ആ ശുംഭന്‍ ആരാണ് സുധാകരേട്ടാ?

കേരളത്തിലിപ്പോള്‍ മൂന്നു തരം നേതാക്കളുണ്ട്. ജഡ്ജിമാര്‍ക്ക് നേരിട്ട് കാശ് കൊടുക്കുന്നവര്‍, അളിയന്മാര്‍ വശം കൊടുത്തയക്കുന്നവര്‍, കൊടുക്കുന്നത് നേരിട്ട് കാണാന്‍ പോകുന്നവര്‍. മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഈ മൂന്നു തരക്കാരാണ്. കാശ് വാങ്ങിയവര്‍ ഇനിയും ചിത്രത്തിലേക്ക് വന്നിട്ടില്ല. അവര്‍ അങ്ങനെ പെട്ടെന്ന് വരുമെന്നും തോന്നുന്നില്ല. ആരോപണ വിധേയര്‍ ചില്ലറക്കാരല്ല. നാട് ഭരിക്കുന്ന മുഖ്യമന്ത്രി, അടുത്ത കേന്ദ്ര മന്ത്രി, അടുത്ത ഉപമുഖ്യ മന്ത്രി. ആനന്ദലബ്ധിക്കൊരേമ്പക്കം വിടാന്‍ ഇനിയെന്ത് വേണം എന്ന് ചോദിച്ചാല്‍ ഒന്നും വേണ്ട ഒരു പൂവന്‍ പഴം മാത്രം മതി എന്നേ പറയാന്‍ പറ്റൂ.

ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ അഡ്വ രാംകുമാര്‍ ഇന്നലെ പറഞ്ഞത് മുഖ്യമന്ത്രിയും ഇടനിലക്കാരെ വിട്ടു കേസുകളില്‍ അവിഹിതമായി ഇടപെടാന്‍ ശ്രമിച്ചതിനു എന്റെ പക്കല്‍ തെളിവുണ്ട് എന്നാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി കയ്യാമങ്ങളുടെ ഒരു വലിയ കുട്ടയുമായാണ് മുഖ്യന്‍ നടക്കുന്നത്. ഉദ്ഘാടന കര്‍മം ഇതുവരെ നിര്‍വഹിക്കാന്‍ പറ്റിയിട്ടില്ല. തന്റെ കയ്യിനു പാകമായ ഒന്നും തലയിലെ കുട്ടയില്‍ ഉണ്ടോ എന്ന് മുഖ്യന്‍ ഉറപ്പു വരുത്തുന്നത് നല്ലതാണ് എന്നാണ് കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് എനിക്ക് പറയാന്‍ തോന്നുന്നത്.

സുപ്രിം കോടതി ജഡ്ജിക്ക്  മുപ്പത്തിയാറ് ലക്ഷം കൈക്കൂലി കൊടുക്കുന്നത് നേരിട്ട് കാണാന്‍ പോയി എന്നാണ് ബഹുമാനപ്പെട്ട പാര്‍ലമെന്റ് മെമ്പര്‍ കെ സുധാകരന്‍ പറഞ്ഞിരിക്കുന്നത്. കള്ളനെക്കാള്‍ പേടിക്കേണ്ടത് കള്ളനു കഞ്ഞി വെച്ചു കൊടുക്കുന്നവനെയാണ് എന്ന് പറയുന്ന പോലെ ജഡ്ജിക്ക് കാശ് കൊടുക്കുന്നവനെക്കാള്‍ പേടിക്കേണ്ടത് കൊടുക്കുന്നത് കാണാന്‍ കൂടെ പോകുന്നവനെയാണ്.  ആ അര്‍ത്ഥത്തില്‍ സുധാകരന്‍ സാറിന്റെ നേര്‍ക്കാണ് നമ്മുടെ കണ്ണ് പോകുക. അതില്‍ അദ്ദേഹത്തിന് വിഷമം ഉണ്ടെങ്കില്‍ ബാക്കി കാര്യങ്ങള്‍ കൂടി തുറന്നു പറയണം. കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് നോവല്‍ പോലെ ഒരു വെടി ശബ്ദം കേള്‍പിച്ചു നാട്ടുകാരെ ആകാംക്ഷയില്‍ നിര്‍ത്തുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. അല്പം സസ്പെന്‍സൊക്കെ നല്ലതാണ്. പക്ഷെ ആര് കൊടുത്തു, എപ്പോള്‍ കൊടുത്തു, ആര്‍ക്കു കൊടുത്തു എന്നൊക്കെ അടുത്ത അദ്ധ്യായത്തിലെങ്കിലും പറയണം. അത് പറയുന്നില്ലെങ്കില്‍ കഞ്ഞി വെച്ചു കൊടുത്തത് സുധാകരേട്ടന്‍ തന്നെ എന്ന് നാട്ടുകാര്‍ കരുതും.

