സ്വാശ്രയം ആശ്രയായ നമഹ...

മഴക്കാലത്ത് തവളകള്‍ ഇറങ്ങുന്ന പോലെയാണ് യു ഡി എഫ് കാലത്ത് എസ് എഫ് ഐ ക്കാര്‍ ഇറങ്ങുക. നാല് മഴ ശരിക്ക് പെയ്താല്‍ തോട്ടിലും കുളത്തിലും പാടത്തുമെല്ലാം തവളകളുടെ ഒടുക്കത്തെ ശബ്ദകോലാഹലം തുടങ്ങും. ഇവറ്റകളൊക്കെ ഇത്രകാലം ഏതു അടുപ്പിലായിരുന്നു എന്ന് ചോദിക്കാന്‍ തോന്നിപ്പോകും ചിലപ്പോള്‍ . അത്ര പരാക്രമമാണ് ഒറ്റ മഴ കിട്ടിയാല്‍ തുടങ്ങുക. കഴിഞ്ഞ അഞ്ചു വര്‍ഷം  ലോക്കല്‍ കമ്മറ്റികളുടെ ചുരിദാറിനുള്ളില്‍ ഒളിച്ചിരുന്ന് പൊട്ടന്‍ കളിച്ച കുട്ടിസഖാക്കള്‍ യു ഡി എഫ് മഴ കിട്ടിയപ്പോള്‍ പരാക്രമം നടത്താന്‍ പുറത്തു വന്നു തുടങ്ങി. സ്വാശ്രയ നിയമത്തില്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും പുതുതായി ഒരു നിയമവും കൊണ്ടുവന്നിട്ടില്ല. കഴിഞ്ഞ അഞ്ചു വര്‍ഷം വീ എസ്സും സംഘവും കളിച്ച അതേ തിരക്കഥയും ഡപ്പാംകൂത്ത് ഡാന്‍സും തന്നെയാണ് ചാണ്ടിയും കൂട്ടരും കളിച്ചു കൊണ്ടിരിക്കുന്നത്.

സമരം ചെയ്യുന്നത് കോണ്‍ഗ്രസ്‌ ആയാലും സഖാക്കള്‍ ആയാലും അതിനൊരു മിനിമം മാന്യത വേണം. പൊതുമുതല്‍ നശിപ്പിക്കുകയും പോലീസുകാരന്റെ കഴുത്തിനു പിടിക്കുകയും ചെയ്‌താല്‍ മാത്രമേ സമരമാവൂ എന്ന് ധരിക്കുന്നത് ശരിയല്ല. ആ ധാരണയോടെ സമരം ചെയ്യുന്നവന് പൊതിരെ തല്ലു കിട്ടുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല. മാത്രമല്ല തല്ലിയ പോലീസുകാരന് ഡബിള്‍ പ്രൊമോഷന്‍ കൊടുക്കണം എന്ന അഭിപ്രായക്കാരന്‍ കൂടിയാണ് ഞാന്‍ . പോലീസുകാരും മനുഷ്യരാണ്. അവര്‍ക്ക് നേരെ പെട്രോള്‍ ബോംബും കരിങ്കല്ലുകളും എറിയുമ്പോള്‍ റോസാപ്പൂവ് വെച്ച ബൊക്കയായിരിക്കില്ല തിരിച്ചു കിട്ടുന്നത് എന്ന് മനസ്സിലാക്കാന്‍ പോളിറ്റ് ബ്യൂറോയുടെ റിപ്പോര്‍ട്ടിന് കാത്തിരിക്കേണ്ടതില്ല.  വിദ്യാര്‍ത്ഥി സമരങ്ങളെ പോലീസ് ബലം പ്രയോഗിച്ചു നേരിടുന്നതിനെ ഞാന്‍ ന്യായീകരിക്കുകയല്ല. പക്ഷെ അടി ചോദിച്ചു വാങ്ങരുത് എന്ന് മാത്രമാണ് പറയുന്നത്. നിയമ പാലനത്തിന് നില്‍ക്കുന്ന പാവം പോലീസുകാരന്റെ തലമണ്ട എറിഞ്ഞു പൊട്ടിക്കാന്‍ നോക്കുന്നവനെ ലാത്തി കൊണ്ടല്ല ഇരുമ്പുലക്ക കൊണ്ടാണ് അടിക്കേണ്ടത്. അങ്ങനെ നാല് അടി കിട്ടിയാല്‍ പിന്നെ എറിയാന്‍ കല്ലെടുക്കുന്നതിനു മുമ്പ് രണ്ടു വട്ടം ഒന്നാലോചിക്കും. ആലോചിക്കണം.

