April 19, 2010

തരൂരിനെ തിരിച്ചെടുക്കൂ. കാമ്പയിന്‍ തുടങ്ങുന്നു

തരൂര്‍ രക്ഷപ്പെട്ടു. ഇനി താജ് ഹോട്ടലില്‍ താമസിക്കാം. നാല് നേരവും മെക്ഡൊനാള്‍ഡ് കഴിക്കാം. 'മലയാലം കുരച്ച് കുരച്ച്' സംസാരിക്കേണ്ടതില്ല,  കന്നുകാലി ക്ലാസ്സില്‍ യാത്രയും വേണ്ട. ബി എം ഡബ്ലിയൂ ഡ്രൈവ് ചെയ്യാം. ട്വിട്ടറില്‍ എന്തുമെഴുതാം. സുനന്ദ പുഷ്കറുമൊത്ത് ഐ പി എല്‍ കാണാം.  ഇരുപത്തെട്ടു കൊല്ലം യൂ എന്നില്‍ പണിയെടുത്തിട്ടു ഉണ്ടാകാത്ത പുകിലാണ് ഈ ഒരൊറ്റ കൊല്ലത്തിനിടക്ക് ആ പാവം അനുഭവിച്ചു തീര്‍ത്തത്. ഈ രാജിയോടെ അതിനൊക്കെ അറുതിയായി.

പക്ഷെ നമ്മള്‍ ഇന്ത്യക്കാര്‍ അദ്ദേഹത്തോട് ചെയ്തത് ശരിയായോ എന്ന് എനിക്ക് അല്പം സംശയം ഉണ്ട്. പ്രത്യേകിച്ച് നാം കേരളീയര്‍. പതിവ് രാഷ്ട്രീയക്കാരുടെ സര്‍ക്കസ്സു കളികള്‍ അറിയാത്തതല്ലേ തരൂര്‍ജിയുടെ ഈ അവസ്ഥക്ക് കാരണം എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. തരൂരിനെപ്പോലെ വിവരവും വിദ്യാഭ്യാസവും ഉള്ള എത്ര നേതാക്കന്മാര്‍ കേരളത്തിലുണ്ട്?. പാര്‍ലമെന്റില്‍ എഴുനേറ്റു നിന്ന് നാലക്ഷരം തെറ്റില്ലാതെ പറയാന്‍ കഴിയുന്ന ഒരൊറ്റ മലയാളി  നമുക്കുണ്ടോ ? നാലാം ക്ലാസും ഗുസ്തിയും കഴിഞ്ഞു ഡല്‍ഹിയിലേക്കു വണ്ടി കയറുന്നവരെക്കള്‍ ഭേദമല്ലേ തരൂര്‍? കോഴിക്കോട്ടു കടപ്പുറത്ത് ആറ് മണിക്കൂര്‍ നിര്‍ത്താതെ പ്രസംഗിക്കുന്ന വിരുതന്മാര്‍ നമുക്കുണ്ട്. പക്ഷെ പാര്‍ലമെന്റില്‍ രണ്ടു മിനുട്ട് സംസാരിക്കാന്‍ അവര്‍ക്കൊക്കെ മുട്ട് വിറക്കുന്നതായാണ് കണ്ടിട്ടുള്ളത്.

ഐ പി എല്‍ കൊച്ചിയിലേക്ക് കൊണ്ട് വരാന്‍ ശ്രമിച്ചതാണ് തരൂര്‍ജിയുടെ സ്ഥാനം പോകാന്‍ കാരണം എന്ന് ആലോചിക്കുമ്പോള്‍ എനിക്ക് കരച്ചില്‍ വരുന്നുണ്ട്. വിവാദങ്ങള്‍ ഉണ്ടായപ്പോഴെക്കെ തരൂര്‍ജിയെ പിന്തുണച്ച ഏക ഇന്ത്യക്കാരനാണല്ലോ ഞാന്‍. ഇക്കാര്യത്തില്‍ സംശയം ഉള്ളവര്‍ തീര്‍ച്ചയായും ഉണ്ടാവും അവര്‍  ഇവിടെ ക്ലിക്കുക . പിന്നെ ഇവിടെയും ക്ലിക്കുക. കഴിയുമെങ്കില്‍ ഞാന്‍ ഇനിയും തരൂര്‍ജിയെ പിന്തുണക്കും.

