November 27, 2010

എന്റെ ഷെയര്‍ മാര്‍ക്കറ്റ് പരീക്ഷണങ്ങള്‍

വെറുതെ ഒരു ഹരത്തിനു ഷെയര്‍ മാര്‍ക്കറ്റില്‍ അല്പം കളിക്കാമെന്ന് ഞാന്‍ വിചാരിച്ചു. കയ്യില്‍ പൂത്ത കാശുണ്ടായിട്ടല്ല. ഈ പരിപാടി എങ്ങനെയാണ് നടക്കുന്നത് എന്നറിയാനുള്ള ഒരു താല്പര്യം. കാര്‍വിയില്‍ ഒരു ഓണ്‍ലൈന്‍ അക്കൗണ്ട്‌ തുടങ്ങി ലൈവായി തന്നെ കുറച്ച് ഷെയറുകള്‍ വാങ്ങി. ലാഭം കിട്ടിയോ നഷ്ടം വന്നോ എന്ന് ഞാന്‍ വെളിപ്പെടുത്തുന്നില്ല. അത് ഓരോരുത്തരുടെയും തലവര പോലെ സംഭവിക്കുന്നതാണ്. വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ല. 

ഷെയര്‍ മാര്‍ക്കറ്റില്‍ കളിക്കുമ്പോള്‍ വളരെ ശ്രദ്ധിച്ച് ചെയ്യണം എന്നാണു പറയാറ്. അതുകൊണ്ട് തന്നെ ഓരോ ഷെയര്‍ എടുക്കുന്നതിനു മുമ്പും ആ കമ്പനിയെക്കുറിച്ച് ഞാനൊരു പഠനം നടത്തും. അവരുടെ ഷെയറുകളുടെ ഇപ്പോഴത്തെ വാല്യൂ എങ്ങിനെ?, , ആരെക്കെയാണ് പ്രമോട്ടേഴ്സ്, മാര്‍ക്കറ്റില്‍ എങ്ങിനെ പെര്‍ഫോം ചെയ്യുന്നു, കമ്പനിയുടെ ത്രൈമാസ - അര്‍ദ്ധ വാര്‍ഷിക – വാര്‍ഷിക റിപ്പോര്‍ട്ടുകള്‍,  ഇ പി എസ് എന്ന് പറയുന്ന ഏണിങ്ങ്സ്‌ പെര്‍ ഷെയര്‍ തുടങ്ങി എല്ലാ പണ്ടാരങ്ങളും നോക്കിയാണ് ഞാനും ഷെയറുകള്‍ വാങ്ങാറുള്ളത്.

സുസ്ലോണ്‍ എനര്‍ജി കത്തി നില്‍ക്കുന്ന സമയം. (അതെ, നമ്മുടെ അട്ടപ്പാടിയില്‍ വന്നു ആദിവാസികളുടെ ഭുമി ചുളുവിലക്ക് അടിച്ചെടുത്ത സുസ്ലോണ്‍ തന്നെ) കാറ്റില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന പേര് കേട്ട കമ്പനി. പല പ്രൊജക്റ്റുകളും അവര്‍ക്ക് കിട്ടുന്നു. വന്‍ വിജയമാകുന്നു. ഷെയര്‍ മാര്‍ക്കറ്റില്‍ അവരുടെ വില റോക്കറ്റ് പോലെ കുതിച്ചുയരുന്നു.. ഞാന്‍ ആ കമ്പനിയെക്കുറിച്ച് പഠിക്കാന്‍ തുടങ്ങുമ്പോള്‍ അവരുടെ ഒരു ഷെയറിന്റെ വില എണ്‍പത് രൂപയോ മറ്റോ ആണ്. എന്റെ പഠനം അവസാനിച്ചപ്പോഴോക്ക് അതിന്റെ വില നൂറ്റി മുപ്പത്തിയെട്ട് രൂപയിലെത്തി!!!!. എന്റെ ബുദ്ധിയിലും പഠനത്തിലും ഉള്ള തികഞ്ഞ ആത്മ വിശ്വാസത്തോടെ ഉടനെ ഞാന്‍ അവരുടെ ഇരുനൂറു ഷെയറുകള്‍ വാങ്ങി. വില കുതിച്ചുയരുന്നതും നോക്കി കാല്‍കുലേറ്റര്‍ കയ്യില്‍ കരുതി കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നിന്ന് കണ്ണെടുക്കാതെ ഞാന്‍ നോക്കി നില്‍ക്കെ (പോസ്റ്റ് ഇട്ട് കമന്റിനു കാത്തു നില്‍ക്കുന്ന ബ്ലോഗ്ഗറെപ്പോലെ ) അത് സംഭവിച്ചു. ഷെയറിന്റെ വില കുത്തനെ ഇടിയുന്നു. ഞാന്‍ ഷെയര്‍ വാങ്ങിയ ആ നിമിഷം തന്നെ വിലയിടിയാന്‍ തുടങ്ങി. ഒരൊറ്റ ദിവസം കൊണ്ട് തന്നെ ഒരു ഷെയറിന് ഇരുപതു രൂപ കുറഞ്ഞു!!!. വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നത് ഒരു പഴമൊഴി മാത്രമല്ല. അതൊരു സത്യം കൂടിയാണ്. സുസ്ലോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട ദിവസമായിരുന്നു അത്. ഇത് എഴുതുമ്പോള്‍ അവരുടെ ഒരു ഷെയറിന്റെ വില നാല്പത്തി നാല് രൂപയാണ്!!.

ടാറ്റ മോട്ടോര്‍സ് നല്ല ഫണ്ടമെന്റല്‍സ് ഉള്ള കമ്പനിയാണ്. ഇവരെക്കുറിച്ച് ഞാന്‍ പഠനം തുടങ്ങുമ്പോള്‍ ഒരു ഷെയറിന് വില ഇരുനൂറ് രൂപ. പഠനം അവസാനിച്ചപ്പോഴേക്ക് വില ഷെയറിന് എണ്ണൂറ് രൂപയെത്തി. ഉടനെ ഞാന്‍ കുറച്ച് ഷെയറുകള്‍ വാങ്ങി. ദോഷം പറയരുതല്ലോ അന്ന് മുതല്‍ ഷെയര്‍ വില ഇടിയാന്‍ തുടങ്ങി. വില എഴുനൂറിനും താഴെയെത്തിയപ്പോള്‍ എന്‍റെ കണ്ട്രോള് പോയി. ബൂര്‍ഷ്വാസികളെ വിശ്വസിക്കരുത് എന്ന് മാര്‍ക്സും ഇ പി ജയരാജനും പറഞ്ഞത് എനിക്ക് ഓര്മ വന്നു. ടാറ്റയുടെ വാങ്ങിയ ഷെയറുകളെല്ലാം ഒറ്റയടിക്ക് ഞാന്‍ വിറ്റു!!. വിറ്റ് കയ്യെടുക്കേണ്ട താമസം ടാറ്റ യൂറോപ്പില്‍ ഒരു കമ്പനി വാങ്ങിയ വാര്‍ത്ത വന്നു. ഷെയര്‍ വില കുത്തനെ കൂടാന്‍ തുടങ്ങി. ഇപ്പോള്‍ ആയിരത്തി ഒരുനൂറിനു മുകളിലാണ് അവരുടെ ഒരു ഷെയറിന്റെ വില!!.

‘തന്റെ ഷെയര്‍ മാര്‍ക്കറ്റ് സാഹസങ്ങള്‍ നാട്ടുകാരെയൊക്കെ അറിയിക്കേണ്ട വല്ല ആവശ്യവും ഉണ്ടോ?’ എന്ന് ഇത് വായിക്കുന്ന ചിലരെങ്കിലും ചോദിക്കും. ഞാന്‍ അങ്ങനെയാണ്. വല്ലാതെ സന്തോഷം വരുന്ന എന്ത് സംഭവിച്ചാലും അത് നാലാളോട് പറഞ്ഞാലേ ഉറക്കം വരൂ.. ഷെയര്‍ മാര്‍ക്കറ്റ് എന്താണെന്ന് ഇപ്പോള്‍ ഏതാണ്ടൊരു ധാരണ എനിക്കുണ്ട്.     

