മഅദനിക്ക് മാത്രമാണോ ഇഞ്ചിത്തോട്ടമുള്ളത്?

മഅദനി കുടകിലെ ഇഞ്ചിത്തോട്ടത്തില്‍ പോയി എന്നത് ശരിയാണെങ്കില്‍ അദ്ദേഹത്തെ കേരളത്തിന്‍റെ ഇന്റലിജന്‍സ്‌ വകുപ്പിന്റെ മേധാവിയാക്കണം, നിയമവും പ്രായവും അനുവദിക്കുന്നില്ല എങ്കില്‍ ഏറ്റവും ചുരുങ്ങിയത് അഭ്യന്തര മന്ത്രിയെങ്കിലും ആക്കണം. കാരണം അദ്ദേഹം കുടകില്‍ എത്തി എന്നത് ഒരു നിസ്സാര സംഭവം അല്ല. ജയിലില്‍ നിന്ന് അദ്ദേഹത്തെ ആഭ്യന്തര മന്ത്രി സ്വീകരിച്ച് കൊണ്ട് വന്നത് മുതല്‍ മഅദനി  കേരള പോലീസിന്റെ സംരക്ഷണത്തിലും ബി കാറ്റഗറി നിരീക്ഷണത്തിലും ആണ്. അദ്ദേഹത്തിന്‍റെ വീട്ടിലെ ചീനച്ചട്ടിയില്‍ കടുക്‌ വറുത്താല്‍ പോലും അറിയുന്ന പോലീസ്‌ അദ്ദേഹം കുടകില്‍ എത്തിയത് അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ട്. അതല്ല കാവല്‍ നില്‍ക്കുന്ന പോലീസിനെയൊക്കെ വെട്ടിച്ച് വീല്‍ചെയറില്‍ അദ്ദേഹം കുടകിലെത്തി എന്ന് പറഞ്ഞാല്‍ പുള്ളി ഒരു മഹാ സംഭവം ആണെന്നാണ്‌ അതിനര്‍ത്ഥം.  ഇത്രയും ബുദ്ധി സാമര്‍ത്ഥ്യമുള്ള ഒരാളെ പോലീസിലെടുത്താല്‍ കേരളം രക്ഷപ്പെടും.

പോലീസ്, കോടതി, എന്നൊക്കെ പറഞ്ഞാല്‍ നമ്മള്‍ സ്വാഭാവികമായും കരുതുക ഇവന്മാരൊക്കെ ഫയങ്കര ബുദ്ധിമാന്മാര്‍ ആയിരിക്കുമെന്നാണ്. ജയരാജന്‍ സഖാവ് എന്ത് പറഞ്ഞാലും ഒരുമാതിരി ശുംഭന്മാര്‍ക്കൊന്നും ആ വകുപ്പുകളില്‍ കേറിക്കൂടാന്‍ പറ്റില്ല. പക്ഷേ കര്‍ണാടക പോലീസും കോടതിയും കളിക്കുന്ന കളി കാണുമ്പോള്‍ സഖാവ് പറഞ്ഞതിലും അല്പം കാര്യമില്ലേ എന്ന് എനിക്ക് ഒരു സംശയം. കുടകിലെ ഇഞ്ചിത്തോട്ടത്തില്‍ പോയി മഅദനി കൃഷി നടത്തിയതാണ് അദ്ദേഹത്തിന് എതിരിലുള്ള പ്രധാന ചാര്‍ജ്‌ എങ്കില്‍ ജയരാജന്‍ സഖാവ് പറഞ്ഞത് തീര്‍ത്തും ശരിയാണ്.