സ്ഥിരമായി ആരോടും ചങ്ങാത്തം കൂടുന്ന ആളല്ല തരൂര്‍ ജി. അതാണ്‌ പുള്ളിയുടെ ഒരു പ്ലസ്‌ പോയിന്റ്‌. ആദ്യം ഒരു ബംഗാളുകാരി. പിന്നെ ഒരു കാനഡക്കാരി. ഇപ്പോള്‍ ഒരു കാശ്മീരി സുന്ദരി. ഇനി നാളെ ആരാകുമെന്നു പറയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ കാശ്മീരി സുന്ദരിക്ക് എഴുപതു കോടി വാങ്ങി കൊടുക്കാന്‍ പുള്ളി ശ്രമിച്ചു എന്ന് വിശ്വസിക്കാന്‍ അല്പം പ്രയാസമുണ്ട്. സ്വറ്റ് ഇക്യുറ്റി ആയാണ് ഈ എഴുപതു കോടി നല്‍കിയത് എന്ന് റൊണ്ടിവു കണ്‍സോര്‍ഷ്യം പറഞ്ഞത് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഡോക്ടര്‍ എം കെ മുനീറിന് ഇന്ത്യാവിഷന്റെ സ്വറ്റ് ഇക്യുറ്റി വാങ്ങിക്കാമെങ്കില്‍  സുനന്ദക്കും അതായിക്കൂടെ?. ഐ പി എല്‍ കേരളത്തിലേക്ക്  കൊണ്ട് വരാന്‍ 'സ്വറ്റ്' എന്ന് പറയുന്ന വിയര്‍പ്പ് അവള്‍ എത്ര മാത്രം ഒഴുക്കിയിട്ടുണ്ടെന്ന് തരൂരിനല്ലേ അറിയൂ!!. ഇത്രയൊക്കെ നമ്മള്‍ കേരളീയര്‍ക്ക് വേണ്ടി കഷ്ടപ്പെട്ടിട്ട്  തരൂരിനെയും കാശ്മീരി സുന്ദരിയെയും  കയ്യൊഴിഞ്ഞത് ഒട്ടും ശരിയായില്ല. ഞാന്‍ ഒരാളെങ്കിലും ഇവര്‍ക്കൊപ്പം നില്‍ക്കാന്‍ ശ്രമിക്കുന്നത് എനിക്ക് അല്പം മനസ്സാക്ഷി ഉള്ളത് കൊണ്ടാണ്. കേരളത്തിന് പാര പണിയാന്‍ ശ്രമിച്ച ഐ പി എല്‍ ചെയര്‍മാന്‍ ലളിത് മോഡിയുടെ കരണക്കുറ്റിക്ക്‌  ഒന്ന് കൊടുക്കാന്‍ കേരളത്തില്‍ ആണ്‍കുട്ടികള്‍ ആരുമില്ലേ എന്നാണ്  ഞാന്‍ ചോദിക്കുന്നത്.

അതുകൊണ്ട് കോണ്‍ഗ്രസ്സുകാരോട്  എനിക്ക് പറയാനുള്ളത് തരൂര്‍ജിയെ തിരിച്ചു വിളിക്കൂ എന്നാണ്. ഇക്കഴിഞ്ഞ ഒരു വര്‍ഷം തരൂര്‍ സാറിനെ ഞങ്ങള്‍ ശരിക്കും ആസ്വദിച്ചു. ഒരു മിമിക്സ് പരേഡ് കാണുന്ന സുഖമായിരുന്നു വാര്‍ത്തകള്‍ കാണാന്‍ ‍. ഈ സുഖം പെട്ടെന്ന് അവസാനിപ്പിക്കരുത്. The show must go on.. "തരൂരിനെ തിരിച്ചെടുക്കൂ" എന്നൊരു കാമ്പയിന് ഞാന്‍ തുടക്കം കുറിക്കുകയാണ്. എല്ലാവരുടെയും പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിച്ചു കൊണ്ട്..

31 comments:

 1. കറുത്ത പണം, വെളുത്ത പണം, കോടികളുടെ കോഴ , തരൂര്‍ , കേട്ട് ..കേട്ട് ...കുരച്ച്... കുരച്ച് ...തലപെരുക്കുന്നു .........ഹോ ഹ ഹി .......

  ReplyDelete
 2. "കപട ലോകത്തില്‍ ആത്മാര്തമായൊരു ഹൃ ‍ദയമുണ്ടായതാനെന്‍ പരാജയം " എന്ന് തരൂര്‍ജി പാടാത്തതാണത്ഭുതമ്.
  പയറ്റി തെളിഞ്ഞവര്‍ക്കെ ഇവിടെ കളിക്കാന്‍ പറ്റൂ. അദ്ദേഹം അല്പം വിശ്രമിക്കട്ടെ സുനന്ദായുമായി

  ReplyDelete
 3. അതുകൊണ്ട് കോണ്‍ഗ്രസ്സുകാരോട് എനിക്ക് പറയാനുള്ളത് തരൂര്‍ജിയെ തിരിച്ചു വിളിക്കൂ എന്നാണ്. ഇക്കഴിഞ്ഞ ഒരു വര്‍ഷം തരൂര്‍ സാറിനെ ഞങ്ങള്‍ ശരിക്കും ആസ്വദിച്ചു. ഒരു മിമിക്സ് പരേഡ് കാണുന്ന സുഖമായിരുന്നു വാര്‍ത്തകള്‍ കാണാന്‍ ‍. ഈ സുഖം പെട്ടെന്ന് അവസാനിപ്പിക്കരുത്. The show must go on.. "തരൂരിനെ തിരിച്ചെടുക്കൂ" എന്നൊരു കാമ്പയിന് ഞാന്‍ തുടക്കം കുറിക്കുകയാണ്. എല്ലാവരുടെയും പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിച്ചു കൊണ്ട്

