June 9, 2010

ഭോപ്പാല്‍ : കോടതി കൂതറയല്ല !!

ഇന്ത്യന്‍ ജുഡീഷ്യറിയെക്കുറിച്ച് ‘നല്ല രണ്ടു വാക്ക്’ എഴുതണം എന്നെനിക്കുണ്ട്. പക്ഷെ കോടതിയലക്‌ഷ്യം ആവുമോ എന്ന് പേടിച്ച് കൈ പിറകോട്ട് വലിക്കുകയാണ്. സായിപ്പിന്‍റെ പേര് കേട്ടാല്‍ കോട്ടില്‍ മൂത്രമൊഴിക്കുന്ന ജഡ്ജിമാരാണ് നമ്മുടെ നിയമ വ്യവസ്ഥയുടെ തലപ്പത്തിരിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്ന ഭോപ്പാല്‍ വിധി തെളിയിക്കുന്നുണ്ട്. യൂണിയന്‍ കാര്‍ബൈഡ്‌ ഫാക്ടറി പുറത്ത് വിട്ട മിത്തെയ്ല്‍ ഐസോസയനെറ്റ്‌ എന്ന വിഷ വാതകം ശ്വസിച്ചു പതിനായിരം പേരാണ് എണ്‍പത്തിനാല് ഡിസംബര്‍ ആദ്യവാരം ഭോപ്പാലില്‍ മരിച്ചു വീണത്‌. പെട്ടെന്ന് മരിക്കാതെ പോയ ഇരുപത്തയ്യായിരത്തോളം പേര്‍ മാസങ്ങളോളം ദുരിതക്കിടക്കയില്‍ നരകിച്ചും മരിച്ചു.
ലോകം കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തമായിരുന്നു അത്. പക്ഷെ കാര്‍ബൈഡ്‌ ഫാക്ടറിക്ക് ചുറ്റുമുള്ള ചേരിപ്രദേശത്തെ മനുഷ്യരായിരുന്നു കൂടുതലും മരിച്ചു വീണത്‌ എന്നതിനാല്‍ സര്‍ക്കാരോ കോടതിയോ ഈ കേസിന് പുല്ലുവില കല്പിച്ചില്ല എന്നാണ്  ഈ വിധിയിലൂടെ നാം മനസ്സിലാക്കേണ്ടത്.
 
ദുരന്തം സംഭവിക്കുന്നതിന് മുമ്പ് തന്നെ ഫാക്ടറിക്കുള്ളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് നിരവധി തവണ പരാതികളുയര്‍ന്നതാണ്. രാസവാതകങ്ങള്‍ ലീക്ക് ചെയ്തു  തൊഴിലാളികള്‍ അതിനു മുമ്പും മരിച്ചിട്ടുണ്ട്. എന്നിട്ടും യാതൊരു നടപടികളും സ്വീകരിക്കാതിരുന്ന യൂണിയന്‍ കാര്‍ബൈഡ്‌ ചെയര്‍മാനും സി  ഇ ഒ യുമായിരുന്ന വാറന്‍ ആന്‍ഡേഴ്സന്‍ എന്ന സായിപ്പാണ് ഈ കേസിലെ ഒന്നാം പ്രതി. ഇരുപത്തിയാറ് വര്ഷം നിയമ പുസ്തകം ചൊറിഞ്ഞു മാന്തി വിധി ചികഞ്ഞെടുത്ത കറുത്ത കോട്ടന്മാര്‍ ഈ സായിപ്പിനെ വെറുതെ വിട്ടു. കേസിന്‍റെ വിചാരണ നടന്ന നീണ്ട ഇരുപത്താറ് വര്‍ഷങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ പോലും ഈ സായിപ്പ് കോടതി കയറിയില്ല എന്നിടത്താണ് നാം ഇന്ത്യക്കാര്‍ നാണിച്ച് തല താഴ്ത്തേണ്ടത്. പതിനായിരങ്ങള്‍ മരിച്ചു വീഴാന്‍ മുഖ്യ കാരണക്കാരനായ അയാള്‍ക്ക്‌ ദുരന്തം നടന്നു നാലാം ദിവസം  ഇന്ത്യ വിടാന്‍ അവസരം ഉണ്ടാക്കിക്കൊടുത്ത ഭരണാധികാരികളെ ചെരുപ്പ് കൊണ്ടോ അതോ ചൂല് കൊണ്ടോ തല്ലേണ്ടത്?.


