ഗെയിംസ് കഴിയട്ടെ അവന്റെ കുടല് ഞാനെടുക്കും.

കോമണ്‍വെല്‍ത്ത്‌ കഴിഞ്ഞിട്ട് വേണം മനസ്സറിഞ്ഞ് നാല് തെറി വിളിക്കാന്‍. കല്‍മാഡിയെയല്ല, ആ കാട്ടു പന്നിയെ ഈ പണിയേല്‍പിച്ച മദാമ്മയേയും രാജ്യം ഭരിക്കുന്ന അവരുടെ ഗുമസ്തന്‍മാരെയും പച്ചക്ക് നാല് വിളിച്ചില്ലെങ്കില്‍ ഒരു മാതിരിപ്പെട്ട ഇന്ത്യക്കാര്‍ക്കൊന്നും ഉറക്കം കിട്ടില്ല. അത്രയ്ക്ക് നാറ്റിച്ചു കളഞ്ഞു.
"ആപ്കാ കോമണ്‍വെല്‍ത്ത്‌ കൈസാ ഹെ ഭായ്‌..” പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോയി വന്ന എന്നോട് സഹപ്രവര്‍ത്തകനായ പാക്കിസ്ഥാനി എഞ്ചിനീയറുടെ ഊത്ത്.
ഇന്ത്യക്കെതിരെ ഏതു ന്യൂസ്‌ വന്നാലും പാക്കിസ്ഥാനികള്‍ക്ക് വലിയ സന്തോഷമാണ്. അഴീക്കോടിന് ചക്കക്കൂട്ടാന്‍ കിട്ടിയ പോലെ (പ്രയോഗം എന്റേതല്ല, ഇന്നസെന്റിന്റെതാണ്)  “ടെലിഫോണ്‍ പേ കല്‍മാഡി സാബ് കോ മേരാ സലാം ബോല്‍ദേനാ.”. അവന്റെ രണ്ടാമത്തെ ഊത്ത്. ഈ ഊത്തൊക്കെ നമ്മള് സഹിച്ചേ പറ്റൂ.. ആ രൂപത്തിലാണ് ദിവസേനയുള്ള വാര്‍ത്തകള്‍ വരുന്നത്.


ആദ്യ ദിവസം പാലം പൊളിഞ്ഞു. രണ്ടാം ദിവസം വേദിയുടെ മേല്‍ക്കൂര വീണു. മൂന്നാം ദിവസം ബെഡ് ഷീറ്റില്‍ നായ ഓടി, നാലാം ദിവസം റൂമില്‍ പാമ്പ്, ഇന്നിപ്പോള്‍ മുഖ്യമന്ത്രി ഷീല ആന്റി പറയുന്നു. പണി എന്ന് തീരുമെന്ന് പറയാന്‍ പറ്റില്ലെന്ന്. ഗെയിംസ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇമ്മാതിരി ഡയലോഗുകള്‍ നമ്മള്‍ കേള്‍ക്കുന്നത്. പ്രധാന വേദിയിലേക്കുള്ള റോഡില്‍ ഏതാനും ബീഹാരി സ്ത്രീകള്‍ ചൂലും ബ്രഷും കൊണ്ട് ചളി വാരുന്ന ചിത്രം വിദേശ ഇംഗ്ലീഷ്‌ പത്രത്തില്‍ ഇന്നലെ കണ്ടു. എന്റെ കുറ്റമല്ല, സര്‍ക്കാരാണ് കാരണക്കാരന്‍ എന്ന് കല്‍മാഡിയണ്ണന്‍. പുള്ളിയുടെ പത്ര സമ്മേളനത്തിന്റെ റിപ്പോര്‍ട്ട് വായിച്ച് കലി കയറിയ എന്റെ തൃശൂര്‍ക്കാരന്‍ സുഹൃത്ത് പറഞ്ഞു.. “ഗെയിംസ് കഴിയട്ടെ, ആ ശവിയുടെ കൊടല് ഞാനെടുക്കും”. അവന്റെ വികാരം തന്നെയാണ് എനിക്കുമുള്ളത്. എണ്‍പത്തി രണ്ടില്‍ മുന്നൂറ്റി അമ്പതു കോടി ചെലവ് കണക്കാക്കിയ ഗെയിംസിന് എഴുപതിനായിരം കോടി ചിലവഴിച്ച വിദ്വാനാണ് കുറ്റം എന്റേതല്ല എന്ന് പറയുന്നത്. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ഇവനെയല്ല, ഇവനെ ഈ പണിയേല്‍പിച്ചവരെയാണ് ചവിട്ടേണ്ടത് എന്ന്. കള്ളനെ വെറുതെ വിട്ടാലും അവന്  കഞ്ഞി വെച്ചവനെ വെറുതെ വിടരുത് എന്നാണല്ലോ നമ്മള് പഠിച്ചിട്ടുള്ളത്.


