പ്രവാചകനെ സ്നേഹിക്കേണ്ടത് മനുഷ്യരുടെ തലയറുത്തു കൊണ്ടല്ല


അത്യധികം ഞെട്ടലുളവാക്കുന്ന കൊലപാതക വാർത്തയാണ് ഉദയ്പൂരിൽ നിന്ന് വന്നത്. ഐസിസ് മോഡലിൽ കഴുത്തറുത്തുള്ള കൊല.. എന്നിട്ട് അത് പരസ്യപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്യുക. ദുആ ചെയ്യുവാൻ പറയുക.. എന്തൊരു ഭീകരതയാണ്. പ്രതികളെ പോലീസ് ഇതിനകം തന്നെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ ഭീകര കൃത്യത്തിന് അതർഹിക്കുന്ന കടുത്ത ശിക്ഷ ലഭിക്കണം.. ഒരു ദയയും ദാക്ഷിണ്യവും അർഹിക്കാത്ത ശിക്ഷ.

പ്രവാചകന്റെ പേരിൽ ഒരു പാവം മനുഷ്യന്റെ കഴുത്തിൽ കത്തി വെച്ച് അറുത്തെടുത്ത ഈ പിശാചുക്കൾ നമ്മുടെ സമൂഹത്തിൽ ജീവിച്ചവരാണ്. എണ്ണത്തിൽ അവരുടെ സംഖ്യ കുറവായിരിക്കാം.. പക്ഷേ അത്തരക്കാർ ഉണ്ട് എന്ന യാഥാർത്ഥ്യം തിരിച്ചറിയുകയും അത്തരം വിഷവിത്തുകൾ ഇനിയും മുളച്ചു പൊന്താതിരിക്കാൻ ജാഗ്രത കാണിക്കുകയും വേണം. ഒരു സമൂഹമെന്ന നിലയിൽ നമുക്ക് ചെയ്യാവുന്നത് അത് മാത്രമാണ്. ബാക്കിയുള്ളതൊക്കെ രാജ്യത്തെ നിയമവ്യവസ്ഥയാണ് ചെയ്യേണ്ടത്.

തലയറുക്കുന്ന ഈ പിശാചുക്കളെ ചേർത്തിപ്പറയേണ്ടത് ഇസ്‌ലാമിനോടോ പ്രവാചകനോടോ അല്ല, അവരുടെ തലയിൽ തിളച്ചു മറിയുന്ന മതഭ്രാന്തിനോട് മാത്രമാണ്. രാമനും ക്രിസ്തുവും ഗീതയും ബൈബിളും വിമർശനങ്ങൾക്ക് വിധേയമാകുമെങ്കിൽ ഖുർആനും നബിയും ഇസ്‌ലാമും വിമർശനങ്ങൾക്ക് വിധേയമാകും. മതം പ്രചരിപ്പിക്കാനുള്ള അവകാശത്തോളം പ്രധാനമാണ് അതിനെ വിമർശിക്കാനുള്ള അവകാശവും. വിമർശനങ്ങൾ സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുമ്പോൾ, അവ വിമർശനങ്ങളുടെ തലത്തിൽ നിന്നും വൈകാരിക ആക്രോശങ്ങളുടെ തലത്തിലേക്ക് മാറുമ്പോൾ സാംസ്കാരിക ബോധമുള്ള സമൂഹം അതിനെ എതിർക്കും. നിയമനടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടും.. ആ എതിർപ്പ് വിമര്ശനങ്ങളോടുള്ള എതിർപ്പല്ല, അതിന്റെ സഭ്യതയോടും രീതിയോടുമുള്ള എതിർപ്പാണ്.. പ്രവാചകനെക്കുറിച്ച് വിമർശനങ്ങളോ പരിഹാസങ്ങളോ കേൾക്കുമ്പോഴേക്ക് കത്തിയും കൊടുവാളുമായി ഇറങ്ങുന്നവർ പ്രവാചകൻ ആരെന്നും പ്രവാചകന്റെ ചരിത്രമെന്തെന്നും അറിയാത്തവരാണ്.


