വി എസ്, വിവരക്കേടിന് ഒരതിരുണ്ട്‌

വിവരക്കേടിന് ഒരതിരുണ്ട്. നമ്മുടെ പാരമ്പര്യമനുസരിച്ച് മുഖ്യമന്ത്രിമാര്‍ക്ക് അല്പം വിവരക്കേടൊക്കെ ആവാം. അതവര്‍ക്ക് നാം വകവെച്ചു കൊടുക്കുന്ന ഒരു സ്വാതന്ത്ര്യമാണ്. വി എസ് ആവുമ്പോള്‍ അദ്ദേഹത്തിന്‍റെ 'വിവരവും നിലവാരവുമനുസരിച്ച്' അല്പം കൂടി സ്വാതന്ത്ര്യം നമ്മള്‍ അദ്ദേഹത്തിന് നല്‍കണം.പക്ഷെ ഇന്നലെ അദ്ദേഹം പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന് സാധാരണ ഗതിയില്‍ നാം അനുവദിച്ചു കൊടുക്കാറുള്ള വിവരക്കേടിന്റെ സ്വാതന്ത്ര്യത്തിനും അപ്പുറത്താണ്.

ഇരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തെ ഒരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം ആക്കാനുള്ള ശ്രമമാണ് പോപ്പുലര്‍ ഫ്രന്റ്‌ നടത്തുന്നത് എന്നും മുസ്‌ലിം കുട്ടികളെ കൂടുതല്‍ ജനിപ്പിക്കാനുള്ള തന്ത്രങ്ങളാണ് അവര്‍ മെനയുന്നത് എന്നും മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നു കൊണ്ട് ഒരാള്‍ പറയുന്നത് ശുദ്ധമായ ഭാഷയില്‍ പറഞ്ഞാല്‍ അസംബന്ധം ആണ്. ലവ് ജിഹാദ്‌ ആരോപണം ഉയര്‍ത്തി ഒരു പറ്റം മാധ്യമങ്ങളും സംഘപരിവാര കേന്ദ്രങ്ങളും കേരള സമൂഹത്തില്‍ കലക്കിയ കാളകൂട വിഷം അതേ പടി ശര്‍ദ്ദിക്കാന്‍ ഇദ്ദേഹത്തിന് എവിടുന്നാണ് വെളിപാട് വന്നത് എന്നറിയില്ല.  

വി എസ് അച്യുതാനന്ദനില്‍ കുറുവടിയേന്തിയ ഒരു സംഘപരിവാറുകാരന്‍ ഉറങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയിക്കും വിധം മുന്കാലത്തും അദ്ദേഹം ഇത്തരം പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. ഒരു രാഷ്ട്രീയ നേതാവ് എന്ന നിലക്ക് അത്തരം വീക്ഷണങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. പക്ഷെ സെക്രട്ടറിയേറ്റിനുള്ളിലെ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുമ്പോള്‍ ഇങ്ങനെ വായില്‍ വരുന്നതൊന്നും വിളിച്ചു കൂവരുത്. ഒരു കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി എന്ന നിലക്ക് മനസ്സിനുള്ളിലെ കാവിക്കാരന്‍ പുറത്തു ചാടാതെ നോക്കേണ്ടത് അദ്ദേഹത്തിന്‍റെ പ്രാഥമിക ചുമതലയാണ്. പക്ഷെ അതില്‍ അദ്ദേഹം അടിക്കടി പരാജയപ്പെടുന്നു.

