എന്നെ ഇക്കാക്കയാക്കരുത്

ഒരു പരാതിയാണ്. കമന്റ് കോളത്തില്‍ പലരും എന്നെ ഇക്ക എന്ന് വിളിക്കുന്നു. ബഷീര്‍ക്ക, ബഷീര്‍ കാക്ക, ബഷീര്‍ ഇക്കാക്ക തുടങ്ങി ഇക്കയുടെ ഒരു പെരുമഴയാണ് അവിടെ. കഴിഞ്ഞ ഒരു മാസത്തിനിടക്ക് ഏകദേശം തൊള്ളായിരത്തിലധികം കമന്റുകള്‍ ഈ ബ്ലോഗില്‍ വന്നിട്ടുണ്ട്. അവയില്‍ ചിലത് തുടങ്ങുന്നത് തന്നെ ബഷീര്‍ക്ക എന്ന് വിളിച്ചിട്ടാണ്. ഞാന്‍ ആലോചിക്കുകയാണ്, ഈ ബ്ലോഗ്‌ വായിക്കുന്നവരും കമന്റ് എഴുതുന്നവരുമെല്ലാം ഇരുപത്തഞ്ചു വയസ്സിനു താഴെയുള്ളവര്‍ മാത്രമാണോ? മുപ്പതും നാല്‍പതും വയസ്സുള്ളവരൊക്കെ എന്നെ എന്തിനാണ് ഇക്ക എന്ന് വിളിക്കുന്നത്‌. എന്നെ ഒരു ഇക്കാക്കയാക്കിയിട്ട് എന്ത് നേട്ടമാണ് ആളുകള്‍ക്ക് ലഭിക്കുന്നത്?

എഴുപതാം വയസ്സിലോ എണ്‍പതാം വയസ്സിലോ ജനിച്ച് പ്രായം നേരെ താഴോട്ട് പോയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് അമേരിക്കന്‍ നോവലിസ്റ്റ് മാര്‍ക്ക്‌ ട്വയിന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി വായിച്ചത് ഓര്‍ക്കുന്നു. അങ്ങിനെയാണെങ്കില്‍ വര്‍ഷം കൂടുന്തോറും പ്രായം കുറഞ്ഞ്‌ വരും. ഈ വര്‍ഷം മുപ്പത്തഞ്ചു  വയസ്സുള്ള ആള്‍ക്ക് അടുത്ത വര്‍ഷം മുപ്പത്തിനാല് ആവും. അതിനടുത്ത വര്‍ഷം മുപ്പത്തി മൂന്ന്. (ഇന്നത്തെ സിനിമാ നടികളെപ്പോലെ ശരിക്കും കൊല്ലം തോറും വയസ്സ് കുറയും!!)  രാവിലെ ജന്മദിനം ആഘോഷിച്ച് രാത്രിയില്‍ ഇരുന്നു കരയേണ്ടി വരില്ല. വയസ്സനായി ജനിച്ച് വര്‍ഷം തോറും പ്രായം കുറഞ്ഞ്‌ കുറഞ്ഞ്‌ യുവാവായി, കുമാരനായി, ബാലനായി, കുഞ്ഞായി മരിച്ചു പോവുക. കുഞ്ഞായിരിക്കുമ്പോള്‍ മരണത്തെ പേടിയും ഉണ്ടാവില്ല. സാഹിത്യകാരന്‍റെ ആഗ്രഹം കൊള്ളാം. വേണേല്‍ അയാള്‍ക്ക്‌ മരണാനന്തര ബഹുമതിയായി ഒരു നോബല്‍ സമ്മാനം കൊടുക്കാന്‍ ഞാന്‍ റെക്കമന്റ് ചെയ്യാം. പക്ഷെ മുന്നൂറ്റി അറുപത്തഞ്ചു ദിവസം കഴിയുമ്പോള്‍ വയസ്സ് ഒന്ന് കൂടും. അത് കട്ടായമാണ്.