എതിർപ്പുകളുടേയും വിമർശകരുടെയും മഹാപ്രളയത്തിന് നടുവിലൂടെ ജീവിച്ചു പോയ വ്യക്തിയാണ് മുഹമ്മദ് നബി. ആക്രമണങ്ങളും മർദ്ധനങ്ങളും സഹിക്ക വയ്യാതെ ജനിച്ച മണ്ണിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന വ്യക്തിയാണ് അദ്ദേഹം. മക്കയിൽ നിന്നും മദീനയിലേക്കുള്ള പ്രവാചകന്റെ യാത്ര എതിർപ്പുകളുടെയും വിമര്ശനങ്ങളുടേയും ഹിമാലയം താണ്ടിയ യാത്രയാണ്. നമസ്കരിക്കുമ്പോൾ ഒട്ടകത്തിന്റെ ചീഞ്ഞ കുടൽമാലകൾ പ്രവാചകന്റെ കഴുത്തിലിട്ടവരുണ്ട്, അദ്ദേഹം നടന്നു പോകുന്ന വഴികളിൽ മുള്ളുകളും കല്ലുകളും വിതറിയവരുണ്ട്, പരിഹസിച്ചും അപഹസിച്ചും കവിത രചിച്ചവരുണ്ട്, അപ്പോഴെക്കെയും ക്ഷമയുടേയും സഹനത്തിന്റേയും പാതയിലൂടെ അക്ഷ്യോഭ്യനായി മുന്നോട്ട് പോയ ഇതിഹാസ വ്യക്തിത്വമാണ് പ്രവാചകൻ. കവിതയിലൂടെ പരിഹസിച്ചപ്പോൾ ആ കവിയെ കായികമായി നേരിടാൻ മുതിർന്ന അനുയായികളോട് കവിതക്ക് കവിതയിലൂടെ മറുപടി കൊടുക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. കവിതയെ കൊടുവാൾ കൊണ്ട് നേരിടാൻ അദ്ദേഹം പഠിപ്പിച്ചിട്ടില്ല. വിമർശനങ്ങളെ കഴുത്തറുത്ത് കൊണ്ട് പ്രതിരോധിക്കാൻ അദ്ദേഹം പറഞ്ഞിട്ടില്ല.


അകാരണമായി ആരെങ്കിലും ഒരു മനുഷ്യനെ കൊന്നാൽ അവൻ മനുഷ്യരെ മുഴുവൻ കൊന്നതിന് സമാനമാണെന്നാണ് വിശുദ്ധ ഖുർആന്റെ അധ്യാപനം.. ഒരു പാവം തയ്യൽക്കാരനെ മൃഗീയമായി കൊന്ന ശേഷം അത് പ്രവാചകന് വേണ്ടിയാണെന്ന് പറയുകയും ദുആ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്ന ഭ്രാന്തിന്റെ പേരല്ല ഇസ്‌ലാം എന്നത്. മുസ്‌ലിം സമൂഹത്തിൽ ഒരു ചെറിയ ശതമാനത്തിന്റെ പോലും പിന്തുണയില്ലാത്ത ഇത്തരം വികാരജീവികളുടെ പ്രവർത്തനങ്ങളുടെ ദുരന്തം ഏറ്റുവാങ്ങേണ്ടി വരിക നിരാലംബരായ ഒരു സമൂഹമാണെന്ന് ഓർക്കണം.. അവരെ ചേർത്ത് പിടിക്കാൻ സർക്കാരുകളോ പോലീസോ കോടതികളോ ഉണ്ടായെന്ന് വരില്ല. അത്യധികം ഫാസിസ്റ്റ് വത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ബുൾഡോസർ ഡെമോക്രസിയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. അത്തരമൊരു ഭീതിതമായ അവസ്ഥയിൽ സംഘ്പരിവാരത്തിന് താലത്തിലെന്ന പോലെ പ്രചാരണ ആയുധങ്ങൾ വെച്ച് കൊടുക്കുകയാണ് ഒരു മനുഷ്യന്റെ തലയറുത്ത ഈ കഴുതകൾ ചെയ്തിരിക്കുന്നത്.