ഇന്റര്‍നെറ്റില്‍ വ്യാപക പ്രചാരം നേടിയ ഒരു ഷെയര്‍ മാര്‍ക്കറ്റ്‌ കഥയുണ്ട്. നിറയെ കുരങ്ങന്മാരുള്ള ഒരു ഗ്രാമത്തില്‍ ഒരപരിചിതന്‍ വന്നു പ്രഖ്യാപിക്കുന്നു “ഒരു കുരങ്ങനെ പിടിച്ചു തന്നാല്‍ പത്ത് രൂപ തരാം”. ഗ്രാമവാസികള്‍ ഒന്നടങ്കം കുരങ്ങന്മാരുടെ പിറകെയോടി. അവയെ പിടിച്ച് വിറ്റ് കാശാക്കി. വാനരന്മാരുടെ എണ്ണം കുറഞ്ഞു വന്നപ്പോള്‍ പര്‍ച്ചേസര്‍ തന്റെ ഓഫര്‍ അല്പം കൂട്ടി.  കുരങ്ങൊന്നിന് ഇരുപത് രൂപയാക്കി. ഗ്രാമീണര്‍ അവശേഷിക്കുന്ന കുരങ്ങന്മാരെയും പിടിച്ച് കാശ് കീശയിലാക്കി. എവിടെയും കുരങ്ങമാരെ കാണാതായിത്തുടങ്ങിയപ്പോള്‍ മങ്കി മുതലാളി തന്റെ ഓഫര്‍ ഇരുപത്തഞ്ചു രൂപയാക്കി. അപൂര്‍വം ചില ഭാഗ്യവാന്മാര്‍ക്ക് മാത്രം ഒന്നോ രണ്ടോ കുരങ്ങന്മാരെ പിടിക്കാന്‍ പറ്റി. മങ്കി മുതലാളിയുടെ കൂടുകളില്‍ അല്ലാതെ മരുന്നിന് പോലും ഒരു കുരങ്ങനെ പുറത്ത്‌ കാണാതായപ്പോള്‍ മുതലാളി ഓഫര്‍ അന്‍പത് രൂപയാക്കി ഉയര്‍ത്തി. ഒരത്യാവശ്യ കാര്യത്തിന് തനിക്ക് പോകേണ്ടതുണ്ടെന്നും തിരിച്ചു വന്നാലുടന്‍ അന്‍പത് രൂപയ്ക്കു കുരങ്ങുകളെ വാങ്ങുമെന്നും അത് വരെ തന്റെ അസിസ്റ്റന്റ്‌ കാര്യങ്ങള്‍ നോക്കുമെന്നും പറഞ്ഞ് ഒരു ദിവസം മങ്കി മുതലാളി പോയി. 

മുതലാളി പോയതോടെ അസിസ്റ്റന്റ്‌ നാട്ടുകാരോട് പറഞ്ഞു. “ നോക്കൂ.. ഈ കൂടുകളില്‍ നിറയെ കുരങ്ങമാര്‍ ഉണ്ട്. കുരങ്ങൊന്നിന് മുപ്പത്തഞ്ച് രൂപ തന്നാല്‍ ഞാനിത് നിങ്ങള്ക്ക് തരാം. മുതലാളി വന്നാല്‍ നിങ്ങള്‍ക്കിവയെ അന്‍പത് രൂപയ്ക്കു വില്‍ക്കാം”. ചുളുവില്‍ പണം കിട്ടാനുള്ള മാര്‍ഗം തുറന്ന് കിട്ടിയ ഗ്രാമീണരില്‍ ചിലര്‍ വീടും പറമ്പും കുബേര്‍ കുഞ്ചിയും വരെ വിറ്റ് കുരങ്ങന്മാരെ വാങ്ങി. മുപ്പത്തഞ്ച്  രൂപക്ക്‌ കുരങ്ങമാരെയെല്ലാം വിറ്റ് തീര്‍ന്നതോടെ അസിസ്റന്റ് തടിതപ്പി. മങ്കി മുതലാളി വരുന്നത് കാത്ത് കുരങ്ങന്മാരെ കൂടുകളിലാക്കി കാത്തിരുന്ന ഗ്രാമീണര്‍ വിഡ്ഢികളായി. തുടക്കത്തില്‍ കുരങ്ങമാരെ പിടിച്ച് കാശ് വാങ്ങി കീശയിലിട്ടവര്‍ക്ക് അത് കിട്ടി. കിട്ടിയ കാശ് ഇരട്ടിപ്പിക്കാന്‍ നോക്കിയവര്‍ വെട്ടിലായി. അഞ്ച് കാശിന് കൊള്ളാത്ത കുരങ്ങമാരെ മുപ്പത്തഞ്ച് രൂപ കൊടുത്ത് വാങ്ങേണ്ടി വന്ന ഗ്രാമീണരില്‍ ചിലര്‍ ആത്മഹത്യ ചെയ്തു. പൊട്ടിയ കമ്പനികളുടെയും പൊട്ടാന്‍ പോകുന്നവരുടെയും ഷെയര്‍ വാങ്ങിക്കൂട്ടി മങ്കി മുതലാളി വരുന്നതും കാത്തിരിക്കുന്ന ആയിരക്കണക്കിന് പേരുടെ സമാനതകളിലേക്കാണ് സ്റ്റോക്ക്‌ മാര്‍ക്കറ്റ്‌ കഥ അവസാനിക്കുന്നത്.

കഥ പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല. സ്റ്റോക്ക് മാര്‍ക്കറ്റ്‌ തുറക്കാനുള്ള സമയമായി. നാലഞ്ച് കമ്പനികളെക്കുറിച്ച എന്റെ പഠനം പൂര്‍ത്തിയായിട്ടുണ്ട്. കുറച്ച് ഷെയര്‍ ഇന്ന് വാങ്ങണം. വിധിയുണ്ടെങ്കില്‍ വീണ്ടും കാണാം.

Related Posts
ചൈനയിലെ സുരേഷ് ഗോപിയും ഡോളറമ്മാവനും

69 comments:

 1. എന്റെ മനുഷ്യാ..നിങ്ങൾക്ക് ഒരു ബ്രോക്കറെ ഏപ്പിച്ഛൂടാർന്നോ..

  ReplyDelete
 2. ബഷീര്‍ ഭായ്..നമ്മള്‍ രണ്ടാളും ഒരേ സമയത്താണ് ഷെയര്‍ മാര്‍ക്കെറ്റിനെകുറിച്ച് പഠിക്കാന്‍ ഇറങ്ങിയതെന്ന് തോന്നുന്ന...സുസ്ലോനും ടാറ്റയും എന്നെയും പറ്റിച്ചതാണ്..

  ReplyDelete
 3. ഏത് ഷെയറാണാവോ ഇനി വാങ്ങാൻ പോകുന്നത്?

  ഷെയറ് മാർകറ്റ് അനലൈസ് ചെയ്ത് തലപുണ്ണാക്കണ്ട്.. ബഷീർ ബായി ഏത് ഷെയറാണ് വാങ്ങുന്നതും വിൽക്കുന്നതുമെന്ന് നോക്കിയാൽ മതി. മൂപ്പര് വാങ്ങുന്നത് വേഗം വിറ്റൊഴിവാക്കുക..

  ReplyDelete
 4. അസൂയക്കാര് പലര്‍തും പറയും അതൊന്നും കോള്‍ക്കല്ലേ പണം വാരാം

  ReplyDelete
 5. നല്ല പോസ്റ്റ്! കാര്യം തമാശ രൂപേണ പറയുന്നത് എന്നെ പോലുള്ളവരുടെ തലയിലും ബള്‍ബ്‌ മിന്നാന്‍ സഹായിക്കും..
  പിന്നെ ഈ ഷെയര്‍ മാര്‍ക്കെട്ടിന്റെ കാര്യത്തില്‍ വള്ളിക്കുന്ന് പഠിക്കാനെടുത്ത വിഷയത്തിന്റെ കുഴപ്പമാ കേട്ടോ..
  ഞങ്ങള്‍ക്കൊക്കെ മാസത്തില്‍ മുപ്പതു ശതമാനം വീതം ഷെയര്‍ വില (രണ്ടു വര്‍ഷത്തോളമായി) കുതിക്കുകയാണ് കേട്ടോ...

  ReplyDelete
 6. http://www.paisapay.in/register.asp?81182-8488058

  ബഷീര്‍ ഭായ്..ഇതൊന്നു പരീക്ഷിക്കുന്നൊ..?

  ReplyDelete
 7. ഇനി ബഷീര്‍ ഭായി വില്‍ക്കുന്ന ഷെയറുകള്‍ വാങ്ങിയാല്‍ മതി!

  പോണി ബോയ്‌ ചോദിച്ചപോലെ ബ്രോക്കര്‍മാര്‍ ഇല്ലായിരുന്നോ

  ReplyDelete
 8. @ Pony Boy & തെച്ചിക്കോടന്‍
  സ്വയം പഠിച്ചു കാശ് പോക്കുന്നതിന്റെ സുഖം ബ്രോക്കര്‍ വഴി പോക്കിയാല്‍ കിട്ടുമോ?..

  @ Abhi
  ലാഭം കിട്ടിയ ഷെയറിന്റെ കാര്യം ഞാന്‍ മിണ്ടിയിട്ടില്ല. അത് രഹസ്യമായി തന്നെ ഇരിക്കട്ടെ. നിങ്ങളും മിണ്ടേണ്ട.. പുറത്തു പറഞ്ഞാല്‍ എല്ലാരും കൂടി വാങ്ങി അതും കുളമാക്കും.

  @ Abdul Rasheed: വായനക്കാരെ ഞാന്‍ തന്നെ കുഴിയില്‍ ചാടിക്കുന്നുണ്ട്. അത് പോരാഞ്ഞു നിങ്ങളുടെ വക വേറെയും വേണോ?.

