കാന്തപുരത്തില്‍ നിന്ന് പഠിക്കേണ്ടത്

കാന്തപുരത്തിന്റെ കേരള യാത്ര അവസാനിച്ചു. മാനവികത ഉണര്‍ന്നോ ഇല്ലയോ എന്നത് വേറെ വിഷയം, പക്ഷേ യാത്ര ഗംഭീരമായിരുന്നു എന്ന് പറയാതെ വയ്യ. കാന്തപുരമാണെന്ന് കരുതി നമുക്കത് കണ്ടില്ലെന്നു നടിക്കാനാവില്ലല്ലോ. ആരെന്തൊക്കെ വിമര്‍ശനം ഉയര്‍ത്തിയാലും കാസര്‍കോട്‌ മുതല്‍ തിരുവനന്തപുരം വരെ ഒരു വലിയ ചലനമുയര്‍ത്താന്‍ കാന്തപുരത്തിന് കഴിഞ്ഞിട്ടുണ്ട്. അതിനദ്ദേഹത്തെയും പ്രവര്‍ത്തകരെയും  അഭിനന്ദിച്ചേ തീരൂ. ഞാന്‍ കൂറുമാറി എന്ന് കരുതരുത്. മുടിക്കച്ചവടത്തെക്കുറിച്ച് മുമ്പ് എഴുതിയതൊക്കെ അപ്പടി ഈ ബ്ലോഗിലുണ്ട്. ഒന്നും മായ്ച്ചു കളഞ്ഞിട്ടില്ല. ആ അഭിപ്രായങ്ങള്‍ക്ക് ഇച്ചിരി കടുപ്പം കൂടിയിട്ടുണ്ട് എന്നല്ലാതെ ഒട്ടും കുറഞ്ഞിട്ടുമില്ല. എന്ന് വെച്ചു കണ്ട കാര്യം പറയാതിരിക്കാന്‍ നിവൃത്തിയില്ല.

മാനവികതയെ ഭൂമിക്കടിയില്‍ നിന്ന് പൊക്കിക്കൊണ്ട് വരാനല്ല, മറിച്ച് മുടിപ്പള്ളിക്കെതിരെ ഉയര്‍ന്ന വ്യാപകമായ ജനവികാരത്തെ മായ്ച്ചുകളയാനായിരുന്നു ഈ യാത്രയെന്നത് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് തന്നെ കാന്തപുരത്തിന്റെ പ്രധാന എതിരാളികളായ ഇ കെ വിഭാഗം സുന്നികള്‍ ആ ലാ പോയിന്റില്‍ പിടിച്ചു ഈ യാത്രക്കെതിരെ വലിയ പ്രചാരണമൊക്കെ നടത്തിനോക്കിയിരുന്നു. പക്ഷെ അതൊന്നും വല്ലാതെ ഏശിയില്ല എന്നിടത്താണ് കാന്തപുരത്തിന്റെ മിടുക്ക് കിടക്കുന്നത്. ഇ കെ വിഭാഗം ഒരു കാര്യം മനസ്സില്‍ കാണുമ്പോള്‍ അതിന്റെ രണ്ടാഴ്ച മുമ്പ് അത് മരത്തില്‍ കണ്ടു കരുക്കള്‍ നീക്കുന്ന ആളാണ്‌ കാന്തപുരം. ഒരു കാര്യം പ്രഖ്യാപിക്കുമ്പോഴും ചെയ്യുമ്പോഴും വ്യക്തമായ പ്ലാനിങ്ങും പഠനവും നടത്തുന്നു എന്നതാണ് കാന്തപുരത്തിന്റെ പ്രത്യേകത.

പേടിക്കേണ്ട, സിറാജ് പത്രത്തിന്റെ തലക്കെട്ടാണ്!!

