എന്തോ സള്‍ഫാന്‍, ഏതോ മന്ത്രി!

എന്‍ഡോസള്‍ഫാനെതിരെ നാല് വാക്ക് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനാണ്. അത് മാങ്ങാത്തൊലിയാണോ അതോ തേങ്ങാക്കുലയാണോ എന്ന് അറിയാത്തവര്‍ പോലും പ്രതിഷേധവുമായി രംഗത്തുണ്ട്. ഇപ്പോള്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ഈ പ്രകടനത്തില്‍ പങ്കെടുത്തേ പറ്റൂ. അതുകൊണ്ടാണ്  ഇടിച്ചു കയറി ഞാനും പോസ്റ്റ് ഇടുന്നത് . ഇത്രയും വായിച്ചപ്പോഴേക്ക് നിങ്ങളൊരു നിഗമനത്തില്‍ എത്തിക്കാണും. ഈ പഹയന്‍ എന്‍ഡോസള്‍ഫാന്റെ ആളാണ് എന്ന്. ഐ ഒബ്ജക്റ്റ് യുവര്‍ നിഗമനം.


എന്‍ഡോസള്‍ഫാന്‍ ഉണ്ടാക്കി വില്‍ക്കുന്ന ഒരു കമ്പനിയിലും എനിക്കോ എന്റെ അളിയന്മാര്‍ക്കോ ഒരു രൂപയുടെ ഷെയര്‍ പോലുമില്ല. കേന്ദ്ര കൃഷി മന്ത്രിക്കോ അദ്ദേഹത്തിന്‍റെ കുമ്പളങ്ങ സഹമന്ത്രിമാര്‍ക്കോ എന്‍ഡോസള്‍ഫാനില്‍ നിന്നും മുറക്ക് ശമ്പളം കിട്ടുന്നുണ്ടായിരിക്കാം. എനിക്കോ അളിയന്മാര്‍ക്കോ ഇതുവരെ ഒന്നും കിട്ടിയിട്ടില്ല!. അതുകൊണ്ട് തന്നെ ഈ വിഷ മരുന്നിന്റെ കൂടെ നില്‍ക്കേണ്ട ആവശ്യവും എനിക്കില്ല!. എന്‍ഡോസള്‍ഫാന്‍ എത്രയും പെട്ടെന്ന് നിരോധിക്കണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. പക്ഷേ, കേരളത്തില്‍ ജനിച്ചു വീഴുന്ന അംഗവൈകല്യമുള്ള എല്ലാ കുട്ടികളെയും എന്‍ഡോസള്‍ഫാന്റെ അക്കൌണ്ടില്‍ എഴുതുന്നത്‌ ശരിയല്ല എന്നൊരു അഭിപ്രായവും എനിക്കുണ്ട്. അത്തരമൊരു പ്രചാരണമാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നമ്മുടെ കൃഷികള്‍ക്കും വിളകള്‍ക്കും തളിച്ച് കൊണ്ടിരിക്കുന്ന ആയിരം വിഷ മരുന്നുകളില്‍ ഒന്ന് മാത്രമാണ് എന്‍ഡോസള്‍ഫാന്‍. നാട്ടില്‍ ആര് കളവു നടത്തിയാലും കോഴി വാസുവിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്ന പോലെയുള്ള ഒരു ഏര്‍പാടാണ് ഇപ്പോള്‍ എന്‍ഡോസള്‍ഫാന്റെ പേരില്‍ നടക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു കഴിഞ്ഞാല്‍ എല്ലാം ശുഭമായി എന്ന മട്ടിലാണ് പ്രചാരണങ്ങള്‍ . ഒരു സള്‍ഫാന്‍ പോയാല്‍ അതിനേക്കാള്‍ വലിയ ഒരു സള്‍ഫാന്‍ വരും എന്ന കാര്യം ഉറപ്പാണ്.  എന്‍ഡോസള്‍ഫാനെതിരെയുള്ള സമരങ്ങള്‍ക്ക് വിപണിയിലെ അതിന്റെ എതിരാളികളായ വിദേശ കുത്തകകളുടെ ഫണ്ടിംഗ് ലഭിക്കുന്നുണ്ട് എന്ന ആരോപണം ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട്. എന്‍ഡോസള്‍ഫാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുകയും ഉത്പാദിപ്പിക്കുകയും അത് കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. നാല്പതു മില്യണ്‍ ഡോളറിന്റെ എന്‍ഡോസള്‍ഫാന്‍ ആണ് ഇന്ത്യ പ്രതിവര്‍ഷം കയറ്റുമതി ചെയ്യുന്നത്. തീര്‍ച്ചയായും ഈ വിപണി കയ്യടക്കാനുള്ള വിദേശ കുത്തകകളുടെ നീക്കങ്ങളും നമ്മളറിയാതെ ഈ സമരത്തിനു പിന്നില്‍ ഉണ്ടായെന്നു വരാം. ഒരു കുട്ടിപ്പിശാചിനെ നാടുകടത്തി മറ്റൊരു തന്തപ്പിശാചിനെ കൊണ്ടുവരാനുള്ള സമരമായി ഈ പ്രക്ഷോഭങ്ങള്‍ മാറാതിരിക്കണമെങ്കില്‍ നമ്മുടെ കര്‍ഷകരുടെ തന്നെ തെറ്റായ കാഴ്ച്ചപ്പാടുകള്‍ക്കെതിരെയുള്ള സമരമായിക്കൂടി ഇതിനെ വളര്‍ത്തിയെടുക്കാന്‍ കഴിയണം.
ഒരു എന്‍ഡോസള്‍ഫാന്‍ മാത്രമല്ല നമ്മുടെ പ്രശ്നം. ആ ജനുസ്സില്‍ പെടുന്ന മാരകമായ നിരവധി കീടനാശിനികള്‍ നാം ദിവസവും കഴിക്കുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും തളിക്കപ്പെടുന്നുണ്ട്. അതൊക്കെയും ജനിതകമായ തകരാറുകളും പാരിസ്ഥിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നുമുണ്ട്‌. കാറ്റുപിടിക്കുന്ന സമരത്തിന്റെ ഈ പായ്ക്കപ്പലിനെ എന്‍ഡോസള്‍ഫാനുമപ്പുറത്തെ ഒരു തീരത്തേക്ക് കൊണ്ടുപോവുകയാണ്‌ ഇപ്പോള്‍ വേണ്ടത്.   