കാശില്‍ തൊട്ടുള്ള ഒരു കളിക്കും ഇന്റര്‍ചര്‍ച്ചുകാര്‍ തയ്യാറാകില്ല എന്നത് ഏതു പൊട്ടനും അറിയാവുന്ന കാര്യമാണ്. കീശയില്‍ കാശ് വന്ന ശേഷമുള്ള ജനസേവനമേ അവര്‍ക്കറിയൂ. തുട്ടു കിട്ടാതെയുള്ള ചര്‍ച്ചും ചര്‍ച്ചയുമൊന്നും അവരുടെ കലണ്ടറില്‍ ഇല്ല. അത് മുന്‍കൂട്ടി കണ്ടു നിയമനിര്‍മാണങ്ങള്‍ നടത്തേണ്ടത് നിയമസഭയില്‍ ഇരിക്കുന്ന -- -- ന്മാരാണ്. കൊല്ലം മുഴുവന്‍ അവിടെയിരുന്നു ഉറങ്ങിക്കഴിച്ചവര്‍ പ്രവേശനത്തിന്റെ തലേന്ന് കോടതിയില്‍ പോയിട്ട് കാര്യമില്ല. ഉള്ള നിയമത്തിനനുസരിച്ചേ കോടതി വിധി പറയൂ. ശീമക്കൊന്നയുടെ തുഞ്ചില്‍ കയറി ആപ്പിള്‍ പറിച്ചെടുക്കാന്‍ കഴിയില്ല. ആദ്യം നിയമം ഉണ്ടാക്കിയ ശേഷമാണ് അനുസരിപ്പിക്കാനുള്ള വടിയുമായി ഇറങ്ങേണ്ടത്. ആ ഒരു വിവേകം സര്‍ക്കാറുകള്‍ക്കുണ്ടായാല്‍ ഒരു ചര്‍ച്ചുകാരനും വാല് പൊക്കില്ല. ഒരു എം ഇ എസ്സുകാരനും വായിട്ടലക്കില്ല. നൂറു സീറ്റില്‍ ഇത്ര സീറ്റ് തുട്ടിന്, ഇത്ര സീറ്റ് മാര്‍ക്കിന്. തുട്ടിന് ഫീസ്‌ ഇത്ര. മാര്‍ക്കിന് ഫീസ്‌ ഇത്ര. അത് ആര്‍ക്കും മനസ്സിലാവുന്ന ഭാഷയില്‍ രണ്ടു വരിയില്‍ എഴുതി ഒരു നിയമമാക്കുക. തീര്‍ന്നു. അത്രയേയുള്ളൂ പ്രശ്നം. അത് ചെയ്യാതെ തെക്കോട്ടും വടക്കോട്ടും ചര്‍ച്ചക്ക് പോയിട്ട് കാര്യമില്ല.


വൈരുദ്ധ്യാത്മക ഭൌതിക വാദം എന്താണെന്ന് മനസ്സിലാകാത്തവര്‍ ആരെങ്കിലും ബാക്കിയുണ്ടെങ്കില്‍ അവര്‍ക്ക് അത് എളുപ്പത്തില്‍ മനസ്സിലാക്കാനുള്ള ഒരവസരമാണ് പരിയാരം സഖാക്കള്‍ നല്‍കിയിരിക്കുന്നത്. കാശുമായി ബന്ധപ്പെട്ട ഭൗതിക കാര്യങ്ങള്‍ക്ക് വേണ്ടി അല്പം വൈരുദ്ധ്യത്തെ അഡ്ജസ്റ്റ് ചെയ്യുന്നതിനെയാണ് വൈരുദ്ധ്യാത്മക ഭൌതിക വാദം എന്ന് വിളിക്കുന്നത്‌. കൈക്കൂലി കൊടുക്കുന്നവന്‍ പുറത്തും അത് വാങ്ങുന്നവന്‍ അകത്തുമാകുന്ന ഒരു പ്രതിഭാസമാണ് അത്. മകള്‍ക്ക് സീറ്റ് വാങ്ങാന്‍ അമ്പതു ലക്ഷം കോഴ കൊടുക്കേണ്ടിവന്ന സഖാവ് വി വി രമേശന്‍ എലിമിനേഷന്‍ റൌണ്ടില്‍ OUT. കാശ് വാങ്ങി പെട്ടിയിലിട്ട സമര സഖാവ് IN. ഐഡിയ സ്റ്റാര്‍ സിംഗറിലെ രഞ്ജിനി പോലും കയ്യടിച്ചു പോകുന്ന എലിമിനേഷന്‍ ആണിത്. ഭൗതികവാദം ഇനിയും മനസ്സിലാകാത്തവര്‍ ഉണ്ടെങ്കില്‍ ഊളമ്പാറയില്‍ തുടങ്ങുന്ന പുതിയ സ്വാശ്രയ കോഴ്സിനു ഫീസടച്ച് ചേരണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

സ്വാശ്രയത്തെ വയറ്റുപ്പിഴപ്പിനുള്ള ആശ്രയമാക്കുന്ന മാനേജ്മെന്റുകള്‍ , ഒരു രക്തസാക്ഷിയെ ഒപ്പിച്ചെടുക്കാന്‍ സ്വാശ്രയത്തെ ആശ്രയിക്കുന്ന സമരക്കാര്‍ , സ്വന്തക്കാര്‍ക്കു ലൈസന്‍സ് നല്‍കി നാല് സ്വാശ്രയ  തുട്ടുണ്ടാക്കാന്‍ ശ്രമിക്കുന്ന ഭരണക്കാര്‍ .. സ്വാശ്രയം എല്ലാവര്‍ക്കും ആശ്രയമാണ്.. സ്വാശ്രയം ആശ്രയായ നമഹ...

Related Posts
പരിയാരത്തെ ശുംഭന്മാരും പാവം NRI കളും