  ReplyDelete
 4. തരൂര്‍ വിഷയത്തില്‍ കേരളത്തിലെ കൊണ്ഗ്രെസ് നേതൃത്വം കൈ കൊണ്ട നിലപാട് അങ്ങേയറ്റം അപലപനീയമാന്. പല കൊണ്ഗ്രെസ് നേതാക്കളും ഉള്ളില്‍ ചിരിക്കുകയായിരിക്കും ഇപ്പോള്‍. രോഗി ആഗ്രഹിച്ചതും വൈദ്യന്‍ കല്പിച്ചതും പാല്‍ എന്ന മാതിരി ആയി ഇപ്പോള്‍.
  ഏകാധിപതികളെ പോലെ ഭരിക്കുകയും മുടിക്കുകയും എതിരാളികളെ ഇല്ലാതാക്കിയും വിലസുന്ന ഈ മോഡിമാര്‍ക്ക് കൂച്ച് വിലങ്ങിടാന്‍ ഒരു സംവിധാനവും ഇല്ലാത്തതു നമ്മുടെ ദൌര്‍ബല്യമാന്നു

  ReplyDelete
 5. ബഷീര്‍ജി പറഞ്ഞത് തന്നെ പലരും ആവര്‍ത്തിക്കും. കഷ്ട്ടം തന്നെ രാഷ്ടീയക്കോമാരങ്ങളുടെ കാര്യം. വിദ്യാഭ്യാസം അല്ല രാഷ്ട്രീയത്തില്‍ വേണ്ടത്, മറിച്ചു അഭ്യാസം ആണെന്ന് വീണ്ടും പറയുന്ന സംഭവം. ശശി തരൂരിന് ഇനി ഒരങ്കത്തിനു ബാല്യമുണ്ടാവുമെന്നു തോന്നുന്നില്ല.ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അംഗം വെട്ടിയിട്ടും കാര്യമില്ല. ഇവിടെ വേണ്ടത് ഷിബു സോറനും നരേന്ദ്ര മോഡിയും അടക്കമുള്ള ക്ലാസ്സിക്‌ സിംഹങ്ങളാനു!!!.

  ReplyDelete
 6. തരൂരിന് പറ്റിയത് അദ്ദേഹം ഒരു രാഷ്ട്രീയക്കാരനല്ല എന്നതാണ്. കൂടാതെ ആവശ്യമില്ലാത്തിടത്തും ഇരിക്കുന്ന സ്ഥാനം നോക്കാതെ ഇടപഴകിയതിന്റെ അനന്തര ഫലം കൂടിയാണ് ഈ രാജി. എങ്കിലും കഴിവുള്ള ഒരു വ്യക്തിയാണ് തരൂര്‍ എന്നാ കാര്യത്തില്‍ സംശയമില്ല.

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. തരൂരിനെ നമുക്ക് തല്‍ക്കാലത്തേക്ക് ബച്ചനെ ഒയിവാക്കിയ ടൂറിസ്റ്റ് അമ്ബസ്സെടെര്‍ ആയി പരിഗനിക്കാവോ? അല്ലേല്‍ തന്കചെരിയുടെത് വേണോ എന്ന് കൊടിയെരിയെകൊണ്ട് പരയിപ്പിചാലോ.

  ReplyDelete
 9. very good artilcle,but you can avoid the double meaning words

  because we are not expecting that from you

  ReplyDelete
 10. മന്‍മോഹന്‍ ഒരു ശുദ്ധി കലശതിന്നു മുന്നോടിയായി തരൂരിനെ പുറത്താക്കി എന്നാണ് എനിക്ക് തോന്നുന്നത്. പിന്നീട് നിരപരാദിത്യം തെളിയിച്ച് പതിന്‍മടങ്ങ്‌ ശോഭയില്‍ ഒരു തിരിച്ചു വരവ് നടത്താമല്ലോ !

  I completely agree with Riyas, I did not like the double meaning comments in this post.

  ReplyDelete
 11. മന്തിസ്ഥാനമല്ലേ രാജിവച്ചുള്ളൂ, പാര്‍ടിയില്‍ എം പി ആയി തുടരുന്നുണ്ടല്ലോ. കളി പഠിച്ചു വീണ്ടും വരും മ്മടെ ശശിയണ്ണന്‍!

  ReplyDelete
 12. ഞാൻ ശശി തരൂരിനെ പിന്തുണയ്ക്കുന്നു.. കാലഘട്ടത്തിന്റെ നേതാവാണ് അദ്ദേഹം. നേതാവെന്നാൽ നയിക്കുന്നവൻ... വളരെ മികച്ച കാഴ്ച്ചപ്പാടാണ് അദ്ദേഹത്തിന്. പഴഞ്ചൻ രാഷ്ടീയക്കാർക്ക് അതിന്നും ദഹിക്കില്ല. എന്താണ് അദ്ദേഹം ചെയ്ത തെറ്റ്? നിയമവിരുദ്ധമായ ഒന്നും ചെയ്തില്ല... തെളിയിക്കട്ടെ....അന്ധമായ രാഷ്ട്രീയ വിരോധം കാരണം എപ്പോഴും എന്തിനെയും, പ്രത്യേകിച്ച് രാജ്യത്തിന് നന്മ വരുന്ന എല്ലാത്തിനെയും വ്യാജ കമ്മ്യൂണിസ്റ്റുകൾ എതിർക്കുന്നതും, അതിനെ അസൂയാലുക്കൾ ഏറ്റുപാടുന്നതും....

