ്.

മുപ്പത്തൊന്‍പത്‌  എം എല്‍ എ മാരുള്ള കോണ്‍ഗ്രസ്സിനു പന്ത്രണ്ടു മന്ത്രിമാര്‍ ഉണ്ടെങ്കില്‍ ഇരുപതു എം എല്‍ എ മാരുള്ള ലീഗിന് ചുരുങ്ങിയത് ആറ് മന്ത്രിമാര്‍ വേണ്ടേ എന്നതാണ് ചോദ്യം. സംഗതി ന്യായമാണ്.  എസ് എസ് എല്‍ സി നാലുതവണ തോറ്റ കുട്ടികള്‍ക്ക് പോലും ഈ കണക്കു പെട്ടെന്ന് മനസ്സിലാവും. അപ്പോള്‍ പിന്നെ വക്കീല്‍ പരീക്ഷ പാസായ ഉമ്മന്‍ ചാണ്ടിക്കും രമേശ്‌ ചെന്നിത്തലക്കും അത് മനസ്സിലാവാതെ ഇരിക്കണമെങ്കില്‍ അതിലെന്തോ ഗുട്ടന്‍സില്ലേ. അവിടെയാണ് കുഞ്ഞാലിക്കുട്ടി സാഹിബിന്റെ റോള്‍ കിടക്കുന്നതായി ലീഗ് അണികള്‍ സംശയിക്കുന്നത്. ഒന്നുകില്‍ മൂപ്പര്‍ക്ക് ഈ മന്ത്രി സ്ഥാനം ശരിക്ക് തലയില്‍ കയറിയിട്ടില്ല. കയറിയിട്ടുണ്ടെങ്കില്‍ ഒറ്റ ആഴ്ച കൊണ്ട് സംഗതി ഓക്കേ ആക്കാനുള്ള മരുന്ന് കയ്യിലുണ്ട്. അതല്ല എങ്കില്‍ പിന്നെയുള്ളത് ഒരേയൊരു കാരണമാണ്. അത് ഐസ്ക്രീമിന്റെ ചരടാണ്‌. ആ ചരട് വെച്ച് യു ഡി എഫിലെ ആരോ ഗോള്‍ഫ് കളിക്കുന്നുണ്ട്. ആ ഗോള്‍ഫ് തൊണ്ടയില്‍ കുടുങ്ങി കിടക്കുന്നത് കൊണ്ടാണ് സാഹിബ് തന്റെ തന്ത്രങ്ങളൊന്നും  പുറത്തെടുക്കാത്തത്!!.  

പുരയില്‍ അടുപ്പ് പുകഞ്ഞില്ലെങ്കിലും ലീഗുകാര്‍ പിടിച്ചു നില്‍ക്കും, പക്ഷെ പാണക്കാട് തങ്ങള്‍ ഒരു വാക്ക് പറഞ്ഞിട്ട് അത് നടന്നില്ലെങ്കില്‍ അതവര്‍ക്ക് സഹിക്കാന്‍ കഴിയില്ല. അഞ്ചാംമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട് എന്നും ഉടനെ അധികാരമേല്‍ക്കുമെന്നും ഹൈദരലി ശിഹാബ് തങ്ങളെക്കൊണ്ട് പരസ്യപ്രസ്താവന നടത്തിപ്പിച്ചത് കുഞ്ഞാലിക്കുട്ടിയല്ലാതെ മറ്റാരെങ്കിലും ആകാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ ഇനി ഈ വിഷയത്തില്‍ 'മാഞ്ഞാളം' കളിക്കാന്‍ പറ്റില്ല എന്ന് ആരെക്കാളും ബോധ്യമുണ്ടാകേണ്ട വ്യക്തി കുഞ്ഞാലിക്കുട്ടി തന്നെയാണ്. പാണക്കാട്ടെ തങ്ങന്മാരെ കൊടപ്പനക്കല്‍  തറവാട്ടില്‍ എത്തി കണ്ട ശേഷമാണ് കരുണാകരന്‍ അടക്കമുള്ള പഴയകാല കോണ്‍ഗ്രസ്‌ നേതാക്കള്‍ മന്ത്രിമാരുടെ ലിസ്റ്റ് പോലും പ്രഖ്യാപിക്കാറുണ്ടായിരുന്നത്. അത്ര മാത്രം സ്ഥാനമാണ് യു ഡി എഫില്‍ പാണക്കാട്ടെ തങ്ങന്മാര്‍ക്ക് ഇത്രകാലവും ലഭിച്ചിരുന്നത്. ഏത് ലീഗ് പ്രവര്‍ത്തകനും ആത്മാഭിമാനത്തിന്റെ നിമിഷങ്ങള്‍ സമ്മാനിക്കുന്നതായിരുന്നു പാണക്കാട്ടേക്കുള്ള  ദേശീയ നേതാക്കളുടെ സന്ദര്‍ശനങ്ങള്‍ .. ആ പാണക്കാട്ടെ തങ്ങളുടെ പരസ്യ പ്രസ്താവനയാണ് ഇപ്പോള്‍ യു ഡി എഫ് നേതാക്കള്‍ 'കറിവേപ്പില' പോലെ (  വി എസ് ഉദ്ദേശിച്ച അര്‍ത്ഥത്തില്‍ അല്ല) വലിച്ചെറിഞ്ഞിരിക്കുന്നത്!!. അതുകൊണ്ട് തന്നെ യു ഡി എഫ് നേതാക്കളെ ന്യായീകരിച്ചു കൊണ്ട് മുന്നോട്ടു പോകുന്ന പാര്‍ട്ടി നേതൃത്വത്തിനെതിരെ അണികള്‍ തെരുവില്‍ ഇറങ്ങിയിട്ടുണ്ടെങ്കില്‍ അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ വീട്ടിലേക്കു ഇന്നലെ പ്രകടനം നടത്തിയത് വിരലിലെണ്ണാവുന്ന ചെറുപ്പക്കാരാണെങ്കിലും അവര്‍ പ്രതിനിധീകരിക്കുന്നത് ലീഗ് അണികളിലെ ഭൂരിപക്ഷത്തെയാണ്. എന്നോട് കുഞ്ഞാലിക്കുട്ടിയുടെ മൊബൈല്‍ നമ്പര്‍ ചോദിച്ച ചെറുപ്പക്കാരന്റെ മനസ്സും നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളിച്ച ആ യുവാക്കളോടൊപ്പമാണുള്ളത് എന്നതുറപ്പ്.

