വിജയനും ദാസനും ചിക്കാഗോയില്‍

മുംബൈ ആക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന യുഎസ് ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ പോയ  ഇന്ത്യന്‍ സംഘം നാല് ദിവസമായി ചിക്കാഗോയിലെ ഹോട്ടലില്‍ തങ്ങുകയാണ്. ചോദ്യം ചെയ്യാന്‍ ഇതുവരെ യു എസ് അനുമതി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എനിക്ക് ദാസനെയും വിജയനെയും ഓര്മ വരുന്നു. (അവര്‍ രണ്ടു പേരും അത്ര മോശക്കാരൊന്നുമല്ല. എന്തേലും ഒപ്പിച്ചു തിരിച്ചു വരും..)
വാര്‍ത്ത താഴെ :
ഹെഡ്‌ലി: ഇന്ത്യ സമ്മര്‍ദ്ദം ശക്തമാക്കി  
മുംബൈ ആക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന യുഎസ് പൌരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വിട്ടുകിട്ടാന്‍ ഇന്ത്യ യുഎസിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി. ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ ഇന്ത്യന്‍ അന്വേഷണ സംഘം ചിക്കാഗോയിലെത്തിയിട്ട് നാല് ദിവസം കഴിഞ്ഞെങ്കിലുംഇതുവരെയും ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച് യുഎസ് അധികൃതരില്‍ നിന്ന് ഇതുവരെയും സ്ഥിരീകരണം ഒന്നും ലഭിക്കാത്തതാണ് ചോദ്യം ചെയ്യല്‍ നീളാന്‍ കാരണം.

ഏത് രീതിയിലാണ് ഹെഡ്‌ലിയെ ഇന്ത്യന്‍ സംഘത്തിന് വിട്ടുനല്‍കുകയെന്നതു സംബന്ധിച്ച് ഇതുവരെയും വ്യക്തമായ വിശദീകരണങ്ങള്‍ യുഎസ് അധികൃതര്‍ നല്‍കിയിട്ടില്ല. അതേസമയം ഹെഡ്‌ലിയെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച കൂടുതല്‍ വിശദീകരണം നല്‍കാന്‍ വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ വിസമ്മതിച്ചു. അന്വേഷണം വളരെ സെന്‍സിറ്റീവായ വിഷയമാണെന്നും ദിനം‌പ്രതിയുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നുമാണ് കൃഷ്ണ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.



അതേസമയം മുംബൈ ആക്രമണത്തില്‍ ഹെഡ്‌ലി ഗൂഡാലോചന നടത്തിയതിന് മതിയായ തെളിവുകളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഹെഡ്‌ലിയെ ചോദ്യം ചെയ്യാനായി വിട്ടുതരുമെന്ന് യുഎസ് നേരത്തെ വ്യക്തമാക്കിയതാണ്. അതേസമയം ഇന്ത്യന്‍ നിയമ സംവിധാനങ്ങളെ യുഎസ് ബഹുമാനിക്കുന്നതുപോലെ യുഎസ് നിയമ സംവിധാനങ്ങള്‍ ഹെഡ്‌ലിക്ക് നല്‍കിയ ആനുക്കുല്യങ്ങളെ ഇന്ത്യ അംഗീകരിക്കേണ്ടതുണ്ട് - കൃഷ്ണ പറഞ്ഞു.

എന്‍‌ഐ‌എ ഉദ്യോഗസ്ഥരും ഒരു നിയമകാര്യ ഓഫീസറുമാണ് നാലംഗ ഇന്ത്യന്‍ സംഘത്തിലുള്ളത്. ഹെഡ്‌ലിയുടെ ഇന്ത്യന്‍ യാത്രയെക്കുറിച്ചായിരിക്കും സംഘം പ്രധാനമായും അന്വേഷിക്കുക. കഴിഞ്ഞ സെപ്റ്റംബറിലാണ് ലഷ്കര്‍-ഇ-തൊയ്ബയ്ക്ക് സഹായം നല്‍കിയ പേരില്‍ ഹെഡ്‌ലിയെ എഫ്‌ബിഐ അറസ്റ്റ് ചെയ്തത്.