  ReplyDelete
 13. രാഷ്ട്രീയകളികളിൽ അജ്ഞതയുള്ള ഒരു വിഡ്ഡി..!!
  100% കമ്മൂണിസ്റ്റ് അനുഭാവിയായ ഞാൻ ഇപ്പൊഴും അദ്ദേഹത്തിന്റെ കുട്ടിത്തം നിറഞ്ഞ മനസ്സിൽ ആകൃഷ്ടനാണു..
  കട്ടിട്ടു നിൽക്കാൻ അറിയാൻ പാടില്ലാത്ത ആ..

  ReplyDelete
 14. 'തരൂര്‍ രക്ഷപ്പെട്ടു. ഇനി താജ് ഹോട്ടലില്‍ താമസിക്കാം. നാല് നേരവും മെക്ഡൊനാള്‍ഡ് കഴിക്കാം. 'മലയാലം കുരച്ച് കുരച്ച്' സംസാരിക്കേണ്ടതില്ല, കന്നുകാലി ക്ലാസ്സില്‍ യാത്രയും വേണ്ട. ബി എം ഡബ്ലിയൂ ഡ്രൈവ് ചെയ്യാം. ട്വിട്ടറില്‍ എന്തുമെഴുതാം. സുനന്ദ പുഷ്കറുമൊത്ത് ഐ പി എല്‍ കാണാം. ഇരുപത്തെട്ടു കൊല്ലം യൂ എന്നില്‍ പണിയെടുത്തിട്ടു ഉണ്ടാകാത്ത പുകിലാണ് ഈ ഒരൊറ്റ കൊല്ലത്തിനിടക്ക് ആ പാവം അനുഭവിച്ചു തീര്‍ത്തത്. ഈ രാജിയോടെ അതിനൊക്കെ അറുതിയായി.'

  കളികളെത്ര ബാക്കി...

  സ്വറ്റ് ഇക്യുറ്റിയെ നമഹ!

  കാമ്പയിനില്‍ കമ്പമില്ലാത്തോണ്ട്
  കൊടിയെടുക്കുന്നില്ല!

  ReplyDelete
 15. "ഞാന്‍ ആയിരുന്നെങ്കില്‍ നേരത്തെ തന്നെ രാജി വെക്കുമായിരുന്നു" പ്രണബ് മൂഖര്‍ജി
  സഹിക്കുന്നതിലും ഒരതിരില്ലേ , കുറെ പാവം കാന്ഗ്രെസ്സുകാര്‍ ഇങ്ങരെ നോട്ടമിട്ടിട്ടു കുറെ കാലമായി , വെറുതെ എന്തിനു പ്രതിപക്ഷത്തെ കുറ്റം പറയണം,
  കാണ്ഗ്രെസ്സുകാരായി കൊണ്ട് നടയിരുത്തിയത്‌ അവരായി തന്നെ എടുത്തു പുറത്തിട്ടു എന്ന് പറയുന്നതാവും നല്ലത്
  പക്ഷെ നമ്മുടെ ഉണ്ണിത്താന്‍ സാറുമായി തരൂര്‍ സാറിനു ഒന്ന് ഉപദേശം തേടാമായിരുന്നു (കേസു അവസാനം വന്നു നില്‍ക്കുന്നത് പെണ്ണ് കേസിലാണല്ലോ) പരിചയമുള്ള ഒരാള്‍ സ്വോപാധിക പിന്തുണയുമായി എത്തിയപ്പോഴേക്കു പണി പോയി!!!
  വിയര്‍പ്പിന്റെ വില വിയര്‍പ്പിന്റെ വില എന്ന് കേട്ടിട്ടേ ഉള്ളൂ ഇതുവരെ ഇപ്പൊ കണ്ടു 70 കോടി (എത്ര ഒഴുക്കി എന്ന കാര്യം ബഷീര്‍ സാഹിബിനു വരെ കിട്ടാത്ത സ്ഥിതിക്ക് നമ്മള്‍ വെറുതെ തല പുകക്കേണ്ട)
  IPL കൊച്ചി ടീം വന്നാല്‍ കേരളമങ്ങു വികസിച്ചു വികസിച്ചു!!!! ഓ.... എനിക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല
  കൊച്ചി മെട്രോ റെയില്‍ ഇത് വരെ പാസ്സാക്കിയെടുക്കാന്‍ പറ്റിയിട്ടില്ല ഇവര്‍ക്ക്
  ജനത്തിന് ഉപകാരം ചെയ്യാനാണ് ഇവരെ ഡല്‍ഹിയില്‍ നടയിരുത്തിയത്‌ അല്ലാതെ കുത്തക മുതലാളിമാര്‍ക്കും, വാലാട്ടി പെണ്ണുങ്ങള്‍ക്കും സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന ഇടപാടുകള്‍ക്കള്‍ക്ക് അധികാരം ദുര്‍വിനിയോഗിക്കാനല്ല