  ReplyDelete
 9. @ മൈപ്
  അക്കൌന്റ് തുറന്നിട്ട്‌ വിവരം അറിയിക്കൂ.. എന്റെ നീക്കങ്ങള്‍ ഞാന്‍ അറിയിക്കാം. ഒരൊറ്റ കണ്ടീഷന്‍. കിട്ടുന്നത് ഫിഫ്ടി ഫിഫ്ടി ..

  @ jazmikkutty
  മാസം മുപ്പതു ശതമാനമോ?.. പുളുവടിക്കാതെ ജാസ്മീ.. 3G വീരന്‍ രാജയ്ക്ക് പോലും ഇത്രയും കിട്ടിക്കാണില്ല.

  ReplyDelete
  Replies
  1. മാസം മുപ്പതു ശതമാനം.....മൂന്നര മാസം കൊണ്ട് ഡബിള്‍...അപ്പൊ ഒരു അഞ്ചു വര്ഷം കഴിഞ്ഞാല്‍....ഭയങ്കരാ.............

   Delete
 10. ബഷീര്‍ക്ക പണ്ട് ആരാണ്ട് പറഞ പോലെ, നാലഅണ പോയാല്‍ എന്താ നായിന്റെ സ്വഭാവം മനസ്സിലായില്ലേ... ഇങ്ങനെ ആണ് കാര്യങ്ങള്‍ നാം പഠിക്കേണ്ടത് അല്ലെ...ഹഹഹ. പിന്നെ ഒരു കാര്യം താങ്കള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഷെയറുകള്‍ ഏതാണെന്ന് ആദ്യമേ ഒരു സൂചന നല്‍കിയാല്‍ മറ്റുള്ളവര്‍ക്ക് അത് വാങ്ങാതിരിക്കാമല്ലോ...

  ReplyDelete
 11. ബഷീര്‍ക്ക് എല്ലാവര്‍ക്കും പറ്റുന്ന അബദ്ധമേ നിങ്ങള്‍ക്കും പറ്റിയുള്ളൂ..
  ഒന്ന് സുസ്‌ലോണ്‍ എന്ന കമ്പനിയില്‍ ഓഹരികള്‍ വാങ്ങാന്‍ വേണ്ടി താങ്കള്‍ നടത്തിയ പഠനത്തിന്റെ പത്തിലൊന്ന് ശ്രദ്ധ ഓഹരി വാങ്ങിയതിനുശേഷം കാണിച്ചാല്‍ മതിയായിരുന്നു. വിപണി വൈകാരികമാണ്. നിര്‍ണായക വിഷയങ്ങളില്‍ സുസ്‌ലോണ്‍ കമ്പനിയുടെ ഫണ്ട് മാനേജര്‍മാര്‍ മൗനം പാലിക്കാന്‍ തുടങ്ങിയതോടെ പലരും അത് വിട്ടൊഴിവാക്കാന്‍ തുടങ്ങി... ഡിമാന്റ് കുറഞ്ഞതോടെയാണല്ലോ വിലകുറഞ്ഞത്. ഒരു ഓഹരി വാങ്ങുമ്പോള്‍ അത് എത്ര ലാഭത്തില്‍ വിറ്റൊഴിവാക്കുമെന്നതുപോലെ നിര്‍ണായകമാണ് അത് എത്ര നഷ്ടത്തില്‍ വില്‍ക്കുമെന്ന് ചിന്തിക്കുന്നത്. സാങ്കേതികമായി പറഞ്ഞാല്‍ താങ്കള്‍ സുസ്‌ലോണ്‍ ഓഹരികള്‍ക്ക് സ്‌റ്റോപ്പ് ലോസ് നല്‍കിയില്ല. അതോടെ താങ്കളുടെ നഷ്ടത്തിന്റെ അളവ് വര്‍ധിച്ചുവന്നു. വിപണി കയറ്റിറക്കങ്ങളുടെതാണ്. എപ്പോഴും ലാഭം വേണമെന്ന് നമുക്ക് ശഠിക്കാനാവില്ല. അതുകൊണ്ട് ഷെയര്‍മാര്‍ക്കറ്റില്‍ ഓഹരി വാങ്ങുന്നുണ്ടോ അതിനു സ്‌റ്റോപ്പ് ലോസ് വേണം.
  രണ്ട് : ടാറ്റാ മോട്ടോഴ്‌സിന്റെ കാര്യം. വിപണിയില്‍ രണ്ടു തരം നിക്ഷേപകരാണ് പ്രധാനമായുള്ളത്. ഒന്നു ദിവസവും വാങ്ങുന്നവരും വില്‍ക്കുന്നവരും. മറ്റൊരു കൂട്ടര്‍ മികച്ച ഓഹരികള്‍ കണ്ടെത്തി ദീര്‍ഘനാളത്തേക്ക് നിക്ഷേപിക്കുന്നവര്‍. സാധാരണ ഇതില്‍ രണ്ടിലും പെടാത്തവര്‍ക്കാണ് വിപണിയില്‍ നിന്നു കാര്യമായി കൈപൊള്ളാറുള്ളത്. ടാറ്റാ മോട്ടോര്‍സ്, ടാറ്റാ സ്റ്റീല്‍ പോലുള്ള ഓഹരികള്‍ ദീര്‍ഘകാല നിക്ഷേപത്തിനു അനുയോജ്യമാണ്. താങ്കളുടെ പണം പോയിയെന്നു കരുതി ചാടിക്കയറി അത് വില്‍ക്കാന്‍ പോവരുത്. അത്യാവശ്യകാര്യങ്ങള്‍ക്കുള്ള പണമെടുത്ത് താങ്കളെ പോലൊരാള്‍ ഷെയറുകളില്‍ നിക്ഷേപിക്കില്ല. അതവിടെ കിടന്നോട്ടെ എന്നു ചിന്തിക്കുകയായിരുന്നു വേണ്ടത്. തീര്‍ച്ചയായും താങ്കള്‍ പലിശയേക്കാള്‍ ഇഷ്ടപ്പെടുക ലാഭവിഹിതമാണ്. ഇന്ന് ഏത് ബാങ്ക് നല്‍കുന്നതിനേക്കാളും രണ്ടോ മൂന്നോ മടങ്ങ് ഈ ടാറ്റാ മോട്ടോഴ്‌സ് നിക്ഷേപത്തില്‍ നിന്നു ഒരു വര്‍ഷം കൊണ്ട് നിങ്ങള്‍ക്ക് ലഭിക്കുമായിരുന്നു... എന്താ ചെയ്യാ നേരം വേണ്ടേ....ജൂണില്‍ ടാറ്റാ മോട്ടോഴ്‌സിന്റെ വില 770 രൂപയില്‍ താഴെയാണ്. ഒരു ലക്ഷം രൂപയ്ക്ക് ഏകദേശം 130 ഓഹരികള്‍ നിങ്ങള്‍ക്ക് ലഭിക്കുമായിരുന്നു. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്കടുത്തായാണ് ഈ ഓഹരി ഇപ്പോള്‍ വില്‍പ്പന നടത്തുന്നത്. വെള്ളിയാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 1200 രൂപ പരിഗണിച്ചാല്‍ പോലും താങ്കള്‍ക്ക് ആറുമാസം കൊണ്ട് ഈ ഓഹരിയില്‍ നിന്ന് ലഭിക്കുന്ന ലാഭവിഹിതം 55900.00 രൂപയോളമാണ്. ഗ്രാഫ് നോക്കിയാല്‍ 1350 വരെ ടാറ്റാ മോട്ടോഴ്‌സ് പോയിട്ടുണ്ട്. ഞാന്‍ അറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കാ? ആരാ കുറ്റവാളി,, ഇന്ത്യന്‍ ഓഹരി വിപണിയും ബഷീര്‍വള്ളിക്കുന്നിന്റെ തിടുക്കമോ? ഓഹരി വാങ്ങിയാലും വാങ്ങിയ ഓഹരിയെ കുറച്ചുള്ള ഓരോ വാര്‍ത്തയും ശ്രദ്ധിക്കണം. ന്റെ ബഷീര്‍ക്ക ഞങ്ങളെ കഞ്ഞികുടി മുട്ടിക്കല്ലേ.....

