അണ്ണാ ഹസാരെ മരിച്ചിട്ടില്ല

അണ്ണാ ഹസാരെ ഒരു തരംഗമാവുകയാണ്. പൊതുമുതല്‍ കട്ടുതിന്നുന്നവര്‍ക്കെതിരെ ജന്തര്‍ മന്ദറിലെ സമരപ്പന്തലില്‍ നിന്നും ഒരു സുനാമിത്തിര പുറപ്പെട്ടു കഴിഞ്ഞു!. കാറ്റ് പിടിച്ചു വരുന്ന ഈ 'ഹസാരെ' തിരയിളക്കത്തെ ഇന്ത്യയുടെ നഗരങ്ങളും ഗ്രാമങ്ങളും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. വെറുമൊരു നിരാഹാര സമരമല്ലിത്.  ഹസാരെയുടെ മുഷിഞ്ഞ ഗാന്ധിത്തൊപ്പിയില്‍ നിന്ന് അഴിമതിക്കെതിരായ ചെറുത്തുനില്‍പ്പിലേക്ക് പ്രതീക്ഷയുടെ ഒരു ചെറിയ പാലമുണ്ട്.



സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിക്ക് മുന്നില്‍ ദിനോസറിന്റെ മുന്നില്‍ ചുണ്ടെലിയെന്ന പോലെയാണ് ഓരോ ഇന്ത്യക്കാരനും നില്‍ക്കുന്നത്. മുന്നില്‍ നില്‍ക്കുന്ന ഭീമാകാരന്റെ വലിപ്പമെത്രയെന്ന് നോക്കിക്കാണാന്‍ പോലും കെല്‍പില്ലാത്ത നമ്മുടെ നിസ്സഹായാവസ്ഥയില്‍ അണ്ണ ഹസാരെ ഉയര്‍ത്തിയിരിക്കുന്ന പ്രതീക്ഷ വളരെ വലുതാണ്‌. സര്‍ക്കാര്‍ മുന്നോട്ടു വെച്ച ലോക്പാല്‍ ഡ്രാഫ്റ്റ് ബില്ലിനെതിരെ ഹസാരെ മുന്നോട്ടു വെച്ചിരിക്കുന്നത് ജന ലോക്പാല്‍ ബില്ലാണ്. പല്ലും നഖവും എടുത്തു കളഞ്ഞ ഒരു ചാവാലി സിംഹമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന ലോക്പാല്‍ എങ്കില്‍ ഹസാരെ മുന്നോട്ടു വെക്കുന്ന ജന ലോക്പാല്‍ 'മുസ്‌ലിപവര്‍'കുത്തി വെച്ച പുള്ളിപ്പുലിയാണ്.

ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് ഡ്രൈവറായി റിട്ടയര്‍ ചെയ്ത ഈ എഴുപത്തി ഒന്നുകാരന്റെ നേതൃത്വത്തില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ സമര്‍പ്പിച്ചിരിക്കുന്ന ബദല്‍ നിയമത്തില്‍ സുപ്രിം കോടതയും ഇലക്ഷന്‍ കമ്മീഷനും പോലെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു ബോഡിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.  അറിഞ്ഞിടത്തോളം വിവരങ്ങള്‍ വെച്ച് ഒരു കേന്ദ്ര മന്ത്രിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സാധാരണ അന്വേഷണക്കമ്മീഷനാണ് കേന്ദ്ര സര്‍ക്കാരിന്റെ ലോക്പാല്‍ . സര്‍ക്കാര്‍ സമര്‍പ്പിച്ച ബില്ലില്‍ പൊതുജനത്തില്‍ നിന്ന് നേരിട്ട് പരാതി സ്വീകരിക്കാനോ പ്രശ്നങ്ങളില്‍ നേരിട്ട് ഇടപെടാനോ കമ്മീഷന് അധികാരമില്ല. ലോകസഭ സ്പീക്കര്‍ മുഖേന സമര്‍പ്പിക്കുന്ന പരാതികള്‍ മാത്രമേ പരിഗണിക്കപ്പെടൂ!!.. ഹസാരെ മുന്നോട്ടു വെച്ച ബില്ലില്‍ പൊതു താത്പര്യ വിഷയങ്ങളില്‍ നേരിട്ട് ഇടപെടാനും സാധാരണക്കാരില്‍ നിന്ന് പരാതികള്‍ നേരിട്ട് സ്വീകരിക്കാനും വകുപ്പുണ്ട്.  സംസ്ഥാനങ്ങളില്‍ പുനര്‍ സംവിധാനം ചെയ്യപ്പെട്ട ലോകായുക്തും കേന്ദ്രത്തില്‍ ലോക്പാലും എന്നതാണ് ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്.


ഹസാരെയുടെ ബില്ല് മുമ്പ് നിലവില്‍ വന്നിരുന്നുവെങ്കില്‍ ബാലകൃഷ്ണപിള്ളക്ക് ഇപ്പോള്‍ ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നില്ല. കാരണം രണ്ടു പതിറ്റാണ്ട് മുമ്പ് തന്നെ അദ്ദേഹത്തിനു നിശ്ചിത ജയില്‍ വാസം പൂര്‍ത്തിയാക്കുമായിരുന്നു!!!. കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുകയും മറ്റൊരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി നടപ്പില്‍ വരുത്തുകയും ചെയ്യണമെന്നതാണ് ജന ലോക്പാല്‍ പറയുന്നത്. (ഈ നിയമം നടപ്പിലാക്കുന്നതിലും ഭേദം  ഹസാരെ പട്ടിണി കിടന്നു മരിക്കുന്നതാവും എന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല.)

