ബ്ലോഗര്‍ സുന്ദര്‍ രാജ് - ഇനി ഓര്‍മ മാത്രം.

ബ്ലോഗര്‍ സുന്ദര്‍ രാജ് ഇന്നലെ വൈകീട്ട്  അന്തരിച്ചു. ((((നാദാപുരം: വെള്ളൂര് എംഎല്‍പി സ്കൂള്‍ ഹെഡ്മാസ്റ്ററും കെപിപിഎച്ച്എ ഉപജില്ലാ ഭാരവാഹിയുമായ പുറമേരിയിലെ പുനത്തിക്കൊയ്ലോത്ത് പി.സുന്ദര്‍രാജ്(49) നിര്യാതനായി. സംസ്കാരം ഇന്ന്.പുറമേരി കെആര്‍ ഹൈസ്കൂള്‍ റിട്ട.അധ്യാപകന്‍ പരേതനായ നാരായണന്റെ മകനാണ്. ഭാര്യ:ശ്രീലത(ചെറുവള്ളൂര് എല്‍പി സ്കൂള്‍). മകള്‍:അപര്‍ണ)))) "ഈ മമ്മൂഞ്ഞിന്റെ മയ്യത്ത് എത്ര മണിക്കാണ് കുളിപ്പിക്കാന്‍ എടുക്കുക എന്ന് വല്ലോര്‍ക്കും അറിയാമെങ്കില്‍ ഒന്ന് പറയാന്‍ മറക്കരുതേ" എന്നാണു അദ്ദേഹം അവസാനമായി തന്റെ ബ്ലോഗില്‍ എഴുതിയ വാചകം!!!!.

ഫേസ്ബുക്കിലെ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിലെ സജീവ അംഗമായിരുന്നു സുന്ദര്‍ രാജ്. ബ്ലോഗുകള്‍ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് ചോദിച്ചു കൊണ്ട് അദ്ദേഹം കഴിഞ്ഞ ദിവസം ഇട്ട ഒരു ത്രെഡില്‍ സജീവമായ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ മരണ വാര്‍ത്ത എത്തിയത്.


സുന്ദര്‍ രാജിനെ എനിക്ക് നേരിട്ടറിയില്ല. എന്റെ ബ്ലോഗില്‍ വന്ന ഒരു കമന്റിലൂടെയാണ് ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിക്കുന്നത്. പിള്ളയില്‍ നിന്ന് സൗമ്യയിലേക്ക് എത്ര ദൂരമുണ്ട്? എന്ന പോസ്റ്റ്‌ ഞാനിട്ട ഉടനെ സുന്ദര്‍ രാജ് എന്ന പേരില്‍ ഒരു കമന്റ് വന്നു. "സൌമ്യയില്‍ നിന്നും ദൂരം അളക്കേണ്ടിയിരുന്നത് പിള്ളയിലേക്കായിരുന്നില്ല.,കുഞ്ഞാലിക്കുട്ടിയിലെക്കായിരുന്നു.."..  ആ കമന്റിനു താഴെ ഞാന്‍ ഉടനെ എഴുതി.. " Dear Sundar Raj, I select this as the best comment of the year. ഇത് ഏറ്റവും നന്നായി ആസ്വദിക്കുന്ന ഒന്നാമാത്തെയാള്‍ ഞാനാണ്. Off Topic: ഞാന്‍ മുരളിയുടെ കൂടെയാണ് കെട്ടോ".

മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ അദ്ദേഹം സ്വയം പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്.
""ഞാന്‍ സുന്ദര്‍ രാജ് ... അധ്യാപക ദമ്പതികളുടെ മകനായി 1961 ല്‍ ജനനം പുസ്തകങ്ങള്‍ മാത്രമായിരുന്നു ചെറുപ്പത്തില്‍ കൂട്ടുകാര്‍ . പുറമേരി കടത്തനാട് രാജാസ് , ഗുരുവായൂരപ്പന്‍ കോളേജ് , വെങ്കിടേഷ് കോളേജ് ( ബാംഗ്ലൂര്‍ ) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.. അടിയന്തരാവസ്ഥക്കാലത്തെ കോളേജ് ജീവിതം എന്‍റെ ജീവിതം മാറ്റി മറിച്ചു. ചെറുത്തു നില്പ്പിന്‍റെ ദുര്‍ബലമായ ശബ്ദങ്ങളോടൊപ്പം ഞാനും കൂടി ..അന്നത്തെ സിനിമ, കല , സാഹിത്യം എല്ലാം അതിനു പ്രേരണയായി. എന്‍റെ നാട്ടില്‍ ( പുറമേരി) സമാന മനസ്കരായ ഞങ്ങള്‍ ഏഴു പേര്‍ അടിയന്താരവസ്തക്കെതിരെ ഒരു വൈകുന്നേരം ജാഥ നടത്തി. ടൌണ്‍ ചുറ്റി തുടങ്ങിയേടത്തു ജാഥ എത്തും മുന്‍പ് പോലീസെത്തി. ( കോണ്‍ ഗ്രസ്സുകാര്‍ക്ക് സ്തുതി.) . അന്ന് രാത്രി ലോക്കപ്പില്‍ കിടന്നു. കമ്മുനിസ്റ്റ്‌ കുടുംബമായിരുന്നിട്ടും വീട്ടുകാര്‍ ഞാന്‍ നന്നാവില്ലെന്നു കണ്ടു ബാംഗ്ലൂറിലേക്ക് നാട് കടത്തി. തിരിച്ചെത്തിയ എന്നെ എതിരേറ്റത് ചിതറി പ്പോയ വിപ്ലവ സ്വപ്നങ്ങളും ചീറ്റി പ്പോയ വസന്തത്തിന്‍റെ ഇടി മുഴക്കങ്ങളും മാത്രം. ..

കുടുംബ പശ്ചാത്തലവും വെറുതെയിരിക്കാന്‍ കഴിയാത്ത എന്‍റെ പ്രകൃതവും എന്നെ സി പി ഐ എമ്മില്‍ എത്തിച്ചു. 81 മുതല്‍ 89 വരെ ഞാന്‍ പാര്‍ടി അംഗ മായിരുന്നു 81 ല്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 'സഹകാരി ' യായി തിരഞ്ഞെടുക്കപ്പെട്ടു.1980 മുതല്‍ അധ്യാപകന്‍.തൊഴിലിനോട് കഴിയാവുന്നത്ര കൂറ് പുലര്‍ത്താന്‍ ശ്രമിച്ചിട്ടിട്ടുണ്ട്‌. പുതിയ സങ്കേതങ്ങള്‍ കണ്ടെത്താനും പ്രയോഗിക്കാനും
ഉള്ള ശ്രമം തുടരുന്നു. ദേശീയ തലത്തില്‍ നിരവധി സെമിനാറുകള്‍ , ചര്‍ച്ചകള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. 2006 ല്‍ NATIONAL INNOVATIVE TEACHER AWARD നു അര്‍ഹത നേടി വിവാഹ ജീവിതം മറ്റൊരു വഴിത്തിരിവായി. പൊതു രംഗം എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു. തുടക്കം മുതലേയുള്ള വൈരുധ്യം മൂര്‍ച്ചിച്ചു ഞങ്ങള്‍ക്ക്ഒടുവില്‍ വഴി പിരിയേണ്ടി വന്നു. ഇപ്പോള്‍ പ്രതീക്ഷിക്കാനോ കാത്തിരിക്കാനോ ഒന്നുമില്ലെങ്കിലും സംതൃപ്തന്‍ .... ഒരു മകള്‍..ബി ടെകിന് വായിക്കുന്നു.".


വല്ലാതെ ഞെട്ടിച്ചു കളഞ്ഞു സുന്ദര്‍ രാജിന്റെ ഈ മരണം.  അദ്ദേഹത്തിന്റെ കുടുംബാംഗങങ്ങളുടെയും സുഹൃത്തുക്കളുടെയും അദ്ദേഹം പഠിപ്പിച്ച പ്രിയ വിദ്യാര്‍ഥികളുടെയും ദുഖത്തില്‍ പങ്കു ചേരുന്നു. രാജിന്റെ ഓര്‍മ്മക്കായി അദ്ദേഹത്തിന്റെ ബ്ലോഗ്‌ നമ്മോടോപ്പമുണ്ടാകും. ഒരു പിടി കണ്ണീര്‍ പൂക്കള്‍..