  ReplyDelete
 16. Basheer, Nice artilce. Please visit this site. A campaign started for Tharoor
  http://supporttharoor.org

  ReplyDelete
 17. ബഷീര്‍ സാഹിബു ലാലു മന്ത്രിയെ മറന്നിട്ടില്ല എന്ന് കരുതുന്നു, ഇത്രയും കാലം നഷ്ട്ടത്തിലോടിയ റെയില്‍ വേയെ പതിനായിരക്കണക്കിനു രൂപ ലാഭത്തില്‍ ഓടിച്ച, അമേരിക്കയില്‍ യൂനിവേര്സിടികളില്‍ പോയി ഹിന്ദിയില്‍ ക്ലാസ്സെടുത്ത അങ്ങേര്‍ക്കു താങ്കള്‍ പറഞ്ഞ യോഗ്യതകള്‍ (നാലാം ക്ലാസും ഗുസ്തിയും) തന്നെ ഉള്ളു എന്ന് തോന്നുന്നു !! പക്ഷെ ആംഗലേയ ഭാഷയില്‍ പ്രസംഗിക്കാന്‍ അറിയല്‍ പകുതിയില്‍ കൂടുതല്‍ നിരക്ഷരരുള്ള നമ്മുടെ ഇന്ത്യാ നാട്ടില്‍ വലിയ കാര്യമാണെന്ന് തോനുന്നില്ല , പിന്നെ ആംഗലേയ ഭാഷ സംസാരിക്കല്‍ അത് ഇന്ക്ലണ്ടില്‍ ജീവിക്കുന്ന മന്തബുദ്ധികല്ല്കും കഴിയുന്ന കാര്യമാണ്

  ReplyDelete
 18. പേരിനൊപ്പം എത്ര തരൂര്‍ ഉണ്ടായാലും..എത്ര പഠിപ്പുണ്ടായാലും..എത്ര സൌന്ദര്യം ഉണ്ടായാലും........  ശശി എന്നും ശശി തന്നെ!!
  ഒരു മെസ്സേജാണു..

  പക്ഷേ ഞാ‍ന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അനുകൂലിക്കുന്നില്ല..

  ReplyDelete
 19. “തരൂര്‍ജിയെ തിരിച്ചു വിളിക്കൂ എന്നാണ്. ഇക്കഴിഞ്ഞ ഒരു വര്‍ഷം തരൂര്‍ സാറിനെ ഞങ്ങള്‍ ശരിക്കും ആസ്വദിച്ചു. ഒരു മിമിക്സ് പരേഡ് കാണുന്ന സുഖമായിരുന്നു വാര്‍ത്തകള്‍ കാണാന്‍ ‍. ഈ സുഖം പെട്ടെന്ന് അവസാനിപ്പിക്കരുത്. ” -
  എന്താടോ താന്‍ ഉദ്ദേശ്ശിക്കുന്നത്? എന്താ തന്‍റെ രാഷ്ട്രീയം? അത് തരൂരിന് എതിരോ അനുകൂലമോ?
  എനിയ്ക്ക് പറയാനുള്ളത് പറയാം,
  മണ്ണിലെ ജനത്തെ അറിയാത്ത ഒരു ഉപരിവര്‍ഗ്ഗ പ്രതിനിധിയായാണ് തരൂരിനെ എനിയ്ക്ക് തോന്നിയിട്ടുള്ളത്. കേരളത്തിലേയ്ക്ക് വികസനം ഐപിഎല്ലിലൂടെ വരുമെന്ന് സാമാന്യബുദ്ധിയുള്ള ഒരാളും കരുതില്ല. മല്യയെയും ബോളീവുഡ്കാരെയും പോലെ സമ്പന്നരുടെ ചൂതാട്ടം മാത്രമാണ് ഇത്. ഒരു മുഖ്യധാരാമാധ്യമം ചൂണ്ടിക്കാട്ടിയ പോലെ കൊച്ചി ടീമിന്‍റെ ഉടമസ്ഥരാരെന്ന് പോലും ആദ്യദിനങ്ങളില്‍ അറിയില്ലായിരുന്നു. തികച്ചും മുതലാളിത്തകച്ചവട ചരക്കാണ് ക്രിക്കറ്റ്. അതിന്‍റെ പൂര്‍ണ്ണതയാണ് ഐപിഎല്‍. ഇതിനായി വാദിയ്ക്കുന്നയാളെ എങ്ങനെ ന്യായീകരിയ്ക്കും? സാമ്പത്തിക ലാഭത്തെ ശരിവയ്ക്കുന്നു സുനന്ദയുടെ മടക്കല്‍. ഈ കണ്ട വിവാദങ്ങളിലൊക്കെ ഒപ്പം നിന്ന കോണ്‍ഗ്രസ്സ് പിന്തുണയ്ക്കാത്തത്.
  അയാള്‍ക്ക് ഇനിയും വരണമെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് തിരിച്ച് വരട്ടെ.
  ഓ.ടോ. – ഒരു മലയാളം ചാനലില്‍ യുവാക്കള്‍ ഭൂരിപക്ഷവും ചര്‍ച്ചയില്‍ പറയുന്ന കേട്ടപ്പൊ….
  ഇവര്‍ ഇങ്ങനെ അരാഷ്ട്രീയവത്കരിയ്ക്കപ്പെടുന്നത് ആശങ്കയുണര്‍ത്തുന്നു.

