റിപ്പോർട്ടർ ടിവിക്കെതിരെയുള്ള മാധ്യമ ഐക്യത്തിന്റെ പിന്നാമ്പുറ കുശുമ്പുകൾ

കേസന്വേഷണമെന്ന പേരിൽ റിപ്പോർട്ടർ ടിവിയുടെ ന്യൂസ് റൂമിലേക്ക് ലാത്തിയുമായി കയറി പോലീസ് കാണിച്ച ഗുണ്ടായിസം ഞെട്ടിപ്പിക്കുന്നതാണ്. ലൈവ് തടസ്സപ്പെടുത്തും വിധം ജേർണലിസ്റ്റുകളെ അവരുടെ തൊഴിലിടത്തിൽ തടഞ്ഞു വെക്കുകയും മൊബൈൽ ഫോണുകൾ പിടിച്ചു വാങ്ങുകയും അവരുടെ കസേരയിൽ കയറി ഇരിക്കുകയുമാണ് പോലീസ് ചെയ്തത്. എന്നിട്ടും റിപ്പോർട്ടർ ചാനലിനെതിരെ മലയാളത്തിലെ പ്രമുഖ ചാനലുകളെല്ലാം ഒറ്റക്കെട്ടായി നിൽക്കുന്നത് എന്ത് കൊണ്ടാണ്? റിപ്പോർട്ടറിന്റെ പുതിയ മുതലാളി ആന്റോ അഗസ്റ്റിൻ നിരവധി കേസുകളിൽ ഉൾപ്പെട്ട ഒരു വിവാദ കഥാപാത്രമായത് കൊണ്ടാണോ?.

അല്ലേയല്ല.
അങ്ങനെയായിരുന്നെങ്കിൽ ഇതിനേക്കാൾ കില്ലാഡികളായ മറ്റ് ചാനൽ ഉടമകൾ കേരളത്തിലുണ്ട്. വലിയ ക്രിമിനലുകളുണ്ട്. അവർക്കെതിരെ ഒന്നും ഇത്തരമൊരു മാധ്യമ ഐക്യം ഉണ്ടായിട്ടില്ല.
റിപ്പോർട്ടറിനെതിരെ വിഷ്വൽ മീഡിയ മൊത്തത്തിൽ തിരിയാനുള്ള കാരണം എന്തെന്ന് നോക്കിയിട്ട് ഒരൊറ്റ ഉത്തരമേ കാണുന്നുള്ളൂ. അവരുടെയൊക്കെ സ്പെയ്സിലെക്ക് പതിയെ പതിയെ റിപ്പോർട്ടർ കടന്നു കയറുന്നുണ്ട് എന്നത് മാത്രമാണത്. കാലിന്നടയിലെ മണ്ണ് ഒലിച്ചു പോകുന്നതിന്റെ പേടിയും അസ്വസ്ഥതയുമാണ് നമ്മളിപ്പോൾ കാണുന്ന നാടകങ്ങളുടെ പിന്നിൽ പ്രധാനമായും ഉള്ളത്.
ഇത്ര കാലവും ലാഭത്തിൽ ഓടിയിരുന്ന ഏഷ്യാനെറ്റ് സാമ്പത്തിക പ്രതിസന്ധികളിലേക്ക് കടക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. മുൻ കാലങ്ങളെ അപേക്ഷിച്ച് അവരുടെ പരസ്യ വരുമാനം ഗണ്യമായി കുറഞ്ഞിരിക്കുന്നു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ (Acuite & India Ratings) ഏഷ്യാനെറ്റിന്റെ റേറ്റിങ് സ്റ്റേബിൾ എന്നതിൽ നിന്ന് നെഗറ്റീവ് എന്നതിലേക്ക് മാറ്റിയിട്ടുണ്ട്. (BBB- stable എന്നതിൽ നിന്ന് BBB- negative) വ്യൂവർഷിപ്പിലും അതേത്തുടർന്ന് പരസ്യവരുമാനത്തിലും വന്ന വലിയ ഇടിവാണ് ഇതിന് കാരണം. അവർ നഷ്ടത്തിൽ ഓടാൻ തുടങ്ങുകയാണ് ഈ വർഷം.