വളരെ ബുദ്ധിപരമായും ആസൂത്രിതമായും കാര്യങ്ങള്‍ നീക്കുന്ന ഒരു പി ആര്‍ വിഭാഗം കാന്തപുരത്തിനുണ്ട്. ഓരോ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിക്കാന്‍ അതാതു മേഖലകളിലെ വിദഗ്ധന്മാരുടെ ഒരു പാനലുണ്ട്. കാശ് കൊടുത്തിട്ടായാലും അല്ലെങ്കിലും മാധ്യമ പ്രവര്‍ത്തകരുടേയും പൊതുസ്വീകാര്യരായ വ്യക്തികളുടെയും പിന്തുണ നേടിയെടുക്കുന്നതില്‍ കാന്തപുരം വിഭാഗം കാണിക്കുന്ന കൗശലത്തിന്റെ പത്തിലൊന്ന് ലീഗിന്റെ ബി ടീമായ ഇ കെ വിഭാഗത്തിനു ഇല്ല. അവിടെയും ഇവിടെയും കൂട്ടം കൂടി നിന്ന് കുശുമ്പും കുന്നായ്മയും പറഞ്ഞു തീര്‍ക്കുന്ന ഒരു വിഭാഗമായി മാത്രമേ ഇ കെ ഗ്രൂപ്പിനെ കാണാനാവൂ. അനുയായികളുടെ എണ്ണം നോക്കിയാല്‍ കാന്തപുരം ഗ്രൂപ്പിനുള്ളതിന്റെ പത്തിരട്ടി അനുയായികള്‍ ഇ കെ ഗ്രൂപ്പിന് ഉണ്ടാകും (അല്പം ഓവറായി എന്ന് തോന്നുന്നുവെങ്കില്‍ ഒന്നോ രണ്ടോ ഇരട്ടി കുറയ്ക്കാം കെട്ടോ). പക്ഷെ കാന്തപുരം വിഭാഗം നടത്തുന്ന പ്രചാരണങ്ങളുടെ പത്തിലൊന്ന് നടത്താന്‍ അവരെക്കൊണ്ടു കഴിയില്ല. അതാണ്‌ രണ്ടു കൂട്ടരും തമ്മിലുള്ള വ്യത്യാസം.

കാന്തപുരത്തിന്റെ യാത്രക്ക് സമാന്തരമായി വിമോചന യാത്ര എന്ന പേരില്‍ ഇ കെ വിഭാഗം ഒരു യാത്ര ഇപ്പോള്‍ നടത്തുന്നുണ്ട്. പക്ഷെ അതിന്റെ കാര്യം കട്ടപ്പൊകയാണ്‌. വെയില് കൊണ്ട് കുറെ വെള്ളം കുടിക്കുന്നു എന്നതല്ലാതെ മറ്റെന്തെങ്കിലും ചലനം ആ പാവങ്ങളെക്കൊണ്ട് ഉണ്ടാക്കാന്‍ കഴിയുമോ എന്നറിയില്ല. കേരള യാത്രക്ക് കാന്തപുരം ഇറക്കുമതി ചെയ്ത ജി എം സി കാര്‍ ഉപയോഗിച്ചതിലാണ് ഇ കെ വിഭാഗത്തിന് വലിയ പരാതിയുള്ളത്. ഇറക്കുമതി ചെയ്ത മൊബൈലും ഇറക്കുമതി ചെയ്ത തലേക്കെട്ടും ഇ കെ വിഭാഗത്തിനു ഉപയോഗിക്കാമെങ്കില്‍ ഇറക്കുമതി ചെയ്ത കാര്‍ കാന്തപുരത്തിനും ഉപയോഗിച്ചു കൂടെ. കയ്യില്‍ കാശുണ്ടെങ്കില്‍ ജി എം സി യല്ല, സാക്ഷാല്‍ റോള്‍സ് റോയിസ് തന്നെ ഇ കെ ക്കാര്‍ വാങ്ങുമെന്നതിനു സംശയമൊന്നുമില്ല. കാശില്ലാത്തത് കൊണ്ട് മാത്രമാണ് അവര്‍ മാരുതി 800 ഉം നാനോയും കൊണ്ട് തൃപ്തിപ്പെടുന്നത്.


