തിരുകേശപ്പള്ളി: വൈ ദിസ്‌ കൊലവെറി?

Comment Box Closed
കാന്തപുരത്തിന്റെ തിരുകേശപ്പള്ളിയെച്ചൊല്ലി മുടിഞ്ഞ വിവാദമാണ് ഇപ്പോള്‍ നടക്കുന്നത്. പത്രങ്ങളും ചാനലുകളുമൊക്കെ ഇപ്പോള്‍ മുടിപ്പള്ളിയുടെ പിന്നാലെയാണ്. ഈ വിഷയത്തില്‍ ഇത്രമാത്രം കൊലവെറി എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല.  ഞാന്‍ കാന്തപുരം ഉസ്താദിന്റെ കൂടെയാണ്. മുപ്പത്തി മുക്കോടി രാഷ്ട്രീയക്കാര്‍ക്കും പന്തീരായിരം കപടസന്യാസികള്‍ക്കും ആയിരത്തൊന്നു മനുഷ്യ ദൈവങ്ങള്‍ക്കും ഇന്ത്യന്‍ ഭരണഘടന പ്രകാരം നാട്ടുകാരെ പറ്റിച്ചു ജീവിക്കാന്‍ അവകാശമുണ്ടെങ്കില്‍ കാന്തപുരം ഉസ്താദിന് മാത്രം അപ്പണി പറ്റില്ല എന്ന് പറയുന്നത് ശുദ്ധ ചട്ടമ്പിത്തരമാണ്. ഓരോ ജനതക്കും അവരര്‍ഹിക്കുന്ന ഭരണാധികാരികളെ കിട്ടും എന്ന് പറയുന്ന പോലെ ഓരോ ജനതക്കും അവരര്‍ഹിക്കുന്ന ഉസ്താദുമാരെയും കിട്ടും. അങ്ങനെ നമുക്ക് കിട്ടിയ ഒരു ഉസ്താദാണ് കാന്തപുരം ഉസ്താദ്. വെറുതെ വിവാദമുണ്ടാക്കി ആ ഉസ്താദിന്റെ കഞ്ഞികുടി മുട്ടിക്കുന്നത്‌ പാതിരാ പ്രഭാഷണത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ തികഞ്ഞ അദബ് കേടാണ്.

കാന്തപുരം ഉസ്താദിനെ ശരിക്ക് അറിയുന്നവരൊന്നും അദ്ദേഹത്തെ എതിര്‍ത്തു നാണം കെടാന്‍ മിനക്കെടില്ല. സെല്‍ഫ് മാര്‍ക്കറ്റിംഗിന് പതിനെട്ടല്ല നൂറ്റിപ്പതിനെട്ടു അടവുകള്‍ ഉണ്ടെന്നു കാണിച്ചു തന്ന ആളാണ്‌ ഉസ്താദ്. ഇക്കാര്യത്തില്‍ ഏത് 'ബാബ'യെയും 'അമ്മ'യെയും കവച്ചു വെക്കുന്ന ട്രാക്ക് റെക്കോര്‍ഡ്‌ അദ്ദേഹത്തിനുണ്ട്. നാല്പതു കോടിയുടെ പള്ളി ഉണ്ടാക്കുമെന്ന് ഉസ്താദ് പറഞ്ഞിട്ടുണ്ടെങ്കില്‍ അങ്ങനെയൊരു പള്ളി ഉണ്ടാക്കിയിരിക്കും!. നൂറ്റിനാല്പത് കോടി പിരിച്ചെന്നുമിരിക്കും!!. അതിനെതിരെ ആര് ഹാലിളകിയിട്ടും കാര്യമില്ല. തോളറ്റം വരെയാണ് പ്രവാചകന് മുടിയുണ്ടായിരുന്നതെന്നാണ് ചരിത്രം പറയുന്നത്. കാന്തപുരത്തിന്റെ കയ്യിലുള്ള മുടിയാകട്ടെ കാവ്യ മാധവന്റെ മുടിയോളം നീളമുണ്ട്. എന്നിട്ടും ഉസ്താദിന്റെ വാക്ക് വിശ്വസിച്ചു പതിനായിരങ്ങളാണ് തിരുകേശപ്പള്ളിയുടെ തറക്കല്ലിടല്‍ ചടങ്ങിനു കോഴിക്കോട്ടു എത്തിയത്. അതാണ്‌ ഞാന്‍ പറഞ്ഞത് കാന്തപുരം നിങ്ങള്‍ വിചാരിക്കുന്ന ആളല്ല. ആള് പുലിയാണ്.

