പിള്ളയില്‍ നിന്ന് സൗമ്യയിലേക്ക് എത്ര ദൂരമുണ്ട്?

ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ എനിക്ക് സഹതാപമുണ്ട്. കുട്ടികളെ കളിപ്പിച്ചും  രാമായണം വായിച്ചും കഴിയേണ്ട പ്രായത്തിലാണ് വീ എസ്സിന്റെ ഉണ്ട തിന്നാന്‍ വിധിയുണ്ടായിരിക്കുന്നത്. പിള്ള ഒരു പ്രതീകമാണ്. അധികാര രാഷ്ട്രീയത്തിന്റെ എല്ലാ സുഖങ്ങളും അന്തസ്സും പതിറ്റാണ്ടുകളായി ആസ്വദിക്കുകയും വോട്ടു രാഷ്ട്രീയത്തിന്റെ ചീട്ടുകള്‍ സമര്‍ത്ഥമായി കളിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന മുഴുവന്‍ രാഷ്ട്രീയക്കാരുടെയും ഒരു നിഴല്‍ചിത്രമാണ് ബാലകൃഷ്ണപ്പിള്ള.


നമ്മുടെ സാംസ്കാരിക പരിസരത്തുനിന്നു നമുക്ക് ഈയിടെ ലഭിച്ച മറ്റൊരു പ്രതീകമുണ്ട്. അത് സൗമ്യയാണ്.  പ്രതികരിക്കാന്‍ കഴിയാതെ എല്ലാം സഹിച്ചും ക്ഷമിച്ചും കഴിയുന്ന ശബ്ദമില്ലാത്ത സാധാരണക്കാരന്റെ പ്രതീകം. അവള്‍ മരണത്തിനു കീഴടങ്ങി. ഈ രണ്ടു പ്രതീകങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ദൂരമാണ് നമ്മുടെ സംസ്കാരത്തിന്റെ ആകെത്തുകയെന്നു പറയേണ്ടിയിരിക്കുന്നു. തീവണ്ടിയില്‍ നിന്ന് വീണു മരിച്ചു എന്നതല്ല സൗമ്യയുടെ കാലിക പ്രസക്തി. നമ്മുടെ വെളുത്ത ചുവരുകളെ പാടെ കയ്യടക്കിയിരിക്കുന്ന ഒരു 'മുസ്‌ലിപവര്‍ സംസ്കാരത്തെ' നമ്മളെക്കൊണ്ട് തന്നെ വായിപ്പിക്കുകയായിരുന്നു അവള്‍ . നമ്മള്‍ എവിടെ എത്തി നില്‍ക്കുന്നു എന്ന് വളരെ സൗമ്യമായി നമ്മെ ഉണര്‍ത്തുകയായിരുന്നു ആ മരണം. സൗമ്യമാര്‍ ഉണ്ടാവാതിരിക്കാനും നമ്മുടെ സാമൂഹ്യ ജീവിതത്തിനു പ്രകാശം പകരാനും വേണ്ടി നാം നമ്മുടെ പ്രതിനിധികളായി തിരഞ്ഞെടുത്തു അയച്ചവരാണ് പൂജപ്പുരയിലെ ഉണ്ട തിന്നാന്‍ പോകുന്നത്. ദിനേന കണ്ടു കൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് നമ്മുടെ പ്രതീക്ഷകലേക്ക് എത്ര ദൂരമുണ്ടെന്ന് അളക്കാതിരിക്കുന്നതാണ് നല്ലത്!!.

നിലവില്‍ രാജാക്കന്മാരായി വിലസുന്ന രാഷ്ട്രീയ നേതാക്കന്മാരെയും അവര്‍ ഉണ്ടാക്കിയ അഴിമതികളേയും തട്ടിച്ചു നോക്കുമ്പോള്‍ ബാലകൃഷ്ണപിള്ള ഒരു കൊടുംപാതകം ചെയ്തയാള്‍ എന്ന് പറഞ്ഞു കൂടാ. സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടി ഇതിനെക്കാളേറെ ഖജനാവിന് നഷ്ടമുണ്ടാക്കിയ കരാറുകളില്‍ ഒപ്പിട്ട നിരവധി മന്ത്രിമാര്‍ നമുക്കുണ്ട്. അവരില്‍ പലര്‍ക്കും കോടതികളില്‍ നിന്ന് സമര്‍ത്ഥമായി രക്ഷപ്പെടാന്‍ കഴിഞ്ഞു. പിള്ളക്കത് കഴിഞ്ഞില്ല. അടച്ചാക്ഷേപിക്കുന്നതില്‍  അര്‍ത്ഥമില്ല എങ്കിലും നോട്ടുകെട്ടുകള്‍ക്ക് മുമ്പില്‍ നിയമദേവതയുടെ കണ്ണ് കെട്ടുന്ന ന്യായാധിപന്മാര്‍ നമ്മുടെ കോടതികളില്‍ ഉണ്ട് എന്നതാണ് സമീപകാല വിവാദങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്‌.