റിപ്പോർട്ടറിന്റെ വളർച്ചയാണ് ഏഷ്യാനെറ്റിന്റെ മുന്നിലുള്ള ഇമ്മീഡിയറ്റ് ഭീഷണി. 2024 ൽ 183 കോടി റവന്യൂ ജനറേറ്റ് ചെയ്ത ഏഷ്യാനെറ്റ് 2025 ൽ 177 കോടിയിലേക്ക് താഴ്ന്നു. 2026 ൽ അത് 140 കോടിയിലേക്ക് താഴുമെന്നാണ് Acuite നല്കുന്ന എസ്റ്റിമേറ്റ്. ഏറെക്കാലമായി ഒന്നാം നമ്പർ, ഒന്നാം നമ്പർ എന്ന് പറയുന്നുണ്ടെങ്കിലും ബാർക്ക് റേറ്റിങ്ങിൽ അവർ പലപ്പോഴും റിപ്പോർട്ടറിന് പിറകിൽ പോയിട്ടുണ്ട്. വളരെ ചുരുങ്ങിയ പോയിന്റുകളുടെ വ്യത്യാസം മാത്രമാണ് അവരും റിപ്പോർട്ടറും തമ്മിൽ ഇപ്പോഴുള്ളത്.
ഏഷ്യാനെറ്റിന്റെ പരമ്പരാഗത അപ്പ്രോച്ച്, ഒട്ടും അപ്ഡേറ്റഡ് അല്ലാത്ത എക്സ്പയറി ഡേറ്റ് കഴിഞ്ഞ നിരീക്ഷകന്മാരെ വെച്ചുള്ള സ്ഥിരം അന്തിചർച്ച, സാങ്കേതിക സംവിധാനങ്ങളുടെ നവീകരണമില്ലായ്മ തുടങ്ങിയവയൊക്കെ അവരുടെ ചാനലിൽ നിന്ന് ന്യൂ ജനറേഷനെ തീർത്തും അകറ്റിയിട്ടുണ്ട്. പകയും വിദ്വേഷവും തലക്ക് പിടിച്ച സംഘി അമ്മാവന്മാരുടെ ഇഷ്ടചാനൽ ആയി അവർ രൂപാന്തരം പ്രാപിക്കുന്ന ഒരു കാലഘട്ടമാണിത്.
സിപിഎമ്മിനെ ഇല്ലാതാക്കി ബിജെപിയെ പകരം വെക്കുകയെന്ന ചാനൽ മുതലാളിയുടെ ലോങ്ങ് ടൈം അജണ്ടയാണ് ഏഷ്യാനെറ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. എതിരാളികളില്ലാതെ പതിറ്റാണ്ടുകളായി ഏഷ്യാനെറ്റ് കൈവശം വെച്ചിരുന്ന ആ സ്പെയ്സിലേക്കാണ് പുതിയ സാങ്കേതികതയും അപ്രോച്ചുമായി റിപ്പോർട്ടർ കടന്ന് കയറാൻ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ കിട്ടിയ അവസരത്തിൽ റിപ്പോർട്ടറിന്റെ തലമണ്ടയ്ക്ക് അടിച്ച് അവരെ തകർക്കുക എന്നത് ഏഷ്യാനെറ്റിന്റെ നിലനില്പിന്റെ കൂടി അജണ്ടയാണ്.


മറ്റ് ചാനലുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. അവരിൽ പലരുടേയും സ്‌പെയ്‌സ് റിപ്പോർട്ടർ പിടിച്ചിട്ടുണ്ട്. റിപോർട്ടറിനെ അടിക്കുന്നതിൽ എല്ലാവർക്കും അവരുടേതായ കാരണങ്ങളുണ്ട് എന്നർത്ഥം. എന്നാൽ ഇത്തരം റേറ്റിംഗ് യുദ്ധങ്ങളിലൊന്നും വലിയ റോളില്ലാത്ത മീഡിയ വൺ പോലുള്ള ചാനലുകൾ റിപ്പോർട്ടറിനെതിരെ തിരിയുന്നതാണ് ഏറ്റവും വലിയ തമാശ.