മറ്റൊന്ന് കൂടി പറയാതെ വയ്യ.. വിദ്വേഷം വിദ്വേഷത്തെ മാത്രമാണ് ജനിപ്പിക്കുക. രാജ്യത്ത് വളർന്ന് വരുന്ന പരമത വിദ്വേഷവും അസഹിഷ്ണുതയും കൂടുതൽ ആഴങ്ങളിലേക്ക് വേരൂന്നുമ്പോൾ വിവിധ തലങ്ങളിൽ, വിവിധ രൂപങ്ങളിൽ അതിന്റെ പ്രതിഫലനങ്ങൾ തല പൊക്കും. നീതി നിഷേധിക്കപ്പെടുന്നു എന്ന് തോന്നുന്ന സമൂഹങ്ങളിലേക്ക് തീവ്രവാദികൾക്ക് എളുപ്പത്തിൽ കയറിപ്പറ്റാൻ പറ്റും.. നിങ്ങളെ ഞങ്ങൾ രക്ഷിക്കാമെന്നതാണ് അവരുടെ വാഗ്ദാനം.. അങ്ങനെ കടന്നു വരുന്ന വിഷങ്ങളെ തിരിച്ചറിയാനും ആട്ടിയോടിക്കാനും ഒരു സമൂഹമെന്ന നിലക്ക്‌ അവർക്ക് കഴിയണമെങ്കിൽ രാജ്യവും സർക്കാരും ജുഡീഷ്യറിയും നീതിയോടൊപ്പമുണ്ടാകുമെന്ന വിശ്വാസം അവരിലുണ്ടാകണം.. ആ വിശ്വാസം നഷ്ടപ്പെടുമ്പോൾ ഈ വിഷവിത്തുകൾക്ക് മുളച്ച് പൊന്താനുള്ള മണ്ണൊരുങ്ങും.. അത് രാജ്യത്തിന്റെ തന്നെ സ്വസ്ഥത നശിപ്പിക്കും.. തീവ്രവാദത്തിന്റെ വിഷപ്രചാരങ്ങളെയും അതിന്റെ കടന്നുവരവിനെയും പ്രതിരോധിക്കാനുള്ള ഫലപ്രദമായ വഴി നീതി ഉറപ്പ് വരുത്തുന്ന ഭരണസംവിധാനം ഉണ്ടാവുക എന്നതാണ്. മനുഷ്യരെ തമ്മിലടിപ്പിക്കാനും വിഭജിക്കാനും ദിനേന പദ്ധതികൾ ആസൂത്രണം ചെയ്യുന്ന ഒരു ഭരണകൂടത്തിന് തീവ്രവാദികളെ അടിച്ചമർത്താൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം.
പ്രവാചകനെ അവഹേളിച്ചുവെന്ന വിവാദത്തിൽ കേരളത്തിലെ മുസ്‌ലിം സമൂഹം മുന്നോട്ട് വെച്ച ഒരു മാതൃകയുണ്ട്‌. അവർ ആ അവഹേളനങ്ങൾക്കെതിരെ ജനാധിപത്യപരമായി പ്രതികരിച്ചു. ആ പ്രതികരണങ്ങളോട് ജാതിമതരാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ മതേതര സമൂഹം ഐക്യദാർഢ്യപ്പെട്ടു. എന്നാൽ ആ പ്രതിഷേധങ്ങളെ മുതലെടുക്കാൻ തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ ശ്രമിച്ചപ്പോൾ അവരുടെ കെണിയിൽ വീഴാതിരിക്കാൻ മുസ്‌ലിം സമൂഹത്തിലെ സംഘടനകളും പ്രസ്ഥാനങ്ങളും ശ്രദ്ധ വെച്ചു. ഞങ്ങൾക്ക് പ്രതിഷേധമുണ്ട്, അത് പ്രകടിപ്പിക്കാൻ നിങ്ങളോടൊപ്പം കൂടേണ്ട ആവശ്യമില്ല എന്നവർ തുറന്നു പറഞ്ഞു. സമൂഹത്തിനുള്ളിലേക്ക് തീവ്രവാദത്തിന്റെ വിഷബീജങ്ങൾ കടന്നു വരാനുള്ള സാധ്യതകളെ മുളയിലേ അവർ നുള്ളിക്കളഞ്ഞു. അത്തരമൊരു സമീപനവും നേതൃത്വവും ഉയർന്നു വരാനുള്ള സാധ്യതകൾ ഉത്തരേന്ത്യയിലെ ഇന്നത്തെ അവസ്ഥയിൽ വളരെ കുറവാണെന്ന് തന്നെ പറയേണ്ടി വരും..