 നാല്‍പതു കോടി ചിലവില്‍ നിര്‍മിക്കുന്ന പള്ളിയുടെ മാതൃക
തൂങ്ങിക്കിടക്കുന്ന 'തിരുകേശം'

ദുഫായീലുള്ള ഖോജ അഹമദ് ഖസ്റജിയില്‍ നിന്നാണ് ഉസ്താദ് തിരുകേശം ഒപ്പിച്ചെടുത്തത് എന്നാണ് പറയുന്നത്. ദുഫായീ ഖോജ അത് ഒപ്പിച്ചെടുത്തത് ബോംബെയിലുള്ള ഏതോ ഒരു ജാലീവാലയില്‍ നിന്നാണ് എന്നും പറയുന്നു. ജാലീ എന്നാല്‍ ഹിന്ദിയില്‍ വ്യാജന്‍ എന്നാണ് അര്‍ത്ഥം!!. ഇതേ ജാലിയില്‍ നിന്ന് തന്നെ കാന്തപുരത്തെ എതിര്‍ക്കുന്ന 'സമസ്ത' സുന്നികളും തിരുമുടി വാങ്ങിച്ചിട്ടുണ്ട്. അത് പരസ്യമായി കത്തിച്ചു 'വ്യാജത്വം' തെളിയിക്കാനാണ് അവരുടെ ഫദ്ധതി. നബിയുടെ മുടി ആണെങ്കില്‍ അത് കത്തുകയോ അതിനു നിഴല്‍ ഉണ്ടാവുകയോ ഇല്ലത്രെ!

കേരളത്തിലെ പ്രമുഖ മുസ്ലിം സംഘടനകളെല്ലാം കാന്തപുരത്തിന്റെ മുടിക്കച്ചവടത്തെ എതിര്‍ക്കുന്നുണ്ട്. മരിച്ചു പോയ മഹാന്മാരുടെ പേരില്‍ പണിത ബിംബങ്ങളും പ്രതിമകളും തച്ചുടച്ച ശേഷം ലോക സൃഷ്ടാവായ ദൈവത്തെ വിളിച്ചു പ്രാര്‍ത്ഥിക്കുവാനാണ് പ്രവാചകന്‍ മുഹമ്മദ്‌ നബി പഠിപ്പിച്ചത്. കബറുകള്‍ കെട്ടിപ്പൊക്കുന്നതിനേയും അവ ആരാധനാ കേന്ദ്രമാക്കുന്നതിനെയും ശക്തമായി എതിര്‍ത്തിട്ടുള്ള ആളാണ്‌ പ്രവാചകന്‍. എന്റെ കബറിടം ഒരു ആരാധനാ കേന്ദ്രമായി മാറരുതേ  എന്ന് അവസാന നിമിഷങ്ങളില്‍ പോലും അവിടുന്ന് പ്രാര്‍ത്ഥിക്കുകയുമുണ്ടായി. പ്രവാചകന്റെ തിരുശരീരം കുടികൊള്ളുന്ന സ്ഥലം ഒരു ആരാധനാ കേന്ദ്രമാക്കാന്‍ പാടില്ല എങ്കില്‍ ആ പ്രവാചകന്റെ മുടി കൊണ്ട് ഒരു പള്ളിയുണ്ടാക്കാന്‍ പറ്റുമോ?. ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറഞ്ഞു സമയം കളയാന്‍ കാന്തപുരം ഉസ്താദ് മിനക്കെടാറില്ല. അതാണ്‌ ഞാന്‍ പറഞ്ഞത് കാന്തപുരം നിങ്ങള്‍ വിചാരിക്കുന്ന ആളല്ല. ആള് പുലിയാണ്.
 