സായിപ്പിനെ കോടതിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അര്‍ഹമായ നഷ്ടപരിഹാരമെങ്കിലും കിട്ടും എന്ന് കാത്തിരുന്ന പതിനായിരങ്ങളെയാണ് കഴിഞ്ഞ ദിവസത്തെ വിധിയിലൂടെ ബഹുമാനപ്പെട്ട കോടതി നിശ്ശബ്ദരാക്കിയിരിക്കുന്നത്. കമ്പനിയുടെ തലപ്പത്തിരുന്ന ഏഴ് ഇന്ത്യക്കാരില്‍ ആറു പേര്‍ക്ക് രണ്ടു വര്‍ഷത്തെ തടവാണ് ബഹുമാനപ്പെട്ട കോടതി  ‘വിധി’ച്ചിരിക്കുന്നത്. (ഒരാള്‍ നേരത്തെ മരിച്ചിട്ടുണ്ട്.) അവര്‍ ആറ് പേരും ഇരുപാത്തി അയ്യായിരം രൂപ ജാമ്യത്തുക കെട്ടി കോടതിയില്‍ നിന്നും കൂളായി ഇറങ്ങിപ്പോയി. യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനിക്ക് ബഹുമാനപ്പെട്ട കോടതി ഈ വിധിയിലൂടെ ക്ലീന്‍ ചിറ്റും നല്‍കി!!!. നീണ്ട ഇരുപത്തിയാറ് വര്‍ഷം എടുത്ത് കേസ് പഠിച്ചത് ഇത്തരമൊരു ‘അടുപ്പിലെ വിധി’ പറയാനാണോ എന്ന് ചോദിക്കുന്നില്ല. ബഹുമാനപ്പെട്ട കോടതിയെ അപമാനിച്ചു എന്ന് പറയാന്‍ ഇടകൊടുക്കരുതല്ലോ. 

ഈ ദുരന്തം മൂലം ജീവിതം തകര്‍ന്ന അഞ്ചര ലക്ഷത്തോളം പേര്‍ക്ക് കാര്‍ബൈഡ്‌കാരന്‍ കൊടുത്ത നഷ്ടപരിഹാരം വീതിച്ചു കൊടുത്തിട്ടുണ്ട് എന്ന ന്യായം സര്‍ക്കാരിനും കോടതിക്കും പറയാനുണ്ടാവും. പക്ഷേ ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ഏറ്റവും നാണം കെട്ട ഒരദ്ധ്യായമായി ഭോപ്പാല്‍ അവശേഷിക്കും. നൂറ്റി ഇരുപത് കോടി ജനങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഒരു ബഹുരാഷ്ട്ര കുത്തക എങ്ങിനെ വിലക്ക് വാങ്ങി എന്നതിന്റെ സാക്ഷിപത്രമായി ചരിത്രം ഭോപ്പാലിനെ രേഖപ്പെടുത്താതിരിക്കില്ല. മേരാ ഭാരത്‌ മഹാന്‍..  നമ്മുടെ കോടതി കൂതറയല്ല!!!      

23 comments:

 1. LATEST JOKE:
  “Anderson can still be tried”

  New Delhi: Law Minister Veerappa Moily said on Tuesday that the case against the former Union Carbide chief, Warren Anderson, was not over, and he could still be brought here and tried.

