ഓരോ പൗരനും ഒരു പത്രമായി മാറുന്ന കാലം

ദേശീയ ഗെയിംസിന്റെ തിരുവനന്തപുരത്തെ ഉദ്ഘാടന ചടങ്ങ്. കാത്ത് കാത്തിരുന്ന ലാലിസം സ്റ്റേജിലെത്തി. സി ഡി യിൽ നിന്ന് വരുന്ന പാട്ടിനനുസരിച്ച് മോഹൻലാൽ ചുണ്ടനക്കുന്നു. ഇടത് തോൾ അല്പം ചരിച്ച് സ്റ്റേജിൽ തെക്ക് വടക്ക് ഓടുന്നു. ദൃശ്യ മാധ്യമങ്ങളുടെ ലൈവ് കവറേജ് പൊടി പൊടിക്കുകയാണ്. ജനം ആർത്ത് വിളിക്കുന്നത്‌ കയ്യടിയാണെന്ന് തെറ്റിദ്ധരിച്ച്‌ ഒന്നിന് പിറകെ ഒന്നായി  ലാൽ നിർത്താതെ പാടുന്നു.  മഹാനടൻ കാഴ്ച വെക്കുന്ന 'മാന്ത്രികത'യെക്കുറിച്ച് ചാനൽ അവതാരകന്മാർ വാചാലരാകുന്നു. പത്ര ലേഖകന്മാർ തിരക്കിട്ട് റിപ്പോർട്ടുകൾ തയ്യാറാക്കുന്നു. "മലയാളത്തിന്റെ മഹാനടൻ അവതരിപ്പിച്ച ലാലിസം ദൃശ്യവിരുന്ന്, ആരവങ്ങളുടെ സാഗരമായി കിളിക്കൂട്‌.. ലാലിസം ഒഴുകിയെത്തിയപ്പോൾ കൈക്കുടന്ന നിവർത്തി കാണികൾ" എന്നിങ്ങനെ കിടിലൻ സാഹിത്യവും തലക്കെട്ടുകളും  വിളമ്പി പിറ്റേ ദിവസത്തേക്കുള്ള റിപ്പോർട്ടുകൾ അവർ ഒട്ടും മോശമാക്കിയില്ല. പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഒരു സുനാമി പുറപ്പെട്ടത്‌.  ചാനൽ അവതാരകരുടെയും പത്രലേഖകരുടെയും അതിഭാവുകത്വവും ക്ലിഷേ പ്രയോഗങ്ങളും ഒട്ടുമില്ലാതെ അവർ ലാലിസത്തെ വിലയിരുത്തി. കണ്ടത് കണ്ടത് പോലെ പറഞ്ഞു. അറുബോറൻ പരിപാടിയാണ് മഹാനടൻ അവതരിപ്പിച്ചതെന്ന് സാഹിത്യമോ ചമത്കാരങ്ങളോ ചേർക്കാത്ത പച്ച മലയാളത്തിൽ എഴുതി. ഖജനാവിൽ നിന്നും ഇതിനായി ചിലവഴിച്ച തുക തിരിച്ചു പിടിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

പരിപാടി കഴിഞ്ഞ പാതി രാത്രിയിൽ സോഷ്യൽ മീഡിയയിൽ ഇത്തരമൊരു പ്രതികരണ സുനാമി ഉണ്ടായ വിവരം അറിയാതെ പത്രങ്ങളൊക്കെ ലാലിസം സ്തുതികളുമായാണ് പിറ്റേന്ന് പ്രത്യക്ഷപ്പെട്ടത്. പക്ഷേ സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ കാറ്റു പിടിച്ചു. മുഖ്യധാരാ മാധ്യമങ്ങളിലെ പ്രതികരണങ്ങൾ പെയിഡ് ന്യൂസ് ആണെന്ന് ജനം വിലയിരുത്തി. ദേശീയ ഗെയിംസിന്റെ പരസ്യങ്ങൾ വേണ്ടത്ര കിട്ടിയ വകയിൽ അവർ വെച്ചു കാച്ചിയ വരികൾ അവർക്ക് തന്നെ വിനയായി. പരിപാടിയുടെ പേരിൽ സർക്കാരിന് കുമ്പസരിക്കേണ്ടി വന്നു. മോഹൻലാൽ സർക്കാറിൽ നിന്ന് വാങ്ങിയ ഒന്നരക്കോടി തിരിച്ചു കൊടുത്തു. സർക്കാറും മോഹൻലാലും മാത്രമല്ല പാഠം പഠിച്ചത്. സോഷ്യൽ മീഡിയയിലെ യുവത്വത്തെ ശ്രദ്ധിക്കണം, അവരുടെ പ്രതികരണങ്ങളിലെ സത്യസന്ധതയെ ഭയപ്പെടണം എന്ന വലിയ പാഠം മുഖ്യധാരാ മാധ്യമങ്ങളും പഠിച്ചു.