മീഡിയ വൺ നിരോധനം വന്നപ്പോൾ ആ നിരോധനത്തിനെതിരെ ഏറ്റവും ഉച്ചത്തിൽ ശബ്ദിച്ച ചാനൽ റിപ്പോർട്ടർ ആയിരുന്നു. ആ നിരോധനത്തിനെതിരെ ഒരു മീഡിയ മൊമന്റം സൃഷ്ടിക്കുവാൻ മുൻകൈ എടുത്തത് നികേഷ് കുമാർ ആയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മീഡിയ വണ്ണിന്റെ ഔട്ട് ഓഫ് ഫോക്കസ് ചർച്ചയിൽ സി ദാവൂദ് റിപ്പോർട്ടർ ന്യൂസ് ഡെസ്കിലെ പോലീസ് വിളയാട്ടത്തെ ആഘോഷിക്കുന്നതാണ് കണ്ടത്. അഡ്മിനിസ്ട്രേഷൻ ഓഫീസ് റെയിഡ് ചെയ്യുന്നതിന് പകരം ന്യൂസ് ഡെസ്ക്കിലെ സാധാരണ മാധ്യമപ്രവർത്തകരെപ്പോലും ബന്ദികളാക്കുന്ന അധികാര പ്രയോഗത്തെക്കുറിച്ച് ഒട്ടും വ്യാകുലപ്പെടാതെ ആന്റോ അഗസ്റ്റിനിലേക്കും അയാൾക്കെതിരെയുള്ള ആരോപണങ്ങളിലേക്കും കത്തിക്കയറിപ്പോകുന്ന ദാവൂദ് ഒരു ദുരന്ത കാഴ്ചയായിരുന്നു.
ആന്റോ അഗസ്റ്റിനെതിരെയുള്ള കേസുകൾ അതിന്റെ വഴിക്ക് പോകട്ടെ. കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെട്ടാൽ അതിന്റെ ശിക്ഷയും അയാൾ ഏറ്റുവാങ്ങട്ടെ. ഉപ്പ് തിന്നവൻ വെള്ളം കുടിക്കുക തന്നെ വേണം. അതിലൊന്നും ആർക്കും തർക്കമില്ല.
എന്നാൽ
അമ്മായി അപ്പനെ പറ്റിച്ച് ആസ്തിയെല്ലാം തട്ടിയെടുക്കുകയും നിരവധി ഭൂമി തട്ടിപ്പ് കേസുകളിലും ആരോപണങ്ങളിലും ഉൾപ്പെടുകയും ചെയ്ത ഇതിലും വലിയ കില്ലാഡിമാർ മുതലാളിമാരായ ഒന്നാം നമ്പർ ചാനലുകൾ കേരളത്തിൽ ഉള്ളപ്പോൾ റിപ്പോർട്ടർ ചാനലിന്റെ മുതലാളി മാത്രം വിശുദ്ധനായിരിക്കണമെന്ന് പറയുന്നതിലും അവർക്കെതിരെ മാത്രം നിരന്ന് നിന്ന് യുദ്ധം ചെയ്യുന്നതിലും പിന്നിലുള്ള അജണ്ട തിരിച്ചറിയപ്പെടണം.
റിപ്പോർട്ടർ പിടിച്ചടക്കുന്ന വ്യൂവർഷിപ്പിനെക്കുറിച്ച അസൂയയിൽ നിന്ന് മാത്രം രൂപം കൊണ്ടതാണ് ആ അജണ്ട.
ദാറ്റ് സിംപിൾ.
ദീർഘിപ്പിക്കുന്നില്ല,
ഈ വിവാദങ്ങൾ റിപ്പോർട്ടർ ചാനലിന് ഗുണകരമായി ഭവിക്കും എന്നാണ് ഞാൻ കരുതുന്നത്. വിവാദങ്ങളിലൂടെ അവരുടെ വ്യൂവർഷിപ്പ് ഇനിയും കൂടാനാണ് സാധ്യത.
പ്രോ മോദി അപ്പ്രോച്ചുമായി നിരന്ന് നിൽക്കുന്ന ദേശീയ മാധ്യമങ്ങളെപ്പോലെ പ്രോ സതീശൻ അപ്രോച്ചുമായി നമ്മുടെ മാധ്യമങ്ങൾ നിരന്ന് നിന്നാൽ ആ ആൾകൂട്ടത്തിൽ കൂടാതെ മാറി സഞ്ചരിക്കുന്ന ചാനലിന്റെ കൂടെ പ്രേക്ഷകർ പോകും. പ്രേക്ഷകരുടെ രീതിശാസ്ത്രവും രസതന്ത്രവും അതാണ്. ഒന്നാം നമ്പറുകാർ എട്ടുമണിക്കുള്ള കരയോഗം നടത്തി പതിവ് പോലെ കരഞ്ഞു തീർക്കേണ്ടി വരും.
ബഷീർ വള്ളിക്കുന്ന്