  THELHATH KP

  ReplyDelete
 2. ഈ കേസ് അന്വേഷിച്ചത് സി.ബി.ഐ ആണ് .304 വകുപ്പ് അനുസരിച്ചുള്ള നരഹത്യയാണ് ചാർജ് ചെയ്തിരുന്നത് ! സുപ്രീം കോടതി നടത്തിയ ഒരു ഇട പെടലിലൂടെ വകുപ്പ് 304 എ ആയിചുരുക്കുകയാണ് ഉണ്ടായത് !അതായത് വാഹനാപകടങ്ങൾക്ക് തുല്യമായ ഒരു അത്യാഹിതം ! ആ വകുപ്പുകൾ അനുസരിച്ച് ഈ കോടതിക്ക് പരമാവധി ഇത്രയേ ശിക്ഷിക്കാൻ കഴിയൂ . ഒരു ബഹുരാഷ്ട്ര ഭീമന്റെ ഇടപെടലുകളുടെ വ്യാപ്തി ആരെയും ഞെട്ടിക്കാൻ മതിയാകുന്നതാണ് . ഇത് കോടതിയുടെ അവസ്ഥ ,വാറൻ ആൻഡേഴ്സൻ എന്ന കമ്പനി മേധാവിയെ ജാമ്യം ലഭിച്ചു രണ്ട് മണിക്കൂറിനുള്ളിൽ ദൽഹിയിൽ എത്തിക്കുകയും അവിടെനിന്നും ചാർട്ടേർഡ് ഫ്ലയിറ്റിൽ അമേരിക്കയിലേക്ക് യാത്രയാക്കുകയും ചെയ്തത് കോടതിയോ അന്വേഷണ ഉദ്യോഗസ്ഥന്മാരോ അല്ല സാക്ഷാൽ ഗവന്മെന്റ് തന്നെയാണ്. ഈ കേസിൽ ഒരു പ്രധാ‍ന തെളിവ് ആകേണ്ടിയിരുന്ന യൂണിയൻ കാർബൈഡ് കമ്പനിയിൽ (അമേരിക്കയിൽ) സി.ബി.ഐ നടത്താൻ ശ്രമിച്ച സുരക്ഷാസംവിധാനങ്ങളുടെ പരിശോധന തടഞ്ഞത് യു,എസ് .ഗവന്മെന്റും ! ചുരുക്കത്തിൽ ഒരു ബഹുരാഷ്ട്ര കുത്തകക്ക് വേണ്ടി എല്ലാവരും കഴിയുന്നത്ര പരിശ്രമിച്ചു .!

  ReplyDelete
 3. http://www.youtube.com/watch?v=Xz-BfXLjQ9c&feature=player_embedded#!

  ReplyDelete
 4. >> സായിപ്പിന്‍റെ പേര് കേട്ടാല്‍ കോട്ടില്‍ മൂത്രമൊഴിക്കുന്ന ജഡ്ജിമാരാണ് നമ്മുടെ നിയമ വ്യവസ്ഥയുടെ തലപ്പത്തിരിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്ന ഭോപ്പാല്‍ വിധി തെളിയിക്കുന്നുണ്ട്. <<  ഭോപ്പാലിന്റെ ദുര്‍‌'വിധി'!

  ReplyDelete
 5. ത്‌ഫൂൂൂൂ...

  'ബഹുമാന്യ കോടതി വിധിയെ' നോക്കി എനിക്കിങ്ങനേ പ്രതികരിക്കാന്‍ കഴിയൂ.ഇത്തരം 'വിധി'കളും വിധിപറച്ചിലിന് കോടതിക്ക് കൈമെയ് മറന്ന് സഹായം ചെയ്ത് കൊടുത്തവരും തന്നെയല്ലേ തീവ്രവാദികളെ സൃഷ്ടിക്കുന്നത്.

  ഹാ..വേറെ പണിയില്ലാണ്ടിരിക്കല്ലേ ഇതൊക്കെ ആലോചിച്ച് തലപുണ്ണാക്കാന്‍.ആ നേരം കൊണ്ട് നമുക്ക് മാവോവാദികളെ പിടിക്കാനുള്ള പുതിയ കെണികളുണ്ടാക്കാം.തീവ്രവാദികളേയും മാവോവാദികളെയും തെറി വിളിച്ച് നാല് പോസ്റ്റിടാം.

  ഓട്ടോ: ? മാവോവാദികള്‍ പറയുന്നു.'ഞങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ല.അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെട്ട് കൊണ്ടിരിക്കുന്നു.ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവനും മാനത്തിനും വരെ പുല്ലുവില നല്‍കാത്ത പോലീസിലും ഗവണ്മെന്‍റിലും കോടതിയിലും ഇനിയും ഞങ്ങള്‍ വിശ്വാസമര്‍പ്പിച്ച് കഴിയണം എന്നാണോ നിങ്ങള്‍ പറയുന്നത്.'

