എന്നെ കണ്ടവരുണ്ടോ ?

സീരിയസ് ആയ വിഷയങ്ങള്‍ എഴുതി എഴുതി എനിക്ക് മടുത്തു. ഈ ബ്ലോഗ്‌ വായിച്ചു മലയാളികളെല്ലാം നന്നാവും എന്നായിരുന്നു എന്റെ പ്രതീക്ഷ. അത് നടക്കുമെന്ന് നോന്നുന്നില്ല.  രാഷ്ട്രീയവും തീവ്രവാദവും എല്ലാം അവിടെ നിക്കട്ടെ. ലാലു അലക്സ് പറയുന്ന പോലെ 'ഇനി അല്പം പെര്സനലായിട്ട്' ഒരു  പോസ്റ്റങ്ങ്  കാച്ചുകയാണ്. Just for a change.. എന്റെ എളാപ്പയുടെ പഴയ ആല്‍ബം നോക്കുന്നതിനിടയിലാണ് ഈ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഫോട്ടോ കണ്ടത്. ഏകദേശം മുപ്പതു വര്‍ഷത്തെ പഴക്കം കാണണം. വള്ളി ട്രൗസറുമിട്ട്   ഓലപ്പീപ്പിയൂതി  നടന്നിരുന്ന കാലം.


ഫോട്ടോ കണ്ടിട്ട് എനിക്ക് വല്ലാത്ത ഒരിത്. (സാഹിത്യ ഭാഷയില്‍ ഗൃഹാതുരത എന്നോ  മറ്റോ പറയുന്ന ഒരിത് ..). ആ കാലം ഇനി തിരിച്ചു കിട്ടില്ല. ഇന്നത്തെ പോലെ ടീവിയും ഇന്റര്‍നെറ്റും വെട്ടും കുത്തുമൊന്നും ഇല്ലാതിരുന്ന കാലമാണ്. ഫേസ് ബുക്കും ഗൂഗിളും ഇല്ലാത്ത സ്വപ്ന കാലം എന്ന് പറയുന്നതാവും ശരി. വള്ളിക്കുന്നിലെ തറവാട് വീടിനോട് ചേര്‍ന്ന് ഒരു തോടുണ്ടായിരുന്നു. സ്കൂള്‍ ഇല്ലാത്ത ദിവസം രാവിലെ മുതല്‍ അതില്‍ തല കുത്തി മറിയും. ചട്ടിപ്പന്ത്, മൂത്തേറ്, ഒളിച്ചോളി, കോട്ടി, കള്ളനും പോലീസും, കൊത്തങ്കല്ല്, ചോറും കൂട്ടാനും, ഉപ്പ്, ചുള്ളീം വടീം.. അങ്ങനെ കളികളുടെ ഒരു ഘോഷയാത്ര. (മൂത്തേറില്‍ ഞാനായിരുന്നു കേമന്‍. ആരെയും സുറി വെച്ച് എറിയാന്‍ ഒരു പ്രത്യേക കഴിവ് പണ്ട് മുതലേ എനിക്കുണ്ട്!!. കോട്ടികളിയില്‍ കുഞ്ഞാത്തന്‍ കുട്ടിയായിരുന്നു രാജാവ്. ചുള്ളീം വടിയിലും ഗണേശന്‍.)