  ReplyDelete
 12. ഇനി താങ്കള്‍ പറഞ്ഞ കുരങ്ങന്റെ കഥ ഏറ്റവും കൂടുതല്‍ യോജിക്കുന്നത് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിനാണ്. നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്, യൂനിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്രൊഡക്ട്‌സ്, റിയല്‍ എസ്റ്റേറ്റോ അല്ലെങ്കില്‍ മറ്റേതെങ്കിലും ബിസിനസ് പാര്‍ട്ണര്‍ഷിപ്പ് ഇവയെല്ലാം ഇന്ന് ഓഹരി വ്യാപാരമായി തെറ്റിദ്ധരിപ്പുക്കുന്ന രീതിയിലുള്ള വിപണന തന്ത്രങ്ങളാണ് ഇന്നു നടക്കുന്നത്. എന്റെ ആറുകൊല്ലത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ എനിക്ക് പറയാനും തെളിയിക്കാനും സാധിക്കും ഓഹരി വിപണി ബാങ്ക് നിക്ഷേപത്തേക്കാള്‍ ലാഭകരമാണെന്ന്. മുടക്കുന്ന പണവും അതിന്റെ 15 ശതമാനം വളര്‍ച്ചയും വിപണി ഇനി വീണ്ടും 8000ലേക്ക് പോയാലും നമുക്ക് നേടാനാവും. പിന്നല്ലേ..മുതല്‍ പോവുന്ന കാര്യം....ബാങ്കില്‍ ഫിക്‌സഡ് ഇട്ട് വര്‍ഷങ്ങളോളം കാത്തിരിക്കാം..എന്നാല്‍ ഒരു ബിസിനസ്സില്‍ പണമിറക്കിയാല്‍ ഒരു വര്‍ഷം പോലും കാത്തിരുന്നു കൂടാ...ഇതെന്തു ന്യായം. അതേ,, വാസ്തവത്തില്‍ ഷെയര്‍ വാങ്ങുന്നതിലൂടെ മികച്ചൊരു കമ്പനിയുടെ പാര്‍ട്ണര്‍മാരാവുകയാണ് നിങ്ങള്‍ ചെയ്യുന്നത്. ഇത് എന്റെ ഭാര്യയാണെങ്കില്‍ ഇപ്പോള്‍ പ്രസവിക്കണം...അല്ലെങ്കില്‍ ഞാന്‍ തച്ചുകൊല്ലും എന്നു പറഞ്ഞ പോലെയായി... ഷെയറില്‍ പണം പോയവരുമായി സംസാരിച്ചുനോക്കൂ...അധികപേരും തിടുക്കകാരാണ്.

  ReplyDelete
 13. ഏതായാലും ബഷീര്‍ക്ക തുടങ്ങി വച്ച സ്ഥിതിക്ക് അല്‍പ്പം കൂടി പറയട്ടെ..
  ഇന്‍വെസ്റ്റ്‌മെന്റ് എന്ന രീതിയില്‍ വിപണിയെ സമീപിക്കുകയാണ് ബുദ്ധി. ഷെയര്‍ ട്രേഡിങ് ഒരു തൊഴിലായി സ്വീകരിച്ചവര്‍ക്ക് അതു പറ്റില്ല. പക്ഷേ, ഇവര്‍ പറയുന്നതുകേട്ട് മറ്റു ചിലര്‍ ഇന്‍ട്രാഡേ(അന്നു വാങ്ങി അന്നു തന്നെ വില്‍ക്കുക) വ്യാപാരത്തിലേക്ക് തിരിയും. അന്നു വാങ്ങി അന്നു വില്‍ക്കുന്നതിന് സ്ഥാപനങ്ങള്‍ കൂടുതല്‍ മാര്‍ജിനും തരും(എന്താണ് മാര്‍ജിന്‍-നമ്മുടെ എക്കൗണ്ടില്‍ വേണ്ടത്ര ഫണ്ടില്ലെങ്കിലും അതിന്റെ നാലോ അഞ്ചോ മടങ്ങ് ചില മികച്ച ഓഹരികള്‍ വാങ്ങാന്‍ സ്ഥാപനങ്ങള്‍ പണം തരും). ഈ പണത്തിന് റിസ്‌ക്കില്ല. കാരണം എന്തായാലും വൈകുന്നേരമായാല്‍ അത് വില്‍ക്കുമല്ലോ..? ഈ വ്യാപത്തിലാണ് പലര്‍ക്കും ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചിട്ടുള്ളത്. അതുകൊണ്ടു എത്ര അറിയുന്നവരാണെങ്കിലും ഇന്‍ട്രാഡേ ട്രേഡില്‍ നിന്നു വിട്ടുനില്‍ക്കുന്നതാണ് ബുദ്ധി. ഇനി ഇന്‍ട്രാഡേ നടത്താം എങ്ങനെയാണെങ്കില്‍... വാങ്ങുന്നതിനാവശ്യമായ മുഴുവന്‍ പണവും നിങ്ങളുടെ എക്കൗണ്ടില്‍ ഉണ്ടെങ്കില്‍..അതെന്തിനാണെന്നു ചോദിച്ചാല്‍...അബദ്ധവശാല്‍ വാങ്ങിയ നിങ്ങളുടെ തീരുമാനം വൈകുന്നേരമാവുമ്പോഴേക്കും തെറ്റായിപോയാല്‍ പേടിക്കേണ്ട കാര്യമില്ല. ഇന്‍ട്രാഡേ വാങ്ങിയതിനെ ഡെലിവറി(വാങ്ങി രണ്ടു ദിവസം കഴിഞ്ഞ് സെറ്റില്‍മെന്റ്) ആക്കാനുള്ള ഓപ്ഷന്‍ ഉണ്ട്. പണമില്ലാതെ വന്നാല്‍ ആ ഓഹരികള്‍ മുഴുവന്‍ വില്‍ക്കും. കൂടാതെ അതില്‍ സംഭവിച്ച നഷ്ടം നിങ്ങളുടെ എക്കൗണ്ടിലുള്ള തുകയില്‍ നിന്നു കുറയ്ക്കുകയും ചെയ്യും. ഉദാഹാരണത്തിന് വെള്ളിയാഴ്ച godrej industrise ഞാന്‍ നടത്തിയ ഇന്‍ട്രാഡേ പറയാം. ആദ്യം ആ കമ്പനിയെ കുറിച്ചു പറയട്ടേ.. ഇതുവരെയുള്ള കണക്കനുസരിച്ച് നല്ലൊരു കമ്പനിയാണ്. പെട്ടുപോയാലും രക്ഷപ്പെട്ടുപോരുമെന്ന വിശ്വാസമുണ്ട്. രാവിലെ ഈ സ്‌ക്രിപ്റ്റ് ഇടിഞ്ഞ സമയത്തു തന്നെ അത് ഒരു ലക്ഷം രൂപയ്ക്കാ വാങ്ങി. നേരത്തെ തന്നെ വാങ്ങാന്‍ ഉദ്ദേശിച്ചിരുന്ന ഓരോഹരിയായിരുന്നു ഇത്. എന്തായാലും ഇടിഞ്ഞതല്ലേ.. ഇന്‍ട്രാഡേയ്ക്ക് വാങ്ങാം. വാങ്ങി ഊഹം തെറ്റിയില്ല. ഒന്നിന് 12 രൂപയിലധികം വച്ച് ലാഭം കിട്ടി. വൈകുന്നേരം അത് മുഴുവന്‍ വിറ്റൊഴിവാക്കി പുതിയ ഷെയറുകള്‍ വാങ്ങുകയുംചെയ്തു. ഇവിടെ എനിക്ക് റിസ്‌ക്കില്ല. അന്ന് ഗോദ്‌റേജ് ഇന്‍ഡസ്ട്രീസ് താഴേക്ക് പോയാലും എനിക്ക് പ്രശ്‌നമില്ല. കാരണം വാങ്ങണമെന്ന് ഞാന്‍ നേരത്തെ തീരുമാനിച്ച ഓഹരിയാണ്. രണ്ട് ഇനി പോയാലും അത് മുഴുവന്‍ വാങ്ങാനുള്ള പണം എന്റെ എക്കൗണ്ടിലുണ്ട്. ഞാന്‍ ഇന്‍ട്രാഡേ പൊസിഷനില്‍ നിന്ന് അതിനെ ഡെലിവറിയിലേക്ക് മാറ്റും. ഇനി എന്റെ എക്കൗണ്ടില്‍ പണമായി 10000 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നിരിക്കട്ടെ.എനിക്ക് ഇന്‍ട്രാഡേ വാങ്ങാന്‍ സ്ഥാപനം മാര്‍ജിന്‍ തന്നു. 174നു വാങ്ങിയ ഓഹരി 160 ലേക്ക് താഴ്ന്നുവെന്നിരിക്കട്ടെ. എന്തു സംഭവിക്കും. പൊസിഷന്‍ കണ്‍വെര്‍ട്ട് ആവില്ല. കാരണം എക്കൗണ്ടില്‍ പണമില്ല. ഓഹരികളെല്ലാം വിറ്റു പോവും. നഷ്ടം വന്ന തുക എന്റെ എക്കൗണ്ടിലുള്ള പണത്തില്‍ നിന്നു കുറയ്ക്കും.

  ReplyDelete
  Replies
  1. ലാഭത്തിലായാലും നഷ്ടത്തിലായാലും അകൌണ്ടിൽ
   പണമുള്ള
   വ്യക്തി ഇൻട്രാഡേ വാങ്ങുന്നത് കൊണ്ട് അകൌണ്ടിലെ പണമുപയോഗിച്ച് തന്നെ വാങ്ങന്നതിനേക്കാൾ എന്തെങ്കിലും മെച്ചമുണ്ടോ

   Delete
 14. എന്‍റെ ബ്ലോഗ്‌ ഗുരുവാണ് ബഷീര്‍. മൂപ്പിലാന്‍ ഷയറില്‍ കളിക്കുന്നത് എനിക്കറിയാമായിരുന്നു. പക്ഷെ അത് ഇത്ര ലാഭകരമായിരിക്കും എന്ന് പ്രതീക്ഷിച്ചില്ല. അതിയാനെ ഏതായാലും ഷെയര്‍ കുരുവാക്കാന്‍ പറ്റില്ലാന്നു മനസ്സിലായി..