  ReplyDelete
 20. This comment has been removed by the author.

  ReplyDelete
 21. മാഷ് says:" എന്താടോ താന്‍ ഉദ്ദേശ്ശിക്കുന്നത്? എന്താ തന്‍റെ രാഷ്ട്രീയം? അത് തരൂരിന് എതിരോ അനുകൂലമോ?"
  ഈ ചോദ്യം എനിക്ക് ഇഷ്ടപ്പെട്ടു മാഷേ.. നൂറ്റൊന്നു ആവര്‍ത്തിച്ച ആയുര്‍വേദ ഗുളിക പോലെയാണ് എന്റെ എഴുത്ത്. മനസ്സിലായി വരാന്‍ സമയമെടുക്കും. ഒരാവര്‍ത്തി കൂടി വായിക്കൂ. ആരോടും പറയില്ലെങ്കില്‍ ഒരു സ്വകാര്യം പറയാം. ഈ വിഷയത്തില്‍ എന്റെ രാഷ്ട്രീയം എന്താണെന്ന് എനിക്കും പിടി കിട്ടിയിട്ടില്ല.

  @ നാസു: ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയല്ലേ നാസൂ. ലാലു അതുവെച്ചാണ് കളിക്കുന്നത്. പാര്‍ലിമെന്റില്‍ ഹിന്ദിയുണ്ടെങ്കില്‍ പിന്നെ നാലാം ക്ലാസും ഗുസ്തിയും മതി. നമ്മുടെ ആശാന്മാര്‍ക്ക് അതുമില്ലല്ലോ.

  ReplyDelete
 22. വ്യത്യസ്ഥനാമൊരു മന്ത്രിയാം തരൂരിനെ
  സത്യത്തില്‍ നമ്മള്‍ തിരിച്ചറിഞ്ഞില്ല.

  ReplyDelete
 23. തരൂരിനെ തിരിച്ചെടുക്കുക.ഞാനും കൂടൂന്നു ബഷീര്‍ക്കാ...

  ReplyDelete
 24. @ നാസു,
  "നഷ്ട്ടത്തിലോടിയ റെയില്‍ വേയെ പതിനായിരക്കണക്കിനു രൂപ ലാഭത്തില്‍ ഓടിച്ച"

  ലാലു പ്രസാദിന്റെ കണക്കുകള്‍ കൊണ്ടുള്ള കളികള്‍ കുറെയൊക്കെ കൂട്ടി എഴുതിയതാണ് എന്നും റെയില്‍വേയുടെ നല്ല പ്രകടനം പത്ത് പതിനഞ്ചു വര്ഷം മുന്‍പ് തുടങ്ങിയ നയപരിപാടികളുടെ ഫലമാണെന്നും പിന്നീട് തെളിഞ്ഞില്ലേ ?. ലിങ്ക് ഗൂഗിളില്‍ തപ്പിയാല്‍ കിട്ടും . ഇല്ലെങ്കില്‍ ചോദിക്കൂ.
  ബീഹാര്‍ എന്ന സംസ്ഥാനത്തെ ഇത്രയും അധപതിപ്പിച്ചതില്‍ വലിയൊരു പങ്കു വഹിച്ച ആളാണ്‌ ലാലു . ഇപ്പോള്‍ നിതീഷ് കുമാര്‍ കാഴ്ച വെയ്ക്കുന്ന പ്രകടനം നോക്കൂ . വിദ്യാഭ്യാസവും കഴിവും സംസ്കാരവും ഉള്ളവര്‍ രാഷ്ട്രീയത്തില്‍ വേണ്ട എന്ന് ചിന്തിക്കുന്നവര്‍ തന്നെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ഇന്ന് എത്തിപെട്ടിരിക്കുന്ന അധപതനത്തിന് കാരണക്കാര്‍ .


  "പക്ഷെ ആംഗലേയ ഭാഷയില്‍ പ്രസംഗിക്കാന്‍ അറിയല്‍ പകുതിയില്‍ കൂടുതല്‍ നിരക്ഷരരുള്ള നമ്മുടെ ഇന്ത്യാ നാട്ടില്‍ വലിയ കാര്യമാണെന്ന് തോനുന്നില്ല"

  ഇന്ത്യയില്‍ 15 നും 24 നും ഇടയ്ക്ക് പ്രായം ഉള്ളവരില്‍ 82 % സാക്ഷരരാണ് . ലോകത്തില്‍ അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഇംഗ്ലീഷ് സംസാരിക്കുന്നത് ഇന്ത്യയിലാണ് .