കമന്റ് കോളത്തില്‍ എന്നെ ഇക്കാക്കയാക്കുന്നവര്‍ ഈ സാഹിത്യകാരന്‍റെ വകുപ്പില്‍ പെട്ടവരാണോ എന്ന് ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്. ഇനി അതല്ല, എന്നെ അല്പം ബഹുമാനിച്ചു കളയാം എന്ന  ഉദ്ദേശത്തിലാണ് ഇക്കാക്ക വിളിയെങ്കില്‍, ഐ ഒബ്ജെക്റ്റ്‌ യുവര്‍ ഓണര്‍. എ പി ജെ അബ്ദുല്‍ കലാം ഇക്കാക്ക, സാനിയ മിര്‍സ ഇത്താത്ത,  പുനത്തില്‍ കുഞ്ഞബ്ദുള്ള ഇക്കാക്ക എന്നിങ്ങനെ എന്നെപ്പോലെ പ്രശസ്തരായ എല്ലാവരെയും ബഹുമാനിച്ചു തുടങ്ങിയ ശേഷം എന്നെ ബഹുമാനിച്ചാല്‍ മതി. അവര്‍ക്കൊന്നും കൊടുക്കാത്ത ഒരു ബഹുമാനം എനിക്കായിട്ടു വേണോ?

‘അതുകൊണ്ടരിശം തീരാഞ്ഞിട്ടവര്‍ ‘എന്ന് നമ്പ്യാര്‍ പറഞ്ഞത് പോലെ ഇക്കാക്ക എന്ന് വിളിച്ചിട്ടും അരിശം തീരാത്ത ചിലര്‍ എന്നെ മാഷേ എന്നും വിളിക്കുന്നുണ്ട്. മുമ്പൊക്കെ എനിക്കത് കേള്‍ക്കുമ്പോള്‍ ഒരു സുഖമുണ്ടായിരുന്നു. കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ ഞാന്‍ ട്യൂട്ടോറിയല്‍ കോളേജില്‍ പഠിപ്പിച്ച് തുടങ്ങിയിട്ടുണ്ട്!. വള്ളിക്കുന്ന് യൂണിവേര്‍സല്‍ കോളേജ്, പരപ്പനങ്ങാടി രാജ് ട്യൂട്ടോറിയല്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു എന്റെ ആദ്യകാല കസര്‍ത്തുകള്‍. മീശ മുളക്കാത്ത അക്കാലത്ത് പത്താം ക്ലാസ്സിലെ മുതിര്‍ന്ന കുട്ടികള്‍ മാഷേ എന്ന് വിളിക്കുമ്പോള്‍ രോമാഞ്ചം കൊണ്ട് ഞാന്‍ പുളയുമായിരുന്നു. പിന്നീട് വള്ളിക്കുന്ന് ഹൈസ്‌കൂളിലും കുറച്ച് കാലം പഠിപ്പിച്ചു. അന്നും മാഷേ വിളി കേള്‍ക്കുമ്പോള്‍ ഒരു സുഖം തോന്നിയിരുന്നു. ഇന്നിപ്പോള്‍ സ്ഥിതി അതല്ല. ആളെ കളിയാക്കാനാണ് പലരും മാഷേ എന്ന് വിളിക്കുന്നത്‌. ഈയിടെ നാട്ടില്‍ പോയപ്പോള്‍ കോഴിക്കോട്ടേക്കുള്ള ബസ്സില്‍ കയറി. “ആ ചോന്ന ഷര്‍ട്ടിട്ട മാഷൊന്ന് മുന്നോട്ട് നീങ്ങട്ടെ” പിന്നില്‍ നിന്നും കിളിയുടെ മൊഴി. ചുവന്ന ഷര്‍ട്ടിട്ടത് അയമുട്ടിയാണ്. സാക്ഷരതാ കാലത്ത് നാട്ടുകാര്‍ ഓടിച്ചിട്ട്‌ പിടിച്ചിട്ടും കുതറിയോടിയ അയമുട്ടിയെയാണ് കിളി മാഷേ എന്ന് വിളിക്കുന്നത്‌. ഒരു കാര്യം പറഞ്ഞേക്കാം. മേലാല്‍ ആരേലും കമന്റ് കോളത്തില്‍ മാഷേ എന്ന് വിളിച്ചാല്‍ ഞാന്‍ മാനനഷ്ടത്തിന് കേസ് കൊടുക്കും. ആളെ പീഡിപ്പിക്കുന്നതിനും ഒരതിരുണ്ട്. ജസ്റ്റ്‌ റിമംബര്‍ ദാറ്റ്‌..

മ്യാവൂ: വിഷയ ദാരിദ്ര്യം എനിക്കില്ല. അതുണ്ട് എന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അവരെ ഞാന്‍ കുറ്റം പറയില്ല!!

Related Posts
എന്നെ കണ്ടവരുണ്ടോ ?