  അതെ സമയം ഈ പോസ്റ്റ് വായിച്ചു ആവേശ പുളകിതനായി ഞാന്‍ ഷെയര് ബിസിനസ്‌ തുടങ്ങിയലോന്നു ആലോചിക്കുവാ..അതിനാല്‍, ബഷീകാ, ഇങ്ങള് വില്‍ക്കുന്ന ഷയര്‍ ഞാന്‍ വാങ്ങിക്കോളം..എനിക്ക് ലാഭം ഉറപ്പു..

  ReplyDelete
 15. ബഷീര്‍, എന്റെ കാര്യത്തില്‍,മറ്റു പലരുടെയുമായിരിക്കാം, ക്യൂവില്‍ നില്‍ക്കുന്ന പോലെ! ഏറ്റവും കുറവ് ആളുകളുള്ള വരിയില്‍ നിന്നാല്‍ വേഗമെത്താം എന്ന് കരുതി അതില്‍ കേറി നില്‍ക്കുമ്പോഴാവും ആ വരി സ്വിച്ചിട്ട പോലെ നില്‍ക്കുന്നത്. അപ്പോള്‍ വേഗം നീങ്ങുന്ന വരിയില്‍ കയറി നിന്നോ, പിന്നെ ആ വരി ആന ഉന്തിയാലും അനങ്ങില്ല! നമ്മള്‍ നേരത്തെ നിന്ന വരിയോ, വേഗം വേഗം നീങ്ങുന്നത്‌ കാണാം. നില്‍ക്കുന്നിടത്ത് തന്നെ നില്‍ക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ പോലെ, ഉള്ളത് കൊണ്ട് ഓണം പോലെ എന്നതാണ് നമ്മള്‍ക്ക് നല്ലതെന്ന് കരുതുന്നതാണ് ഉത്തമം. ഷെയറിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും.

  ReplyDelete
 16. ബഷീറെ..ഷെയറും പലിശയാ... ഹറാം...ഹറാം.... പടച്ചോന്റെ ശിക്ഷയാ... നിര്‍ത്തിയേരു പഹയാ ഈ പണി!!!

  ReplyDelete
 17. സത്യത്തില്‍ ഈ ഷെയര്‍ മാര്‍ക്കറ്റിന്റെ ഇന്ദ്രജാലം എനിക്കിതുവരെ ആറിയില്ല .പഠിക്കണം എന്നുണ്ട് പക്ഷെ പൈസ യുണ്ടായി വരുമ്പോളേക്കും ഇത് അവിടെ തന്നെ കാണുമോ

  ReplyDelete
 18. ഷിനോദ് (master)
  താങ്കള്‍ എഴുതിയ സുദീര്‍ഘമായ കമന്റുകള്‍ വായിച്ചു. തികച്ചും പ്രായോഗികവും ബുദ്ധിപരവുമായ ചില സൂത്രങ്ങള്‍ ആണ് അവസാന കമന്റില്‍ താങ്കള്‍ നല്‍കിയത്. ഓഹരി വിപണിയെ ശരിക്ക് പഠിച്ച ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലക്കും വളര്‍ന്നു വരുന്ന ഒരു സ്റ്റോക്ക്‌ ബ്രോകിംഗ് സ്ഥാപന ഉടമ എന്ന നിലക്കും താങ്കള്‍ പറയുന്നതിനെ അവിശ്വസിക്കേണ്ട കാര്യമില്ല. ഞാന്‍ എഴുതിയത് എന്റെ അനുഭവമാണ്. നഷ്ടം വന്ന രണ്ടു ഓഹാരിക്കളെക്കുറിച്ചാണ് ഞാന്‍ സൂചിപ്പിച്ചത്. ലാഭം കിട്ടിയ ഓഹരികള്മുണ്ട്. ലാഭം കിട്ടിയത് എഴുതി എന്റെ വായനക്കാരെ കുളത്തില്‍ ഇറക്കേണ്ട എന്ന് കരുതിയാണ് ബോധപൂര്‍വം അത് പരാമര്‍ശിക്കാതിരുന്നത്. രണ്ടു വര്ഷം മുമ്പത്തെ ഗള്‍ഫ് സ്റ്റോക്ക്‌ മാര്‍ക്കെറ്റ് തകര്‍ച്ചയില്‍ ലക്ഷക്കണക്കിന്‌ സൗദി റിയാല്‍ ഒറ്റയടിക്ക് നഷ്ടപ്പെട്ട് കടബാധ്യതയില്‍ ജീവിതം തുലഞ്ഞ ഒരു സൗദി സഹപ്രവര്‍ത്തകന്‍ എനിക്കുണ്ട്. ഓഫീസില്‍ എന്റെ ഡിപ്പാര്‍ട്ട്മെന്റില്‍ തന്നെയാണ് ആണ് അയാളും ഇരിക്കുന്നത്. കടം കൊടുത്ത് വീട്ടാന്‍ കഴിയാതെ ഇടയ്ക്കിടെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പാവം. ലാഭം കിട്ടിയവരും ഉണ്ടാകാം.

  ReplyDelete
 19. This comment has been removed by the author.

  ReplyDelete
 20. കയ്യില്‍ നീക്കിയിരുപ്പ് പണം ഉള്ളവര്‍ മാത്രം ഈ പണിക്കു ഇറങ്ങുന്നതാണ് നല്ലത്. നഷ്ടപ്പെട്ടാലും കൂളായി പിടിച്ചു നില്‍ക്കാന്‍ കഴിയണം. അല്ലാതെ ചെയ്യുന്നവ കുട്ടികളെ പട്ടിണിക്കിടാന്‍ ഇടയാക്കും. Intraday അപകടം പിടിച്ച പരിപാടിയാണ്. ആദ്യ കാലത്ത് ഞാന്‍ അത് സ്ഥിരമായി ചെയ്തിരുന്നു. അതിന്റെ അപകടം തിരിച്ചറിഞ്ഞ ശേഷം അവിടെ വല്ലാതെ കൈ വെക്കാറില്ല. Delivery ഓപ്ഷന്‍ നിലനിര്‍ത്തിക്കൊണ്ടുള്ള Intraday ഒരു നല്ല നീക്കമാണ്.

  പ്രൊഫൈല്‍ ഓപണ്‍ അല്ലാത്തത് കൊണ്ട് താങ്കളുടെ സൈറ്റിന്റെ ലിങ്ക് ഞാന്‍ ഇവിടെ കൊടുക്കുന്നു. www.shinod.in സ്റ്റോക്ക്‌ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് അതുപകരിക്കും എന്ന് കരുതുന്നു.

  ReplyDelete
 21. എവിടെ തൊട്ടാലും ബഷീര്കക്ക് ഒരു പോസ്റ്റിനുള്ള വക കിട്ടും. കുരങ്ങന്റെ കഥ വളരെ ഇഷ്ടപ്പെട്ടു. ലാഭം കിട്ടിയ ശേയരുകലെപ്പറ്റി പറയാതിരുന്നത് ശരിയല്ല

  ReplyDelete
 22. ഷെയര്‍ മാര്‍ക്കെറ്റ് ഒരു റാക്കറ്റ്
  ആണെന്നായിരുന്നു എന്റെ വിചാരം.
  ഷെയര്‍ സൂചി റോക്കെറ്റ്‌ പോലെ കുതിച്ചുയരുന്നത് കാണുമ്പോള്‍ ഞാന്‍ എന്റെ വീക്കായ പോക്കെറ്റിനോട്‌ പറയും: നമുക്കും ഒരു 'വിക്കെറ്റ്' എടുക്കാമായിരുന്നു, എന്ന്..
  പിന്നെ 'കമെന്റ് കാത്തിരിക്കുന്ന ബ്ലോഗറുടെ ടെന്‍ഷന്‍' നമുക്കില്ലല്ലോ എന്ന് പറഞ്ഞു പോക്കറ്റിനെ ഞാന്‍ സമാധാനിപ്പിക്കും..

  ReplyDelete
 23. is it haram?
  what about mutual fund? its also haram?
  pls describe any one

  ReplyDelete
 24. @ ഉസ്മാന്‍ ഇരിങ്ങാട്ടിരി
  എന്റെ കാശ് പോയി എന്ന് കേട്ടപ്പോള്‍ നിങ്ങള്ക്ക് സാഹിത്യം വരുന്നുണ്ട് അല്ലേ.. ഇനിയും വരുന്നുണ്ടെങ്കില്‍ പതിവുപോലെ മനോരമ ഓണ്‍ലൈനില്‍ ഒരു കഥ എഴുതൂ..