  "പിന്നെ ആംഗലേയ ഭാഷ സംസാരിക്കല്‍ അത് ഇന്ക്ലണ്ടില്‍ ജീവിക്കുന്ന മന്തബുദ്ധികല്ല്കും കഴിയുന്ന കാര്യമാണ്"

  ഇതിനൊക്കെ എന്ത് പറയാന്‍ ... ലളിതമായി ചോദിച്ചാല്‍ മലയാളത്തില്‍ വളരെ നന്നായി പ്രഭാഷണം നടത്തുന്ന ആളും ഒരു മന്ദബുദ്ധി ആയ മലയാളിയും (അല്ലെങ്കില്‍ വെറും സാധാരണക്കാരനും) കഴിവിന്റെ കാര്യത്തില്‍ തുല്യരാണോ ?

  ReplyDelete
 25. നാസുവിന് സംശയരോഗി കൊടുത്ത മറുപടി കൊള്ളാം. എന്റെ വക ഫുള്‍ മാര്‍ക്ക്.

  ReplyDelete
 26. This comment has been removed by the author.

  ReplyDelete
 27. @സംശയരോഗി
  പതിനഞ്ചു കൊല്ലം മുന്നത്തെ നയപരിപാടികളെ കുറിച്ച് എനിക്കറിയില്ല, പക്ഷെ നമ്മുടെ നാട്ടില്‍ വഴിപാടു പോലെ ഓടിയിരുന്ന ട്രെയിനില്‍ ആളുകള്‍ തിങ്ങി നിറഞ്ഞു യാത്ര ചെയ്യാന്‍ തുടങ്ങിയത് ഞാന്‍ കാണാന്‍ തുടങ്ങിയത് ലാലുവിന്റെ കാലത്താണ് (അങ്ങേരുടെ ചില തീരുമാനങ്ങള്‍ മൂലമാണെന്നാണ് ഇതെന്ന് ആണ് ഞാന്‍ ഇത് വരെ വിശ്വസിച്ചിരുന്നത്), കൂടാതെ എല്ലാ മാധ്യമങ്ങളിലും വെണ്ടക്കാ അക്ഷരത്തില്‍ ലാലുവിറെ മഹത്വം വിളമ്പിയത് വായിച്ചതില്‍ നിന്നും കിട്ടിയ അജ്ഞത കൊണ്ടാവാം എനികങ്ങനെ തോന്നിയത്
  സദയം ക്ഷമിക്കുക.
  ഇന്ത്യന്‍ ഭരണഘടനയാണോ? രാഷ്ട്രീയ പാര്‍ടികള്‍ ആണോ? അല്ല പാവം വോട്ടെര്‍ മാരാണോ? വിദ്യാഭ്യാസവും കഴിവും സംസ്കാരവും ഉള്ളവര്‍ രാഷ്ട്രീയത്തില്‍ വേണ്ട എന്ന് തീരുമാനിച്ചത് എന്ന് എനിക്കിപ്പഴും മനസ്സിലായിട്ടില്ല
  സാക്ഷരത എന്നാല്‍ ഇംഗ്ലീഷ് സംസാരിക്കല്‍ ആണെന്ന് ഇപ്പോള്‍ മനസ്സിലായി

  ReplyDelete
 28. @ നാസു,
  സമയം കിട്ടുമ്പോള്‍ താഴെ കാണുന്ന ലിങ്കുകള്‍ വായിച്ചു നോക്കു.
  Not all is profit in the Rs 21,578 crore Laloo tom-tommed last year


  IIM-A study praising Lalu’s Railway turnaround was paid for by Lalu’s Ministry


  Seeds of the Railways success were sown 20 years ago. Laloo just harvested it—a fact this book suppresses.


  ലാലുവിന്റെ അദ്ഭുത പ്രകടനത്തിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം കുറച്ചൊക്കെ പിടി കിട്ടും
  ഇനിയും വേണമെങ്കില്‍ തരാം

  മറ്റു രണ്ടു കാര്യങ്ങള്‍ക്കും ആദ്യം പറഞ്ഞതില്‍ കൂടുതല്‍ ഒന്നും പറയേണ്ടതായിട്ടു ഇല്ല