സമ്മേളനത്തിന് ആളെക്കൂട്ടാന്‍ കാന്തപുരം ഒരു തീവണ്ടി തന്നെ ചാര്‍ട്ടര്‍ ചെയ്തു. പതിനേഴു കോച്ചുള്ള ഒരു തീവണ്ടിയാണ് മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തു എത്തിയത്. ഗള്‍ഫില്‍ നിന്നുള്ള പ്രവര്‍ത്തകരുമായി ചാര്‍ട്ടര്‍ ചെയ്ത രണ്ടു വിമാനങ്ങളും തിരുവനന്തപുരത്തു പറന്നിറങ്ങി. ദുഷ്ടനെ ദൈവം പനപോലെ വളര്‍ത്തും എന്ന് പറഞ്ഞു ഇ കെ കാര്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ടെങ്കിലും കാന്തപുരത്തെ അത്ര എളുപ്പത്തില്‍ എഴുതിത്തള്ളാന്‍ കഴിയില്ല എന്ന് തന്നെയാണ് കേരള യാത്ര തെളിയിക്കുന്നത്. ലീഗിനെതിരെ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന ആര്യാടന്‍ മുഹമ്മദിനെയും മുരളീധരനെയും വേദിയുടെ മുന്‍നിരയില്‍ ഇരുത്തിയാണ്‌ കാന്തപുരം സമാപന സമ്മേളനത്തില്‍ പ്രസംഗിച്ചത്. ഈ യാത്രയെ എതിര്‍ത്തുകൊണ്ടേയിരുന്ന ഇ കെ വിഭാഗം സുന്നികള്‍ക്കും ലീഗിനും ഇതിലപ്പുറം മനോഹരമായ ഒരു മറുപടി വേറെയുണ്ടോ?

പ്രവര്‍ത്തന രംഗത്തെ ഊര്‍ജ്ജസ്വലതക്കും കൗശലത്തിനും  കാന്തപുരത്തില്‍ നിന്ന് ഇ കെ കാര്‍ക്ക് മാത്രമല്ല എല്ലാ വിഭാഗം മുസ്ലിം സംഘടനകള്‍ക്കും ഏറെ പഠിക്കാനുണ്ട്. കാന്തപുരത്തില്‍ നിന്ന് പഠിക്കേണ്ടത് മതത്തെയും പ്രവാചകനെയും എങ്ങനെ വിറ്റ് കാശാക്കാം എന്ന അദ്ദേഹത്തിന്‍റെ ട്രേഡ് മാര്‍ക്ക് സൂത്രങ്ങളല്ല, മറിച്ച് പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച് പദ്ധതികളും പ്രവര്‍ത്തങ്ങളും എങ്ങനെ വിജയിപ്പിച്ചെടുക്കാമെന്നതാണ്. മാധ്യമങ്ങളെയും പ്രചാരണങ്ങളെയും എങ്ങിനെ കൈപ്പിടിയില്‍ ഒതുക്കാം എന്നതാണ്. എല്ലാ മുസ്ലിം സംഘടനകളുടെയും അടുത്ത പ്രവര്‍ത്തക സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതിനായി എന്റെ ഈ പോസ്റ്റ്‌ ഫ്രീയായി സമര്‍പ്പിച്ചു കൊണ്ടും കാന്തപുരം ഉസ്താദിന് ഒരിക്കല്‍ കൂടി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ടും നിറുത്തുന്നു.

മ്യാവൂ. : ഉസ്താദേ, ഇങ്ങനെയുള്ള പോസ്റ്റുകള്‍ ഇനിയും എഴുതാന്‍ ഞാന്‍ റെഡിയാണ്. മുടിപ്പള്ളിക്ക് മുന്‍വശം രണ്ടു സെന്റ്‌ ഭൂമി ...ങ്ങ്യാ ഹ.ഹ..

Related Posts
തിരുകേശപ്പള്ളി: വൈ ദിസ്‌ കൊലവെറി?
പിണറായിക്കൊരു റെഡ് സല്യൂട്ട്!
കത്തുന്ന മുടി, കത്തുന്ന വിവാദം.