പിള്ള ഒരു പ്രതീകം മാത്രമാണ്. കട്ടുമുടിക്കുന്നതില്‍ ഇടതു വലത് വ്യത്യാസമില്ലെങ്കിലും  നറുക്ക് വീണത്‌ പിള്ളക്കായിപ്പോയി. അയാളുടെ മെക്കിട്ടു കയറി ചാരിത്ര്യം പ്രസംഗിക്കുന്നവരോട് പുച്ഛവും സഹതാപവുമാണുള്ളത്. പിള്ള അകത്തു പോകുന്നതിനു രണ്ടു ദിവസം മുമ്പാണ് പ്രമാദമായ മറ്റൊരു ആരോപണം ഉയര്‍ന്നത്. കേന്ദ്ര മന്തി വയലാര്‍ രവിയും കരുണാകരന്റെ മകള്‍ പത്മജയും ബാര്‍ ലൈസന്‍സ് ഒപ്പിച്ചു കൊടുക്കാന്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയതായി ഒരു മദ്യ വ്യവസായി പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു!. കൊടുത്ത സംഖ്യയുടെ കണക്കും അയാള്‍ പറഞ്ഞു!!. ഏത് വാര്‍ത്ത മുക്കണം ഏത് വാര്‍ത്ത കൊടുക്കണം എന്ന് നമ്മുടെ മാധ്യമങ്ങള്‍ക്ക് ഒരു കണക്കുണ്ട്. അത് അവര്‍ കൂട്ടമായിരുന്നു തീരുമാനിക്കുന്നതാണ്. അവര്‍ ഈ വാര്‍ത്ത കണ്ടതായി നടിക്കാത്തത് കൊണ്ട് കേന്ദ്ര മന്ത്രിയും ഭാവി മന്ത്രിയും തല്‍ക്കാലം രക്ഷപ്പെട്ടു. ഒരു ചാനലില്‍ ഇരുന്നു ലൈവായി ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടു അയാള്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ രണ്ടു പേരും തയ്യാറായില്ല!!. ഒന്നും കൂട്ടിവായിക്കാതിരിക്കുകയാണ് ഇന്നത്തെക്കാലത്ത് നല്ലത്. എത്ര കുറച്ചറിയുന്നുവോ അത്രയും സുഖമായുറങ്ങാം എന്നാണല്ലോ പഴമൊഴി 

ആയിരത്തിലൊരുവനാണ് ബാലകൃഷ്ണ പിള്ളയെങ്കിലും ഒരാളെങ്കിലും ഉള്ളിലാവുന്നു എന്നതിന്റെ സുഖം ഈ വാര്‍ത്ത നല്‍കുന്നുണ്ട്. സൗമ്യയെ പ്രതിനിധീകരിക്കുന്ന ശബ്ദം നഷ്ടപ്പെട്ട സാധാരണക്കാര്‍ക്ക് ഇതൊരു സന്തോഷ വാര്‍ത്ത തന്നെയാണ്. ഇത്തരമൊരു നിയമപോരാട്ടം നടത്തിയ വീ എസ് അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. അദ്ദേഹത്തിനും കോടതികളില്‍ കയറിയിറങ്ങുന്ന ചില ദല്ലാളുമാര് ഉണ്ട് എന്ന ആരോപണം സത്യമാകാതിരിക്കട്ടെ. ജയിലില്‍ ഇപ്പോള്‍ ഉണ്ട കൊടുക്കുന്നില്ല എന്നാണ് ആഭ്യന്തര മന്ത്രി പറയുന്നത്. നല്ല ഭക്ഷണവും നല്ല താമസവുമാണ് അവിടെയുള്ളത് എന്നും മന്ത്രി പറയുന്നു. ശനിദശയിലും പിള്ളക്ക് ശുക്രന്റെ ഒരു ചെറിയ മിന്നലാട്ടമുണ്ട്!!.