കാശ് വാങ്ങുന്ന ജഡ്ജിമാരെ കൊഞ്ഞാണന്‍ എന്ന് വിളിച്ചാല്‍ അത് കോടതിയലക്‌ഷ്യം ആയേക്കും. അതുകൊണ്ട് അപ്പണിക്ക് നില്‍ക്കുന്നില്ല.  ഒരു സാമൂഹ്യ വ്യവസ്ഥയുടെ ജീവനാഡികളില്‍ ഒന്നാണ് കോടതികളിലുള്ള വിശ്വാസ്യത. ഇത്തരം ആരോപണങ്ങള്‍ ആ  വിശ്വാസ്യതയുടെ കടക്കല്‍ കത്തിവെക്കുന്നു എന്നതാണ് വേദനാജനകമായ യാഥാര്‍ത്ഥ്യം. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം  ജനാധിപത്യ വ്യവസ്ഥയിലെ അവസാനത്തെ അത്താണിയാണ് ജുഡീഷ്യറി. ആ ജുഡീഷ്യറിയുടെ കസേരകളില്‍ കാശ് വാങ്ങുന്ന ശുംഭന്മാര്‍ കയറിയിരുന്നാല്‍ എല്ലാം തീര്‍ന്നില്ലേ.. പിന്നെ നീതി തേടി എവിടെ പോകും?.

പരീക്ഷക്ക്‌ കോപ്പിയടിച്ച ജഡ്ജിമാരെ കൂട്ടത്തോടെ പിടിച്ചത് ഈയടുത്താണ്. കോപ്പിയടിക്കാന്‍ കൊണ്ട് വന്ന പുസ്തകവും തുണ്ട് കടലാസുകളുമടക്കം എല്ലാ തൊണ്ടികളോടും കൂടിയാണ് അഞ്ചു ന്യായാധിപന്മാരെ ബിരുദാനന്തര ബിരുദ പരീക്ഷയുടെ ഹാളില്‍ നിന്ന് ചെവിക്കു പിടിച്ചു പുറത്തു കൊണ്ട് വന്നത്. നടന്നത് ആന്ധ്രയില്‍ ആണെങ്കിലും ആന്ധ്ര ഇന്ത്യയിലാണല്ലോ. കോപ്പിയടിച്ചത് പിടിച്ചില്ലായിരുന്നുവെങ്കില്‍ ഇവനൊക്കെ സുപ്രിം കോടതിയില്‍ എത്തേണ്ടവനായിരുന്നു. ഇവരുടെയൊക്കെ കൈകളിലാണ് രാജ്യത്തെ പരമോന്നതമായ നിയമവ്യവസ്ഥയുടെ താക്കോല്‍ എത്തിപ്പെടേണ്ടിയിരുന്നത്!. പേടി തോന്നുന്നില്ലേ?.

സുപ്രിം കോടതി വരാന്തയില്‍ കയറിയിറങ്ങുന്ന ദല്ലാളന്മാര്‍ മുഖ്യമന്ത്രിക്കുണ്ട്  എന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടേണ്ട ആവശ്യമില്ല. വെറുതെ ഞെട്ടി ഞെട്ടി അറ്റാക്ക് വരുത്താതിരിക്കുകയാണ് നമ്മള്‍ സാധാരണക്കാര്‍ക്ക് നല്ലത്. കള്ളനും പോലീസും കളിക്കുന്ന കുട്ടികളെ കണ്ടിട്ടില്ലേ.. ആദ്യം കള്ളനായവന്‍ പിന്നെ പോലീസ് ആവും. പോലീസ് ആയിരുന്നവന്‍ നേരെ പോയി കള്ളനാവും. കളി കഴിഞ്ഞാല്‍ കള്ളനും പോലീസും ഒരുമിച്ചു ചോറും കൂട്ടാനും വെച്ചു കളിക്കും. അങ്ങനെയുള്ള ഒരു കളിയായി ഇതിനെയൊക്കെ കണ്ടാല്‍ മതി. കുളിമുറിയില്‍ മാത്രമല്ല കുളിമുറിക്കു പുറത്തും എല്ലാവരും നഗ്നരാണ്. ലാല്‍ സലാം.