മറഡോണയുടെ ട്രൗസര്‍ ആര് അഴിപ്പിക്കും?

മറഡോണക്ക് ട്രൗസര്‍ ഊരേണ്ടി വരില്ല. അയാളുടെ ട്രൗസര്‍ നാട്ടുകാര്‍ ഊരും!. അര്‍ജന്റീന കപ്പ് നേടിയാല്‍ ട്രൗസര്‍ ഊരി നൂല്‍ബന്ധമില്ലാതെ ഓടുമെന്നാണ് പുള്ളി പറഞ്ഞിരുന്നത്. കപ്പില്ലാതെ തന്നെ അയാള്‍ ഓടാന്‍ പോവുകയാണ്. വടിയും കുന്തവുമായി നാട്ടുകാര്‍ പിറകില്‍ ഉണ്ടാവുമെന്ന് മാത്രം. ലാറ്റിന്‍ അമേരിക്കക്കാര്‍ക്ക് ഒരു സ്വഭാവമുണ്ട്. നല്ല കളി കളിച്ചു വന്നാല്‍ സ്നേഹിച്ച് കൊല്ലും. അല്ലെങ്കില്‍ അടിച്ചും കൊല്ലും. നാട്ടിലേക്ക് വിമാനം കയറുന്നതിനു പകരം പുള്ളിക്ക് നല്ലത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് പോരുന്നതാണ്. ഇവിടെയാവുമ്പോള്‍ നേരത്തിനു കഞ്ഞി കിട്ടും. പത്താം നമ്പര്‍ ബ്ലോക്കില്‍ രാജാവായി കഴിയാം. ഏറ്റവും ചുരുങ്ങിയത് ബെര്‍ത്ത്‌ ഡേക്ക് ഗിഫ്റ്റുമായി വരാന്‍ മലപ്പുറത്തെയും നൈനാം വളപ്പിലെയും ഫാന്‍സുകാര്‍ ഉണ്ടാവും.

ഒരു ഗോള്‍ അധികം വാങ്ങിച്ചതിന് ബ്രസീലിന്‍റെ മെക്കട്ട് കയറിയ എല്ലാവരോടും ഒന്നേ പറയാനുള്ളൂ. കൊടുത്താല്‍ കൊല്ലത്ത് മാത്രമല്ല ആഫ്രിക്കയിലും കിട്ടും.
 

ജര്‍മര്കാര്‍ രണ്ടു ഗോള്‍ അടിച്ചപ്പോള്‍ തന്നെ ഞാന്‍ ചാനല്‍ മാറ്റി. അതിലപ്പുറം കാണാനുള്ള ക്ഷമ എനിക്കുണ്ടായിരുന്നെന്കില്‍ ഞാന്‍ എന്നോ നന്നായിപ്പോയേനെ. ന്യൂസ്‌ അവറില്‍ ടോം വടക്കന്റെ നാല് ഡയലോഗ് കേള്‍ക്കുന്നതാണ് ഇമ്മാതിരി കളി കാണുന്നതിനേക്കാള്‍ ഭേദം. വേള്‍ഡ് കപ്പാണത്രേ!! ഫൂ!!