ഈ കൊലപാതകത്തിന് പിന്നിൽ സംഘപരിവാരമാണെന്ന തിയറി സോഷ്യൽ മീഡിയയിൽ പലരും എഴുതിക്കണ്ടു. അവരാണ് അതിന്റെ ബെനിഫിഷ്യറി എന്നതാണ് അതിന് പറയുന്ന കാരണം.. പുറത്തു വന്ന വീഡിയോയും അതിൽ കൊല നടത്തിയവർ തുറന്നു പറയുന്ന കാര്യങ്ങളുമാണ് ഇപ്പോൾ നമുക്ക് മുന്നിലുള്ളത്. അത് വെച്ച് കൊണ്ട് ഒരു സംഘപരിവാര തിയറി ഉണ്ടാക്കാൻ കഴിയില്ല. മതഭ്രാന്ത് തലക്ക് കയറിയ രണ്ട് പിശാചുക്കൾ പ്രവാചക സ്നേഹത്തിന്റെ പേരിൽ നടത്തിയ അറും കൊലയായിട്ടേ ഇപ്പോൾ പുറത്ത് വന്ന കാര്യങ്ങൾ വെച്ച് പറയാൻ കഴിയൂ.. ദുആ മേ യാദ് രഖ്‌നാ എന്നൊക്കെപ്പറഞ്ഞു കൊണ്ട് അവർ നടത്തിയ ആ വീഡിയോയും കൊലയുടെ ദൃശ്യങ്ങളും അതാണ് വ്യക്തമാക്കുന്നത്.. മുസ്‌ലിംകൾ ചെയ്യുന്ന എല്ലാത്തിലും ഒരു ജൂത തിയറി കണ്ടെത്തുന്ന രീതി പോലെ ഇതിലും ഒരു സംഘപരിവാര തിയറി കണ്ടെത്താം. പക്ഷേ അതിന് പിൻബലമേകാൻ ഇപ്പോൾ പുറത്ത് വന്ന കാര്യങ്ങൾ മതിയാകില്ല. സമുദായത്തിനകത്ത് ഇതുപോലുള്ള തീവ്രവാദികളും ഉണ്ട് എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞും അംഗീകരിച്ചും കൊണ്ട് അതിന്റെ പരിഹാരങ്ങൾ കാണാൻ ശ്രമിക്കുക എന്നതാണ് തെളിവുകളുടെ പിൻബലമില്ലാത്ത പുതിയ തിയറികൾ ഉണ്ടാക്കുന്നതിനേക്കാൾ ക്രിയാത്മകമായിരിക്കുക.
ദീർഘിപ്പിക്കുന്നില്ല. മതവിശ്വാസമെന്നത് കത്തി കൊണ്ടും കൊടുവാൾ കൊണ്ടും പ്രചരിപ്പിക്കേണ്ട ഒന്നല്ല. നിരപരാധികളുടെ കഴുത്തറുത്ത് കൊണ്ട് സംരക്ഷിക്കേണ്ട മതമല്ല ഇസ്‌ലാം.. മുമ്പൊരിക്കൽ സമാനമായൊരു വിവാദ കാലത്ത് ഞാനെഴുതിയ ബ്ലോഗിന്റെ തലക്കെട്ട് "പ്രവാചകനെ സ്നേഹിച്ചോളൂ, പക്ഷേ മനുഷ്യരെ കൊല്ലരുത്" എന്നായിരുന്നു. അത് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്.
പ്രവാചകനെ സ്നേഹിച്ചോളൂ, പക്ഷേ മനുഷ്യരെ കൊല്ലരുത്.


Related Posts :