  കേട്ടില്ലേ ഡയലോഗുകള്‍.ഇവര്‍ക്ക് വിശ്വാസമില്ലത്രെ.ഇവര്‍ ഭീകരന്മാര്‍ തന്നെ.മാവോവാദികള്‍ തുലയട്ടെ.ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടുകള്‍ വിജയിക്കട്ടെ.

  ReplyDelete
 6. നൂറ്റി ഇരുപത് കോടി ജനങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഒരു ബഹുരാഷ്ട്ര കുത്തക എങ്ങിനെ വിലക്ക് വാങ്ങി എന്നതിന്റെ സാക്ഷിപത്രമായി ചരിത്രം ഭോപ്പാലിനെ രേഖപ്പെടുത്താതിരിക്കില്ല.

  ReplyDelete
 7. ആരോടെങ്കിലും പ്രത്യേക തരത്തിലുമുള്ള വിധേയത്വമോ പരിഗണനയോ കാണിക്കതെ, എല്ലാവരോടും തുല്യ രീതിയില്‍ നീതി പൂര്‍വ്വകമായ കൃത്യ നിര്‍വ്വഹണത്തെ സൂചിപ്പിക്കുന്ന ജ്യുഡിഷറിയുടെ അടയാളത്തെ (കണ്ണു മൂടിക്കെട്ടിയ സ്ത്രീ) നിന്ദിക്കും വിധം അമേരിക്കന്‍ കുത്തക മുതലാളിക്ക് നേരെ കണ്ണടച്ചിട്ടുള്ള വിധിയാണ്‌ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

  ReplyDelete
 8. മേലാളന്റെ ദുര്‍ചെയ്തികളില്‍ കണ്ണുമടച്ച് റാന്‍ മൂളി നില്‍ക്കുന്ന
  പഴയ ചാത്തന്‍ പുലയന്റെ അവസ്ഥ തന്നെ
  നാം ഇന്ത്യക്കാര്‍ക്കിപ്പോള്‍..
  ഒരു കാര്യത്തിനും വെള്ളക്കാരനെ പിണക്കിക്കൂടാ..
  അവന്റെ വെളുത്ത തൊലിയോടുള്ള ഈ അഭിനിവേശം..
  അതു കാണുമ്പോഴുള്ള കീഴാളന്റെ അടിമത്തം..
  അവന്റെ നാറിയ നവ സംസ്ക്കാരത്തോടുള്ള മതിഭ്രമം..
  അതു ഭാഷയിലാകട്ടെ ബന്ധങ്ങളിലാകട്ടെ..
  പകര്‍ത്താനുള്ള അടങ്ങാ ത്വര.. മുടിഞ്ഞ ആക്രാന്തം!

  മാറി മാറി വരുന്ന ഭരണാധിപന്‍മാര്‍ക്ക് പട്ടിണി മരണത്തിന്റേയും
  കോടതി കേസുകളുടേയും കാണാക്കണക്കെടുപ്പല്ല പണി..
  അതിനല്ല അവരു ലക്ഷങ്ങളും കോടികളും ധൂര്‍ത്തടിച്ച്
  പാരയും മറുപാരയും വെച്ച്.. കാലുവാരിയും കുതി കാലു വെട്ടിയും കൂട്ടിയും കൂട്ടിക്കൊടുത്തും
  എതിര്‍ക്കുന്നവന്റെ നെഞ്ചത്ത് കൂലിപട്ടാളത്തെ വെച്ച് കഠാരയിറക്കിയും ഈ
  കസേരകളില്‍ അള്ളിപ്പിടിച്ചു കയറിയിരിക്കുന്നത്..