മഅദനിയുടെ നിലപാടുകളെ അതിനിശിതമായി എതിര്‍ത്തിട്ടുള്ള ഒരാളാണ് ഞാന്‍. മുമ്പ് എഴുതിയ പോസ്റ്റുകളൊക്കെ ഈ ബ്ലോഗില്‍ ഇപ്പോഴും ഉണ്ട്. ഒന്നും ഡിലീറ്റ് ചെയ്തിട്ടില്ല. പക്ഷേ പരിഹാസ്യമായ കാരണങ്ങള്‍ പറഞ്ഞ് ഒരാളെ അന്യായമായി വേട്ടയാടുന്നത് തികച്ചും മനുഷ്യത്വവിരുദ്ധമാണ് എന്ന് പറയാതിരിക്കാന്‍ വയ്യ. പ്രത്യേകിച്ചും പത്ത് വര്‍ഷത്തോളം ജയിലിലിട്ട് തെളിവുകള്‍ ഇല്ലാതെ വിട്ടയച്ച ഒരാളെ വീണ്ടും പിടിക്കാനൊരുങ്ങുമ്പോള്‍ അല്പം സൂക്ഷ്മതയും മനുഷ്യത്വവും കോടതിക്കും ആവാം. അതല്ല ജയിലില്‍ നിന്ന് പുറത്തു വന്ന ശേഷവും ബോംബ്‌ സ്ഫോടനങ്ങളുടെ സൂത്രധാരത്വം വഹിച്ചിട്ടുണ്ട് എന്നതിന് കൃത്യമായ തെളിവുകള്‍ ഉണ്ടെങ്കില്‍ ഒരു സെക്കന്‍ഡ്‌ താമസിപ്പിക്കാതെ അറസ്റ്റ് ചെയ്യുകവും ആവാം. കാശ് തരൂ കലാപം തരാം എന്ന് പറഞ്ഞ മുത്തലിക്കുമാര്‍ കര്‍ണാടക കോടതികളുടെ മൂക്കിനു താഴെ ഉണ്ട്. അവര്‍ക്കും ഇഞ്ചിത്തോട്ടങ്ങള്‍ കാണുമായിരിക്കും. ആ തോട്ടങ്ങളിലും ഇടക്കൊരു കണ്ണ് വേണം എന്നേ പറയാനുള്ളൂ.. .


ഒരു കണക്കിന് നോക്കിയാല്‍ പൂന്തുറ സിറാജ് അടക്കമുള്ള പീഡീപി നേതാക്കന്മാര്‍ കര്‍ണാടക കോടതിയോട്‌ മനസ്സിനുള്ളില്‍ നന്ദി പറയുന്നുണ്ടാവണം. പിണറായി സഖാവ് മൊഴി ചൊല്ലിയ ശേഷം പട്ടിണി കിടന്ന് എല്ലും തോലുമായ പാര്‍ട്ടിക്ക് അല്പം ജീവന്‍ നല്‍കിയത്‌ കര്‍ണാടക കോടതിയാണ്. മാത്രമല്ല മഅദനിയെ എങ്ങിനെയെങ്കിലും ജീവന്‍ വെപ്പിക്കാന്‍ വേണ്ടി നമ്മുടെ മാധ്യമങ്ങളും വേണ്ടത്ര പിന്തുണ കൊടുക്കുന്നുണ്ട്. വാര്‍ത്തയുടെ സമയം ആകുമ്പോള്‍ അന്‍വരുശ്ശേരിയില്‍ ഒരു ക്യാമറ വെച്ചു ഉറങ്ങാന്‍ പോവുകയാണ് ഇപ്പോള്‍ ചാനലുകാര്‍ ചെയ്യുന്നത്. മഅദനിയെ അറസ്റ്റ്‌ ചെയ്യുന്ന പക്ഷം ഏറ്റവും പ്രയാസപ്പെടുക മുസ്ലിം ലീഗ് ആയിരിക്കും എന്ന കാര്യത്തില്‍ ഒട്ടും സംശയം വേണ്ട. പീഡീപിയെ കയ്യൊഴിഞ്ഞ് വന്ന പലരും തിരിച്ച് അങ്ങോട്ട്‌ തന്നെ പോകും. ഞാന്‍ പറഞ്ഞ് വരുന്നത് മഅദനിയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വെക്കേണ്ടത് കുഞ്ഞാലിക്കുട്ടി സാഹിബാണ് എന്നാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാതെ നോക്കണം. സോളിക്കുട്ടികള്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ തന്നെ ഇറങ്ങിക്കഴിഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പാണ് വരുന്നത്. നോക്കി നിന്നാല്‍ എല്ലാം കാക്ക കൊത്തിക്കൊണ്ടു പോകും. വേണ്ടപ്പെട്ടവര്‍ക്കൊക്കെ ഫ്രീയായി ഉപദേശം കൊടുക്കുന്ന ഒരു സ്വഭാവം ഉള്ളത് കൊണ്ടാണ് ഞാന്‍ ഇതൊക്കെ പറയുന്നത്. അപ്പോള്‍ പിന്നെ കാണാം. എല്ലാവര്ക്കും വക്കാ വക്കാ...