കേരളത്തിന് അവലോസുണ്ട !!

ഭൂമിയില്‍ മറ്റെല്ലാത്തിനും വില കൂടുമ്പോള്‍ റെയില്‍വേ ടിക്കറ്റിനു മാത്രം വില കൂട്ടാന്‍ പാടില്ല എന്ന് പറയുന്നതില്‍ എത്ര മാത്രം ഔചിത്യമുണ്ട്?. റെയില്‍വേയെ  നഷ്ടത്തിലോടുന്ന ഒരു പൊതുമേഖല സ്ഥാപനമാക്കി ഇന്നുള്ള സര്‍വീസുകള്‍ കൂടി അവതാളത്തിലാക്കിയാല്‍ ആത്യന്തിക നഷ്ടം ആര്‍ക്കാണ്? ആഡംബര കാറുകളും ഹെലിക്കോപ്റ്ററുകളും സ്വന്തമായുള്ള ദേശീയ നേതാക്കന്മാര്‍ക്ക് ഒരു പക്ഷെ റെയില്‍വേ ഇല്ലെങ്കിലും ജീവിച്ചു പോകാന്‍ പറ്റിയേക്കും. പക്ഷെ ഈ പൊതുമേഖല സ്ഥാപനത്തെ നിലനിര്‍ത്തേണ്ടത് ഇന്നാട്ടിലെ സാധാരണക്കാരന്റെ ആവശ്യമാണ്‌. ഒരുകാലത്തും റെയില്‍വേയുടെ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ പാടില്ല എന്ന വാശിയില്‍  മമത ബാനര്‍ജി കളിക്കുന്ന നാടകം ശുദ്ധ തോന്നിവാസമാണ്. അയമ്മയുടെ സാരിത്തുമ്പിലാണ് കോണ്‍ഗ്രസ്സിനെപ്പോലൊരു ദേശീയ പാര്‍ട്ടിയുടെ നട്ടെല്ല് കെട്ടിയിട്ടിരിക്കുന്നത് എന്ന് കാണുമ്പോള്‍ സഹതാപമുണ്ട്.

വില വര്‍ദ്ധനയെ ന്യായീകരിക്കുകയല്ല. പക്ഷെ ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കിലോമീറ്ററിന് രണ്ടു പൈസ വര്‍ദ്ധിപ്പിക്കുമ്പോള്‍ ഇത്രമാത്രം ബഹളത്തിന്റെ ആവശ്യമുണ്ടോ? സാധാരണക്കാര്‍ ഏറെ ഉപയോഗിക്കുന്ന സബര്‍ബന്‍, സെക്കണ്ട് ക്ലാസ് ട്രെയിനുകളില്‍ രണ്ടു പൈസയുടെ വര്‍ദ്ധനവാണ് ഇപ്പോള്‍ വരുത്തിയിട്ടുള്ളത്. എക്സ്പ്രസ് സെക്കന്റ്‌ ക്ലാസ് നിരക്കുകളില്‍ മൂന്നു പൈസയും സ്ലീപ്പര്‍ ക്ലാസ്സില്‍ അഞ്ചു പൈസയും. പത്തു പൈസ മുതല്‍ മുപ്പതു വരെ ആപേക്ഷികമായി വലിയ വര്‍ദ്ധന ഉള്ളത് എ സി ക്ലാസ്സുകളിലെ നിരക്കുകളിലാണ്.  കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലത്തിനിടക്ക് ബസ് നിരക്കുകളില്‍ കിലോമീറ്ററിന് എത്ര പൈസയുടെ വര്‍ദ്ധനവ്‌ ഉണ്ടായിട്ടുണ്ട് എന്ന് തട്ടിച്ചു നോക്കിയാല്‍ റെയില്‍വേ നിരക്കുകളുടെ അവസ്ഥ നമുക്ക് ബോധ്യപ്പെടും. ഒരൊറ്റ ഉദാഹരണം പറയാം. വള്ളിക്കുന്ന് നിന്നും കോഴിക്കോട്ടേക്ക് ട്രെയിന്‍ ടിക്കറ്റിനു മൂന്നു രൂപയാണ്. ഏകദേശം 20 കിലോമീറ്റര്‍ ദൂരമുണ്ടാകും. ബസ്സ്‌ ടിക്കറ്റിനു അതിന്റെ അഞ്ചിരട്ടി കൊടുക്കണം. ഇപ്പോഴുള്ള നിരക്ക് മൂന്നു രൂപയില്‍ നിന്ന് നാല് രൂപ ആയാലും ഒരു തവണ ബസ്സിനു പോകുന്ന പൈസ കൊണ്ട് നാല് തവണ ട്രെയിനിനു പോകാം. ഇത്തരമൊരു നിരക്ക് വര്‍ദ്ധന വരുത്തിയതിനു ഒരു മന്ത്രിയെ ബജറ്റ് അവതരിപ്പിച്ചതിന്റെ പിറ്റേ ദിവസം തന്നെ പുറത്താക്കണം എങ്കില്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും എത്ര മന്ത്രിമാരെ നമുക്ക് ആ സ്ഥാനങ്ങളില്‍ ഇരുത്താന്‍ പറ്റും. 