  ReplyDelete
 25. ബഷീര്‍ക്ക വെറുതെ സുസ്ലോണിനെ കുറ്റം പറയരുത്...49 രൂപ ഉണ്ടാവുമ്പോള്‍ ഞാന്‍ വാങ്ങിയത് 95nu വിറ്റു ..ടാറ്റാ മോട്ടോര്‍സ് 800nu വിറ്റത് 600nu വാങ്ങി അപ്പോള്‍ എന്തായി? എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ...ഈ ഓഹരി വിപണി രണ്ടായാലും (കാള ആയാലും കരടി ആയാലും )മനുഷ്യന് ദോഷം തന്നെ ...

  ReplyDelete
 26. സോറി വള്ളിക്കുന്നെ...മാസത്തിലല്ല കേട്ടോ..വര്‍ഷത്തിലാ....എഴുത്തില്‍ അങ്ങനെ വന്നു..പുളുവടിച്ചതല്ല ....ULIP യുടെ കാര്യമാണ്.

  ReplyDelete
 27. കൂടുതല്‍ മര്‍മം നോക്കി തീരുമാനിക്കാന്‍ നിന്നാല്‍ ഒന്നും നടക്കില്ലെന്നു സാരം. ബഷീര്‍ തന്നെ കൂടുതല്‍ പഠിക്കാന്‍ നില്‍ക്കാതെ കാണും ചിമ്മി നറുക്കെടുക്കുകയാണെങ്കില്‍ കഥ മറിച്ചായേക്കം. "മണ്ടയിലെ വര മണ്ടിയാലും പോവില്ല" എന്ന മഹത്-വചനം ഷെയര്‍ എടുക്കുന്നവര്‍ക്കായി പ്രത്യേകം ഉണ്ടാക്കിയതാണ്.

  ReplyDelete
 28. ഇതെല്ലാം നിങ്ങൾ ഷെയറുകാർ തമ്മിൽ ഷെയറുചെയ്തോളൂ....

  ReplyDelete
 29. ഷെയര്‍ വ്യാപാരത്തിന്റെ ഫോര്‍മാലിറ്റീസ് എല്ലാം കഴിച്ച് നാട്ടില്‍ നിന്ന് വന്നെതെങ്കിലും വ്യാപാരം ഇതുവരെ തുടങ്ങിയിരുന്നില്ല. ഏതായാലും ഈ പോസ്റ്റ് സരസമായ തനത് വള്ളിക്കുന്ന് ശൈലിയില്‍ ഒത്തിരി കാര്യം പറഞ്ഞുവെച്ചു.

  ReplyDelete
 30. പണ്ട് ഇത് പോലെ ഞാന്‍ ഒരു ഷെയര്‍ വാങ്ങിച്ചു thinksoft എന്ന ഒരു കമ്പനിയുടെതാണ് അത്.Average 154-ല്‍ ആണ് മേടിച്ചത് 540-നു മേലെ വരെ പോയി പിന്നെ റോക്കെറ്റ് വിട്ടപോലെ താഴോട്ട് ഇപ്പോള്‍ 77
  ഇന്‍വെസ്റ്റ്‌ ചെയ്തത് 154*1500=231000
  ഇപ്പോള്‍ 77*1500=115500
  ആകെ നഷ്ടം=115500
  നേര്‍ പകുതി.
  അങ്ങനെ കരുതി ഞാന്‍ നിര്‍ത്തിയിട്ടോന്നും ഇല്ല. എനിക്ക് ഇപ്പഴും tatamotors നല്ല ലാഭത്തില്‍ തന്നെയുണ്ട്‌.എന്റെ ഭാഗ്യത്തിന് 2008-ല്‍ നല്ലൊരു investment നടത്തി അതുകൊണ്ട് രക്ഷപെട്ടു.

  ReplyDelete
 31. @ Ravoof & Jamal
  ഷെയര്‍ മാര്‍ക്കറ്റ് ഇസ്ലാമികമായി ശരിയാണോ എന്ന ചോദ്യം ചിലര്‍ ഉയര്‍ത്തുകയുണ്ടായി. അത്തരമൊരു ചര്‍ച്ച പണ്ഡിത സമൂഹത്തില്‍ ശക്തമായി നടക്കുന്നുണ്ട്. ലാഭവും നഷ്ടവും സംഭവിക്കാന്‍ ഇടയുള്ള വ്യാപാര ഇടപാടുകളുടെ കൂട്ടത്തിലാണ് ഷെയര്‍ ബിസിനസ്സുകളെ ഭൂരിഭാഗം ഇസ്ലാമിക പണ്ഡിതന്മാരും കാണുന്നത് എന്നാണു എന്റെ വിശ്വാസം. ഈ വിഷയത്തില്‍ കൂടുതല്‍ ഗഹനമായ ചര്‍ച്ചകള്‍ ഈ കമന്റ് കോളത്തില്‍ നടത്തുന്നത് ഉചിതമാവില്ല എന്ന് തോന്നുന്നു. അത്തരമൊരു ചര്‍ച്ച ഉള്‍കൊള്ളാനുള്ള ഗഹനത ഈ പോസ്റ്റിനു ഇല്ല എന്ന് കൂടി ഓര്‍മിപ്പിക്കട്ടെ. എന്റെ Facebook ലിങ്കില്‍ ഈ ചോദ്യത്തെ ചുറ്റിപ്പറ്റി കുറെ ചോദ്യങ്ങളും ഉത്തരങ്ങളും വന്നിട്ടുണ്ട്.

  ReplyDelete
 32. @ ആചാര്യന്‍ & പഞ്ചാരക്കുട്ടന്‍
  എനിക്ക് കൂട്ടായി നിങ്ങള്‍ രണ്ടു പേരും ഉണ്ട് എന്നത് അല്പം ആശ്വാസം നല്‍കുന്നുണ്ട്.

  ReplyDelete
 33. ഉം കാശ്‌ ഉള്ളോര്‍ക്ക് എന്തും ആകാലോ

  ReplyDelete
 34. എനിക്കതല്ലാ മനസ്സിലാവാത്തത് .ബഷീര്‍ക്ക ഒരു ഓഹരിയെ കുറിച്ച് പഠിക്കാന്‍ തുടങ്ങുമ്പോ ഉള്ളതിനേക്കാള്‍ എത്രയോ ഇരട്ടി ആണ് പഠിച്ചു കഴിയുമ്പോള്‍..എന്നാ പിന്നെ നിങ്ങള്ക്ക് പഠിക്കാന്‍ തുടങ്ങുമ്പോ തന്നെ അതങ്ങു വാങ്ങിയിട്ടൂടെ...പഠിച്ചു കഴിയുമ്പോഴേക്കും അത് കൊടുക്കുകയും ചെയ്യാം ...

  ഓ മറന്നു..നാളെ രാവിലത്തെ എന്റെ ചായയുടെ ഷെയര്‍ ആരെടുത്തു നിന്ന് ഒപ്പിക്കും..???

  ReplyDelete
 35. ബഷീര്‍ക്ക ഇങ്ങള് ഷെയര്‍ മാര്‍ക്കറ്റില്‍ കയ്യിട്ടു ന്നു പറഞ്ഞപ്പോള്‍ എന്തോ ഒരു ഒരു .. ..........
  ആ ലാസ്റ്റ് പറഞ്ഞ കഥ ..ആ കഥ അതങ്ങട് ക്ഷ പിടിച്ചു ..ഈ കഥ ....അതല്ലേ ശരിക്കും കഥ ... വളരെ നല്ല പോസ്റ്റ്‌

  ReplyDelete
 36. This comment has been removed by the author.

  ReplyDelete
 37. ഷെയറ് ബിസിനസ്സ് ഹറാമാണെന്ന് പറായാൻ പറ്റില്ല. അത് ഹറാമാവും, നമ്മൾ ഹറാമായ കമ്പനിയുടെ ഷെയറാണ് വാങ്ങുന്നതെങ്കിൽ.. അതായത് മദ്യത്തിന്റെയും മതം നിരോധിച്ച മേഖലയിൽള്ള ബിസിനസിന്റെ ഷെയറെടുക്കാൻ പാടില്ല. എന്നാൽ നല്ല കമ്പനികളുണ്ട്. പിന്നെ ഊഹകച്ചവടം മതം നിരോധിച്ചതാണ്. അതിനാൽ ഷെയറ് വാങ്ങുമ്പോ അത്തരം ഊതി വിർപ്പിച്ച കമ്പനികളുടേത് ഒഴിവാക്കുക, അതിന് നാം ഷെയറ് എടുക്കുന്ന കമ്പനിയെ കുറിച്ചും അതിന്റെ പ്രവർത്തന രീതിയെ കുറിച്ചും പഠിച്ചതിന് ശേഷം മാത്രം ഷെയറ് എടുക്കുക. ഇതാണ് ഞാൻ ഈ വിഷയത്തിൽ മനസ്സിലാക്കിയത്.

  ReplyDelete
 38. dear basheer you are an all rounder. but take care. dont loose your money. as usual,enjoyed your post

  ReplyDelete
 39. monkey story is excellent. it says it all

  ReplyDelete
 40. നന്നായിരിക്കുന്നു മാഷെ ഓഹാരിയെ കുറുച്ചു പഠിച്ചു വരുന്ന എനിക്ക് ഒരു പാഠം.....ഏറ്റവും നല്ല ഒരു SIPപറ്റി പറയാമോ ?

