കാവ്യക്കെന്താ കൊമ്പുണ്ടോ?

നടി കാവ്യ മാധവന്‍ അല്‍പ സമയം മുമ്പ് വോട്ടു ചെയ്യാതെ മടങ്ങിയത്രേ!. ശതാബ്ദി എക്സ്പ്രസ്സ്‌ വരുന്ന പോലെ വന്നു ക്യൂവില്‍ നില്‍ക്കാതെ നേരെയങ്ങ് ബൂത്തിലേക്ക് കയറിയപ്പോള്‍ ഒരു പയ്യന്‍ കണ്ണിറുക്കി ചോദിച്ചു.. അല്ല, ഇതെങ്ങോട്ടാ.. ?. മഹാ താരമല്ലേ, ഉടനെ മറുപടി.. 'എനിക്ക് വോട്ടണം'.  താരത്തെക്കണ്ട് കണ്ണ് മഞ്ഞളിച്ച പോളിംഗ് ഓഫീസര്‍ ആര്‍ക്കേലും പരാതിയുണ്ടോ എന്നൊരു ചോദ്യം. ഉണ്ടെടെയ്.. എന്ന് ആണ്‍കുട്ടിയുടെ മറുപടി.. (ഇവനെയാണ് ആണ്‍കുട്ടി എന്ന് വിളിക്കേണ്ടത്.. ഞാന്‍ ഇന്ത്യന്‍ പ്രസിഡണ്ട്‌ ആയിരുന്നെങ്കില്‍ ഇപ്പോള്‍ തന്നെ അവനൊരു വീര ചക്ര നല്‍കിയേനെ).  ദേഷ്യം വന്ന താരം വോട്ടു ചെയ്യാതെ മടങ്ങി.   ദാ ലൈവായി കണ്ടോളൂ.
അല്ല, അറിയാഞ്ഞിട്ടു ചോദിക്കുവാ.. ഇവരുടെയൊക്കെ വിചാരം എന്താ?. നാല് സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞാല്‍ ഇന്ത്യ മഹാരാജ്യം ഇവരുടെ കാല്‍ക്കീഴില്‍ വി കെ സി ഹവായ് കിടക്കുന്ന പോലെ കിടക്കുമെന്നോ? ഇന്ത്യയുടെ പ്രതിരോധ മന്ത്രി എ കെ ആന്റണി രാവിലെ ഏറെ നേരം ക്യൂവില്‍ നില്‍ക്കുന്നത് ഞാന്‍ ടി വിയില്‍ കണ്ടിരുന്നു. മഹാ താരത്തിനു അത് പറ്റില്ലത്രേ.. പോയി പണി നോക്കാന്‍ പറ.. താരമാണത്രേ. താരം.

മ്യാവൂ: അവര്‍ക്ക് തിരക്ക് കാണും. നാല് മണിക്കൂര്‍ ക്യൂവില്‍ നില്‍ക്കാന്‍ സമയമില്ലാത്തതിനാല്‍ അവര്‍ തിരിച്ചു പോയി. അത്രേല്ലെള്ളൂ കാര്യം. അതിനു തനിക്കെന്താ ഇത്ര കെറുവ്?.