സെന്‍ട്രല്‍ ജയിലുണ്ടോ ഒരു കൊലപ്പുള്ളിയെടുക്കാന്‍?

എന്റെ ധാരണകളെല്ലാം തെറ്റി. ഇന്ത്യയുടെ തലസ്ഥാനം ന്യൂഡല്‍ഹി ആണെന്നും സി പി എമ്മിന്റെ  നിയന്ത്രണത്തിലുള്ള ഏക സെന്‍ട്രല്‍ ജയില്‍ കണ്ണൂര്‍ ആണെന്നും ചെറുപ്പത്തിലേ മനപ്പാഠം ആക്കി വെച്ചിരുന്നതാണ്. പി  എസ് സി പരീക്ഷ എഴുതാന്‍ വേണ്ടി കാണാതെ പഠിച്ചതിനാല്‍ ഇന്നും അതൊക്കെ ഓര്‍മയില്‍ നില്‍ക്കുന്നുണ്ട്. അവിടെ വമ്പിച്ച സെറ്റപ്പാണ്,  ഏരിയ കമ്മറ്റിയുടെ കത്തില്ലാതെ ഒരു മനുഷ്യജീവിക്ക് അതിനുള്ളിലേക്കോ പുറത്തേക്കോ കടക്കാന്‍ കഴിയില്ല.
തടവുകാരെ ക്രൂരമായി കൈകാര്യം ചെയ്യും. കോലീബി തടവുകാരാണെങ്കില്‍ (കോണ്ഗ്രസ്സ്, ലീഗ്, ബീജെപി) ഇടിച്ച് പരിപ്പെടുക്കും. പീഡിപ്പിക്കും. ഇതൊക്കെയായിരുന്നു ആ ജയിലിനെക്കുറിച്ച എന്‍റെ വിശ്വാസം. (വിശാസം.. അതല്ലേ എല്ലാം!!) പക്ഷെ ആ ധാരണകളൊക്കെ ഇന്നലെത്തോടെ ഗോപിയായി. ഇത്രയും നല്ല ഒരു ജയിലിനെക്കുറിച്ചാണല്ലോ ഞാന്‍ തെറ്റായ ധാരണകള്‍ വെച്ച് പുലര്‍ത്തിയത് എന്നോര്‍ക്കുമ്പോള്‍ എനിക്കാകെ കുളിര് കോരുന്നു. 


ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന ഒരു സെറ്റപ്പാണ് കണ്ണൂരിലേത്. അവിടെ കൊലപ്പുള്ളികള്‍ സി  സി ടീവി ക്യാമറ കൈകാര്യം ചെയ്യുന്നു. അതിന്റെ റിമോട്ട് ജീവപര്യന്തംകാരന്‍ സൂക്ഷിക്കുന്നു. മൊബൈല്‍ ജാമറിനുള്ളില്‍ ഉപ്പിട്ട് അതിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതും ഉപ്പ് മാറ്റി പൂര്‍വ്വ സ്ഥിതിയിലാക്കുന്നതും കൊലപ്പുള്ളികള്‍ തന്നെ.  ജയിലിന്റെ താക്കോല്‍ ഏഴാളെ കൊന്ന തടവ്‌ പുള്ളിയുടെ കയ്യിലായിരിക്കും. തടിയന്ടവിട നസീറിനെപ്പോലുള്ള ഭീകരരുടെ സെല്ലിന് കാവല്‍ നില്‍ക്കുന്ന പോലീസ്‌ രാത്രി എട്ടു മണിക്ക് വീട്ടില്‍ പോവും. അത്യാവശ്യത്തിന്‌ ഉപയോഗിക്കാന്‍ ഓരോ സെല്ലിലും സര്‍ക്കാര്‍ വക ഡമ്മിയുണ്ട്.  ദിനേശ്‌ ബീഡി, പട്ട, കഞ്ചാവ്, കമ്പിപ്പാര തുടങ്ങിയ അവശ്യവസ്തുക്കള്‍ക്ക്  മുടക്കം കൂടാതെയുള്ള റേഷന്‍. ചുരുക്കത്തില്‍ തടവുകാരോട് ഇത്രയും മാന്യമായി പെരുമാറുന്ന ഒരു ജയില്‍ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്‌താല്‍ പോലും കിട്ടില്ല.  മനുഷ്യാവകാശം പറഞ്ഞു തേരാ പേരാ നടക്കുന്ന എല്ലാ എമ്പോക്കികള്‍ക്കും കാണിച്ചു കൊടുക്കേണ്ട ഒന്നാണ് നമ്മുടെ 'ശേന്‍ഡ്രല്‍' ജയില്‍.

വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇന്നലെ തടവ്‌ ചാടിയ ജയാനന്ദന്‍ ഏഴു കൊലക്കേസിലെ പ്രതിയാണ്!!!. എല്ലാവരെയും തലയ്ക്കു ചുറ്റികയടിച്ച് കൊന്നിട്ടാണ് റിപ്പര്‍ ടൈറ്റില്‍ കിട്ടിയതത്രേ. വിയ്യൂര്‍ ജയിലില്‍ നിന്ന് ക്ലോസറ്റ് തുരന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചയാളാണ് കക്ഷി. കൂടെ ചാടിയ റിയാസും മോശക്കാരനല്ല. കാസര്‍കോട് ജയിലില്‍ നിന്ന് ചാടാന്‍ ശ്രമിച്ചിട്ടുണ്ട്. ഇവരുടെ രണ്ടു പേരുടെയും അടുത്ത സെല്ലിലാണ് നമ്മുടെ തടിയന്ടവിടയുള്ളത്!!!!.. ഇനി ഞാനൊന്നും എഴുതുന്നില്ല. കൈ വിറക്കുന്നുണ്ട്.  എല്ലാവര്ക്കും ലാല്‍ സലാം.