കാലം മാറുകയാണ്. പഴയ പോലെ വാർത്തയുടെ ഏകാധിപത്യം ഇനി നടക്കില്ല. ഓരോ പൗരനും ഒരു പത്രമായി മാറുന്ന കാലമാണ് വന്നുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ അനുദിനം കരുത്താർജ്ജിക്കുകയാണ്.  ആരെയും കൂസാതെ, ആരോടും കടപ്പാടില്ലാതെ, ആരെയും ഭയപ്പെടാതെ സ്വതന്ത്രമായി പ്രതികരിക്കുന്ന, ചിന്തകളും ആശയങ്ങളും പങ്ക് വെക്കുന്ന, കലഹിക്കുകയും കല്പിക്കുകയും ചെയ്യുന്ന ഒരു തലമുറ സോഷ്യൽ മീഡിയയുടെ തീരങ്ങളിലുണ്ട്. പ്രതികരണങ്ങളുടെ പരമ്പരാഗത രീതിശാസ്ത്രങ്ങൾക്കപ്പുറത്ത്, നിയന്ത്രണ രേഖകളുടെ പരിധികളും പരിമിതികളുമില്ലാതെ സൂര്യന് കീഴിലുള്ള എന്തിനെക്കുറിച്ചും ചർച്ച ചെയ്യുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ഒരു തലമുറ. കഥയും കവിതയും ചിത്രങ്ങളും എന്ന് വേണ്ട കലയുടെയും സാഹിത്യത്തിന്റെയും സകല ശാഖകളിലും കൈവെച്ചും ഇറങ്ങിക്കളിച്ചും ലിഖിത നിയമങ്ങളുടേയും അലിഖിത കീഴ്വഴക്കങ്ങളുടെയും കടക്കൽ കത്തിവെച്ചു കൊണ്ട് മുന്നേറുന്ന ന്യൂ ജനറേഷൻ.

നമ്മുടെ മാധ്യമങ്ങളിൽ നിന്ന് നേരും പതിരും വേർതിരിച്ചെടുക്കാൻ ഏറെ പ്രയാസപ്പെടണം. ഓരോ മാധ്യമത്തിനും ഓരോ രാഷ്ട്രീയമുണ്ട്. സാമൂഹ്യ രാഷ്ട്രീയം മാത്രമല്ല, സാമ്പത്തിക രാഷ്ട്രീവുമുണ്ട്. 'പരസ്യ' രാഷ്ട്രീയം വേറെയുമുണ്ട്. ഈ എല്ലാ രാഷ്ട്രീയങ്ങളുടെയും ആകെത്തുക നിലപ്നില്പിന്റെ രാഷ്ട്രീയമാണ്. ആ രാഷ്ട്രീയത്തിന് അനുഗുണമായ സത്യങ്ങളാണ് അവർ വിളിച്ചു പറയുന്നത്. അതിന് ക്ഷതമേല്പി ക്കുന്ന സത്യങ്ങളൊന്നും അവർ വിളിച്ചു പറയില്ല. എത്ര വലിയ വാർത്തയായാലും ശരി, നിലപ്നില്പിന്റെ രാഷ്ട്രീയത്തെ അതിന്റെ പാർശ്വവശങ്ങളിൽ പോലും നേരിയ പോറലേൽപിപ്പിക്കുമെങ്കിൽ ആ വാർത്തയെ അപ്പാടെ തമസ്കരികുവാൻ മാധ്യമങ്ങൾ തയ്യാറാവും. നിലനില്പാണ് പ്രശ്നം. കഞ്ഞി കുടി മുടങ്ങാതിരിക്കുക എന്നതാണ് പ്രധാനം. എന്നാൽ സോഷ്യൽ മീഡിയക്ക് അത്തരമൊരു നിലനില്പിന്റെ രാഷ്ട്രീയമില്ല.  