തരൂര്‍ജിക്ക് ആദരാഞ്ജലി, സുനന്ദജിക്കും.

ആദരപൂര്‍വ്വം അര്‍പ്പിക്കുന്ന അഞ്ജലിക്കാണ് ആദരാഞ്ജലി എന്ന് പറയുക. അത് മരിച്ചവര്‍ക്ക് മാത്രമേ അര്‍പ്പിക്കാന്‍ പാടുള്ളൂ എന്ന് ഏതെങ്കിലും ഭാഷാ പുസ്തകത്തില്‍ പറയുന്നില്ല. ആരോടെങ്കിലും നമുക്ക് വല്ലാതെ ആദരം തോന്നുന്നുവെങ്കില്‍ അത് അര്‍പ്പിക്കാം എന്നാണ് പ്രമുഖ ഭാഷാ പണ്ഡിതന്‍ കൂടിയായ എന്റെ അഭിപ്രായം. തരൂര്‍ജിയുടെ മൂന്നാം കല്യാണമാണ് നാളെ. സുനന്ദജിയുടെത് എത്രാമത്തെതാണെന്ന് എനിക്കറിയില്ല. വിക്കി അമ്മച്ചിയോടോ ഗൂഗിള്‍ അമ്മാവനോടോ ചോദിച്ചാല്‍ അറിയുവായിരിക്കും. പക്ഷെ ഞാനതിന് മെനക്കെട്ടിട്ടില്ല. അതറിഞ്ഞത് കൊണ്ട് നമുക്കെന്തെങ്കിലും ഗുണമോ അവര്‍ക്ക്‌ എന്തെങ്കിലും ദോഷമോ വരാനില്ല. നമ്മുടെ താരം തരൂര്‍ജിയാണ്. സുനന്ദ ഇന്നലത്തെ മഴയ്ക്ക് മുളച്ച തകരയാണ്. അത് വന്നും പോയുമിരിക്കും.

ക്ലൈമാക്സ് എന്തായിരിക്കുമെന്ന് ഊഹിക്കാന്‍ പറ്റാത്ത സുരേഷ് ഗോപിയുടെ ഡിറ്റക്ടീവു സിനിമകള്‍   പോലെയാണ് തരൂര്‍ജിയുടെ ജീവിതം മുന്നോട്ട് പോവുന്നത്. നായകന്‍ വില്ലനെ അടിച്ചു ചമ്മന്തിയാക്കുമ്പോള്‍ നമ്മള്‍ കരുതും ഇത് തന്നെ ക്ലൈമാക്സ് എന്ന്. ടിക്കറ്റിന്റെ കാഷ്‌ പോയിക്കിട്ടി എന്ന ആശ്വാസത്തില്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോഴായിരിക്കും അതുവരെ കോമഡി കളിച്ച ആള്‍ പെട്ടെന്ന് വില്ലനായി മാറുന്നത്. എന്നാല്‍ അതൊന്നു കണ്ടിട്ട് തന്നെ കാര്യം എന്ന് കരുതുമ്പോഴേക്ക് കോമഡിക്കാരന്‍ ആത്മഹത്യ ചെയ്യും. ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി എന്ന് പറഞ്ഞ പോലെ വില്ലനെ തേടി നമ്മുടെ ഷിറ്റ്‌ നായകന്‍ പിന്നെയും മുന്നോട്ട്!!.