പ്രവാചകന്റെ മുടിയോ ശരീരമോ അല്ല, അദ്ദേഹം കാണിച്ചു തന്ന ജീവിതമാണ് പ്രധാനമെന്ന് വിശ്വസിക്കുന്നവരാണ് യഥാര്‍ത്ഥ മുസ്ലിംകള്‍ . വ്യക്തി പൂജക്കും അന്ധ വിശ്വാസങ്ങള്‍ക്കുമെതിരെ നിരന്തരം പ്രബോധനം നടത്തിയ പ്രവാചകന്റെ അനുയായികള്‍ അദ്ദേഹത്തിന്റെ മുടിയെ തന്നെ കയറി പിടിക്കുമ്പോള്‍ തകരുന്നത് ഇസ്ലാമിക വിശ്വാസത്തിന്റെ അടിത്തറ തന്നെയാണ്. നബി പറഞ്ഞതിനും പ്രവര്‍ത്തിച്ചതിനുമെല്ലാം കടക വിരുദ്ധമായതു ചെയ്ത ശേഷം നബിയുടെ മുടി കിടന്ന വെള്ളം ഒരിറക്ക് കുടിച്ചാല്‍ സ്വര്‍ഗത്തിലേക്കുള്ള വിസ കിട്ടുമെന്ന് കരുതുന്ന പൊട്ടന്മാര്‍ ലോകത്ത് ഉള്ളിടത്തോളം കാലം ഇതുപോലുള്ള മുസ്ലിയാക്കന്മാര്‍ നാല്പതു കോടിയല്ല നാനൂറു കോടി പിരിച്ചു പുട്ടടിച്ചെന്നു വരും. അതുകൊണ്ട് ഉസ്താദിനെ വെറുതെ വിടുക. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് പറഞ്ഞ പോലെ ബുദ്ധി പണയം വെച്ച ജനങ്ങള്‍ക്ക്‌ അതിനനുയോജ്യനായ ഒരു ഉസ്താദ് ഉണ്ടാവേണ്ടത് ചരിത്രത്തിന്റെ ആവശ്യകതയാണ്. അതിനാല്‍ ദയവു ചെയ്തു എല്ലാവരും ഈ  കൊലവെറി നിറുത്തുക. എന്നിട്ട് ഉച്ചത്തില്‍ വിളിക്കുക. കാന്തപുരം ഉസ്താദ് കീ ജായ്..

മ്യാവൂ : നാല്പതു കോടിയുടെ പള്ളിയില്‍ തിരുകേശത്തോടൊപ്പം ഉസ്താദിന്റെ അരക്കിലോ തിരുതാടിയും സൂക്ഷിച്ചു വെക്കുന്നത് നല്ലതാണ്. ഭാവിയില്‍ ഉപകാരപ്പെടും. ഇ കെ സുന്നികളുടെ മുടിഞ്ഞ പ്രചാരണം കൊണ്ട് തിരുകേശം ഇട്ട വെള്ളത്തിനു ഡിമാണ്ട് കുറഞ്ഞാല്‍ തിരുതാടി കലക്കിയ വെള്ളം കൊടുക്കാം. അത് ഡ്യൂപ്ലിക്കേറ്റ്‌ ആണെന്ന് ആരും പറയില്ലല്ലോ. യേത്?

Related Stories : മണ്ണാര്‍ക്കാട് തകർന്നടിഞ്ഞത് പൗരോഹിത്യത്തിന്റെ അഹന്ത 
പിണറായിക്കൊരു റെഡ് സല്യൂട്ട്!