  ഇങ്ങനെയൊക്കെ കേറിയിരിക്കുന്ന ക്രിമിനല്‍ പശ്ച്ചാത്തലം അലങ്കാരമാക്കി കൊണ്ടു നടക്കുന്ന പാര്‍ലിമെന്ററി അംഗങ്ങളാണു നമുക്കുള്ളതെന്ന് എത്ര തവണ റിപ്പോര്‍ട്ട് വന്നു !
  ഇത്തരം ആളുകള്‍ ഇന്ത്യന്‍ ഭരണം കയ്യാളുന്നിടത്തോളം കാലം നീതി പീഠത്തിനു മുന്നിലേക്ക്
  എത്തേണ്ടത് എത്തില്ല, ചെല്ലേണ്ടവരു ചെല്ലില്ല..
  ഭോപ്പാലിന്റെ ദീനരോദനത്തേക്കാളേറെ അവരെ ആകര്‍ഷിക്കുന്നത്
  ഒതുക്കിതീര്‍ത്താല്‍..മാറ്റിമറിച്ചാല്‍..
  ഇല്ലാതാക്കിയാല്‍ കിട്ടുന്ന ലക്ഷങ്ങളും കോടികളുമാണു..!
  ഇവരൊക്കെ എന്തു ചെയ്യുമെന്നാണു നമ്മള്‍ പ്രതീക്ഷിക്കേണ്ടത് ?
  ഇവനൊന്നും ആ പാവങ്ങളുടെ കണ്ണീരൊപ്പാനല്ല പോവുക പകരം
  വെള്ളക്കാരന്റെ അമേധ്യം പുരണ്‍ട ഡോളറിനായി തന്റെ ഖദറു കുപ്പായത്തിന്റെ
  കാണാക്കീശകള്‍ കാട്ടിക്കൊടുക്കാനാണു !
  അതില്‍ നിന്നു വമിക്കുന്ന ദുര്‍ഗന്ധം
  അവനു അറേബ്യന്‍ അത്തറിനേക്കാള്‍ പരിമളപൂരിതമാണു !!
  അവനത് അവന്റെ ചീഞ്ഞളിഞ്ഞ മൂക്കിലേക്ക് ആഞ്ഞ് വലിച്ചു കയറ്റും
  ചത്ത് നാറുവോളം കാലം !!!!

  (കോടതി വിധി വായിച്ചപ്പോള്‍ തോന്നിയ കലിപ്പാണു...
  പുതിയ കോടതി വിധികള്‍ ഓരോന്നായി വരുമ്പോള്‍
  നീതി പാവപ്പെട്ടവന്റെ ചാരെ നിന്നും അകന്നകന്ന് പോവുന്ന പോലെ തോന്നുന്നു..ഇത് ഞാന്‍ മുഖ്താറിനും
  കമന്റിയിട്ടുണ്ട്..രണ്ടും ഒരേ വിഷയമായതിനാലാണു

  ReplyDelete
 9. ഭോപ്പാലില്‍ പിടഞ്ഞുമരിച്ച പതിനായിരങ്ങളുടെ ആത്മാവ് പോലും പൊറുക്കാത്ത വിധി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ ജനിച്ചുപോയതോര്‍ത്ത് നമുക്കു ലജ്ജിക്കാം. ത്ഫൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ

  ReplyDelete
 10. ആയിരം നിരപരാധികള്‍ അന്യായമായി കൊല്ലപ്പെട്ടാലും ഒരു കുറ്റവാളിയെയും രണ്ടില്‍ കൂടുതല്‍ കൊല്ലം ശിക്ഷിക്കപ്പെടാവതല്ല എന്ന് നമുക്ക് ബേതഗതി വരുത്തിയാല്‍ പോരെ.....നിയമങ്ങള്‍ ഇരുംബുലക്കയോന്നുമല്ലല്ലോ....ഫ്ഹും ....

  ReplyDelete
 11. ഷെയിം ഇന്ത്യാ.... ഷെയിം..
  കോടതി കൂതറയല്ല!!! പിന്നെ കുക്കൂതറയാണോ

  ReplyDelete
 12. സായിപ്പിനെ കണ്ടപ്പോള്‍ കവാത് വീണ്ടും മറന്നു ,വള്ളിക്കുന്നെ ..........