ഇപ്പറഞ്ഞത്‌ പോലെ ഓരോ എപ്പിസോഡ് കഴിയുമ്പോഴും നമ്മള്‍ കരുതും തരൂര്‍ജിയുടെ ക്ലൈമാക്സ് എത്തിയെന്ന്. യൂ എന്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചു തോറ്റപ്പോള്‍ ഒരു ക്ലൈമാക്സ് മണത്തിരുന്നു. പെട്ടെന്നാണ് പുള്ളി ജനീവയില്‍ നിന്ന് തിരോന്തരത്തേക്ക് ഒരു ചാട്ടം ചാടുന്നത്. കഥ അടിമുടി താളം മറിഞ്ഞു. യൂത്ത്‌ കോണ്ഗ്രസ്സുകാര്‍ അദ്ദേഹത്തിന്‍റെ കോലം കത്തിച്ചപ്പോള്‍ പിന്നെയും ക്ലൈമാക്സ് മണത്തു. ഒരു അടിപൊളി സ്റ്റണ്ടിന് ശേഷം എപ്പിസോഡ് നേരെ ചെന്നത് ന്യൂ ഡല്‍ഹിയിലെ മന്ത്രിക്കസേരയില്‍. അതേ യൂത്ത്‌ കോണ്ഗ്രസ്സുകാര്‍ ബൊക്കയും പൊന്നാടയുമായി പിറകെ. പിന്നീടങ്ങോട്ട് ക്ലൈമാക്സുകളുടെ അയ്യര് കളിയായിരുന്നു. ഓരോ ദിവസവും ഓരോന്ന്. തുടക്കം ഇസ്രാഈലിനോടുള്ള അനുരാഗ പ്രകടനത്തില്‍ നിന്ന്, പിന്നെ നെഹ്രുവിനും ഇന്ദിര കുടുംബത്തിനുമെതിരെ തൊടുത്ത എ കെ ഫോര്‍ട്ടി സെവെന്‍, ഒട്ടും വൈകിയില്ല അതാ വരുന്നു  താജ്‌ ഹോട്ടലിലെ പഞ്ച നക്ഷത്ര സ്ലീപിംഗ് .. കാണികള്‍ കയ്യടിച്ചു തുടങ്ങുമ്പോഴേക്ക് തരൂര്‍ജി അടുത്ത സ്വീകരണ സ്ഥലത്തേക്ക് നീങ്ങും..  ഇന്ത്യന്‍ വിസ നിയമം തനി കൂതറയാണെന്ന് ഒരു ആകാശ വെടി. റെയില്‍വേയിലെ കന്നുകാലി ക്ലാസ്സും വിശുദ്ധ പശുവും.. ഇതിനൊക്കെപ്പുറമേ ട്വിറ്ററിലൂടെ മുടങ്ങാതെ നടത്തുന്ന വെടിവഴിപാടുകള്‍ വേറെ .. ചുരുക്കത്തില്‍ ജനം വിസില്‍ അടിച്ചു മടുത്തു.


കൊച്ചി ഐ പി എല്‍ ടീമിന് വേണ്ടി തരൂര്‍ജി അടിച്ച ബൌണ്ടറി പവിലിയനും സ്റ്റേഡിയവും കടന്ന് സോണിയാജിയുടെ പിടലിക്ക് കൊണ്ടപ്പോള്‍ നമ്മള്‍ ഉറപ്പിച്ചു ഇനി വേറെയൊരു ക്ലൈമാക്സ് നോക്കണ്ടാ എന്ന്. തരൂര്‍ജിയുടെ പേര് പറഞ്ഞു എഴുപത് കോടി വിയര്‍പ്പിന്റെ വില വാങ്ങിച്ച സുനന്ദ പുഷ്കര്‍ വില്ലനായും എത്തി. എല്ലാം കൊണ്ടും ഒരു ലക്ഷണമൊത്ത പരിണാമ ഗുപ്തി. മന്ത്രിസ്ഥാനം തെറിപ്പിച്ച വില്ലത്തിയെ ദാ ഇപ്പൊ ചമ്മന്തിയാക്കി പരിപ്പെടുക്കും എന്ന് കരുതിയ നമ്മള്‍ പൊട്ടന്മാര്‍.. തരൂരാരാ മോന്‍.. !! മന്ത്രി സ്ഥാനം കൂളായി രാജി വെച്ച് വില്ലത്തിയുടെ കൈപിടിച്ച് നേരെ താജ്‌ ഹോട്ടലിലേക്ക്!!. അജ്മീര്‍ കാഞ്ചീപുരം വഴി ഇപ്പോളിതാ കല്യാണ മണ്ഡപത്തിലേക്കും. ശ്രദ്ധിക്കുക, ഇപ്പോള്‍ വീണത്‌ ക്ലൈമാക്സിന്റെ കര്‍ട്ടന്‍ അല്ല. ഇന്റെര്‍വെല്ലിന്റെതാന്. ആരും എണീറ്റ്‌ പോകരുത്. ഒരു ആദരാഞ്ജലി അര്‍പ്പിച്ച് പെട്ടെന്ന് തിരുച്ചു വരിക.. കഥ തുടരുകയാണ്..  

Related Posts