പുള്ളി ഇപ്പോഴും പ്രതീക്ഷയില്‍ ആണ്!!. 

സത്യം പറഞ്ഞാല്‍ ലീഗ് നേതൃത്വത്തിന്റെ പിടിപ്പു കേടാണ് ഈ പുകിലുകളൊക്കെ ഉണ്ടാക്കിയത്. പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങുന്ന ഒരവസ്ഥതയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതും അവര്‍ തന്നെയാണ്. യു ഡി എഫിനകത്ത് വ്യക്തമായ ഒരു ധാരണ വരുന്നതിനു മുമ്പ് അഞ്ചാം മന്ത്രിയെക്കുറിച്ച് പ്രവര്‍ത്തകര്‍ക്കിടയില്‍ അമിത വിശ്വാസം പകരുകയും അതൊരു പ്രസ്റ്റീജ് ഇഷ്യൂവാക്കി വളര്‍ത്തിക്കൊണ്ട് വരികയും ചെയ്തത് സാധാരണ പ്രവര്‍ത്തകരല്ല, മറിച്ച് സംസ്ഥാന പ്രസിഡന്റില്‍ നിന്ന് തുടങ്ങുന്ന നേതൃത്വമാണ്. ആടറിയുന്നോ അങ്ങാടി വാണിഭം എന്ന് ചോദിച്ച പോലെ യു ഡി എഫിനകത്ത് എന്ത് നടക്കുന്നു എന്നതിനെക്കുറിച്ച് ഒരു ഐഡിയയും ഇല്ലെങ്കിലും പത്രക്കാരെ കാണുമ്പോഴൊക്കെ  'അഞ്ചാം മന്ത്രി ഉടന്‍ ഉടന്‍ ' എന്ന്  പറഞ്ഞു കൊണ്ടിരുന്ന കെ പി എ മജീദ്‌ അടക്കമുള്ള നേതാക്കളാണ് സ്ഥിതിഗതികള്‍ ഇത്ര വഷളാക്കിയത്. അലിയുടെ പേര് മാധ്യമങ്ങളില്‍ കൂടെക്കൂടെ പറഞ്ഞു കൊണ്ട് അദ്ദേഹത്തെ ഒരു പരിഹാസ കഥാപാത്രമാക്കി വളര്‍ത്തിക്കൊണ്ടു വന്നതിലും പ്രധാന പങ്ക് നേതൃത്വത്തിനു തന്നെയാണ്.

പിറവം കഴിഞ്ഞാല്‍ മന്ത്രി എന്നതിന് പകരം നെയ്യാറ്റിന്‍കര കഴിഞ്ഞാല്‍ മന്ത്രി എന്ന പുതിയ ഫോര്‍മുലയുമായി ചില യു ഡി എഫ് നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട് എന്ന് കേള്‍ക്കുന്നു.  പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്ത് കൊണ്ട് നിലവിലുള്ള മന്ത്രിമാരെ പിന്‍വലിച്ചു യു ഡി എഫില്‍ ഒരു സുനാമി സൃഷ്ടിക്കാന്‍ ലീഗ് ഒരുങ്ങുന്നു എന്ന വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്. ഏതായിരുന്നാലും അഞ്ചാം മന്ത്രി ഒരു ഊരാക്കുടുക്കിലേക്ക് കേരള രാഷ്ട്രീയത്തെ തള്ളിവിടാന്‍ പോവുകയാണ്. കാത്തിരുന്നു കാണാം.

മ്യാവൂ: എന്റെ പോസ്റ്റുകള്‍ സ്ഥിരമായി വായിക്കുന്ന ഒരാള്‍ കുഞ്ഞാലിക്കുട്ടിയുടെ സ്റ്റാഫില്‍ ഉണ്ട്. ഈ പോസ്റ്റ് സാഹിബ് കാണാതിരുന്നാല്‍ മതിയായിരുന്നു!!!.