വെല്‍ഡന്‍ ഗണേഷ്, വെല്‍ഡന്‍ !!

വി എസ്സിനെ തെറി വിളിച്ചതിനല്ല, വിളിച്ചത് തെറിയാണെന്ന് തിരിച്ചറിഞ്ഞു പരസ്യമായി ഖേദം പ്രകടിപ്പിച്ചതിനാണ്  വെല്‍ഡന്‍ പറഞ്ഞത്. മൈക്കിനു മുന്നില്‍ നില്‍ക്കുമ്പോള്‍ അല്പം സുബോധം വേണം. അല്‍പ നേരത്തേക്ക് ഗണേഷ് കുമാറിന് അത് നഷ്ടപ്പെട്ടു. വി എസ് കാമഭ്രാന്തനും ഞരമ്പ്‌ രോഗിയുമാണെന്ന്  വിളിച്ചു പറഞ്ഞു. ജനം കയ്യടിച്ചു. സംഗതി വിവാദമായി. ഗണേഷ്കുമാര്‍ പരസ്യമായി തെറ്റ് സമ്മതിച്ചു. ടി വി രാജേഷ് സ്പീക്കറോട് പറഞ്ഞ പോലെ ഖേദപ്രകടനം 'വിഷമ'ത്തില്‍ മാത്രം ഒതുക്കിയില്ല. തെറ്റ് പത്രസമ്മേളനം നടത്തി പരസ്യമായിത്തന്നെ തുറന്നു പറഞ്ഞു. ഇതിനെയാണ് നാം അന്തസ്സ് എന്ന് വിളിക്കേണ്ടത്.

ഏതു മനുഷ്യനും തെറ്റ് പറ്റാം. നാക്ക് പിഴക്കാം. അത് തിരിച്ചറിഞ്ഞാല്‍ തിരുത്തുക. അതാണ്‌ വേണ്ടത്. വി എസ് കേരളത്തിന്റെ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമാണ്‌. ഒരു പാര്‍ട്ടിയുടെ സമുന്നത നേതാവാണ്‌. അതിനെക്കാളേറെ ഗണേഷിന്റെ അച്ഛനേക്കാള്‍ പ്രായമുള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഇത്തരമൊരു പ്രസ്താവന ഗണേഷ് കുമാര്‍ എന്ന മന്ത്രിയുടെ നാവില്‍ നിന്ന് വരാന്‍ പാടില്ലായിരുന്നു. പക്ഷെ വന്നു പോയാല്‍ പിന്നെ ഉരുണ്ടു കളിക്കാതെ, അതിനെ വിശദീകരിച്ചു കുളമാക്കാതെ തെറ്റ് ഏറ്റുപറഞ്ഞ് ഖേദം പ്രകടിപ്പിക്കുക. അതാണ്‌ വേണ്ടത്. അത് ഗണേഷ് ചെയ്തിരിക്കുന്നു. സഖാക്കള്‍ക്ക് വിഷമം ഉണ്ടായാലും ഇല്ലെങ്കിലും ഒരു വെല്‍ഡന്‍ അതിനു കൊടുക്കുന്നതില്‍ കുഴപ്പമില്ല.

ഗണേഷിന്റെ ഖേദപ്രകടനത്തില്‍ നിന്ന് പാഠം പഠിക്കേണ്ട ആദ്യത്തെയാള്‍ സഖാവ് വി എസ് തന്നെയാണ്. ഇതിനേക്കാള്‍ പ്രകോപനപരമായതും തരംതാണതുമായ പ്രസ്താവനകള്‍ വി എസ് പലതവണ പലര്‍ക്കെതിരെ നടത്തിയിട്ടുണ്ട്. ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഒരിക്കലെങ്കിലും അദ്ദേഹം പരസ്യമായി ഖേദം പ്രകടിപ്പിച്ചതായി കണ്ടിട്ടില്ല. ഭൂമിയില്‍  ആരെയും അപമാനിക്കാന്‍ തനിക്കു അവകാശമുണ്ടെന്നും ഭൂമിയില്‍ ആരും തന്നെ അപമാനിച്ചു പോകരുതെന്നും കരുതുന്ന ഒരു മാനസിക അവസ്ഥ ആര്‍ക്കുണ്ടായാലും അത് ശരിയല്ല.

ഈ രാജ്യത്തിന്റെ അഭിമാനമായ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിനെ 'വാണം വിടുന്നവന്‍' എന്ന് പരിഹസിച്ച വി എസ്സിന്, ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെ പായസപ്പാത്രത്തില്‍ സ്വര്‍ണം കടത്തുന്ന കള്ളനെന്നു വിളിച്ച വി എസ്സിന്, കെ ഇ എന്‍ കുഞ്ഞഹമ്മദിനെ കുരങ്ങന്‍ എന്ന് വിളിച്ച വി എസ്സിന്, ലതികയെ മ്ലേച്ചമായ ശൈലിയില്‍ 'പ്രശസ്ത' യാക്കിയ വി എസ്സിന്, രാജ്യത്തിന്‌ വേണ്ടി ജീവന്‍ അര്‍പ്പിച്ച മേജര്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തി 'പട്ടി' പ്രയോഗം നടത്തിയ വി എസ്സിന്,  സിന്ധു ജോയിയെ 'ഒരുത്തി' യാക്കിയ വി എസ്സിന്, മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയെ തന്തയില്ലാത്തവനെന്നു ഉപമിച്ച വി എസ്സിന് ഒരിക്കല്‍ പോലും ഖേദപ്രകടനം നടത്തണമെന്ന് തോന്നിയിട്ടില്ല. ഒരു സോറി പറഞ്ഞതായി പോലും എവിടെയും കണ്ടിട്ടില്ല. ഗണേഷ് കുമാര്‍ തന്റെ ഖേദപ്രകടനത്തിലൂടെ വി എസ്സിന് തന്റെ സംസ്കാരം എന്തെന്ന് സ്വയം തിരിച്ചറിയാന്‍ ഒരവസരം നല്‍കി എന്ന് വേണമെങ്കിലും നമുക്ക് പറയാം.

ഗണേഷ് കുമാറിനോട് ഒരു വാക്ക് കൂടി. രാഷ്ട്രീയക്കാര്‍ ബ്ലോഗര്‍മാരെപ്പോലെയല്ല. അല്പം ഉത്തരവാദിത്വ ബോധം വേണം. സിനിമയില്‍ താങ്കള്‍ പല ഡയലോഗും അടിച്ചു കാണും. 'പോടാ പുല്ലേ' എന്നും 'ആസനത്തില്‍ വാലും ചുരുട്ടിയിരിക്കുന്ന പട്ടീ' എന്നുമൊക്കെ പലരെയും വിളിച്ചു കാണും. അതൊക്കെ സിനിമയില്‍ മാത്രം മതി. നിയമസഭയിലും പൊതുയോഗത്തിലും അത്തരമൊരു സംസ്കാരം ഇനി മേലാല്‍ പുറത്തെടുക്കരുത്. എസ് എഫ് ഐ - ഡിഫിക്കുട്ടികള്‍ക്ക് കോലം കത്തിക്കാന്‍ മാത്രമല്ല, റോട്ടിലിട്ടു പെരുമാറാനും കഴിയും. അത് മറക്കരുത്.

Related Posts
വി എസ്, ഇതും കോപ്പിയടിയാണോ?
ഏത് ലതിക? എന്ത് കോടതി?
വി എസ്, വിവരക്കേടിന് ഒരതിരുണ്ട്‌
'അച്ഛ'നാനന്ദന്‍
വി എസിനെ ആര് മലയാളം പഠിപ്പിക്കും?