അദ്ദേഹത്തിന്‍റെ ഇന്നലത്തെ പ്രസ്താവനയില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക പോപ്പുലര്‍ ഫ്രന്റ് നേതാക്കള്‍ ആയിരിക്കും. മൂവാറ്റുപുഴ കൈവെട്ടു കേസ് പിടിക്കപ്പെട്ടതോടെ മുസ്‌ലിം സമൂഹത്തില്‍ നിന്ന് പൂര്‍ണമായും ഒറ്റപ്പെട്ട തീവ്രവാദികള്‍ക്ക് പിടിച്ചു കയറാന്‍ ഒരു പിടിവള്ളിയാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്. മതത്തിന്റെ പേരില്‍ തീവ്രത വളര്‍ത്താന്‍ ശ്രമിക്കുന്നവരെ പേയിളകിയ മൃഗങ്ങളെ ആട്ടിയോടിക്കുന്ന പോലെ മുസ്‌ലിംകള്‍ അടക്കമുള്ള കേരളീയ പൊതുസമൂഹം ആട്ടിയോടിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ വെളിപാടുമായി മുഖ്യന്‍ തന്നെ ഇറങ്ങിയിരിക്കുന്നത്. ഇദ്ദേഹത്തിന് വട്ടുണ്ടോ എന്ന് ഞാന്‍ ചോദിക്കുന്നില്ല. അത് ആ പദവിയോട് കാണിക്കുന്ന അനാദരവ് ആകുമോ എന്ന് ഭയമുള്ളത് കൊണ്ടാണ് അങ്ങനെ ചോദിക്കാത്തത്. മലപ്പുറം ജില്ലയിലെ കുട്ടികളെല്ലാം കോപ്പിയടിച്ചാണ് പരീക്ഷയില്‍ ഉന്നത റാങ്കുകള്‍ വാങ്ങുന്നത് എന്ന് ഒരിക്കല്‍ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മനസ്സില്‍ മലപ്പുറം ജില്ലയുടെ ഭൂമിക അസഹിഷ്ണുതയുടെ വിത്തായി എങ്ങിനെ രൂപാന്തരപ്പെട്ടു എന്നറിയില്ല.


ഒരു മതതീവ്രവാദിയുടെ ഭ്രാന്തമായ സ്വപ്നങ്ങളില്‍ പോലും ഈ സ്നേഹഭൂമിയുടെ മത സമവാക്യങ്ങളെ അട്ടിമറിക്കും വിധം മുസ്‌ലിം കുഞ്ഞുങ്ങളെ പ്രസവിപ്പിച്ചു കൂട്ടണം എന്ന  ചിന്ത ഉണ്ടാകാനിടയില്ല. പണം കൊടുത്ത് വിലക്ക് വാങ്ങാവുന്ന ഒന്നാണ് മതവിശ്വാസം എങ്കില്‍ കുത്തക  ഭീമന്മാരായ മൈക്രോസോഫ്‌റ്റോ ഗൂഗിളോ വിചാരിച്ചാല്‍ പുതിയ മതങ്ങള്‍ ഉണ്ടാക്കാന്‍ പറ്റും!. ഇത്തരം വെളികേടുകള്‍ ഒരു കണ്ടുപിടുത്തമായി മുഖ്യമന്ത്രിയുടെ നാവില്‍ നിന്ന് വരുമ്പോള്‍ അതിനു അപകടകരമായ അര്‍ത്ഥതലങ്ങളാണ് കൈ വരുന്നത്. ബി ജെ പി നേതൃത്വം പോലും പറയാന്‍ മടിക്കുന്ന കാര്യം ഒരു സംസ്ഥാനത്തിന്റെ തലവന്‍ പറയുന്നത് മിതമായ ഭാഷയില്‍ സാമൂഹ്യ ദ്രോഹമാണ്.

ഇസ്ലാമിന്റെ പേര് പറഞ്ഞ് സംഘടിച്ചിട്ടുള്ള  പോപ്പുലര്‍ ഫ്രന്റ്‌ അടക്കമുള്ള തീവ്രവാദികളും അതിനു സമാന്തരമായ പ്രവര്‍ത്തന തലങ്ങളുള്ള സംഘപരിവാരങ്ങളും നമ്മുടെ നാടിന്റെ ശാപമാണ്. ഇരുപത് കൊല്ലത്തിനുള്ളില്‍ നടപ്പിലാക്കാനുള്ള ഇത്തരമൊരു കര്‍മ പരിപാടി  പോപ്പുലര്‍ ഫ്രണ്ടിനു ഉണ്ട് എന്ന് മുഖ്യമന്ത്രിക്ക്  ബോധ്യമുണ്ട് എങ്കില്‍ അവരെ നിരോധിക്കുന്നതിന് ഓര്‍ഡര്‍ നല്‍കേണ്ടയാളാണ് മുഖ്യമന്ത്രി. അതിനു ശ്രമിക്കാതെ ഇത്തരം സംഘടനകളുമായി കാലാകാലങ്ങില്‍ ചങ്ങാത്തം കൂടുവാനാണ് വോട്ടു രാഷ്ട്രീയത്തിന്‍റെ അപ്പോസ്തലന്മാര്‍ നാളിതു വരെ താല്പര്യം കാണിച്ചിട്ടുള്ളത്. പൊന്നാനിയിലെത്തുമ്പോള്‍  തീവ്രവാദികളുമായി വേദി പങ്കിടുകയും തിരുവനന്തപുരത്തെത്തുമ്പോള്‍ അവരെ തള്ളിപ്പറയുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് വോട്ടു രാഷ്ട്രീയത്തിന്റെ രീതിശാസ്ത്രം. ഇടത് വലത് മുന്നണികള്‍ ഒരു പോലെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഈ പൊറാട്ട് നാടകമാണ് ഈ രാജ്യ ദ്രോഹികളെ നാളിതു വരെ വളര്‍ത്തിയത്. 

മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ടുകള്‍ക്കും മറ്റ് വര്‍ഗീയ പരിവാരങ്ങള്‍ക്കുമെതിരെ  നിയമനടപടികള്‍ സ്വീകരിക്കുന്നതിനു പകരം സാമുദായിക സൗഹാര്‍ദ്ദത്തിന് ആഴത്തില്‍ മുറിവേല്‍പിക്കാന്‍ ഉതകുന്ന വിഷലിപ്തമായ പ്രസ്താവനകള്‍ നടത്തി സായൂജ്യമടയുകയാണ് നമ്മുടെ ഭരണത്തലവന്മാര്‍‍. നടക്കട്ടെ. അവര്‍ക്കല്പം വോട്ടു കൂടുതല്‍ കിട്ടട്ടെ.. ജനങളുടെ മനസ്സുകള്‍ കൂടുതല്‍ അകലട്ടെ.. രാഷ്ട്രീയം വിജയിക്കട്ടെ. പാര്‍ട്ടികളും വിജയിക്കട്ടെ.. ഇങ്ക്വിലാബ് സിന്ദാബാദ്‌..

25 May  2011
Related Posts
വി എസിനെ ആര് മലയാളം പഠിപ്പിക്കും?

Update: 26.07.2010
മുഖ്യന്‍ പറഞ്ഞത് പോപ്പുലര്‍ ഫ്രണ്ടിനെയാണ് മുസ്ലിം സമുദായത്തെയല്ല എന്നാണ് പലരുടെയും  വാദത്തിന്റെ കാതല്‍. അത് പ്രശ്നത്തിന്റെ ഒരു സിമ്പിള്‍ ലോജിക്ക് ആണ്. സമ്മതിക്കുന്നു. പക്ഷെ പ്രശ്നം പ്രസ്താവനയില്‍ അടങ്ങിയിരിക്കുന്ന വിവരക്കേട് ആണ്. ആര്‍ക്കു നേരെ പറഞ്ഞു എന്നതോളം തന്നെ പ്രധാനമാണ് എന്ത് പറഞ്ഞു എന്നതും. ഒരു മുഖ്യമന്ത്രിയുടെ വായില്‍ നിന്ന് വരാന്‍ പാടില്ലാത്ത വാക്കുകളാണ് നാം കേട്ടത്. പോപ്പുലര്‍ ഫ്രണ്ടിനോടല്ലേ എന്ന ചോദ്യം കേള്‍ക്കുമ്പോള്‍ എനിക്ക് ഓര്‍മയില്‍ വരുന്നത് കോളയുടെ കുപ്പി കാട്ടി വിദേശ മദ്യം വില്കുന്ന Bagpiper പരസ്യമാണ്. ഇതൊക്കെ പറയുമ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിനോട് പ്രണയം ഉണ്ട് എന്ന് ധരിക്കരുത്. അവരെ പ്രണയിക്കുന്നതിനേക്കാള്‍ നല്ലത് ഒരു കുപ്പി എന്ടോസള്‍ഫാന്‍ വാങ്ങി കുടിക്കുന്നതാണ്. 

Update: 01.08.2010
ഈ വിഷയത്തില്‍ മാതൃഭുമിയില്‍ ഇന്ദ്രന്‍ എഴുതിയ കുറിപ്പ് കസറിയിട്ടുണ്ട്. വി എസ് പറയാഞ്ഞത് ക്ലിക്കിയാലും.