റെയില്‍വേയുടെ പ്രധാന വരുമാനം ചരക്കു കൂലിയില്‍ നിന്നാണ്. അവയുടെ വര്‍ദ്ധനവിനെക്കുറിച്ച് വ്യാകുലപ്പെടാത്ത രാഷ്ട്രീയക്കാര്‍ വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ കളികള്‍ക്ക് വേണ്ടിയാണ് യാത്രാ നിരക്കുകളിലുള്ള കാലോചിത വര്‍ദ്ധനക്കെതിരെ ചന്ദ്രഹാസം ഇളക്കുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന മിതമായ വില വര്‍ദ്ധനവ്‌ വരുത്തി റെയില്‍വേയുടെ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുകയും ഇരട്ടപ്പാതകളുടെ നിര്‍മാണം, വൈദ്യതീകരണം എന്നിവ ത്വരിതപ്പെടുത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്‌. പൊട്ടിപ്പൊളിഞ്ഞ കമ്പാര്‍ട്ട്മെന്റുകളും കയറാന്‍ അറപ്പുളവാക്കുന്ന കക്കൂസുകളും ശോചനീയമായ പ്ലാറ്റ്ഫോമുകളുമൊക്കെ കാലോചിതമായ പരിഷ്കാരങ്ങള്‍ക്ക് വിധേയമാകേണ്ടാതുണ്ട്. ഇവക്കൊക്കെ പണം കണ്ടെത്താന്‍ കഴിയാനാവാതെ ഇന്ത്യന്‍ റെയില്‍വേയെ പാപ്പരാക്കി നിറുത്തുന്നത് കൊണ്ട് അല്പം വോട്ടു ലഭിച്ചേക്കാം, പക്ഷേ അത് ഈ നാടിന്റെ അടിസ്ഥാന യാത്രാ സൗകര്യ വികസനത്തിന്റെ കടക്കല്‍ കത്തി വെക്കലാവും.          


കേരളത്തെ തീര്‍ത്തും അവഗണിച്ച റെയില്‍വെ ബജറ്റിനെ ഇപ്പഹയന്‍ ന്യായീകരിക്കുകയാണ് എന്ന് പറഞ്ഞു കത്തിയൂരരുത്. കേരളത്തിനു കിട്ടിയ അവലോസുണ്ടയില്‍ തികഞ്ഞ വിഷമമുണ്ട്. സോണിയ ഗാന്ധിയുടെ ഇടത്തും വലത്തും കുത്തിയിരിക്കുന്ന നാലഞ്ചു കൊഞ്ഞാണന്‍ മന്ത്രിമാര്‍ നമുക്കുണ്ട്. കേരളത്തിനു വേണ്ടി വായ തുറന്നു നാലക്ഷരം മിണ്ടുവാന്‍ കെല്‍പ്പില്ലാത്ത ഇത്തരക്കാര്‍ നൂറെണ്ണം കേന്ദ്രത്തില്‍ ഉണ്ടായിട്ടും കാര്യമില്ല.  ബഹളം വെക്കുന്നവന്റെ വീതിച്ചെടുക്കലാണ് കേന്ദ്രത്തില്‍ നടക്കുന്നത്. കൂടുതല്‍ ഒച്ചയുണ്ടാക്കുന്ന ബംഗാളിന് കൂടുതല്‍ ഓഹരി. അതിനു താഴെ ഒച്ചയുണ്ടാക്കുന്ന തമിഴ്നാടിനു രണ്ടാമത്തെ ഓഹരി. മിണ്ടാതെ വായ കെട്ടി ഇരിക്കുന്ന കേരളത്തിന് അവസാന ഓഹരി.

ബജറ്റ് അവതരിപ്പിക്കുന്നതിന്റെ തലേന്ന് ടി വി ചാനലുകളില്‍ കയറി വീരശൂര പരാക്രമികളാകുന്ന എം പി മാര്‍ ബാക്കി മുന്നൂറ്റി അറുപത്തഞ്ചു ദിവസവും  ടി എ യും ഡി എ യും എഴുതി എടുക്കുന്ന തിരക്കിലായിരിക്കും. ബജറ്റ് കഴിഞ്ഞ ശേഷം അവലോസുണ്ടയും പിടിച്ചു ഒരു കൂട്ടക്കരച്ചിലാണ്!!!. എന്ത് പറയാന്‍. ഇതൊക്കെയാണ് കേരളത്തിന്റെ വിധി. ഇടതും വലതുമൊക്കെ ഇക്കാര്യത്തില്‍ കണക്കാണ്. അവനവന്റെ വയറ്റിനുള്ളിലേക്ക് മാക്സിമം കുത്തിനിറക്കുക എന്നതിലപ്പുറമുള്ള ഒരു പോളിസിയും  ആരില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. അടച്ചാക്ഷേപിക്കുകയല്ല, ഒന്നോ രണ്ടോ അപവാദങ്ങള്‍ ഏതെങ്കിലും പാര്‍ട്ടികളില്‍ കാണുമായിരിക്കും. പക്ഷേ കേരളം അനുഭവിക്കുന്ന നിരന്തര അവഗണനയുടെ തീക്ഷണത കുറക്കാന്‍ അവരെക്കൊണ്ടു മാത്രം കഴിയില്ല. 

Related Posts
ശമ്പളം ഇത് മതിയോ എംപിമാരേ?