മാതാ അമൃതാനന്ദമയിയുടെ കൂടെ ആശ്രമത്തിൽ അവരുടെ വലം കയ്യായി വർഷങ്ങളോളം പ്രവർത്തിച്ച ഓസ്ട്രേലിയക്കാരിയായ ഗെയില്‍ ട്രെഡ്‌വെല്‍ ആശ്രമത്തിലെ തന്റെ അനുഭവങ്ങളെ ആസ്പദമാക്കി 'വിശുദ്ധ നരകം' (Holy Hell) എന്ന പേരിൽ ഒരു പുസ്തകമെഴുതിയപ്പോൾ അതൊരു വാർത്തയായി കൊടുക്കാൻ പോലും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ തയ്യാറായില്ല. ആൾദൈവ ശക്തിയുടെ സംഘടിത പ്രതിഷേധങ്ങളെ അവർ വല്ലാതെ ഭയപ്പെട്ടു. എന്നാൽ സോഷ്യൽ മീഡിയയിൽ വിശുദ്ധ നരകം നിരന്തരം ചർച്ച ചെയ്യപ്പെട്ടു. ആ പുസ്തകത്തിന്റെ ലിങ്കുകളും പി ഡി എഫ് കോപ്പികളും വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. പുസ്തകത്തിൽ പറയുന്ന എല്ലാ കാര്യങ്ങളും വസ്തുതകളാണ് എന്ന അർത്ഥത്തിലല്ല അത് ഷെയർ ചെയ്യപ്പെട്ടത്. മുഖ്യധാരാ മാധ്യമങ്ങൾ മുക്കാൻ ഒരു ശ്രമിച്ച ഒരു വാർത്തയെ ജ്വലിപ്പിച്ചു നിർത്തുക എന്ന ദൗത്യം നിർവഹിക്കപ്പെടുകയായിരുന്നു.

'വാർത്തയുടെ ഏകാധിപത്യ'ത്തെ സോഷ്യൽ മീഡിയയിലെ 'ഫ്രീക്കന്മാർ'  പൊളിച്ചടുക്കിയ നിരവധി ഉദാഹരണങ്ങൾ വേറെയുമുണ്ട്. 'ഇന്ത്യയുടെ മകൾ' എന്ന ബി ബി സി ഡോക്യുമെന്ററി പുറത്തിറങ്ങിയപ്പോൾ ഇന്ത്യയിൽ അത് സംപ്രേഷണം ചെയ്യുന്നതിനെ സർക്കാർ ഭയപ്പെട്ടു. ഓരോ പതിനഞ്ച് മിനുട്ടിലും ഒരു പെണ്‍കുട്ടി വീതം ബലാത്സംഗം  ചെയ്യപ്പെടുന്ന ഇന്ത്യൻ യാഥാർത്ഥ്യം പുറം ലോകമറിയുന്നതിനെ  സർക്കാർ ഭയപ്പെട്ടു. ഡൽഹിയിലെ ചേരികൾ ക്യാമറയിൽ പ്രത്യക്ഷപ്പെടുന്നതിനെ അവർ പേടിയോടെ നോക്കിക്കണ്ടു. രാത്രിയിൽ പുറത്തിറങ്ങി നടക്കുന്ന പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചു കൊല്ലുവാൻ ഞങ്ങൾക്ക് അവകാശമുണ്ടെന്ന കുറ്റവാളികളുടെ താത്വിക ന്യായീകരണങ്ങളെ ആരും  അറിയാതെ തമസ്കരിക്കുവാനാണ് ഭരണകൂടം വെമ്പൽ കൊണ്ടത്‌. അത്തരം ചിന്താഗതി വളർന്ന് വന്ന സാമൂഹ്യ പരിസരങ്ങളെ പഠിക്കുവാനും തിരുത്തുവാനും ശ്രമിക്കുന്നതിന് പകരം ഡോക്യുമെന്ററി നിരോധിച്ച് തല മണ്ണിൽ പൂഴ്ത്തി ഒട്ടകപ്പക്ഷിയാവാനാണ് സർക്കാർ താത്പര്യം കാണിച്ചത്. എന്നാൽ നവമാധ്യമങ്ങൾ 'ഇന്ത്യയുടെ മകളെ' ഉപേക്ഷിക്കാൻ തയ്യാറായില്ല. നാം അഭിമുഖീകരിക്കേണ്ടതും ധീരതയോടെ നേരിടേണ്ടതുമായ സാമൂഹ്യ യാഥാർത്ഥ്യങ്ങളുടെ കണ്ണാടിയാണ് 'ഇന്ത്യയുടെ മകൾ'  എന്ന് അവർ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ആ ഡോക്യുമെന്ററി ലഭ്യമായ സൈറ്റുകളുടെ പേരുകളും ലിങ്കുകളും വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. മുഖ്യധാരാ മാധ്യമങ്ങളിൽ വിലക്കുകളില്ലാതെ കാണിച്ചിരുന്നെങ്കിൽ ചർച്ച ചെയ്യപ്പെടുമായിരുന്നതിനേക്കാൾ കൂടുതൽ ശക്തിയോടെ ഈ ഡോക്യുമെന്ററി ചർച്ച ചെയ്യപ്പെടുന്ന ഒരു അവസ്ഥയുണ്ടായി. കരുത്ത് കാണിക്കേണ്ടിടത്ത് അതെങ്ങിനെ കാണിക്കണമെന്ന് നവമാധ്യമങ്ങൾ പഠിച്ചു കഴിഞ്ഞു. 'ഇരുത്തം വന്ന' മാധ്യമ പ്രവർത്തകരും പക്വമതികളായ ചിന്തകരും സമൂഹം അറിയേണ്ട വാർത്തകളെ തമസ്കരിക്കുന്നതിനു നേതൃത്വം നൽകുമ്പോൾ നവമാധ്യമങ്ങളിലെ ന്യൂ ജനറേഷൻ കുരുന്നുകൾ അവയ്ക്കെതിരെ പ്രതിരോധം തീർക്കുന്നത് രസകരമായ കാഴ്ച തന്നെയാണ്.

സമാന്തര വാർത്താ സംസ്കാരത്തിന്റെ ആവേശമുണർത്തുന്ന ഇത്തരം കാഴ്ചകളിലൂടെ മാത്രം നവമാധ്യമങ്ങളെ വിലയിരുത്തണമെന്ന് പറയുന്നില്ല. സർഗാത്മകമായി ഉപയോഗപ്പെടുത്തുന്നവരോടൊപ്പം നവമാധ്യമങ്ങളെ നശീകരണാത്മകമായി ഉപയോഗപ്പെടുത്തുന്നവരേയും ഇ-ഇടങ്ങളിൽ കാണാൻ പറ്റും. വർഗീയ വൈരം ആളിക്കത്തിക്കുന്നവർ. മത വൈകാരികതയുടെ കണ്ണിലൂടെ മാത്രം സമൂഹത്തെ നോക്കിക്കാണുകയും സന്ദർഭം കിട്ടുമ്പോഴെല്ലാം ആ വൈകാരികതയെ കത്തിച്ചു വിടാൻ ശ്രമിക്കുകയും ചെയ്യുന്നവർ. തെറ്റായ വാർത്തകൾ, ഊതി വീർപ്പിച്ച നുണകൾ, സന്ദർഭങ്ങളിൽ അടർത്തിയെടുക്കുന്ന പ്രസ്താവനകൾ, ഫോട്ടോഷോപ്പിൽ തയ്യാർ ചെയ്യുന്ന ചിത്രങ്ങൾ.. അങ്ങനെ കയ്യിൽ കിട്ടുന്നതെന്തും അതിനായി അവർ ഉപയോഗപ്പെടുത്തും. ശാന്തിയും സമാധാനവും ഇഷ്ടപ്പെടുന്ന ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്കിടയിൽ വർഗീയതയുടെ വിഷവിത്തുക്കൾ വിതയ്ക്കുക മാത്രമാണ് ലക്‌ഷ്യം. ഇത്തരം ലക്ഷ്യങ്ങൾ മുൻ നിർത്തി പ്രവർത്തിക്കുന്ന നിരവധി ഗ്രൂപ്പുകളും ഫോറങ്ങളും നവമാധ്യമങ്ങളിലുണ്ട്.  