  ReplyDelete
 29. ലാലു. ഉന്നതബിരുദങ്ങളുള്ളയാളാണു. നാലാം ക്ളാസ്സും ഗുസ്തിയുമല്ല. നിയമ ബിരുദവും, രാഷ്ട്രമീമാംസയിൽ ഉന്നത ബിരുദവുണ്ടങ്ങേർക്ക്. ലാലുവിന്റെ പഴയ കൂട്ടുകാരൻ, ശരത് യാദവുമതെ, എഞ്ചിനിയറിംഗ് ബിരുദം. ജയപ്രകാശ് നാരായണൻ, ഇന്ത്യയുടെ ഭാവിവാഗ്ദാനമായി കണ്ടിരുന്ന യുവ നേതാവായിരുന്നത്രെ ലാലു. ഉന്നത വിദ്യാഭ്യാസം, രാഷ്ട്രീയ പാരമ്പര്യം ഇവയൊന്നും നല്ല നേതാക്കന്മാരെ സൃഷ്ടിക്കില്ലായെന്നതിന്റെ ഉത്തമ തെളിവാണു, ലാലു. റയിൽവേ വികസനം സംബന്ധിച്ച അയാളുടെ അവകാശവാദങ്ങളെല്ലാം പൊള്ളയാണെന്നതിന്റെ വ്യക്തമായ തെളിവാണു, ബീഹാർ എന്ന സംസ്ഥാനം. എല്ലാ റയിൽവേ മന്ത്രിമാരും ചെയ്യുന്നതുപോലെ കയ്യിട്ടുവാരുക എന്നൊരു വികസന പ്രക്രിയ മാത്രമേ അങ്ങേരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളൂ.
  നാസു,
  ദേശീയ തലത്തിൽ ഏതെങ്കിലും സംസ്ഥാനത്തെ പ്രെതിനിധീകരിക്കാൻ ഇംഗ്ളീഷോ, ഹിന്ദിയോ അറിഞ്ഞിരിക്കുന്നതു തന്നെയാണു നല്ലത്. അല്ലെങ്കിൽ ഇപ്പോ, നമ്മുടെ അഴഗിരിക്കു സംഭവിച്ചതു തന്നെ സംഭവിക്കും. പ്രതിനിധികൽ പ്രതിനിധാനം ചെയ്യുന്നവർ തന്നെയാവണം. ഒളിച്ചോടുന്നവല്ല.

  ReplyDelete
 30. ‌“നാലാം ക്ലാസും ഗുസ്തിയും കഴിഞ്ഞു ഡല്‍ഹിയിലേക്കു വണ്ടി കയറുന്നവരെക്കള്‍ ഭേദമല്ലേ തരൂര്‍?“

  അധികാരം വരേണ്യവർഗ്ഗത്തിനും ബ്യൂറോക്രാറ്റുകൾക്കും മാത്രം അവകാശപ്പെട്ടതാണോ? രാജ്യത്തിനു വേണ്ടി അദ്ധ്വാനിക്കാൻ നിരക്ഷരർ വേണം. മണിൽ കൃഷിചെയ്ത് മേലാന്മാർക്ക് ഞണ്ണാൻ ഭക്ഷ്യ വസ്തുക്കൾ ഉണ്ടാക്കാൻ പാവങ്ങൾ വേണം. പക്ഷെ ജനാധിപത്യ വേദികളിൽ നിന്നും അധികാരത്തിൽനിന്നും അവർ അകന്നു കഴിഞ്ഞുകൊള്ളണം അല്ലേ? അവർ കാറ്റിൽ ക്ലാസ്സുകൾ ആണല്ലോ. പണ്ട് ഇവിടെ രാജഭരണം നിലനിന്നിരുന്നു. മിക്ക രാജാക്കൻ മാരും നിരക്ഷരരായിരുന്നു. എന്നിട്ടും അവരിൽ പലരും നന്നായി നാടു ഭരിച്ചവരുണ്ട്. ജനാധിപത്യത്തിൽ ആയാലും വിദ്യാഭ്യാസവും അധികാരവും തമ്മിൽ ബന്ധമില്ല. വിദ്യാഭ്യാസം ഇല്ലാത്തവർ അധികാരത്തിൽ വന്നാൽ അവരെ സഹായിക്കാൻ വിദ്യാഭാസമുള്ളവർ ഉണ്ടാകും. ബിരുദങ്ങളല്ല ഭരണമികവിനുള്ള ഉപാധി. അനുഭവജ്ഞാനമാണ്. ജനങ്ങൾക്കിടയിലെ പ്രവർത്തനങ്ങളാണ്.

  ReplyDelete
 31. തരൂര്‍ ഒരെണ്ണത്തിനെ കൂടെ കെട്ടണോണ്ട് എന്താ കുഴപ്പം? നാലാവാമെന്നു പറഞ്ഞ് എണ്ണം തികയ്ക്കാന്‍ നടക്കണോര്‍ ഇപ്പോളും ഇല്ലേ? അപ്പോള്‍ തരൂരിനും മൂന്നും ആകാം.
  തരൂര്‍ പെണ്ണുകെട്ട്യാല്‍ തനിക്കെന്താടോ? രഹസ്യമാക്കിയൊന്നും കൊണ്ടു നടക്കണില്ലല്ലോ..ഒക്കെ പരസ്യമായിട്ടല്ലേ?

  പത്താംക്ലാസിന്റെ പടി കടക്കാത്തവരൊക്കെ പാര്‍ളമെന്റില്‍ ഇരുന്നു ഉറങിയും ഊളകളിച്ചും രസിക്കല്ലേ....

  ReplyDelete