  ReplyDelete
 13. ഇതാണല്ലേ ഈ നിയമത്തിന്റെ വഴി എന്ന് പറയുന്നത്

  ReplyDelete
 14. ഈ കേസില്‍ കോടതി മുന്‍പാകെ മനപ്പൂര്‍വമുള്ള നരഹത്യ ബോധ്യപ്പെടുത്തുക അസാധ്യമാണ്. അതുകൊണ്ടാകണം 'മനപ്പൂര്‍വമല്ലാത്ത നരഹത്യ' ലൈന്‍ സ്വീകരിച്ചത്. അതനുസരിച്ച് ഇത്രയും തടവുശിക്ഷയ്ക്കുള്ള വകുപ്പേ ഉള്ളൂ. പബ്ലിക് സെന്റിമെന്റ് നോക്കി കോടതിക്ക് വിധിയെഴുതാനാകില്ലല്ലോ. മാത്രമല്ല, സുപ്രീം കോടതി നേരിട്ടിടപെട്ടാണ് കമ്പനിയോട് ഭോപ്പാലില്‍ സ്വന്തം ചിലവില്‍ വലിയൊരാശുപത്രി പണിയാനും എട്ടു കൊല്ലത്തേക്ക്‌ അവിടത്തെ എല്ലാ ചികിത്സയുടെയും ചെലവു വഹിക്കാനും ആവശ്യപ്പെട്ടത്. കോടതിയെക്കാളും നിയമവും സര്‍ക്കാരുമാണ് വിമര്‍ശനം അര്‍ഹിക്കുന്നതെന്ന് തോന്നുന്നു.

  ഒന്ന്: ഇതിന്റെ അന്വേഷണത്തിനും വിചാരണക്കും ഇത്രയും കാലതാമസം വരാന്‍ പാടില്ലായിരുന്നു. ഉത്തരവാദി സര്‍ക്കാര്‍ തന്നെ.

  രണ്ടു: ഇതുമാതിരി കേസുകളില്‍ ഇന്ത്യയില്‍ വിധിക്കുന്ന പിഴശിക്ഷ നാമമാത്രമാണ്. അപകടത്തെ തുടര്‍ന്ന് കമ്പനി ഇന്ത്യന്‍ സര്‍ക്കാരിന് ഇന്‍ഷുറന്‍സ് ആയും അല്ലാതെയും വലിയൊരു തുക നല്‍കിയിരുന്നു (ഇത് പിഴയല്ല). ഇന്ത്യന്‍ സര്‍ക്കാര്‍ അത് മുഴുവന്‍ ഭോപ്പാലിനായി വിനിയോഗിച്ചുമില്ല, കൊമ്പെന്‍സേഷന്‍ ഒരു മരണത്തിനു കൊടുത്തത് ഏതാണ്ട് അറുപതിനായിരം രൂപ വച്ചും. ഇത് പോലത്തെ കേസുകളില്‍ ഭീമമായ പിഴക്കുള്ള നിയമഭേദഗതി വേണം.

  മൂന്നു: സുരക്ഷ ഇന്ത്യയില്‍ ഒരു പ്രയോറിട്ടിയേയല്ല, വികസിക്കുമ്പോഴും വികസിക്കാതിരിക്കുമ്പോഴും. വലിയ വികസനത്തിന്റെ പേര് പറയുമ്പോള്‍ ഒതുക്കി മാറ്റിവെക്കേണ്ടതാണ് ഇന്ത്യയില്‍ സേഫ്റ്റി റെഗുലേഷന്‍സ്‌. യൂണിയന്‍ കാര്‍ബൈടിന്റെ തന്നെ അമേരിക്കയിലുള്ള ഫാക്ടറികളില്‍ സുരക്ഷാനിയമങ്ങള്‍ പാലിക്കപ്പെട്ടപ്പോള്‍ ജനവാസമുള്ളിടത്ത് കൊണ്ടുവച്ച ഇന്ത്യന്‍ ഫാക്ടറിയില്‍ ഇതൊന്നുമില്ല. മാരകമായതും അല്ലാത്തതുമായ അപകടങ്ങള്‍ ഇതിനു മുന്‍പും അവിടെ നടന്നിരുന്നു. അമേരിക്കന്‍ വിദഗ്ധര്‍ വന്നു ഇങ്ങനെയൊന്നും പോരാ എന്ന് പറഞ്ഞു. ഇന്ത്യന്‍ വിദഗ്ദ്ധരും ഇത് തന്നെ പറഞ്ഞു. പക്ഷെ ഇതൊന്നും സര്‍ക്കാരും കമ്പനിയും വകവച്ചില്ല. ഇന്നും ഇന്ത്യക്കാരുടെ മനോഭാവം ഇത് തന്നെയാണെന്നാണ് തോന്നുന്നത്, പ്രത്യേകിച്ചും എയര്‍ലൈന്‍ വിശേഷങ്ങള്‍ കേള്‍ക്കുമ്പോള്‍.