ഏതെങ്കിലുമൊരു പൗരന് നിയമപരമായി കിട്ടേണ്ട സേവനം താമസിപ്പിച്ചാല്‍ അതിനു കാരണക്കാരനായ ഉദ്യോഗസ്ഥന് പിഴ ചുമത്താന്‍ ജന ലോക്പാലില്‍ വകുപ്പുണ്ട്.  ഒരു റേഷന്‍ കാര്‍ഡിന്റെ അപേക്ഷ പാസ്സായി കിട്ടാന്‍ അഞ്ചു വര്‍ഷം കാത്തിരിക്കേണ്ട ദുരവസ്ഥക്ക് പകരം ലോകപാലിനെ സമീപിച്ച് പരാതി നല്‍കിയാല്‍ ഒരു മാസത്തിനുള്ളില്‍ കാര്‍ഡ് വീട്ടിലെത്തും.  അഴിമതിക്കാര്‍ ലോക്പാലിന്റെ തലപ്പത്ത് വന്നാലോ എന്ന ചോദ്യം ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. ഹസാരെ അതിനും പരിഹാരം നിര്‍ദേശിക്കുന്നുണ്ട്. സര്‍ക്കാരല്ല ജനലോകപാല്‍ അംഗങ്ങളെ നിശ്ചയിക്കുക. ജഡ്ജിമാര്‍, ഭരണ ഘടന വിദഗ്ദന്മാര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന ഒരു സമിതിയാണ് നിഷ്പക്ഷരായ അംഗങ്ങളെ തിരഞ്ഞെടുക്കുക. ഏതെങ്കിലും ലോക്പാല്‍ ഉദ്യോഗസ്ഥന്‍ അഴിമതി നടത്തി എന്ന് തെളിഞ്ഞാല്‍ രണ്ടു മാസത്തിനുള്ളില്‍ അയാളെ പിരിച്ചു വിടാനും ഈ നിയമത്തില്‍ വകുപ്പുണ്ട്.  സി ബി ഐ, വിജിലന്‍സ് എന്നീ വകുപ്പുകളുടെ സേവനങ്ങളും അധികാരങ്ങളും ഉപയോഗപ്പെടുത്തത്തക്ക വിധമാണ് ഇതിന്റെ ഘടന നിര്‍വചിക്കപ്പെട്ടിട്ടുള്ളത്.

വെയില്‍ കൊണ്ട് കരുവാളിച്ച മുഖവും പല്ല് പോയ മോണയും കാട്ടി സമരപാതയില്‍ പട്ടിണി കിടക്കുന്ന ഈ പടുവൃദ്ധനില്‍ ഇന്ത്യന്‍ ജനതയ്ക്ക് പ്രതീക്ഷ മുളക്കുന്നത്‌ എന്ത് കൊണ്ട് എന്ന ചോദ്യത്തിന് മുകളില്‍ എഴുതിയ പ്രായോഗിക നിയമങ്ങളുടെ കരടു രേഖ മറുപടി പറയും. ഇതൊരു പക്ഷെ ഹസാരെയുടെ സ്വപ്ന നിയമങ്ങള്‍ ആവാം. പക്ഷെ ഈ നിയമങ്ങളില്‍ അഴിമതി കൊണ്ട് ജീവിതം പൊറുതി മുട്ടിയ സാധാരണക്കാരന്റെ ഹൃദയ സ്പന്ദനം ഉണ്ട്. ഹസാരേക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുവാന്‍ യുവാക്കളും സ്കൂള്‍ കുട്ടികളും അടങ്ങുന്ന പതിനായിരങ്ങള്‍ ജന്തര്‍ മന്ദറിലെ സമരപ്പന്തലിന് സമീപത്തേക്ക് ആര്‍ത്തലച്ചെത്തുന്നത് പ്രതീക്ഷയുടെ ആ സ്പന്ദനത്തിന്റെ പിന്‍ബലത്തില്‍ ആണ്. സമൂഹ മനസ്സാക്ഷിയില്‍ നടത്തുന്ന സക്രിയമായ ഇത്തരം ഇടപെടലുകളാണ് ഒരാള്‍ മരിച്ചിട്ടില്ല എന്നതിന്റെ ഏറ്റവും പ്രകടമായ പബ്ലിക് എവിഡന്‍സ്. ആ അര്‍ത്ഥത്തില്‍ എന്നോ മരിച്ചു കഴിഞ്ഞ രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ അണ്ണാ ഹസാരെ മരിക്കാതെ നില്‍ക്കുന്നു. 

അതേ, അണ്ണാ ഹസാരെ ഒരു തരംഗമാവുകയാണ്. പൊതുമുതല്‍ കട്ടുതിന്നുന്നവര്‍ക്കെതിരെ ജന്തര്‍ മന്ദറിലെ സമരപ്പന്തലില്‍ നിന്നും ഒരു സുനാമിത്തിര പുറപ്പെട്ടു കഴിഞ്ഞു!.  http://indiaagainstcorruption.org

മ്യാവൂ:  തന്റെ ഓഫീസില്‍ നിന്ന് ഏതാനും അടി അകലെ മാത്രമുള്ള സമരപ്പന്തലില്‍ ചെന്ന് പ്രധാനമന്ത്രി അദ്ദേഹത്തെ കണ്ടിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഇന്ന് വൈകിട്ട് വരെ അതുണ്ടായില്ല. ഇവര്‍ക്കൊക്കെ അതിനെവിടെ സമയം?. ഏതോ ഒരു കിളവന്‍.. ഏതോ ഒരു സമരം.
Story update ഹസാരെ അണ്ണന്‍ ഫ്രോഡാണോ?