ബ്രസീലേ, നീയും?

ഇതൊരു കൊലച്ചതിയായിപ്പോയി. ജയാനന്ദനെയും റിയാസിനെയും പോലീസ് പിടിച്ചപ്പോള്‍ പോലും എനിക്ക് ഇങ്ങനെയൊരു സങ്കടം ഉണ്ടായിട്ടില്ല. എന്നെപ്പോലുള്ള ബ്രസീല്‍ ഫാന്‍സുകാരെ തീര്‍ത്തും ശുംഭന്മാര്‍ ആക്കിയ കളിയാണ് ഇന്നലെ കാക്കയും കൂട്ടുകാരും കളിച്ചത്. ആയിരം മെസ്സിക്ക് അരക്കാക്ക എന്ന എന്റെ പോസ്റ്റ് പിന്‍വലിക്കുകയാണ്. അവിടെ നടത്തിയ എല്ലാ വെല്ലുവിളികളും ഇതോടെ അസാധുവായിരിക്കുന്നു. വെല്ലുവിളി നടത്തലും പിന്‍വലിക്കലും ആരുടേയും കുത്തകയല്ലല്ലോ!!. ഇന്നലെ രാത്രി മുതല്‍ ആ പോസ്റ്റില്‍ പോയി കമന്റ്‌ ഇട്ടു കളിക്കുന്ന എല്ലാവരോടും കൂടിയാണ് ഇത് പറയുന്നത്!!. ഭ്രാന്ത് പിടിപ്പിക്കുന്നതിനും ഒരതിരുണ്ട്‌.
ഇനിയും അവിടെ കറങ്ങി എന്നെ തെറി വിളിച്ചാല്‍ ഞാന്‍ കോടതിയില്‍ കയറും. പറഞ്ഞില്ലാന്ന് വേണ്ട ! പിന്നെ നിങ്ങളായി, നിങ്ങളുടെ പാടായി.

മൂന്നാംകിട ഡച്ചുകാരോടാണ് എന്റെ ഡ്രീം ടീം അടിയറവു പറഞ്ഞിരിക്കുന്നത്. ആണ്‍കുട്ടികളോട് കളിച്ചു തോല്‍ക്കുകയാണെങ്കില്‍ അതിനൊരു അന്തസ്സ് ഉണ്ടാകുമായിരുന്നു. ഡച്ചുകാര്‍ എന്ന് കേട്ടാല്‍ പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്തേ എനിക്ക് കലി വരും. ഫ്രഞ്ചുകാര്‍, ബ്രിട്ടീഷുകാര്‍, ഡച്ചുകാര്‍, ഇവരൊന്നും ഇല്ലായിരുന്നെങ്കില്‍ ചരിത്രം പഠിക്കാന്‍ എന്ത് സുഖമായിരുന്നു എന്ന ചിന്തയാണ് ഇവര്‍ക്കൊക്കെ എതിരെ തിരിയാന്‍ അന്ന് പ്രേരണയായത്. യുദ്ധങ്ങളും പിടിച്ചടക്കലുകളും നടത്തി ചരിത്ര പുസ്തകത്തിന് കട്ടി കൂട്ടിയ ഇവന്മാരോട് കളിച്ചു തോറ്റ ടീമിന്‍റെ കൂടെ ഇനി നിന്നിട്ട് കാര്യമില്ല. കൂറ് മാറി അര്‍ജന്റീനയുടെ കൂടെ കൂടിയാലോ ഒരു ആലോചനയിലാണ് ഞാന്‍. ഇന്നത്തെ അവരുടെ കളി കണ്ട ശേഷം ഫൈനല്‍ തീരുമാനം എടുക്കും. ബ്രസീല്‍ ജയിച്ചാല്‍ ഈ ബ്ലോഗിന്‍റെ വായനക്കാര്‍ക്ക് നല്‍കുമെന്ന് പറഞ്ഞിരുന്ന സമ്മാനം ഞാന്‍ തല്‍ക്കാലം തൂക്കി വില്‍ക്കുകയാണ്. കാക്കയേയും പൂച്ചയെയും വിശ്വസിച്ച് ഇനി മേലാല്‍ ബ്ലോഗെഴുതില്ല.

ഇതൊക്കെയാണെങ്കിലും ഇന്നലത്തെ കളി കഴിഞ്ഞ ഉടനെ ബ്രസീല്‍ ടീമിന്റെ ശവ ദാഹം നടത്തിയ മഞ്ചേരിക്കാര്‍, കാക്കയുടെ കോലം കത്തിച്ച മലപ്പുറത്തുകാര്‍, ഫ്ലക്സ്‌ ബോര്‍ഡുകള്‍ നശിപ്പിച്ച മക്കരപ്പറമ്പുകാര്‍, വള്ളിക്കുന്നിലെ വീട്ടില്‍ പായസ വിതരണം നടത്തിയ എന്റെ ജേഷ്ഠന്‍ തുടങ്ങി എല്ലാവരെയും ഞങ്ങള്‍ ബ്രസീല്‍ ഫാന്‍സുകാര്‍ നോട്ടമിട്ടിട്ടുണ്ട്.  ‘സാമിനാമിനാ വക്കാ വക്കാ’ എന്ന് മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ.  (നിങ്ങള്‍ക്കൊക്കെ ഞങ്ങള്‍ വെച്ചിട്ടുണ്ട് എന്നാണു അതിന്റെ അര്‍ത്ഥം). അടുത്ത വേള്‍ഡ് കപ്പ് ബ്രസീലിലാണ് എന്ന കാര്യം മറക്കണ്ട!!.