  നാല്: സാമങ്കിളൊഴിച്ച് ലോകം മുഴുവന്‍ കൂടെയുണ്ടായിട്ടും ഒരുത്തനെ വിചാരണയ്ക്ക് ഇങ്ങോട്ട് കൊണ്ടുവരാന്‍ കഴിയാത്തത് വലിയ നാണക്കേട്‌ തന്നെ. കേസില്‍ വലിച്ചിഴച്ചൊരു തീരുമാനമുണ്ടാക്കാന്‍ വേണ്ടിവന്ന ഉഴപ്പൊന്നും അങ്ങേരെ അപകടത്തിന്റെ നാലാം നാള്‍ തന്നെ മുണ്ടുമൂടി കടത്തിവിടുന്നതില്‍ സര്‍ക്കാരിനുണ്ടായിരുന്നില്ല.

  ReplyDelete
 15. ശരിയാണു ..ഈ നട്ടെല്ലില്ലായ്മയ്ക്ക് കാരണം ഇന്ത്യാക്കാരന്റെ മനോഭാവമാണു..ലോകത്തെ ഏറ്റവും വലിയ ധനികർ,കണക്കിൽ പെട്ടതും അല്ലാത്തതും,സ്വിസ് ബാങ്കുകളിൽ ലോകത്തേറ്റവും കൂടിയ നിക്ഷേപം, ഇന്റർനാഷണൽ ബ്രാന്റുകളൂറ്റ്ടേ വലിയ മാർക്കറ്റ്...എന്നാൽ ഒരു സാധാരണ സിറ്റിസണിനു പുല്ലുവില....ലോകത്ത് എവിടെ ചെന്നാലും ഇത്യാക്കാരനു കിട്ടുന്നുണ്ട് ഈ അവഗണന...

  ReplyDelete
 16. Apologies for commenting in English.

  It looks like this is an issue of having the proper laws and regulations in place before allowing any business to operate. Industrial safety is not a priority any where in India. Personal safety does not do any better - hundreds of thousands are dieing on Indian roads every year. About 7000 die on the railway tracks of Mumbai alone. So human life in India is indeed cheap.

  The judge gave the maximum punishment that he could give under the sections charged. There was no "miscarriage" of justice at least per the definition of the word. But then 1 lac in fine is too small for any effect. If a new and improved law does not come into effect, this might even give the license to kill.

  Contrast this to the oil spill in the Gulf of Mexico. People have started to talk about BP going bankrupt with the payments. Law and order does make a difference.

  ReplyDelete
 17. നൂറ്റി ഇരുപത് കോടി ജനങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഒരു ബഹുരാഷ്ട്ര കുത്തക എങ്ങിനെ വിലക്ക് വാങ്ങി എന്നതിന്റെ സാക്ഷിപത്രമായി ചരിത്രം ഭോപ്പാലിനെ രേഖപ്പെടുത്താതിരിക്കില്ല.

  അതെ...നാണക്കേട്

  ReplyDelete
 18. പ്രതികരിച്ച എല്ലാവര്ക്കും നന്ദി.