ഉച്ചക്ക് ശേഷം കൊടക്കാട് കുന്നിന്‍ ചെരുവിലേക്ക് ഒരു അഡ്വെന്‍ച്വര്‍ ട്രിപ്പുണ്ട്. ചൊക്കിപ്പഴം, വെണ്ണീറ്റിന്‍ കായ, ഞാവല്‍ പഴം, കറുക, നെല്ലിക്ക  എന്നിവ പറിച്ചു തിന്നുകയാണ് ഈ അഡ്വെന്‍ച്വര്‍ ട്രിപ്പിന്റെ പ്രധാന ലക്‌ഷ്യം. വരുന്ന വഴിക്ക്  കുളക്കോഴിയെ കെണി വെച്ചു പിടിക്കും. ഒത്താല്‍ മനക്കല്‍ കുട്ടായിയേട്ടന്റെ വത്തക്കപ്പാടത്ത് നിന്ന് ഒന്ന് രണ്ടു വത്തക്ക അകത്താക്കും.  അവസാനം മണ്ണും ചളിയും പുരണ്ട്  ഒരു കരുമാടിക്കുട്ടനായി പുരയിലേക്ക്‌ കേറുന്നതോടെ ഉമ്മയുടെ വക ചന്തിക്ക് നാല് പെട. (രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ മമ്മൂട്ടിയുടെ കളറ് കാണും. വൈകിട്ട് തിരിച്ചെത്തുമ്പോള്‍ ഏതാണ്ട് ജാസി ഗിഫ്റ്റിന്റെ നിറമായിട്ടുണ്ടാവും!! അതിനാണ് ഈ പെട..) ജേഷ്ഠനും അനുജനുമെല്ലാം അടങ്ങുന്ന സംഘത്തിലെ എല്ലാവര്ക്കും കിട്ടേണ്ടത് കിട്ടിയാല്‍ വരിവരിയായി നേരെ കിണറ്റിന്‍ കരയിലേക്ക്.. പിന്നെ പോത്തിനെ കുളിപ്പിക്കുന്ന പോലെ ചേര്‍ത്തുപ്പ് (ചകരിത്തുപ്പ് എന്നും പറയാം) കൊണ്ട് ഉരച്ച് ഒരു കുളി. 

അത് കഴിഞ്ഞ് മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തില്‍ നീട്ടിയൊരു വായന. “പാഠം രണ്ട്. മൈന. ക്ലാ. ക്ലാ.ക്ലാ.. ക്ലി.ക്ലി.ക്ലി.. സുരേഷ് തിരിഞ്ഞു നോക്കി. മുറ്റത്തൊരു മൈന... (മുന്നൂറ്റി അറുപത്തഞ്ചു ദിവസവും ഇത് തന്നെയാണ് വായിക്കുക.. ക്ലാ. ക്ലാ.ക്ലാ.. ക്ലി.ക്ലി.ക്ലി. എന്ന് പറയുന്നതിലെ ഒരു ഹരം കൊണ്ടാണ് ഈ പാഠത്തോട്  ഒരു പ്രത്യേക താല്പര്യം. വേറെ ഒന്നും വായിക്കാനില്ലെടാ എന്ന് ഉമ്മ ദേഷ്യപ്പെട്ടാല്‍ ഒരു പാട്ടുണ്ട്.. കുഞ്ചിയമ്മക്കഞ്ചുമക്കളാണേ, അഞ്ചാമനോമന കുഞ്ചുവാണേ..) കോട്ടുവാ ഇടാന്‍ തുടങ്ങുമ്പോഴേക്ക് കപ്പയും ചമ്മന്തിയും അതല്ലേല്‍ കഞ്ഞിയും ഉണക്ക മീനും റെഡി. അത് അടിച്ച ശേഷം നിലത്ത് കൈതോലപ്പായയില്‍ കുട്ടികള്‍ എല്ലാവരുമൊന്നിച്ചു വരിവരിയായി ഒരു കിടത്തം. എല്ലാവരും കാണുന്നത് ഒരേ സ്വപ്നം. കൈ നിറയെ ലോസഞ്ചര്‍ മുട്ടായികള്‍ .. ഒരു ദിവസമാണെങ്കിലും ഒരു ദിവസം ആ വള്ളി ട്രൗസറുകാരന്‍ ആവാന്‍ ഒരു പൂതി. നടക്കില്ല, അല്ലെ.. 

ഫോട്ടോയില്‍ ഒന്ന് സൂക്ഷിച്ചു നോക്കൂ.. എന്നെ കണ്ടു പിടിക്കാന്‍ കഴിയുന്നുണ്ടോ? ആളെ പിടി കിട്ടിയാല്‍ എസ് എം എസ് അയക്കണേ..