ഇന്ത്യയുടെ ഇമേജ് ഉയര്‍ത്താനാണത്രെ നമ്മളീ ഗെയിം ചോദിച്ചു വാങ്ങിയത്. അരി മണിയൊന്ന് കൊറിക്കാനില്ല, തരിവളയിട്ടു കിലുക്കാന്‍ മോഹം എന്ന് പാടിയ അതേ അവസ്ഥ. ഇന്ത്യയില്‍ വിമാനമിറങ്ങുന്ന ആരും ആദ്യം കാണുക ദുര്‍ഗന്ധം വമിക്കുന്ന ചേരികളാണ്. ചേരികള്‍ക്ക് നടുവിലാണ് ബോംബെയിലേയും ഡല്‍ഹിയിലേയും വിമാനത്താവളങ്ങള്‍ പടുത്തുയര്‍ത്തിയിട്ടുള്ളത്. ഇക്കഴിഞ്ഞ ദിവസം മുംബൈ ചത്രപതി ശിവാജി എയര്‍പോര്‍ട്ടിന്‍റെ ഡൊമസ്റ്റിക്ക് ടെര്‍മിനലില്‍ നിന്നും ഇന്റര്‍നാഷണല്‍ ടെര്‍മിനലിലേക്ക് എയര്‍ ഇന്ത്യയുടെ എയര്‍പോര്‍ട്ട് കോച്ചില്‍ സഞ്ചരിച്ചപ്പോള്‍ എന്റെ സമീപത്തിരുന്ന സായിപ്പ് മൂക്ക് പൊത്തുന്നത് ഞാന്‍ കണ്ടു. തൊട്ടപ്പുറത്തെ ചേരിയിലെ അഴുക്ക് ചാലില്‍ കുട്ടികള്‍ കൂട്ടമായി തൂറാനിരിക്കുന്ന ദൃശ്യമായിരിക്കണം അയാളെ മൂക്ക് പൊത്താന്‍ പ്രേരിപ്പിച്ചത്. അത്തരം ചേരികളെ തിരിഞ്ഞു നോക്കാതെ, അവയില്‍ ജീവിക്കുന്ന പതിനായിരങ്ങളുടെ ദുരിതം മനസ്സിലാക്കാതെ ഏത്  ഗെയിം നടത്തിയാലും നമ്മള്‍ രക്ഷപ്പെടില്ല. ഇന്ത്യയുടെ ഇമേജ് ഉയരുകയുമില്ല. ഗെയിംസിന്‍റെ പേരില്‍ കല്‍മാഡിമാര്‍ വെട്ടി വിഴുങ്ങിയ പരശ്ശതം കോടിയില്‍ നിന്ന് ആ പട്ടിണിപ്പാവങ്ങള്‍ക്ക് ഒരു കക്കൂസ് ഉണ്ടാക്കികൊടുക്കാന്‍ ആയിരം രൂപയെങ്കിലും ചിലവഴിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോകുന്നു.

നാണക്കേടിന്റെ പുതിയ എപ്പിസോഡുകള്‍ ഉണ്ടാക്കാതെ ഈ ഗെയിംസൊന്ന് പണ്ടാരമടങ്ങിയിരുന്നെങ്കില്‍ നന്നായിരുന്നു !!!.   

Related Post (ഞാന്‍ മുമ്പേ പറഞ്ഞതാ..)
കല്‍മാഡിയെ രാഷ്ട്രപതിയാക്കിയാലോ? 

ചിരിച്ചു മണ്ണ് കപ്പണം എന്നുള്ളവര്‍ക്ക് ഒരു ലിങ്ക് തരാം. ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന The Independent-ല്‍  Dom Joly എഴുതിയ നര്‍മക്കുറിപ്പ്‌.
How can I help you? 24-hour phone line rides to the rescue at Delhi Games