വ്യാജ വിലാസങ്ങളും ഐഡികളും ഇവയിൽ ധാരാളമായി കാണാം. ഇത്തരം ഗ്രൂപ്പുകളിൽ നിന്നും ചർച്ചാ വേദികളിൽ നിന്നും എത്രമാത്രം വിട്ടു നില്ക്കുന്നുവോ അത്രയും  മനുഷ്യരായി ജീവിക്കാൻ പറ്റുമെന്നതാണ് വസ്തുത. അല്പാല്പമായി വർഗീയതയുടെ വിഷം കുത്തിവെച്ച് ആരെയും ഒരു പിശാചാക്കി മാറ്റിയെടുക്കുവാൻ കഴിവുള്ള ഇത്തരം ശക്തികളുടെ വലയം ഭേദിക്കുവാൻ ബുദ്ധിപൂർവമായ ഇടപെടലുകളും സമീപനങ്ങളും  നവമാധ്യമങ്ങളിൽ തന്നെ ഉണ്ടാവേണ്ടതുണ്ട്.

തികച്ചും വ്യക്തിപരമായ സൗഹൃദങ്ങൾക്കും ഫോട്ടോകളും വീഡിയോകളും ഷെയർ ചെയ്യുന്നതിനും നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നവരാണ് ഒരു വലിയ വിഭാഗം. രാവിലെ ചായ കുടിച്ചു, ഉച്ചയ്ക്ക് ചോറ് തിന്നു,
ഞാൻ ഉറങ്ങാൻ പോണു.. തുടങ്ങിയ നിരുപദ്രവകരമായ സ്റ്റാറ്റസുകളും വിശേഷങ്ങളും പങ്ക് വെച്ച് പരസ്പരം ലൈക്കിയും കമന്റടിച്ച് പ്രോത്സാഹിപ്പിച്ചും ജീവിച്ചു പോകുന്ന ഇവരെക്കൊണ്ട് സാമൂഹിക തലത്തിൽ പ്രത്യേക ഗുണമോ ദോഷമോ ഉണ്ടെന്ന് പറയുക വയ്യ. എന്നാൽ ജീവിതത്തിലെ കൊച്ചു കൊച്ചു സംഭവങ്ങളും സന്തോഷ സന്താപങ്ങളും പരസ്പരം പങ്ക് വെക്കുമ്പോഴുണ്ടാകുന്ന സുഖവും ആശ്വാസവും വൈയക്തിക തലത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നവയാണെന്നത് അവിതർക്കിതമാണ്. ജീവിതത്തിന്റെ കറുത്ത യാഥാർത്ഥ്യങ്ങളെയും തിക്താനുഭവങ്ങളെയും പരമാവധി മൂടി വെച്ച് നിറം പിടിപ്പിച്ച സംഭവങ്ങളും ചിത്രങ്ങളും മാത്രം പുറത്ത് കാട്ടി പ്രകടനപരതയുടെ സംസ്കാരത്തിൽ അഭിരമിക്കുന്ന ഒരു തലമുറയേയും ഇ ഇടങ്ങളിൽ കാണാൻ പറ്റും. സമൂഹ ജീവിതത്തിന്റെ മറ്റൊരു പരിച്ഛേദം തന്നെയാണ് നവമാധ്യമങ്ങളിലും നാം കാണുന്നത്.  നിത്യ ജീവിതത്തിൽ കണ്ടു വരുന്ന ശരിയും തെറ്റും താളവും താളപ്പിഴകളും നവ മാധ്യമങ്ങളിലും കാണാം. അതുകൊണ്ട് തന്നെ  സാമൂഹ്യ ജീവിതത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിന് സഹായകമാകുന്ന ഒരു ത്രീ ഡയമൻഷൻ കണ്ണാടിയെന്ന് വേണമെങ്കിൽ നവ മാധ്യമങ്ങളെ വിശേഷിപ്പിക്കുകയും ചെയ്യാം.

