അയോധ്യ: വിധിയെ പഴിക്കാതെ മുന്നോട്ട്

അയോധ്യ വിധി പുറത്ത് വന്നിട്ട് ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞു. അഞ്ചു നൂറ്റാണ്ടിന്‍റെ തര്‍ക്കങ്ങളും അഞ്ചു പതിറ്റാണ്ടിന്റെ കോടതി വ്യവഹാരങ്ങളും ഈ വിധിയോടെ ഒരു പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. ഇനിയെന്ത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കേസ് സുപ്രിം കോടതിയിലേക്ക് പോകും എന്നത് ഉറപ്പാണ്. ഇന്ത്യ എന്ന പൊതു വികാരത്തെ മുറിവേല്‍ക്കാതെ മുന്നോട്ട് കൊണ്ട് പോകാന്‍ കോടതി ശ്രമിച്ചിരിക്കുന്നു എന്ന് വേണം പറയാന്‍. തര്‍ക്ക സ്ഥലത്തെ മൂന്ന് ഭാഗങ്ങളായി വിഭജിക്കുകയും വിഗ്രഹങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ഭാഗം രാമക്ഷേത്രത്തിന് നല്‍കുകയും
മറ്റൊരു ഭാഗം മുസ്ലിംകള്‍ക്ക് വിട്ടു കൊടുക്കുകയും ചെയ്യണം എന്നുള്ളതാണ് വിധിയുടെ കാതല്‍. നിയമത്തിന്‍റെ തലനാരിഴ കീറി ഒരു വിധി പ്രസ്താവം നടത്തുന്നതിലുപരി നിലവിലുള്ള ഇന്ത്യന്‍ സാഹചര്യങ്ങളെ ഉള്‍ക്കൊണ്ട്‌ കൊണ്ടുള്ള ഒരു സമവായ വിധിയാണ് കോടതി ഇപ്പോള്‍ നടത്തിയിരിക്കുന്നത്‍.

അയോധ്യയിലെ തര്‍ക്കസ്ഥലത്ത് പള്ളിയും അമ്പലവും ഒരു മതിലിന് അപ്പുറവുമിപ്പുറവും സൌഹാര്‍ദപൂര്‍വ്വം നിലനിന്നു കാണുക എന്നത് ഇന്ത്യ ഒറ്റക്കെട്ടായി നില്‍ക്കണം എന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും സ്വപ്നമാണ്. ഞാന്‍ കണ്ട സ്വപ്നം പൂര്‍ണമായും കരിഞ്ഞു പോയിട്ടില്ല എന്ന് വേണം പറയാന്‍. ഒരു കേസില്‍ വിധി പറയുമ്പോള്‍ സ്വാഭാവികമായും ഒരു കക്ഷി തോല്‍ക്കും, മറു കക്ഷി വിജയിക്കും. ഇവിടെ പൂര്‍ണമായി ആരും തോറ്റിട്ടില്ല എന്നതാണ് ആശ്വാസം നല്‍കുന്നത്. രാമക്ഷേത്രത്തിനു ക്ഷേത്രം. പള്ളിക്ക് പള്ളി. രണ്ടും തര്‍ക്ക സ്ഥലത്ത് തന്നെ. തൊണ്ണൂറ്റി രണ്ടില്‍ മസ്ജിദിന്റെ താഴികക്കുടങ്ങള്‍ തകര്‍ത്ത് വര്‍ഗീയ ഫാസിസ്റ്റുകള്‍ നിയമം കയ്യിലെടുത്ത ശേഷം രാജ്യത്ത് നിലനിന്ന അരക്ഷിതാവസ്ഥക്ക് അല്പം ആശ്വാസം ഈ വിധിയോടെ വന്നിരിക്കുന്നു‍.
സുന്നി വഖഫ്‌ ബോര്‍ഡിനെ സംബന്ധിച്ചിടത്തോളം അപ്പീല്‍ പോകുന്നതിനു മതിയായ കാരണങ്ങള്‍ ഉണ്ട്. എന്നിരുന്നാലും കോടതി വ്യവഹാരങ്ങള്‍ക്കപ്പുറത്ത് കൂടുതല്‍ സമ്യക്കായ ഒരു സമവായം ഉണ്ടായി വരുമെങ്കില്‍ അത് തന്നെയാവും ഏറ്റവും നല്ലത്. ഈ വിധി പുറത്തു വരുന്നതോടെ ഇന്ത്യ കത്തിയെരിയും എന്ന് സ്വപ്നം കണ്ടവര്‍ നിരാശരായിരിക്കുന്നു. ഇന്ത്യ മുന്നോട്ട് എന്നതാണ് ഈ വിധി നല്‍കുന്ന ആത്യന്തിക സന്ദേശം . ആ സന്ദേശത്തിന്റെ അന്തസ്സത്ത ഉള്കൊള്ളുവാന്‍ വരും നാളുകളില്‍ ഇരുപക്ഷത്തിനും സാധിക്കട്ടെ എന്നാണു പ്രാര്‍ത്ഥന. വിധിയെക്കുറിച്ച് ബ്ലോഗ്‌ വായനക്കാര്‍ എങ്ങിനെ പ്രതികരിക്കുന്നു എന്നറിയാന്‍ താല്പര്യമുണ്ട്. ആവേശമോ ആര്പ്പുവിളികാളോ വേണ്ട. ആരും ആരുടെ നേരെയും വാളെടുക്കുകയുമരുത്. സമചിത്തത കൈവിടാതെയുള്ള ഒരു ആശയ വിനിമയം മാത്രമാണ് ലക്ഷ്യമാക്കുന്നത്.