കേരളവും കര്‍ണാടകയും ഈ മരുന്ന് നിരോധിച്ചെങ്കില്‍ അത് നിരോധിക്കാത്ത സംസ്ഥാനങ്ങളാണ് ഇന്ത്യ മുഴുവനും ഉള്ളത്. അവിടെയൊക്കെ എന്‍ഡോസള്‍ഫാന്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. അവിടങ്ങളില്‍ കാസര്‍ക്കോട്ടിലേത് പോലെ ജനിതക വൈകല്യങ്ങളുള്ള കുട്ടികള്‍ ഉണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. ഇല്ല എങ്കില്‍ നമ്മള്‍ കാണിച്ചുകൊണ്ടിരിക്കുന്ന സെന്‍സേഷനല്‍ ചിത്രങ്ങളും സ്റ്റോറികളും മറ്റേതെങ്കിലും കുത്തകകള്‍ക്ക് ഈ സമരത്തെ ഹൈജാക്ക് ചെയ്യാനുള്ള ആയുധങ്ങളായി മാറരുത്. എന്‍ഡോസള്‍ഫാന്‍ എന്നാല്‍ വലിയ തലയും ചെറിയ ഉടലുമുള്ള പാവം നാല് കുട്ടികള്‍ മാത്രമല്ലെന്നും നമ്മുടെ കാര്‍ഷിക അവബോധത്തിന്റെയും കാഴ്ചപ്പാടിന്റെയും കൂടി ഭാഗമാണ് അതെന്നും ആദ്യം മനസ്സിലാക്കേണ്ടത് നമ്മുടെ മാധ്യമങ്ങള്‍ തന്നെയാണ്.


ഇലക്ഷന്‍ റിസള്‍ട്ട് വരുന്നത് വരെയുള്ള  ഗ്യാപ്പില്‍ ആഘോഷിക്കാന്‍ കിട്ടിയ ഒരു കരിമരുന്നായി എന്‍ഡോസള്‍ഫാന്‍ സമരത്തെ കാണുന്നതിനപ്പുറം അതിനു ചില മാനങ്ങള്‍ നല്‍കാന്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍ക്കുന്ന സംഘടനകള്‍ക്കും അത്തരമൊരു ദിശാബോധം വേണം. 'എന്തോ സള്‍ഫാന്‍, ഏതോ മന്ത്രി' എന്ന മട്ടില്‍ കഥയറിയാതെ ആട്ടം കാണുന്നവരായി സമരക്കാര്‍ മാറരുത്.  നമ്മുടെ മാധ്യമങ്ങളുടെ സ്വഭാവം അറിയാവുന്നത് കൊണ്ട് ഉറപ്പിച്ചു പറയാന്‍ പറ്റുന്ന കാര്യം റിസള്‍ട്ട്‌ അടുത്താല്‍ സള്‍ഫാനെ തിരിയിട്ടു തിരഞ്ഞാല്‍ കിട്ടില്ല എന്നതാണ്!!. വി എസ്സും ചാണ്ടിയും വീണ്ടും രംഗം കീഴടക്കും. വിള നശിപ്പിക്കുന്ന കീടങ്ങള്‍ക്കെതിരെ ഫലപ്രദമായ ജൈവ മരുന്നുകള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകാത്ത പക്ഷം ഇത്തരം സമരങ്ങള്‍ ഒരു പിശാചിന് മറ്റൊരു പിശാചിനെ പകരം വെക്കുന്ന അഭ്യാസമായി മാറുകയേയുള്ളൂ.എന്‍ഡോസള്‍ഫാനെതിരെയുള്ള ഈ പൊതുജന വികാരം വിനാശകാരികളായ മുഴുവന്‍ കീടനാശിനികള്‍ക്കെതിരെയും തിരിച്ചു വിടാന്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞാല്‍ അതായിരിക്കും കൂടുതല്‍ സൃഷ്ടിപരമായ സാമൂഹ്യ ഇടപെടലായി വിലയിരുത്തപ്പെടുക.

മ്യാവൂ: കേന്ദ്ര കൃഷി മന്ത്രിയുടെ മുഖത്തിന്റെ ഷെയ്പ്പ് ഇപ്പോള്‍ തന്നെ ശരിയല്ല. സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍  എന്‍ഡോസള്‍ഫാന് അനുകൂലമായ തീരുമാനവുമായി അദ്ദേഹം മുന്നോട്ടു പോകുന്ന പക്ഷം ആ ഷെയ്പ്പ് ഇനിയും വഷളാകാനുള്ള സാധ്യതയുണ്ട്!!.  ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. ജനിതകമാറ്റം വരുമെന്നാണ്!!..                       ഐ ലവ് യു പറയേണ്ടതെങ്ങിനെ?