നെയ്യാറ്റിന്‍കര : ജയിച്ചത്‌ സഖാവ് ടി പി

ജയിച്ചത്‌ സെല്‍വരാജോ യു ഡി എഫോ അല്ല, സഖാവ് ടി പി യാണ്, അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വമാണ്. തോറ്റത് ഇടതുപക്ഷമല്ല, സി പി എം സംസ്ഥാന സമിതിയിലെ ജയരാജന്മാര്‍ നയിക്കുന്ന കൊലപാതക സബ് കമ്മറ്റിയാണ്. നാണമില്ലാത്ത ഒരു കൂറുമാറ്റക്കാരനെ ജയിപ്പിക്കാന്‍ മാത്രം വിഡ്ഢികളായിരുന്നില്ല നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാര്‍ , പക്ഷേ സഖാവ് ടി പി യുടെ ചോരകുടിച്ച് ചിരിച്ച മനുഷ്യമൃഗങ്ങളെ ഒരു പാഠം പഠിപ്പിക്കാതിരിക്കാന്‍ അവര്‍ക്കാകുമായിരുന്നില്ല. ടി പി യുടെ രക്തസാക്ഷിത്വം ഇല്ലായിരുന്നുവെങ്കില്‍ സെല്‍വരാജ് എട്ടുനിലയില്‍ പൊട്ടുമായിരുന്നു. യു ഡി എഫിലേക്ക് പോകുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യ ചെയ്യുകയാണ് എന്ന് പറഞ്ഞ ഒരു മനുഷ്യനെ യു ഡി എഫിന്റെ സ്ഥാനാര്‍ത്ഥിയായി ജയിപ്പിക്കേണ്ട ഗതികേടിലേക്ക് നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാരെ മാറ്റിയത് അമ്പത്തൊന്നു വെട്ടിന്റെ രാഷ്ട്രീയക്കോമരങ്ങളാണ്. സഖാവ് ടി പീ, താങ്കളാണ് ജയിച്ചത്‌.. താങ്കള്‍ മാത്രമാണ് ജയിച്ചത്‌.