വാർത്താ പ്രാധാന്യമുള്ള ഒരു സംഭവം നടന്നു കഴിഞ്ഞാൽ നിമിഷങ്ങൾക്കകം അവയോടുള്ള വൈവിധ്യ പൂർണമായ പ്രതികരണങ്ങളുടെ കുത്തൊഴുക്ക് നവമാധ്യമങ്ങളിൽ കാണാം. വ്യവസ്ഥാപിത വിശകലന രീതിയുടെ ചട്ടക്കൂടുകൾക്കുള്ളിൽ സാധാരണ വന്നു പെടാത്ത അതിസൂക്ഷ്മ തലങ്ങളെപ്പോലും അതിശയിപ്പിക്കുന്ന കൃത്യതയോടെ വിശകലനം ചെയ്യുന്ന കുറിപ്പുകളും സ്റ്റാറ്റസുകളും അവയിൽ ധാരാളമുണ്ടാകും. എഡിറ്റോറിയൽ കോളങ്ങളുടെ രീതിശാസ്ത്രങ്ങൾക്ക് കീഴടങ്ങാത്ത താർക്കിക ചിന്തകളും പതിവ് ശീലങ്ങളിൽ നിന്ന് വഴിമാറി നടക്കുന്ന ബൗദ്ധിക വ്യായാമങ്ങളും കാണാൻ പറ്റും.  എഴുത്തുകാർക്കും മാധ്യമ പ്രവർത്തകർക്കും പ്രാസംഗികർക്കും എന്ന് വേണ്ട പുതുമയുള്ള ത്രെഡുകളും ആശയങ്ങളും തേടി നടക്കുന്ന ആർക്കും സോഷ്യൽ മീഡിയ വലിയ അനുഗ്രഹമാണ്. പുതുതലമുറയുടെ കാഴ്ചപ്പാടുകൾ, വേറിട്ട ചിന്തകൾ, അവരുടെ പ്രയോറിറ്റികൾ, ആനുകാലിക സംഭവങ്ങളോടുള്ള പ്രതികരണങ്ങൾ എന്നിവയെല്ലാം ചില്ലിക്കാശ് മുടക്കാതെ ലഭിക്കുന്ന ഒരിടമായിക്കൂടി സോഷ്യൽ മീഡിയ മാറിയിരിക്കുന്നു.  അത്തരം ചിന്തയുടെ പൊട്ടുകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നവർ ഇന്ന് ധാരാളമുണ്ട്. മാധ്യമപ്രവർത്തകരും എഴുത്തുകാരുമെല്ലാം അക്കൂട്ടത്തിൽ പെടും. എന്നാൽ, അതിവിദഗ്ദമായി സോഷ്യൽ മീഡിയയിൽ നിന്നും ത്രെഡുകൾ മോഷ്ടിക്കുന്നവരിൽ പലരും അത് തുറന്നു പറയാനോ, ഏറ്റവും ചുരുങ്ങിയത് നവമാധ്യമങ്ങളുടെ പങ്കിനെ തെല്ലെങ്കിലും അംഗീകരിക്കാനോ തയ്യാറാവാറില്ല എന്നതാണ് സത്യം. മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം വായനക്കാരുടെയും പ്രേക്ഷകന്റെയും പ്രതികരണങ്ങൾ അപ്പപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നു എന്നത് ഒരു അനുഗ്രഹമായി കാണുന്നതിനു പകരം സോഷ്യൽ മീഡിയയെ ശത്രുപക്ഷത്ത് നിർത്തുവാനാണ് ശ്രമിച്ചു കാണാറുള്ളത്‌. തങ്ങളുടെ ഉത്പന്നത്തെക്കുറിച്ചുള്ള ഉപഭോക്താവിന്റെ അഭിപ്രായമറിയുവാൻ വൻകിട കമ്പനികൾ കോടികൾ മുടക്കിയാണ് സർവേകൾ നടത്താറുള്ളത് എന്നോർക്കുക. ഉപഭോക്താവാണ് വിപണിയിലെ രാജാവ്. അവന്റെ പ്രതികരണങ്ങളാണ് ഉത്പാദന വിപണിയിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തു.  മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം അത് പ്രേക്ഷകരും വായനക്കാരുമാണ്. അവരുടെ പ്രതികരണങ്ങളാണ് കാൽ കാശ് ചിലവില്ലാതെ ലഭിച്ചു കൊണ്ടിരിക്കുന്നത്. അതിനെ ആ അർത്ഥത്തിൽ വിലയിരുത്താൻ സാധിച്ചാൽ സോഷ്യൽ മീഡിയയെ ശത്രുപക്ഷത്ത് നിരത്തേണ്ട ഗതികേട് വരില്ല എന്ന് ചുരുക്കം.

മുഖ്യധാരാ മാധ്യമങ്ങൾ സൗകര്യപൂർവ്വം കയ്യൊഴിഞ്ഞ നില്പ്പ് സമരങ്ങളെയും ഇരുപ്പ് സമരങ്ങളേയും പിന്തുണച്ച് ശക്തി പകർന്നത് വഴി നവമാധ്യമങ്ങൾ നേടിയെടുത്തത് പാർശ്വവത്കരിക്കപ്പെട്ടവർക്കും പരിഗണനരേഖക്ക് പുറത്താക്കപ്പെട്ടവർക്കും വേണ്ടി ശബ്ദമുയർത്തുന്നവരുടെ പൊതുഇടമെന്ന വിശ്വാസമാണ്. ശബ്ദമില്ലാത്തവന്റെ ശബ്ദമായി മാറുക വഴി തമസ്കരിക്കപ്പെടുന്ന വാർത്തകളെ ജ്വലിപ്പിച്ചു നിർത്തുവാൻ സാധാരണക്കാരനെ സഹായിക്കുന്ന ഒരു സംസ്കാരികായുധം കൂടിയായി അത് പരിവർത്തിക്കപ്പെടുന്നുണ്ട്. ആ ശക്തി തിരിച്ചറിയുന്നിടത്താണ് സോഷ്യൽ മീഡിയക്ക് വരും നാളുകളിൽ കൂടുതൽ സാധ്യതകൾ തുറക്കപ്പെടുക.  നവമാധ്യമങ്ങൾ മുന്നോട്ട് വെക്കുന്ന സമാന്തര വാർത്താ സാധ്യതകൾ  നിലവിലുള്ള മാധ്യമ സംസ്കാരത്തെ എങ്ങിനെ പരിവർത്തിപ്പിക്കുന്നുവെന്നും  അതിനെ പിറകോട്ട് തള്ളി എങ്ങിനെ മുന്നോട്ട് പോകുന്നുവെന്നും പഠന വിധേയമാക്കേണ്ടത് മാറുന്ന കാലത്തിന്റെ സ്പന്ദനങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നതിന് അനിവാര്യമാണ്. (പ്രബോധനം വാരികയിൽ പ്രസിദ്ധീകരിച്ചത്.  May 15, 2015)

Related Posts
മാറേണ്ടത് നമ്മളാണ്, ബി ബി സി യല്ല
ലാലിസം തെളിയിച്ചത് സോഷ്യൽ മീഡിയയുടെ കരുത്ത്
ആശ്രമത്തിലെ 'നരക'ക്കാഴ്ചകളും വാർത്ത മുക്കിയ മാധ്യമങ്ങളും