  ReplyDelete
 41. @ മൈപ്
  താങ്കള്‍ എഴുതിയ വിശദീകരണം വളരെ നന്നായി. A balanced interpretation of Islamic Fundamentals.

  @ സൂത്രന്‍..!!
  SIP കളെപ്പറ്റി വിവരമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ പറയുമെന്ന് കരുതാം. എന്റെ ഉപദേശം കേള്‍ക്കാതിരിക്കുന്നതാണ് താങ്കള്‍ക്ക് നല്ലത്.

  ReplyDelete
 42. ബഷീര്‍ക്കയുടെ ഷെയര്‍ മാര്‍ക്കറ്റ്‌ അനുഭവം ഒരു ഒറ്റപ്പെട്ട സംഭാവമെല്ല. പെട്ടന്നു പണം വാരിപ്പോകാം എന്ന മോഹവുമായി
  വന്നവര്‍ക്കൊക്കെ കൈ പൊള്ളിയ അനുഭവങ്ങളാണ് ഉള്ളത് .
  5 മാസം മുന്പ് 500 രൂപയ്ക്ക് താഴെ ഉണ്ടായിരുന്ന ജെറ്റ് എയര്‍ സ്റ്റോക്ക്‌ ഇന്നത്തെ വില 750 ണ് മുകളില്‍
  ഒരു വര്ഷം മുന്‍പ് നമ്മുടെ രാമ ലിംഗ രാജു കുത്തുപാള എടുപ്പിച്ചു വെറും പത്തു രൂപയിലെയ്ക്ക് താഴ്ത്തിയ സത്യം computers ഇന്നത്തെ വില 80 ന് മുകളില്‍ അങ്ങിനെ നോക്കുമ്പോള്‍ പണം മുടക്കിയവര്‍ ക്ഷമയോടെ കാത്തിരുന്ന വരാന് .
  ************************************************************************************************
  nb :ഈ അഭിപ്രായം കേള്‍ക്കുമ്പോള്‍ ഈ ഉള്ളവന്‍ ഷെയര്‍ മാര്‍ക്കറ്റില്‍ ഡിപ്ലോമ എടുത്തവനാനെന്നു കരുതരുത്
  day trading വഴി കുത്തുപാളയെടുത്ത് ജീവിതം ചോദ്യ ചിഹ്ന്ഹ മായ ഒരുവനാണ് എനിക്ക് തരാനുള്ള ഒരു ഉപദേശം
  capital market is highly profitable and more risky
  ജാഗ്രത

  ReplyDelete
 43. @ ismail chemmad
  "day trading വഴി കുത്തുപാളയെടുത്ത് ജീവിതം ചോദ്യ ചിഹ്ന്ഹമായ ഒരുവനാണ്" എന്ന താങ്കളുടെ പ്രസ്താവം എല്ലാവരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. ഭൂരിപക്ഷം പേര്‍ക്കും Intraday business നഷ്ടത്തിലാണ് കലാശിക്കാറുള്ളത്. ഇതുകൊണ്ട് നേട്ടമുണ്ടാക്കുന്നത് സ്റ്റോക്ക്‌ ബ്രോക്കേര്സ് മാത്രമാണ്. അവര്‍ക്ക് കമ്മീഷന്‍ മുടങ്ങാതെ കിട്ടും. മയ്യത്ത് നരകത്തിലായാലും സ്വര്‍ഗത്തിലായാലും എനിക്ക് കൂലി കിട്ടണം എന്ന് പറഞ്ഞ കുഴിവെട്ടുകാരന്റെ റോളില്‍ ആണ് ഇവിടെ സ്റ്റോക്ക്‌ ബ്രോക്കേര്സ്.

  ReplyDelete
 44. മാസ്റ്റര്‍ നോട് ഒന്ന് രണ്ടു സംശയങ്ങള്‍
  1.ഓഹരി വിപണിയില്‍ പണം ജെനരെറ്റ്‌ ചൈയ്യ്ന്നില.
  2.ഒരാളുടെ ലോസ് ഒരാളുടെ ഗൈന്‍ അല്ലെ
  3.പിന്നെ എങ്ങിനെ എല്ലാവരും പനമുണ്ടാക്കും
  4.ഇതില്‍ എപ്പോഴും ലഭാമുണ്ടാകുന്നവര്‍ സാക്ഷാല്‍ ശ്രീ ബ്രോക്കെര്‍ ആകുന്നു.
  ബഹു വായനക്കാര്‍ രാവിലെ ഏഷ്യാനെറ്റിലെ ബിസിനെസ് വാര്‍ത്തകള്‍ കേള്‍ക്കാന്‍ അപേക്ഷിക്കുന്നു .ചിരി ആരോഗ്യത്തിന് നല്ലതാനെല്ലോ

  ReplyDelete
 45. ഒരാളുടെ നേട്ടം മറ്റൊരാളുടെ നഷ്ടമാണ്. ലാഭവും നഷ്ടവുമുള്ളതാണ് ബിസിനസ്. എല്ലാ കച്ചവടവും പരിശോധിച്ചുനോക്കൂ...ഓഹരി വിപണിയില്‍ എല്ലാവരും പണമുണ്ടാക്കുന്നുവെന്നോ...എല്ലായിപ്പോഴും ലാഭമുണ്ടാക്കുന്നുവെന്നോ ആരും പറയില്ല. അവസാനം കൂട്ടിനോക്കൂമ്പോള്‍ ലാഭമായിരിക്കണം അത്രമാത്രം...നഷ്ടങ്ങള്‍ മാത്രം സംഭവിക്കരുത് എന്നു മാത്രം.. പിന്നെ ബ്രോക്കര്‍മാര്‍ ലാഭം കൊയ്യുന്നവരാണ്
  എന്ന ധാരണയും തെറ്റാണ്. ഒരു ബ്രോക്കര്‍ക്ക് പരമാവധി വാങ്ങാവുന്ന ബ്രോക്കറേജിന് പരിധിയുണ്ട്. എന്നാല്‍ കുറച്ചുവാങ്ങാവുന്ന ബ്രോക്കറേജിന് പരിധിയില്ല. നിങ്ങള്‍ ഇന്‍ട്രേ ചെയ്യുകയാണെങ്കില്‍ അതിന് .05, ഡെലിവറിയാണെങ്കില്‍ .5,... സാധാരണ വാങ്ങുന്ന ചാര്‍ജ് ഇതാണ്. പണം അധികമുണ്ടെങ്കില്‍ ഇതിലും കുറയ്ക്കും. നിങ്ങളുടെ ഒരു ലക്ഷം രൂപ ഇന്‍ട്രാഡേയില്‍ ട്രേഡിങ് നടത്തിയാല്‍ 50 രൂപ മാത്രമാണ് പാവം ബ്രോക്കര്‍ക്ക് ലഭിക്കുന്നത്. അയാള്‍ ഒരു സേവനം നിങ്ങള്‍ക്ക് നല്‍കുന്നതിന് എന്തെങ്കിലും ഒരു ചാര്‍ജ് നല്‍കേണ്ടേ...അയാളും പാവമല്ലേ...

  സംഭവം ഞാന്‍ പറയാം..എനിക്കും ഷെയര്‍ ട്രേഡിങ് നടത്തണമെന്നു പറഞ്ഞ് ഓടി ചെല്ലും..എന്നാല്‍ എത്രയാണ് ബ്രോക്കറേജ്.. ഞാനിത്ര പണമിട്ടാല്‍ ബ്രോക്കറേജ് എത്ര കുറയ്ക്കും എന്നൊന്നും ചോദിക്കില്ല....അയാള്‍ പറയുന്ന സ്ഥലത്ത് ഓതറൈസേഷന്‍ വരെ ഒപ്പിട്ടുകൊടുക്കും...

  ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ ജ്വല്ലറിയില്‍ ചെന്ന് വാങ്ങി തിരിച്ചുവന്ന ഒരാള്‍ പിറ്റേന്ന് സ്വര്‍ണത്തിന്റെ വില കുറഞ്ഞതുകണ്ട്....എനിക്ക് നഷ്ടമായി ആ കടക്കാരന് നല്ല ലാഭം കിട്ടിയെന്നു പറയാറില്ല... ഇന്നു വാങ്ങിയാല്‍ മതിയായിരുന്നു. ഇവിടെ സ്വര്‍ണം വാങ്ങാന്‍ ഒരു കടവേണം. കടക്കാരന് ലാഭമുണ്ടെന്ന കാര്യത്തെ കുറിച്ചൊന്നും വേവലാതിയില്ല...പിന്നെന്താണ് ഓഹരി വാങ്ങുമ്പോള്‍ മാത്രം ഇങ്ങനെ...