  @ akhilesh
  @മലമൂട്ടില്‍ മത്തായി
  @ ravoof

  നിങ്ങള്‍ മൂന്നു പേരും കുറേക്കൂടി ആഴത്തിലുള്ള പ്രതികരണമാണ് നടത്തിയിരിക്കുന്നത്.
  ഭോപ്പാല്‍ അവസാനിച്ചിട്ടില്ല. ഒരു വിധിയിലൂടെ അതിനെ അവസാനിപ്പിക്കാനും കഴിയില്ല. ഇന്ത്യന്‍ നിയമ സംവിധാനത്തിലെ പഴുതുകളിലൂടെ കോര്‍പറേറ്റ് രാജാക്കന്മാര്‍ ഇനിയും രക്ഷപ്പെട്ടേക്കും. ഒരു ചാണ്‍ വയറിനു വേണ്ടി ജീവിതത്തോടു മല്ലടിക്കുന്നവനെ ഓര്‍ക്കാന്‍ നമ്മുടെ നിയമത്തിനു കഴിയുന്ന ഒരു നാള്‍ വരും എന്ന് പ്രതീക്ഷിക്കാം.

  ReplyDelete
 19. Simply nobody remembered Bhopal people’s misery for 25+ years. All of a sudden all of us woke up on a verdict; no media, no journalist, no government, no politician, were available to speak against who are responsible for this tragedy and about the dreadful situation of the Bhopalis. More so, the average compensation paid in Bhopal was Rs 12,000 at 1989 and the compensation paid out in relation to 9/11 was about 1.8 m$!!

  ReplyDelete
 20. ഭരണകൂടം സംരക്ഷിക്കുന്നത് ആരെയാണ്... ഭരണകൂടത്തെ സംരക്ഷിക്കുന്നത് ആരാണ്.... ലെനിൻ പണ്ട് പറഞ്ഞ ബൂർഷ്വാ ജനാധിപത്യം. ഇവിടെ ഗവണ്മെന്റിനെ തിരഞ്ഞെടുക്കുന്നത് കുത്തകകൾ ആണ്. കോടതിയാകട്ടെ ലോബിയിങ്ങിലും. ഇരുപതിനായിരത്തോളം പേർക്ക് ഒന്നിച്ച് നീതി നിഷേധിക്കുന്ന ഒരു രാജ്യത്തിൽ ഒരു പൌരന്റെ നീതി എത്രത്തോളം പ്രധാനമാണ്....!!!!

  ReplyDelete
 21. എനിക്ക് തോന്നുന്നത് ,ഭോപാലില്‍ ചോര്‍ന്ന വാതകത്തെക്കാള്‍ മാരകമായ നാശ നഷ്ടമുണ്ടാക്കുന്ന വിധിയാണ് കോടതി നടത്തിയിരിക്കുന്നത് എന്നാണ്.പതിനായിരങ്ങള്‍ നേരിട്ടും അനേകായിരങ്ങള്‍ അല്ലാതെയും മരിച്ചു വീണ വാതക ചോര്‍ച്ചക്ക് കാരണക്കാരായവര്‍ക്ക് കൊടുത്ത ശിക്ഷ , എല്‍ പി സ്കൂള്‍ അദ്ധ്യാപകന്‍ കുട്ടികളെ കണ്ണുരുട്ടിയും ഒച്ച വെച്ചും പേടിപ്പിക്കുന്നത്‌ പോലെയായി . ഇനി ആവര്‍ത്തിച്ചാല്‍ പുറത്തു നിര്‍ത്തും എന്ന മട്ടിലുള്ള വിധി!! ഇതൊക്കെയേ ഇന്ത്യക്കാരന് വിധിച്ചിട്ടുള്ളൂ !
  മരിച്ച കൂട്ടത്തില്‍ നാലു തൊലി വെളുത്തവന്മാര്‍ ഉണ്ടായിരുന്നെങ്കില്‍ കാണായിരുന്നു പുകില്‍

  ReplyDelete
 22. ശിക്ഷാവിധി കേട്ടപ്പോള്‍ നാണം തോന്നി!
  സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നവര്‍!.

  ReplyDelete
 23. ബഷീര്‍ കോണ്ഗ്രസിന്റെ ഹിഡന്‍ അജണ്ടയെ കുറിച്ച് എഴുതും എന്നാ ഞാന്‍ പ്രതീക്ഷിച്ചത്. കോണ്ഗ്രസിന്റെ അമേരിക്കന്‍ വിധേയത്വം നമ്മുടെ നിയമപരിപാലനംവരെ എത്തിയത് ഇന്നല്ല എന്ന് മനസിലാക്കണം,

  ReplyDelete