  ReplyDelete
 46. some trading houses charging 1,1.5,2 also. Maximum brokerage limit 2.5...so investors want to ask, whats the charge? if some one asking more than.05(intraday),.5 (for delivery)..you can say me will not give..if you investing more than two lakh..say the office to less more.more over ask yearly charges..dont go for free accounts...some hidden charges in that account

  ReplyDelete
 47. ഹി ഒന്ന് കമന്റാന്‍ വന്നതാ,
  മുംബുരണ്ടു പോസ്റ്റില്‍ ശ്രമിച്ചിട്ട് നടന്നില്ല.
  എന്തും അറിയുന്നത് നല്ലതാ. അത് മറ്റുള്ളവര്‍ക്ക് പകരുന്നതും.ആശംസകള്‍.

  ReplyDelete
 48. ഷിനോദ് (master‍) പറഞ്ഞതിനോട് യോജിക്കുന്നു. 'പാവം ബ്രോക്കര്‍മാരും' ജീവിച്ചു പോകണം. ചെറുകിട ബ്രോക്കര്‍മാരെ സംബന്ധിച്ചിടത്തോളം ഈ പ്രസ്താവം ശരിയുമാണ്. കാര്‍വി പോലുള്ള വന്‍കിട ബ്രോക്കര്‍ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ഇതെത്ര മാത്രം ശരിയാണ് എന്ന് പറയുക വയ്യ. ക്രയ വിക്രയങ്ങള്‍ നടക്കുക എന്നത് മാത്രമാണ് അത്തരം സ്ഥാപാനങ്ങളുടെ പ്രധാന അജണ്ട. നിക്ഷേപനെ വഴിതെറ്റിക്കുന്ന രൂപത്തിലുള്ള, അവനെ എടുത്തു ചാടിക്കാന്‍ പ്രോല്‍സാഹനം നല്‍കുന്ന രൂപത്തിലുള്ള ടിപ്സുകള്‍ അടിക്കടി നല്‍കിയാണ് അവര്‍ വില്‍ക്കല്‍ വാങ്ങലുകളുടെ താളക്രമം ദ്രുതഗതിയില്‍ ആക്കുന്നത്. ഈ ബഹളങ്ങള്‍ക്കിടയില്‍ ഇന്‍ട്രാഡേ നടത്തി ഈ രംഗത്തെ പ്രഗത്ഭര്‍ പോലും അടിപതറി വീഴുന്നത് നാം കാണുന്നുണ്ട്. ഷിനോദ് പറഞ്ഞ പോലെ ബുദ്ധിപൂര്‍വം നീങ്ങിയില്ലെങ്കില്‍ കയ്യിലെ കാശ് പോകും. അനുഭവം സാക്ഷി.

  ReplyDelete
 49. ഈ വിഷയകമായി ചില ചര്‍ച്ചകള്‍ എന്റെ ഫേസ്ബുക്ക് പേജിലും നടക്കുന്നുണ്ട്. അവിടേക്ക് ഇതുവഴി പോകാം .

  ReplyDelete
 50. കുരങ്ങിന്റെ കഥ രസായിരുന്നൂ..
  ഞാനും ഈ മാര്‍ക്കെറ്റില്‍ ഇറങ്ങി നിസ്സംഗയായി നില്‍ക്കുന്ന ഒരു വീട്ടമ്മയാണ്.
  ആന കുതിര എന്നൊക്കെ പറഞ്ഞു വന്ന റിലയന്‍സ് പവര്‍ വാങ്ങിയ ക്ഷീണം ഇത് വരെ മാറിയിട്ടില്ല.
  വിഷയങ്ങളുടെ വൈവിധ്യം അഭിനന്ദനാര്‍ഹം..

  ReplyDelete
 51. To, Master

  Plz Give a Good SIP..Fund which is gud ,better ..

  ReplyDelete
 52. ഷെയര്‍ മാര്കെടിന്റെ ഗുണ ദോഷങ്ങള്‍ അറിയാതെ അതില്‍ ഇന്‍വെസ്റ്റ്‌ ചെയ്യുന്നവര്‍ വായിച്ചിരിക്കേണ്ട ലെക്ഖനവും ചര്‍ച്ചയുമാണ് ഇവിടെ നടക്കുന്നത് , അഭിനന്ദങ്ങള്‍ ..

  എന്തായാലും ഷെയര്‍ മാര്‍ക്കറ്റ്‌ പരീക്ഷണങ്ങള്‍ ക്ക് master നെ പോലുള്ള വരുടെ നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ ഒരു പരിധി വരെ തൊട്ടാല്‍ പൊള്ളാ തവയായി കൊണ്ട് പോകാം

  "Shinod(master) : ഇന്‍വെസ്റ്റ്‌മെന്റ് എന്ന രീതിയില്‍ വിപണിയെ സമീപിക്കുകയാണ് ബുദ്ധി. " ..

  ReplyDelete
 53. malayalam newsil malbuvinte oru kadha vayichapole -- Joliyil ninum pirinjhu pokumbol kafeel ee blog ellam ezhuthan eduathathine 'values' companikk thirich adakkan paranjhirunnillengil nannayirunnu...

  ReplyDelete
 54. വിപണി കുഴഞ്ഞു മറിഞ്ഞു തന്നെ കിടക്കട്ടെ .. അംബാനിയും ടാറ്റയും ബിര്‍ലയും കിര്ലോസ്കെരും ധനികന്മാരകട്ടെ ..
  ലക്ഷങ്ങളുടെ കണക്കുകള്‍ ഷെയര്‍ മാര്‍ക്കറ്റ്‌ ഇല്‍ പിച്ചകര്‍ പറയുന്നതാണ് . ധനികര്‍ കോടികള്‍ കൊണ്ട് അമ്മാനം ആടുന്നവരന് ...........

  " കോടികള്‍ ഉണ്ടായിട്ടു വേണം നിനക്ക് ഒരു കോടി മുണ്ട് വാങ്ങി തരാന്‍ ................"

  ReplyDelete
 55. പോസ്റ്റും കമന്റുകളും സഹായകമായി!
  തുടക്കക്കാര്‍ക്ക് ഇതൊക്കെ പഠിക്കാന്‍ പറ്റിയ നല്ല സൈറ്റുകള്‍ വല്ലതും അറിയാമെങ്കില്‍ അറിയുന്നവര്‍ പറഞ്ഞുതരാമോ?

  ReplyDelete
 56. puthiya arivukal nalkiyathinu ellevarodum nanni

  ReplyDelete
 57. suhurthukkale njanoru puthiya aalanu cheriya reethiyil onnu pareeshichal kollamennudu sherarmarkat tudagunnatinle fist step mutal onnu paranju tannal valiya upakaramayirunnu

  ReplyDelete
 58. tanks തമാശയായി കാര്യം അവതരിപ്പിച്ചു മനസിലാക്കി നന്നതിനു

  ReplyDelete
 59. ഷെയര്‍ മാര്‍ക്കറ്റ് എന്താണെന്ന് ഇപ്പോള്‍ ഒരു ചെറിയ ധാരണയായെന്നു തോന്നുന്നു . ഇത്രയും കാര്യങ്ങള്‍ മനസ്സിലാക്കിത്തരുന്ന ഒരു ചര്‍ച്ചക്ക് തുടക്കം കുറിച്ചതിന് നന്ദി........

  ReplyDelete
 60. Geojit, sharewealth , hedge , arcadia എന്നീ സ്ഥാപനങ്ങളിൽ കുറച്ചു കാലം ജോലി ചെയ്തിട്ടുണ്ട്.

  90 % ആളുകളുടെയും പണം നഷ്ട്ടപ്പെട്ടിട്ടുണ്ട് .ഇവിടെ കുഴപ്പം share market ന്റെ തല്ല. അതിനെ സമീപിക്കുന്ന രീതിയാണ്.

  ഏതൊരു സാദാരനക്കാരനും നല്ല സമ്പത്ത് share market ലൂടെ സൃഷ്ട്ടിചെടുക്കം ...ഈ video ഒന്ന് കണ്ടു നോക്കൂ ...

  http://www.youtube.com/watch?v=emho5uBADuc

  സംശയമുള്ളവർ ഏത് share ന്റെയും price history എടുത്ത് ചെയ്ത് നോക്കാം

  ReplyDelete
 61. ഷെയര്‍ ചെയ്യാന്‍ നല്ല ബ്രോകെരും വേണംലോ ,broker-zerodha, 20rs/per trade maximum....,other dtls plz mail ,,oleboy007@gmail.com,,,,and call 9846098003

  ReplyDelete
 62. india yilea num 1 discount broker aanu zerodha any dtls plz call Ajith-9846098003

  ReplyDelete
 63. കൂട്ടുകാരെ.....ഷെയര്‍ മാര്‍ക്കറ്റ്‌നെ കുറിച്ച് ഫ്രീ ആയിട്ട് ടിപ്സുകള്‍ കിട്ടുന്ന (മലയാളം)ബ്ലോഗുകളോ സൈറ്റുകളോ ഉണ്ടോ..?.ഉണ്ടെങ്കില്‍ ദയവായി പറഞ്ഞു തന്നാലും...

  ReplyDelete
 64. long term investment നെ പറ്റി അറിയാൻ ആഗ്രഹം ഉണ്ട് ,അതിൽ നിക്ഷേപിക്കുന്നതിനെ പറ്റി ഒന്നു പറഞ്ഞു തരാമോ

  ReplyDelete